DCBOOKS
Malayalam News Literature Website

‘ഡ്രൈവിങ് സ്‌കൂള്‍’: ആസക്തികളുടെ നിശാപാഠശാല

 

ലാസര്‍ ഷൈൻ എന്ന കഥാകൃത്ത് ചാക്യാര്‍ കഥന പാരമ്പര്യത്തിന്‍റെ നിറഞ്ഞാട്ടം കൊണ്ട് ഈ സ്വാധീനത്തെ നിസ്സാരവല്‍ക്കരിക്കുന്നു.”, ലാസർ ഷൈനിന്‍റെ ‘ഡ്രൈവിങ് സ്കൂൾ‘ എന്ന കഥയെക്കുറിച്ചാണ് ഇത്തവണ കഥാലോചനം

ലാസര്‍ ഷൈന്‍റെ ഡ്രൈവിങ് സ്കൂള്‍ എന്ന കഥ രതികാമനകളുടെ ഒരു നിശാപാഠശാലയാണ്. ഡ്രൈവിങ് സ്കൂള്‍ എന്ന ശീര്‍ഷകത്തില്‍ സ്ത്രീ ഒരു ലൈംഗിക പാഠശാലയാണ് എന്ന ദ്വയാര്‍ത്ഥ ധ്വനിയുണ്ട്. ഇതിനെ സ്ത്രീ വിരുദ്ധതയായി എളുപ്പം ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യ മനസ്സ് വിശുദ്ധമായ ഒരു സരസ്വതീ ക്ഷേത്രമല്ല എന്ന മനഃശാസ്ത്രപരമായ മറുപടി മാത്രമേ അത്തരമൊരു ആരോപണം അര്‍ഹിക്കുന്നുള്ളൂ. മനസ്സ് ഒരു തുറന്ന പുസ്തകമല്ല എന്ന് ആധുനിക കാലത്ത് അപകടകരമായി തുറന്നു പറഞ്ഞത് ഫ്രോയ്ഡാണ്. അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങളുടെ കടപുഴക്കുന്ന പിന്‍ഗാമികള്‍ വന്നു കഴിഞ്ഞുവെങ്കിലും മനുഷ്യ മനസ്സിന്‍റെ ആ ഇരുണ്ട പര്യവേക്ഷകന്‍റെ കണ്ടെത്തലുകളാണ് ആധുനിക മന:ശാസ്ത്രശാഖയുടെ ദ്രുതവികാസത്തിന് അടിസ്ഥാന ശക്തിയായി വര്‍ത്തിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. മക്കളെ പിഴപ്പിക്കുന്ന പിതാമഹന്മാര്‍ ഫ്രോയ്ഡിന്‍റെ ഭാവനാ വിലാസം മാത്രമായിരുന്നില്ല എന്ന് സമകാലിക വാര്‍ത്തകള്‍ തെളിയിക്കുന്നുണ്ട്. അവ സമൂഹത്തിന്‍റെ പൊതു സ്വഭാവമല്ലെങ്കില്‍ തന്നെ, ചികില്‍സിക്കപ്പെടേണ്ട അത്തരം അപഭ്രംശങ്ങള്‍ അത്രയൊന്നും അപൂര്‍വമല്ല എന്നും നമുക്ക് സമ്മതിക്കേണ്ടി വരും. സദാചാര വിരുദ്ധത ആരോപിക്കാവുന്ന ഒരു അപകടകരമായ ഒരു ഗുപ്തതലം ലാസര്‍ ഷൈന്‍റെ കഥയ്ക്കുണ്ട് എന്ന തോന്നലില്‍ ഈ കഥയില്‍ നിന്ന് പിന്തിരിയുന്നത് മനുഷ്യ മനസ്സിന്‍റെ നിഗൂഢതകളെ അനാവരണം ചെയ്യാനുള്ള സാധ്യതകളെ ഇല്ലതാക്കുകയേയുള്ളൂ. അഗമ്യഗമനാസക്തികളുടെ ഒരു നിശാപാഠശാലയാണ് ഈ കഥ എന്നു പറയുമ്പോള്‍ അത് തുറന്നു തരുന്ന പഠന സാമഗ്രികള്‍ അത്ര ചെറുതല്ല എന്നു നാം മനസ്സിലാക്കണം .

കഥ മനസ്സിലായില്ല എന്നതായിരുന്നു ആ കഥ വായിക്കാന്‍ ശ്രമിച്ച് തളര്‍ന്നു വീണവരുടെ മുഖ്യപരാതി. കഥയുടെ ശീര്‍ഷകം മനസ്സിലാകാത്തവര്‍ക്ക് എങ്ങിനെ കഥ മനസ്സിലാകും.ശീര്‍ഷകം വെറുതെ ഒരു ഷോയ്ക്കു വേണ്ടി വെയ്ക്കുന്നതല്ല .ബോര്‍ഡ് നോക്കിയല്ലേ നാം ബസ്സില്‍ കയറാറുള്ളൂ.ഇനിയെങ്കിലും കഥ വായിക്കുന്നതിനു മുന്‍പ് ശീര്‍ഷകം ആവര്‍ത്തന മനപാഠമായി ഉരുവിട്ട് പഠിക്കുന്നത് നല്ലതാണ് അപ്പോൾ വായനയില്‍ കാഴ്ച തെളിഞ്ഞു കിട്ടും.

കഥ മനസ്സിലാകാത്തവര്‍ക്ക് ഇനിയുമുണ്ട് പരിഹാര നിര്‍ദ്ദേശങ്ങള്‍. എല്ലാ കാര്യങ്ങളും അറിയാമെന്നു സ്വയം കരുതുന്നവര്‍ പുതുതായി ഒന്നും പഠിക്കാന്‍ പോകുന്നില്ല. അമ്മയുടെ വയറ്റില്‍ നിന്ന് പോരുമ്പോള്‍ എല്ലാം പഠിച്ചിട്ടാണോ വരുന്നതെന്ന് നാം ചോദിക്കാറില്ലേ? പിന്നെ ഈ ജീവിത കാലത്തിനുള്ളില്‍ നാം എന്തൊക്കെ പഠിച്ചു. അറിഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിച്ചു. ക്ലോക്കില്‍ സമയം നോക്കുക എന്നുള്ളത് ഏറ്റവും ലളിതമായ ഒരു കാര്യമാണ് എന്ന് നമുക്കിപ്പോള്‍ തോന്നുന്നു. പക്ഷെ എത്ര നാള്‍ കഷ്ടപ്പെട്ടാണ്‌ ആ ലളിത വിദ്യ പഠിച്ചതെന്ന് നാം ഓര്‍ക്കാറുണ്ടോ?

