DCBOOKS
Malayalam News Literature Website

സംസ്‌കൃതിയുടെ ആഴവും പരപ്പും

സി. രാധാകൃഷ്ണന്‍

ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ലോകത്തെ അത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതാണ് ലക്ഷദ്വീപുകള്‍ എന്ന ആവാസകേന്ദ്രം. അറബിക്കടലില്‍ മരതകക്കല്ലുകള്‍പോലെ ചിതറിക്കിടക്കുന്ന ഈ തുരുത്തുകള്‍ മനോഹരങ്ങളാണ്. സൗമ്യത എന്നതിലേറെ ഘോരസ്വരൂപം സഹജപ്രകൃതമായ സമുദ്രത്തിന്റെ ഹൃദയത്തില്‍ എവിടെയോ ഉള്ള മാതൃഭാവം ഹൃദയസ്പര്‍ശിയായി ഇവിടെ പ്രകടമാവുന്നു.ഇവിടത്തെ മനുഷ്യരിലും ഇതേ പ്രത്യേകത കാണാം. മനുഷ്യര്‍ തമ്മില്‍ വഴക്കും വക്കാണവും അടിപിടിയും കൊലപാതകവും ഒന്നുമില്ലാത്ത ഒരിടം പ്രപഞ്ചത്തില്‍ ഉണ്ടെങ്കില്‍ സ്വര്‍ഗ്ഗം മാത്രമാണ് എന്നാണല്ലോ പറയപ്പെടുന്നത്. നൂറ്റാണ്ടുകളായി കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരിടം ഭൂമിയില്‍ ഉള്ളതായി അവര്‍ മാത്രം. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം എങ്ങനെയിരിക്കണം എന്ന് ദ്വീപ് വാസികള്‍ക്ക് ജന്മനാ നിശ്ചയം. ചെറിയ ഇടങ്ങളില്‍ കുടുങ്ങിപ്പോകുന്ന മനുഷ്യരുടെ മനസ്സില്‍ സാധാരണയായി മുന്‍ നില്‍ക്കാറ് സ്വാര്‍ത്ഥതയാണല്ലോ. ഇവിടെ Textസംഭവിക്കുന്നത് നേരേമറിച്ച്! പ്രകൃതിയിലും മനസ്സുകളിലും ഒരുപോലെ ആകാശത്തിന്റെയും സമുദ്രത്തിന്റെയും വിശാലത.

ഈ സംസ്‌കൃതിയുടെ ആഴവും പരപ്പും ഒരേസമയം പഠിച്ച് അവതരിപ്പിക്കുകയാണ് ഡോക്ടര്‍ മുല്ലക്കോയ. സമഗ്രമായ ഒരു സാമൂഹിക സാംസ്‌കാരിക ചരിത്രം. അത് രചിച്ചിരിക്കുന്നത് സാമ്പ്രദായികരീതിയിലല്ല എന്നുമാത്രം. കഥകളും ആചാരങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും ഒത്തുകൂടി നമുക്ക് ഭംഗ്യന്തരേണ തരുന്നത് സാമൂഹികശാസ്ത്ര നരവംശശാസ്ത്ര വെളിപാടുകള്‍. കോഴിക്കോട്ട് പഠിക്കുന്ന കാലത്തുതന്നെ ദ്വീപുകാരുമായും ദ്വീപുത്പന്നങ്ങളുമായും എനിക്ക് പരിചയമുണ്ടായി. കോളേജില്‍ ദ്വീപുകാരായ കുട്ടികള്‍ ഉണ്ടായിരുന്നു. പക്ഷേ, ദ്വീപ് കാണാനുള്ള മോഹം സാധിച്ചത് 1975-ല്‍ മാത്രം. താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതാന്‍ എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയത് രാമു കാര്യാട്ട്. (ആ തിരക്കഥ ഞാന്‍ എഴുതിയില്ല, വിജയന്‍ കരോട്ടാണ് അത് പിന്നീട് നിര്‍വഹിച്ചത്.) നിരവധി അസൗകര്യങ്ങള്‍ക്കിടയിലും സന്തോഷമായി ജീവിക്കുന്ന നല്ല മനുഷ്യരെ കണ്ടു. അവരുടെ കലവറയില്ലാത്ത സ്‌നേഹം അനുഭവിച്ചു.

2017-ല്‍ രണ്ടാം വട്ടം ചെല്ലുമ്പോള്‍ മിക്ക ദ്വീപുകളിലും വഴിയും വെളിച്ചവും ഒക്കെ ഉണ്ടായിക്കഴിഞ്ഞിരുന്നു. സാക്ഷരത ഒരുപാട് വര്‍ദ്ധിച്ചിരുന്നു. പക്ഷേ, ആധുനികത നാടിന്റെ നന്മയെയോ പ്രകൃതിയുടെ ശുദ്ധിയെയോ ഒട്ടും പ്രതികൂലമായി ബാധിച്ചില്ല. അത് അന്യൂനമായി തുടരുന്നു. ഈ അത്ഭുതം എന്നില്‍ ഇന്നോളം വിശകലനാതീതമായി നിലനിന്നു. ഡോ. മുല്ലക്കോയയുടെ ഈ പുസ്തകം ആ ചെപ്പ് തുറന്നു തരുന്നു. എനിക്കിപ്പോള്‍ ദ്വീപുകാരെയും ദ്വീപുകളെയും കൂടുതല്‍ നന്നായി അറിയാം. ഈ ഗ്രന്ഥത്തിന്റെ രചനാരീതി ഒന്ന് വേറെയാണ്. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്ത ഒരാള്‍ നിസ്സംഗതയോടെ സ്വന്തം ശരീരത്തെയും മനസ്സിനെയും ചിത്രീകരിക്കുന്നപോലെയാണ് എഴുതപ്പെട്ടിരിക്കുന്നത്. ഒരു ദ്വീപുകാരന് മാത്രം സ്വീകരിക്കാവുന്ന രീതി. ആരാധനയോ വിമര്‍ശനമോ ഇല്ല. നര്‍മ്മബോധത്തോടെ നാട്ടുവര്‍ത്തമാനം പറയുന്നപോലെ. അതിനാല്‍ ഇത് വളരെ പാരായണക്ഷമമാണ്. ചെറിയ ചെറിയ അധ്യായങ്ങളില്‍ വലിയ കാര്യങ്ങള്‍. ദ്വീപുജീവിതത്തിന്റെ സമഗ്രമായ അവതരണം. ഒരു ഭാഷാശാസ്ത്രജ്ഞന്റെ ഉള്‍ക്കാഴ്ച. ഒരു മികച്ച അധ്യാപകന്റെ ആവിഷ്‌കാരവൈഭവം. ഒരു സൂഫിയുടെ ലോകശാസ്ത്രകാവ്യ അവബോധം. ചെറിയ കുട്ടികള്‍ക്കുപോലും യഥേഷ്ടം രസിച്ച് വായിച്ച് മനസ്സിലാക്കാം. എല്ലാംകൊണ്ടും ഒരു അപൂര്‍വ്വ കൃതി.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.