ജീവിതം എന്നത് അനുദിനം പരിഷ്ക്കരിച്ചു കൊണ്ടിരിക്കുന്ന ഒരു പരിണാമ പ്രക്രിയയാണ്. ജീവിതത്തിന്‍റെ സമസ്ത മേഖലകളും അനുദിനം പരിഷ്ക്കരിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്‌. പഴയ സിനിമകള്‍ കാണുമ്പോള്‍ മക്കള്‍ ചിരിച്ചു ചിരിച്ചു കുന്തം മറിയും. ഇതൊക്കെയായിരുന്നോ അച്ഛാ നിങ്ങളുടെ കാലത്തെ സെന്‍സിബിലിറ്റി എന്ന് ഒളി കണ്ണിട്ട പരിഹാസത്തോടെ അവര്‍ നോക്കുമ്പോള്‍ നാം നാണക്കേടുകൊണ്ട് ഭൂമിയോളം കുഴിഞ്ഞു പോകും . നമ്മുടെ പഴയ സെന്‍സിബിലിറ്റികള്‍ എത്ര പരിഹാസ്യമായിരുന്നുവെന്നു നമുക്കും ബോധ്യമാകുന്നുണ്ട് .കലയിലായാലും സാഹിത്യത്തിലായാലും അഭിരുചികള്‍ പരിഷ്ക്കരിച്ചു കൊണ്ടേയിരിക്കണം .പുതിയ ഏതൊരു സാങ്കേതിക വിദ്യ കടന്നു വരുമ്പോഴും അത് പഠിക്കാന്‍ നാം തയ്യാറാകുന്നുണ്ട്. യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും വില്‍പ്പനാനന്തര സേവനത്തില്‍ സൗജന്യമായ പരിശീലനം ലഭ്യമാണ് .അത് യാതൊരു മടിയും കൂടാതെ നാം ഉപയോഗപ്പെടുത്തുന്നു.പണം കൊടുത്ത് പോലും നാം പുതിയ കാര്യങ്ങള്‍ പഠിക്കുന്നു .സാഹിത്യകൃതികളുടെ വായനയില്‍ മാത്രം യാതൊരു പരിശീലനവും ആവശ്യമില്ല എന്ന നിലപാട് യാഥാസ്ഥിതിക മനോഭാവമല്ലേ? കഥാവായനയില്‍ പരാജയപ്പെടുന്നവര്‍ക്ക് തുടര്‍ പഠനത്തിന് നഴ്സറിസ്കൂളുകളും കഥാ ടൂട്ടോറിയലുകളും തുടങ്ങേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ പരിഭവിക്കാതിരിക്കുക .

ഒരു കാലത്ത് സോവിയറ്റ് യഥാതഥ സാഹിത്യത്തെ നെഞ്ചേറ്റിയിരുന്ന മലയാളിവായനക്കാര്‍ക്ക് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്‍റെ സങ്കീര്‍ണ്ണ സൗന്ദര്യങ്ങളിലേയ്ക്ക് ചേക്കേറാന്‍ ബുദ്ധിമുട്ടുണ്ടായില്ല .എം.കൃഷ്ണന്‍ നായർ, ,കെ പി അപ്പൻ, ആഷാമേനോൻ, വി രാജകൃഷ്‌ണൻ എന്നിവരെ പോലുളളവരുടെ നവീന സാഹിത്യ പരിചയം അതിന് സഹായകമായിട്ടുണ്ട് എന്ന സത്യം അംഗീകരിക്കാന്‍ മടിക്കുന്നതെന്തിന്? അഭിരുചികള്‍ പൊടുന്നനെ മാറുമ്പോള്‍ ഇത്തരം നിരൂപക സഹായം ഒഴിച്ചു കൂടാനാകാത്തതാണ് .കഥ മനസ്സിലാകാത്തതിന് എഴുത്തുകാരനെ കുറ്റം പറഞ്ഞ് പുതിയ അഭിരുചികളോട് മുഖം തിരിച്ചാല്‍ അതിന്‍റെ നഷ്ടം മലയാള ഭാവനയ്ക്കാണ്. കുളത്തിനോട്‌ പിണങ്ങിയാല്‍ ആസനം നാറും എന്നാണല്ലോ ചൊല്ല്. മൂന്ന് നേരം കുളിച്ചു കുറിയിട്ട് ഇസ്തിരിയിട്ട് നടക്കുന്ന മലയാളിക്ക് ചെറിയൊരു സാംസ്കാരിക നാറ്റം വന്നു തുടങ്ങിയിരിക്കുന്നത് അത് കൊണ്ടായിരിക്കാം .മറ്റെല്ലാ മേഖലകളിലേതും പോലെ സാഹിത്യത്തിലെ നൂതന പരീക്ഷണങ്ങളും പഠിക്കാന്‍ നാം തയ്യാറാകണം .പുതിയ പരീക്ഷണങ്ങളെ സൂക്ഷ്മ ശ്രദ്ധയോടെ സമീപിക്കണം.

ആസക്തികളുടെ പഠനശാലയാണ് ലാസര്‍ ഷൈനിന്‍റെഡ്രൈവിങ് സ്കൂള്‍” എന്ന കഥ. അപ്പ എന്ന വയസ്സന് സ്വന്തം മകളോട് തോന്നുന്ന ഗുപ്തകാമത്തിന്‍റെ പ്രൊജക്ഷൻ (projection) ആനന്ദ വല്ലി എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്ന പരകായപ്രവേശം ഡ്രൈവിങ് സ്കൂൾ എന്ന കഥയില്‍ സംഭവിക്കുന്നുണ്ട്. മകളോടുള്ള കാമത്തെ പ്രത്യക്ഷമായി ചിത്രീകരിക്കാന്‍ എഴുത്തുകാരന് ബുദ്ധിമുട്ടുണ്ട് .അതിനെ മറികടക്കാനാണ് മകളുടെ അപരവ്യക്തിത്വമായ ആനന്ദ വല്ലി എന്ന കഥാപാത്രത്തെ ലാസര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ ഗുപ്തകാമത്തിന്‍റെ ഇറോട്ടിക്കായ (erotic)ആവിഷ്ക്കാരമാണ് ലാസറിന്‍റെ കഥ .കഥയിലെ സൂക്ഷ്മ ചിത്രങ്ങള്‍ കാണാതെ പോയാല്‍ ഇത് മനസ്സിലാവുകയില്ല .കഥ വായിക്കുമ്പോള്‍ വരികള്‍ക്കിടയില്‍ ഉറങ്ങിപ്പോകരുത്.നിരൂപണം ഒരു സൂക്ഷ്മ വായന (micro reading) മാത്രമാണ്, ഏതു വായനക്കാരനും ക്ഷമയുണ്ടെങ്കില്‍ സാധ്യമാകുന്ന ഒന്ന്. അപ്പയുടെ ഗുപ്തകാമത്തിന് തെളിവ് നല്‍കാന്‍ നിരൂപകർ ബാധ്യസ്ഥരാണ് എന്നറിയാം. അപ്പക്കെതിരെ സാക്ഷ്യം പറയാന്‍ വേണ്ടിയാണ് അയാളുടെ മരിച്ചു പോയ ഭാര്യയെ പ്രേത രൂപത്തില്‍ കഥാകൃത്ത്‌ കൊണ്ട് വരുന്നത്. പ്രേതം ആനന്ദവല്ലി എന്ന സ്കൂളിനോട് പറയുന്നത് അടിവരയിട്ടു വായിച്ചാല്‍ അപ്പയുടെ മകളോടുള്ള കാമം കാണാം. പ്രേതം ആനന്ദ വല്ലിയോടു പറയുന്നു :”ഞങ്ങക്കൊരൊറ്റ മോളാ.അവളെ ഇടയ്ക്കിടയ്ക്ക് ഞാന്‍ കാണാറുണ്ട്‌. അത് മോള് വിളിച്ചു പറയാറുമുണ്ട് .ഇങ്ങേര്‍ക്കവളോട് പണ്ടേയോരിതാ.അതാ ചെറുക്കനറിയാം.അതോണ്ട് വിസയൊന്നും കൊടുക്കത്തില്ല.അവളെ ഇങ്ങോട്ട് വിടത്തുമില്ല.”വേറൊരിടത്ത് മകളുടെ നേരെയുള്ള അപ്പയുടെ അഗമ്യഗമനാസക്തിയുടെ സൂചന കഥാകൃത്ത് നല്‍കുന്നത് ഇങ്ങിനെയാണ്‌ -മോള് അവളുടെ മോള്‍ക്ക് പാലുകൊടുക്കണതും കണ്ട് ഉറക്കത്തീന്നുണര്‍ന്ന അപ്പ സാറ്, ഇച്ചിരി വെള്ളം കുടിക്കാന്‍ താഴേക്ക് വന്നപ്പോ ആപ്പിള് തിന്നുകയായിരുന്നു സ്കൂൾ –മകളോടുള്ള ഈ കാമത്തെയാണ് അപ്പ ആനന്ദവല്ലിക്ക് നേരെ തിരിച്ചു വിടുന്നത് .-ബട്ടണ്‍സ്സില്ലാതെ തുറന്നു കിടക്കുന്നിടത്തേയ്ക്ക് അപ്പയുടെ നോട്ടം പാറിയപ്പോള്‍, സ്കൂൾ തുടര്‍ന്നു-എന്ന് പറയുന്നിടത്ത് അലഭ്യയായ മകളോടുള്ള കാമം ആനന്ദവല്ലിക്ക് നേരെ ദിശമാറി സഞ്ചരിക്കുന്നത് കാണാം .മകളുടെ ഡമ്മിയെ സൃഷ്ടിച്ച് അവളില്‍ അഭിരമിക്കുവാനാണ് അപ്പയുടെ ശ്രമം .ഇതിനെയാണ് പ്രൊജക്ഷൻ (projection) എന്ന് വിശേഷിപ്പിച്ചത്‌ .

പ്രൊജക്ടർ (projector) എന്ന പദം സിനിമയുമായി ബന്ധപ്പെട്ടതാണെന്ന് നമുക്കറിയാം .പ്രൊജക്റ്ററിനുള്ളിലെ ഗുപ്തമായ ആന്തരിക യാഥാര്‍ത്ഥ്യത്തെ ഒരു ബാഹ്യ പ്രതലത്തിലേക്ക് പ്രക്ഷേപണം ചെയ്യുമ്പോള്‍ അത് വിശകലന സാധ്യമായ പ്രത്യക്ഷ യാഥാര്‍ത്ഥ്യമായി തെളിയുന്നു .കഥയിലെ ചിത്രങ്ങളായി തെളിയുന്നത് അഗമ്യഗമനാസക്തിയുടെ പിതൃ മനസ്സാണ് .ഇവിടെ വെച്ച് എന്‍റെ മനസ്സില്‍ പൊടുന്നനെ തെളിയുന്നത് മരിയോ വര്‍ഗാസ്‌ യോസയുടെ ” In praise of the step mother”, “The note book of don Rigoberto” എന്നീ നോവലുകളാണ് .ഈ നോവലുകളില്‍ ഒരു ബാലന് രണ്ടാനമ്മയോടുള്ളകാമമാണ്‌ ആവിഷ്ക്കരിച്ചത് . ഇൻസെസ്റ്റ് (Incest) സ്വപ്നതുല്യമായ ഒരു പ്രദേശമാണ്. മറ്റാരും സാക്ഷികളായി ഇല്ലാത്ത ഒരു നാടക ശാലയാണത്. അവിടെ മനസ്സാക്ഷിക്കു പോലും പ്രവേശനമില്ലാത്തതിനാല്‍ ആര്‍ക്കും ലൈംഗിക പങ്കാളികളാകാം. ഈഡിപ്പസ് അമ്മയുമായി സംഗമിക്കുന്ന അഭിശപ്ത ദുരന്ത ഭൂമിയാണത്. മറ്റുള്ളവരുമായി പങ്കുവെക്കാനാകാത്തവയാണ് അഗമ്യഗമനത്തിന്‍റെ വിഷലിപ്ത സ്വപ്നങ്ങള്‍.അഗമ്യ ഗമനത്തിന്‍റെ ആവിഷ്കാര സാധ്യതയ്ക്ക് വേണ്ടിയായിരിക്കാം ലാസര്‍ തന്‍റെ കഥയില്‍ സ്വപ്നതുല്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. യോസയുടെ നോവലിലെ കുളിമുറിയിലാണ് ലാസറിന്‍റെ ആനന്ദവല്ലി കുളിക്കുന്നത് എന്നതില്‍ ഒരു തരക്കേടുമില്ല. സാഹിത്യം ഇത്തരം പാഠബന്ധങ്ങളുടെ തുടര്‍ക്കഥ തന്നെയാണല്ലോ! .യോസയില്‍ നിന്ന് ലാസറിലെത്തുമ്പോള്‍ കഥ നേരെ എതിര്‍ ഗിയറിലേക്ക് വീഴുന്നു .ഡ്രൈവിംഗ് സ്കൂളില്‍ പിതാവിന് മകളോടാണ് കാമം. ലാസറിന്‍റെ കഥാസന്തതിക്ക് ലാറ്റിനമേരിക്കന്‍ അവിഹിത ബന്ധത്തിന്‍റെ മുഖച്ഛായ ആരോപിക്കപ്പെട്ടേയ്ക്കാം. എന്നാല്‍ ലാസര്‍ മലയാളത്തിന്‍റെ ചാക്യാര്‍ കഥന പാരമ്പര്യത്തിന്‍റെ നിറഞ്ഞാട്ടം കൊണ്ട് ഈ സ്വാധീനത്തെ നിസ്സാരവല്‍ക്കരിക്കുന്നു. പൂര്‍വ സ്വാധീനം യോസയിലും മാര്‍കേസിലും ഒതുങ്ങുമെന്നും തോന്നുന്നില്ല. അന്തര്‍ദേശീയ മോഷണ വസ്തുക്കളുടെ കേരളീയ സമാഹാരം എന്നൊക്കെ ചിലപ്പോള്‍ ആരെങ്കിലും ഇതിനെ വിശേഷിപ്പിച്ചേക്കാം. അവരെയും തെറ്റ് പറയാന്‍ പറ്റില്ല. മോഷണം എന്ന വാക്കിനോടേ ഈയുള്ളവന് വിയോജിപ്പുള്ളൂ .പാഠാന്തര ബന്ധം എന്ന ഉത്തരാധുനിക വാക്കുണ്ടല്ലോ .അതല്ലേ ശരി.എത്ര രാമായണങ്ങള്‍ ഉണ്ട് എന്ന കാനേഷുമാരിയുടെ സമുദ്രപ്പാച്ചലില്‍ ഒലിച്ചു പോകുന്ന ഒറിജിനല്‍ എന്ന സങ്കല്പം നമുക്കേറെ പരിചിതമല്ലേ ?

വിദേശ നോവലുകളെ മാത്രമല്ല വിദേശ സിനിമകളെയും ലാസര്‍ ഭംഗിയായി സ്വാംശീകരിച്ചു പുനഃസൃഷ്ടിക്കുന്നുണ്ട് .”Honey I shrunk the kids” എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ കോമിക് സിനിമയിലെ കുട്ടികളെപ്പോലെ സൂക്ഷ്മരൂപിയായി മാറുന്നുണ്ട് കഥയിലെ ആനന്ദവല്ലി ചില നേരങ്ങളില്‍ .ആ സിനിമയുടെ ട്രെയിലർ കാണുകയാണോ എന്ന് പോലും ചിലപ്പോള്‍ തോന്നലുണ്ടാകുന്നു .ഇതൊക്കെ മോഷണമാണ് എന്നല്ല പറയുന്നത്. ഉത്തരാധുനിക നിഘണ്ടുവില്‍ മോഷണം എന്നൊരു വാക്കില്ല എന്ന് തിരിച്ചറിഞ്ഞാല്‍ ലാസറിനുള്ളത് ലാസറിനും യോസക്കുള്ളത് യോസക്കും എന്ന് അവരവരുടെ വിഹിതം പകുത്തു നല്‍കി നമുക്ക് സ്വസ്ഥമായി കണ്ണടച്ചിരിക്കാം .എന്തായാലും കഥയിലെ കൊതിപ്പിക്കുന്ന മലയാള ഭാഷണ കലയെങ്കിലും ലാസറിന്‍റെ സ്വന്തമായുണ്ടല്ലോ! മലയാളത്തിലെ പുതിയ തലമുറയിലെ ഏറ്റവും അനുഗൃഹീതനായ വിസ്മയ പ്രതിഭാസമാണ് ലാസര്‍ എന്നതില്‍ സംശയമില്ല.

കഥയിലെ ആനന്ദവല്ലിയുടെ അണിമാദി ഗുണങ്ങള്‍ (ചെറുതാകാനും വലുതാകാനും ഉള്ള കഴിവ് ) അപ്പയുടെ പിതൃ-പുത്രീ വേഴ്ചയെ ധ്വനിപ്പിക്കാന്‍ കഴിയുന്ന ടെക്നിക്കായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനം .അപ്പയും ആനന്ദവല്ലിയും തമ്മില്‍ നേരിട്ട് ബന്ധപ്പെടുന്നു എന്ന് ലാസര്‍ കഥയില്‍ ഒരിടത്തും പറയുന്നില്ല .എന്നാല്‍ സൂക്ഷ്മരൂപിയായി മാറിക്കഴിഞ്ഞ ആനന്ദവല്ലി അപ്പയുടെ ശരീരത്തിലൂടെ നടത്തുന്ന യാത്രകള്‍ക്ക് ലൈംഗിക ധ്വനിയുണ്ട് . കുഞ്ഞു മകള്‍ പിതാവിന്‍റെ ശരീരത്തില്‍ നടത്തുന്ന നിഷ്കളങ്കമായ വാത്സല്യവേഴ്ചകളായി അത് അനുഭവപ്പെടുന്നുമുണ്ട് .മാത്രമല്ല അപ്പയോടൊപ്പമുള്ള യാത്ര കഴിഞ്ഞെത്തുന്ന ആനന്ദവല്ലിയുടെ കുപ്പായത്തിലെ മാറിട കുടുക്കുകള്‍ പൊട്ടിയിരിക്കുന്നത് അവര്‍ തമ്മില്‍ നടന്നിരിക്കാനുള്ള ലൈംഗിക വേഴ്ചയുടെ സൂക്ഷ്മ സൂചനകളുമല്ലേ എന്ന സംശയവും വായനക്കാരനുണ്ടാകുന്നു .എന്നാല്‍ കഥാകൃത്ത്‌ ഒന്നും തെളിച്ചു പറയുന്നില്ല .എല്ലാം വായനക്കാരന്‍ സ്വയം കണ്ടെത്തട്ടെ എന്ന ഒളിച്ചു കളി കഥയെ പദപ്രശ്നമാക്കി മാറ്റുന്നു.വായനക്കാരന്‍റെ സര്‍ഗാത്മകമായ പങ്കാളിത്തം ആവശ്യപ്പെടുന്ന കഥയാണിത് .വായനക്കാരനാകട്ടെ കളിയുടെ നിയമങ്ങള്‍ അറിയാതെ പകച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ . വായനക്കാരന്‍ ഈ വലിയ ചുമട് സ്വയം താങ്ങാന്‍ തയ്യാറില്ല എന്നാണ് വായനയുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നത് .ഈ കഥ വായിച്ചു മുഴുമിപ്പിച്ചവര്‍ വളരെ കുറവാകാനേ തരമുള്ളൂ .എന്നാല്‍ എഴുത്തുകാരന്‍ ഈ തിരസ്കാരം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് കഥാവായന ദുര്‍ഗ്രഹമാക്കിയിരിക്കുന്നതെന്ന് കാണാം .കഥയുടെ ആരംഭ വചനങ്ങള്‍ തന്നെ ഇതിനു തെളിവാണ് .കഥ ആരംഭിക്കുന്നത് ഇങ്ങിനെയാണ്‌ :

“എല്ലാത്തിനും ഒരൊന്നൊണ്ട്.അത് ഒന്നേ തന്നാകണമെന്നില്ല.അതങ്ങ് കിട്ടിയാ പിന്നെല്ലാം കിട്ടി.”കഥയുടെ വായനക്കാരന് പിടികൊടുക്കാതെ കഥാകൃത്ത്‌ മറച്ചു വെച്ചിരിക്കുന്നത് ഈ ഒരൊന്നാണ്.ആ ഒരൊന്നിനെ കണ്ടെത്താനാണ്‌ ഇവിടെ ശ്രമിക്കുന്നത് .ലൈംഗികതയുടെ ആവിഷ്ക്കാരങ്ങളുടെ അസാധ്യതകളെ എങ്ങിനെ ഒരു കഥാകൃത്ത്‌ മറികടക്കുന്നു ,അതിനായി അദ്ദേഹം എന്തൊക്കെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു എന്നിവയാണ് ഈ കഥയുടെ ദാര്‍ശനിക തലം. അത്തരം ഒരു തിയറിയുടെ അടിയൊഴുക്കില്ലായിരുന്നുവെങ്കില്‍ ഈ കഥ ലൈംഗിക ഉത്തേജന ഔഷധമായി തരംതാഴുമായിരുന്നു. ലൈംഗികാവിഷ്ക്കാരങ്ങളുടെ സൗന്ദര്യ ശാസ്ത്രത്തെ സ്വയം വിശദീകരിക്കുന്നഒരു ഡെമോ കൂടിയാണ് ഈ കഥ.

Textഫെറ്റിഷിസം( fetishism) എന്ന ഒരു സംജ്ഞ ലൈംഗിക മനഃശാസ്ത്രത്തിലുണ്ടല്ലോ ?ആവിഷ്ക്കരിക്കാന്‍ കഴിയാത്ത ഒന്നിനെ ഒരു അന്യ ഭൗതിക വസ്തുവിലേക്കാവാഹിച്ചു പ്രതിഫലിപ്പിക്കുന്ന പ്രാതിനിത്യ വസ്തുവാണ് ഈ കഥയിലെ ഫെറ്റിഷ് ( fetish).കലയിലും സാഹിത്യത്തിലും യഥാതഥ ലൈംഗിക ചിത്രീകരണം സാധ്യമല്ല.അത് ലൈംഗിക ഉത്തേജനത്തിന് മാത്രം ഉപകരിക്കുന്ന പോണോഗ്രഫിയായി മാറും എന്നതാണ് അതിന്‍റെ അപകടം. ലൈംഗികതക്ക് രണ്ട് തലങ്ങളുണ്ട് .ശാരീരികമായ പ്രവൃത്തി തലവും മാനസികമായ ചിന്താതലവും .സാഹിത്യത്തില്‍ ഈ ചിന്താ തലത്തെയാണ് എഴുത്തുകാരന്‍ ഉപയോഗപ്പെടുത്തുന്നത് .ഇവിടെ ലൈംഗികവസ്തുവായ ശരീരത്തിന്‍റെ ആവശ്യമില്ല .അതിനെ ധ്വനിപ്പിക്കുന്ന അപരവസ്തുക്കളിലൂടെയാണ് എഴുത്തുകാരന്‍ ലൈംഗികതയുടെ ആവിഷ്ക്കാരങ്ങള്‍ സാധിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ പിതാവിന് മകളോടുള്ള അഗമ്യഗമനാസക്തിയെയാണ് കഥാകൃത്ത് ആവിഷ്ക്കരിക്കാനാഗ്രഹിക്കുന്നത്. അത് ധാര്‍മ്മികമായി സമൂഹത്തില്‍ അസ്സാധ്യമാണെന്നറിയുന്ന കഥാകൃത്ത്‌ മകളുടെ പ്രതിരൂപമായി ആനന്ദവല്ലി എന്ന കഥാപാത്രത്തെ നിര്‍മ്മിക്കുന്നു .ഇത്തരം വ്യാജ വസ്തുക്കളെക്കൊണ്ട് അസ്സലിന്‍റെ പ്രതീതി ജനിപ്പിക്കുവാന്‍ സഹായകമാകുന്ന ചിത്രീകരണങ്ങളാണ് കഥയിലുടനീളമുള്ളത്‌ .

കഥയില്‍ ഊതിവീര്‍പ്പിച്ച കോണ്ടം തട്ടിക്കളിക്കുന്ന രംഗമുണ്ട്. അസ്നിയയും മനോജും തമ്മിലുള്ള ലൈംഗിക വേഴ്ചയുടെ ചിത്രീകരണമാണ് കഥാകൃത്ത് ഇതിലൂടെ സാധിക്കുന്നത്. കോണ്ടം ലിംഗമല്ല .അതിന്‍റെ ബാഹ്യരൂപ ധ്വനിമാത്രമാണ് .സാഹിത്യത്തില്‍ യാഥാര്‍ഥ്യത്തേക്കാള്‍ ധ്വനിക്കാണല്ലോ കൂടുതല്‍ സൗന്ദര്യം…മുലകളെ ആവിഷ്ക്കരിക്കുന്നതിനു പകരം ഒരു പൊട്ടിയ മാറിട കുടുക്ക് കൊണ്ട് കഥാകൃത്ത് അനാവൃത ഭംഗികളെ കാട്ടിത്തരുന്നു .ഇതാണ് ലൈംഗികതയുടെ സൗന്ദര്യ ശാസ്ത്രം .

ലൈംഗികതതയുടെ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒന്നാണ് വായ. സ്ത്രീയുടെ ജനനേന്ദ്രിയത്തിനും വായക്കും തമ്മിലുള്ള അനാറ്റമിക്കല്‍ സാദൃശ്യം അത്ഭുതാവഹമാണ്. ശരീരം ഭക്ഷ്യ യോഗ്യമായ ഒരു വസ്തുവാണെന്ന വ്യാജ പ്രതീതി ലൈംഗികവേഴ്ചയില്‍ പ്രകടമാണ്. ദഹന രസമായ ഉമിനീര്‍ രതി സ്രവമായി ഉത്തേജനം നല്‍കുന്നു. non genital ആയ ഒരു ശരീര ഭാഗത്തെയും ഫെറ്റിഷ് ആയി കണക്കാക്കാമെന്ന് ലൈംഗിക മനസ്സാസ്ത്രം പറയുന്നു .ഡ്രൈവിംഗ് സ്കൂള്‍ എന്ന കഥയില്‍ ഭക്ഷണം ലൈംഗിക സൂചന നല്‍കുന്ന ഫെറ്റിഷ് ആയി മാറുന്നത് ഭക്ഷണത്തിന്, ലൈംഗികോത്തേജന കേന്ദ്രങ്ങളില്‍ മുഖ്യമായ വായയുമായുള്ള ബന്ധത്തില്‍ നിന്നാണ് .ആനന്ദവല്ലിയുടെ പൈനാപ്പിള്‍ പുളിശ്ശേരിയോടുള്ള അപ്പയുടെ കൊതി അങ്ങനെ അയാളുടെ ലൈംഗികാസക്തിയുടെ ഭക്ഷണ പ്രതീകമായി കഥാകൃത്ത്‌ രൂപാന്തരപ്പെടുത്തുകയാണ് .ഭക്ഷണത്തിന്‍റെ ലൈംഗികരുചി ഞാവല്‍പ്പഴത്തീറ്റയില്‍ രതി വൈദ്യുതിയായി തീരുന്നത് നോക്കൂ:”തിന്നു തിന്നു വയലറ്റായ നാവ് പാവാട പ്രായത്തില്‍ സ്കൂള്‍ നീട്ടി .രണ്ടു നാവുകളുടെ കൂര്‍ത്ത മുനകള്‍ .കാന്തത്തില്‍ നാവ് തൊടുന്ന തണുവു.രുചിയുള്ള തണുപ്പ്.കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ ആലീസിന്‍റെ നാവ് ഉള്‍വലിഞ്ഞു.മറ്റേ നാവ് പിന്മാറിയതേയില്ല.”ഈ ഞാവല്‍ തിന്നപ്പോഴാണ്‌ ആനന്ദവല്ലി സൂക്ഷ്മ രൂപിയായിത്തീരുന്നത് .മരിച്ചു പോയ ആലീസെന്ന പ്രിയ തോഴിയെ ആനന്ദ വല്ലി സന്ദര്‍ശിക്കുന്ന ഭ്രമാത്മക രംഗത്തില്‍ അവര്‍ അടുക്കളയില്‍ നിന്ന് കുഴിച്ചെടുക്കുന്നത് അച്ചാറാണ്. ഇവര്‍ തമ്മിലുള്ള സ്വവര്‍ഗ രതിയെ സൂചിപ്പിക്കുന്നിടത്തു മരിച്ച് പോയ ആലീസിന്‍റെ സാന്നിദ്ധ്യം ഓറഞ്ചു മണമായി അവതരിപ്പിക്കുന്നു. മണം ആലീസിന്‍റെ പ്രേത സാന്നിധ്യത്തിലെല്ലായിപ്പോഴും ഒരകമ്പടി സേവിക്കുന്നു കഥയില്‍. ”തമ്പിക്ക് പലതരം കോണ്ടങ്ങള്‍ ഇഷ്ടമാണ്.പല രുചിയുള്ളത് വാങ്ങിയിട്ടുണ്ട് .സ്കൂളിന് ഏറ്റവും ഇഷ്ടമുള്ള സ്ട്രോബെറിയുടേത് ഒന്നെടുത്ത്, കവര്‍ തിരിച്ചു വെച്ചു”കോണ്ടങ്ങള്‍ക്ക് രുചിയോ ?അതെന്തിന് ? നമ്മുടെ യഥാതഥ അഭിരുചികള്‍ അത്തരം ഭാവനകളെ നമുക്ക് അപരിചിതമാക്കിയിട്ടുണ്ട്.എന്നാല്‍ വദന സുരതമെന്ന രതി രീതിയെക്കുറിച്ച് ഒരവ്യക്ത സൂചന കഥാകൃത്ത്‌ നമ്മുടെ ന്യൂറോണുകള്‍ക്ക് നല്‍കി കഴിഞ്ഞു. അവയുടെ രാസപ്രവര്‍ത്തനം നമ്മുടെ രസമുകുളങ്ങളില്‍ കാറ്റുപിടിക്കുകയായി.ലൈംഗിക ഉത്തേജനത്തില്‍ ഫെറ്റിഷുകളുടെ പ്രവര്‍ത്തനം നടക്കുന്നത് എങ്ങിനെയാണെന്ന് പഠിക്കാന്‍ ഈ കഥ വളരെയധികം പ്രയോജനകരമാണ് .അതെല്ലാം ആ മേഖലകളില്‍ അവഗാഹമുള്ളവര്‍ ചെയ്യട്ടെ .അത്തരം ലൈംഗിക മനഃശാസ്ത്ര സാധ്യതകള്‍ ഉള്ള കഥയാണ് “ഡ്രൈവിങ് സ്കൂള്‍” എന്ന് ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്യുന്നുള്ളൂ .

പ്രണയം ഒരു പകര്‍ച്ച വ്യാധിയാണെന്ന് “കോളറാ കാലത്തെ പ്രണയം” എന്ന ശീര്‍ഷകത്തില്‍ മാര്‍കേസ് പ്രഖ്യാപിചിട്ടുണ്ടല്ലോ. കാമം ഒരു പകര്‍ച്ചവ്യാധിയാണെന്ന് ലാസര്‍ ഷൈന്‍ പറയുന്നു. ചുംബന സമരം പോലെ അത് സദാചാര പൊലീസിനെ വെല്ലുവിളിക്കുക മാത്രമല്ല സദാചാര വൈകൃതങ്ങള്‍ എന്ന് മുദ്രയടിച്ച് മാറ്റിനിർത്തിയിരിക്കുന്നവയുടെ വൈറസ്സുകളെ ചികില്‍സകരിലേയ്ക്ക് പോലും കടത്തിവിട്ട് അവരെ മതപരിവര്‍ത്തനം പോലും ചെയ്യുന്നു .ലൈംഗികതയുടെ വൈറസ്സുകള്‍ക്ക് നോട്ടത്തിലൂടെ പകരാന്‍ കഴിയും എന്നതിന്‍റെ ജീവിക്കുന്ന തെളിവാണ് കഥയിലെ മനോരോഗ ചികിത്സകന്‍. രോഗം ഡോക്ടറേയും പിടികൂടുന്നു .വിലക്കപ്പെട്ട കനിക്ക് രുചിയേറും എന്നത് ലൈംഗികതയുടെ മനഃശാസ്ത്രമാണെന്ന് നമുക്കറിയാം .ആ രോഗമാണ് ആനന്ദ വല്ലിയെ ബാധിച്ചിരിക്കുന്നത് .സദാചാരങ്ങള്‍ മറന്നു പോകുക എന്നത് ആ “രോഗ”ത്തിന്‍റെ ഒരു ലക്ഷണമാണ് .അത്തരമൊരു പ്രതീകാത്മക മറവിയല്ലേ ആനന്ദ വല്ലിയെ ബാധിച്ചിരിക്കുന്നത്. അതിന് ചികിത്സ തേടിയാണ് മനോരോഗ ഡോക്ടറുടെ അടുത്തെത്തിയിരിക്കുന്നത് .എന്നാല്‍ രോഗം ഡോക്ടറേയും പിടികൂടുന്നതായാണ് കാണുന്നത് .വാക്കുകളിലൂടെയും നോട്ടത്തിലൂടെയും ആനന്ദവല്ലി രതി വൈറസ്സുകളെ ഡോക്ടറിലേക്ക് കടത്തിവിടുന്നതിന്‍റെ തുടക്കം ശ്രദ്ധിക്കാം :
”തമ്പിയെന്നാ പുറത്തോട്ടിരി.ആനന്ദവല്ലിയോടു വരാന്‍ പറയൂ .”

“ഡ്രൈവിങ്ങോക്കെ എങ്ങനെയുണ്ട്?”

“ആംബുലന്‍സ് ഡ്രൈവറാകണോന്നോരിത് ഡോക്ടറേ”

വല്ലതും കഴിക്കുന്നുണ്ടോ ..? വിശപ്പില്ലേ മരുന്നു തരാം.”

“വെശപ്പൊക്കെയുണ്ട് …ഒന്നിനുമൊരു രുചിയില്ല .”

“അത് തമ്പി ഉണ്ടാക്കുന്ന കൊണ്ടല്ലേ ..സ്വയമായി അങ്ങുണ്ടാക്കി കഴിക്കണം .”

“ഒണ്ടാക്കുന്നതൊക്കെ ഞാന്‍ തന്നാ ..പക്ഷേയൊരു രുചിയില്ല .”

ഡോക്ടറുടെ ലഞ്ച് ബോക്സ് മേശപ്പുറത്തു തന്നെയുണ്ടായിരുന്നു .സ്കൂളിന്‍റെ നോട്ടം അതില്‍ തങ്ങിനില്‍ക്കുകയും കൊതി നീരിറക്കം കഴുത്തിലറിയുകയും ചെയ്തു .”കൂര്‍ക്ക മെഴുക്കു പുരട്ടിയതല്ലേ..ഇത്തിരി എരിവു കൂടുതലാ “സ്കൂള് രുചി മണത്തിയറിഞ്ഞു.”

ഈ കൊതി നോട്ടം രതിയുടേതാണെന്ന് കഥയുടെ പിന്നീടുള്ള പരിണാമം വ്യക്തമാക്കുന്നുണ്ട് .ദ്വയാര്‍ത്ഥ ഭാഷണം ഒരു ലൈംഗിക ക്ഷണമാണ് .രോഗം ആദ്യം ബാധിക്കുന്നത് ആനന്ദവല്ലിയെ ആണെങ്കിലും അത് ഭര്‍ത്താവായ തമ്പിയിലേക്കും മകനിലേക്കും ഒടുവില്‍ ഡോക്ടറിലേക്ക് പോലും സംക്രമിക്കുന്നു എന്നതാണ് കഥയുടെ ക്ലൈമാക്സ്.

“ഡോക്ടര്‍ക്ക് ഡ്രൈവിങ്ങറിയാമോ?”സ്കൂള്‍ ഡോക്ടറുടെ കണ്ണീന്ന് കണ്ണെടുക്കാതെ ചോദിച്ചു.സൗമ്യത ഇപ്പൊ സ്കൂളിന്‍റെ ചോദ്യത്തിലാണ് .

“അറിയാലോ “ഡോക്ടറുടെ കണ്മണി എവിടേക്കെങ്കിലും ഒളിക്കാന്‍ വെമ്പി .”

“ഡ്രൈവ്‌ ചെയ്തോണ്ട് ഉറങ്ങാനറിയുമോ ?”സ്കൂളിന്‍റെ നോട്ടത്തില്‍ കുരുങ്ങിയതും ഡോക്ടറുടെ കണ്‍പീലികളില്‍ നിസ്സഹായത മൊട്ടിട്ടു.എന്നിട്ടുടന്‍ വിടര്‍ന്നങ്ങ് കൊഴിഞ്ഞു. അത് താഴേക്ക് വീണ് മേശപ്പുറത്തെ ചില്ലില്‍ തല്ലിച്ചിതറി പലതായതു കണ്ടതും ഒരു കുളിര് ഉടുപ്പിനുള്ളിലേക്ക് കടന്ന് നട്ടെല്ലിനെ തൊട്ടു.ചാടിയെണീറ്റു സ്കൂള് –ഡോക്ടറേ എനിക്ക് നിങ്ങക്കൊരു ഉമ്മ തരാന്‍ തോന്നുന്നു “എന്ന് പറഞ്ഞു മേശമേല്‍ കൈകള്‍ കുത്തി മുന്നോട്ടാഞ്ഞങ്ങു നിന്നു.പിന്നീട് ഡോക്ടറുടെ മുറി സദാചാര നാട്യങ്ങളെല്ലാം വെടിഞ്ഞ് ഒരു ചുംബന സമരവേദിയായി ചുണ്ടു കോര്‍ക്കുന്നു .ആനന്ദവല്ലിയും ഭര്‍ത്താവും മകനും ഡോക്ടറും ആ ആനന്ദച്ചങ്ങലയില്‍ പങ്കാളികളായിത്തീരുന്നതോടെ കഥയിലെ ലൈംഗിക രാഷ്ട്രീയം മറ നീക്കി പുറത്ത് വരുന്നു .

ഈ കഥ ലൈംഗികതയുടെ രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നതെന്ന് നിസ്സംശയം പറയാം .ഡോക്ടര്‍ക്കും തമ്പിയുടെ മടിയിലിരിക്കുന്ന കൊച്ചനും സ്കൂളിനും അപ്പോള്‍ ഒരേ ഭാഷയുള്ളൊരു സന്തോഷം വന്നു എന്നുള്ള വരികളില്‍ ഒരു ഐക്യദാർഢ്യം രൂപപ്പെടുകയാണ് .ഇത് തന്നെയാണ് കഥയുടെ സാംക്രമിക ലക്ഷ്യവും .പ്രതിരോധം അസാധ്യമാകുംവിധം രോഗാണു സ്വന്തം സാന്നിദ്ധ്യം ഗൂഢമാക്കിയാണ് മുന്നോട്ടു നീങ്ങുന്നത്‌ .ഈ കഥ വായനക്കാരന് തുടക്കത്തില്‍ മനസ്സിലാകരുത്‌ എന്ന ഒരു ആസൂത്രണത്തില്‍ കഥാകൃത്ത്‌ ഏര്‍പ്പെടുന്നതിന്‍റെ പൊരുള്‍ ഇതാണ് . കഥയുടെ നേര്‍രേഖാ ആഖ്യാനത്തില്‍ ഇടയ്ക്കിടെ തടയണ കെട്ടിയാണ് കഥാകൃത്ത് വായനക്കാരനെ അകറ്റി നിർത്തുന്നത്‌. രോഗാണുക്കളുടെ രഹസ്യ വ്യാപനം സാമൂഹിക ശരീരത്തില്‍ സാധ്യമാക്കാന്‍ ഇത് സഹായകരമായിരിക്കും .കഥ വൈറലാകാന്‍ പോകുന്നതേയുള്ളൂ .

സെക്ഷ്വൽ ഡ്രൈവുമായി ആനന്ദവല്ലി പ്രയാണം തുടങ്ങിക്കഴിഞ്ഞതേയുള്ളൂ. സമൂഹത്തെ ഒന്നാകെ ഉറക്കിക്കെടുത്താന്‍ തക്ക തൊഴില്‍ പരിചയമുള്ള മാസ് ഹിപ്നോട്ടിസ്റ്റ് (mass hypnotist) ആണവള്‍. അവള്‍ നിങ്ങളെ അറുപത്തിനാലു കലകളുടെ ആനന്ദ നൃത്തം പഠിപ്പിക്കും. അവള്‍ വാത്സ്യായന മഹര്‍ഷിയുടെ കേരളീയ ജന്മമാണ്. ക്ഷമയാണ് അവളുടെ കാമനാഴിയിലെ മുഖ്യമായ ആയുധം. അവള്‍ നിങ്ങളുടെ മിഴികളിലേക്ക് ആസക്തിയുടെ ലേസര്‍ രശ്മികള്‍ പായിച്ച് കാത്തിരിക്കുകയാണ്, ഒരെട്ടുകാലിയുടെ ക്ഷമയോടെ. ഒരു നാള്‍ നിങ്ങള്‍ ഈ വലയില്‍ വന്നു പെടുമെന്ന് അവള്‍ക്ക് നിശ്ചയമുണ്ട്. അവഗണനകള്‍ താല്‍ക്കാലികം മാത്രമാണെന്നും.

ലാസര്‍ ഷൈനിന്റെഡ്രൈവിങ് സ്‌കൂള്‍’ എന്ന കഥാസമാഹാരത്തിന് എം.കെ ശ്രീകുമാര്‍ എഴുതിയ വായനാനുഭവം.

കടപ്പാട്; iemalayalam, The Indian Express

Comments are closed.