DCBOOKS
Malayalam News Literature Website

അറിവ് വേദനയായി പരിണമിക്കുന്നതും അവിടെ വെച്ചാകണം!

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വി.ജെ.ജയിംസിന്റെ ‘ലെയ്ക്ക’ എന്ന നോവലിന് എഴുതിയ വായനാനുഭവം.

അതിരറ്റ, അനന്തമായ പ്രപഞ്ച വിസ്മയങ്ങളിൽ ജിജ്ഞാസുവായ മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളമെങ്കിലും ലെയ്കവെറുമൊരു പേരല്ല. അവളൊരു പ്രതീക്ഷയാണ്, കൈപ്പിടിയിലൊതുക്കാനാകാത്ത സ്വപ്നങ്ങളില്ലെന്ന വിളംബരമാണ്. മനുഷ്യരുടെ ശ്രമഫലമായി ശൂന്യാകാശത്തെത്തിയ ആദ്യ ജീവൻ. ഇന്നും പരിമിതമായ അറിവുകൾ മാത്രമുള്ള ആകാശവിതാനങ്ങളിലേയ്ക്ക് മനുഷ്യസാധ്യമായ എല്ലാ പരിമിതികളോടെയും യാത്രയാക്കപ്പെട്ട ഒരു ചെറുനായ. ആകാശവിസ്മയങ്ങളിലേയ്ക്ക് മനുഷ്യനു വഴിയൊരുക്കുന്നതിനായി തന്നെ താനറിയാതെ ബലി കൊടുത്തവൾ . അഭിമാനത്തോടെ മാത്രം മാനവരാശി എന്നും ഓർക്കുന്ന ഒരു പരീക്ഷണ വിജയത്തിന്റെ ഓർമ്മയായി മനുഷ്യ ചരിത്രത്തിൽ അവളുണ്ട്. ശാസ്ത്രത്തിന്റെ ബലിമൃഗമായ ലെയ്ക എന്ന നായയെ വിഷയമാക്കി വി.ജെ ജയിംസ് രചിച്ച നോവലാണ് ലെയ്ക്ക.

Textഎവിടെയെങ്കിലും അല്പമൊന്നു പാളിയാൽ മാറിമറിയുന്നവയാണ് ചുറ്റുപാടുകൾ, ഭൗതിക സാഹചര്യങ്ങൾ, വികാരവിചാരങ്ങൾ ഓർമ്മകൾ എന്നു വേണ്ട മനുഷ്യനു സ്വന്തമായതെല്ലാം. അവരവരുടെ ആത്മീയവും ഭൗതികവുമായ തുടർച്ച തന്നെയും സൂക്ഷ്മങ്ങളാൽ സ്വാധീനിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു . അന്തരീക്ഷ ശാസ്ത്രകാരന്മാർ നേരിടുന്ന വെല്ലുവിളിയും മറ്റൊന്നല്ല. ലെയ്ക്ക എന്ന ജീവനെ അന്തരീക്ഷത്തിലേയ്ക്കെത്തിക്കുമ്പോഴും അണുവിട മാറാതെ ചെയ്തു തീർക്കേണ്ട എന്തെല്ലാം പരീക്ഷണനിരീക്ഷണങ്ങളിലൂടെ മുന്നൊരുക്കങ്ങളിലൂടെ സംഘർഷങ്ങളിലൂടെ അവർ കടന്നുപോയിട്ടുണ്ടാകണം. മനുഷ്യകുലത്തിന്റെ അഭ്യുന്നതിയിൽ താല്പര്യമുള്ള ഏതൊരാളെ സംബന്ധിച്ചും അഭിമാനകരവും ശാസ്ത്ര കുതുകികൾക്ക് സ്വപ്നസമാനമായ നേട്ടവുമായ ലെയ്കയുടെ ആകാശ യാത്രയെ വ്യത്യസ്തമായ മാനുഷിക വികാരങ്ങളുടെ തുലാസിലിട്ട് പരീക്ഷിക്കുകയാണ് നോവലിസ്റ്റ്.

ആദ്യമായി ഒരു ജീവിയെ ബഹിരാകാശത്തെത്തിക്കാനുള്ള ശ്രമത്തിൽ പങ്കാളിയായ സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞന്റെ കുറിപ്പുകൾ ആണ് ആഖ്യാനത്തിന്റെ പ്രധാന വശം. ഒരു വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടിയ കഥാകൃത്തിന് തന്റെ ജീവിതമെഴുതിയ കുറിപ്പുകൾ അദ്ദേഹം കൈമാറുന്നു. അജ്ഞാതനായ ആ ശാസ്ത്രജ്ഞനെ അദ്ദേഹത്തിന്റെ കുറിപ്പുകളുടെ വിവർത്തകനായ നോവലിസ്റ്റ് ഡെനിസോവിച്ച് എന്നു വിളിക്കുന്നു. ഒരു ബഹിരാകാശ ശാസ്ത്രജ്ഞനായ ഡെനിസോവിച്ചിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ പദ്ധതികളിലൊന്നിൽ ഭാഗമാകുന്നതിന്റെ സന്തോഷത്തെ മറികടന്ന് ലെയ്ക എന്ന നായയുടെ ജീവിത ബലി അയാളെ ദു:ഖിതനാക്കുന്നത് നാലുവയസ്സുകാരിയായ മകൾ പ്രിയങ്കയുമൊത്തുള്ള വിനിമയങ്ങളിലൂടെയാണ്. കഥാകൃത്തിനാകട്ടെ അതൊരു നാലാം ക്ലാസുകാരന്റെ ഭാവ പ്രപഞ്ചത്തിൽ ഉറച്ചു പോയ ഒരു സങ്കല്പമാകുന്നു.മകളെപ്പോലെ ലെയ്കയേയും സ്നേഹിക്കുന്നു എന്ന് ഡെനിസോവിച്ച് മകൾക്കു വാഗ്ദാനം നൽകുന്നുണ്ട്. അവളുടെ ലോകത്തേയ്ക്ക് ഊർജ്ജസ്വലയായ ഒരു നായ്ക്കുട്ടിയെ സ്വതന്ത്ര വിഹാരത്തിനയയ്ക്കുമ്പോളോ മകളോടുള്ള സ്നേഹത്തിന്റെ ഒരംശം ലെയ്കയ്ക്കും പകർന്നതിന്റെ പേരിൽ ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി നേരിടുമ്പോളോ അയാൾ വിചാരിക്കാത്ത പ്രതിസന്ധികളാണ് ജീവിതം അയാൾക്കായി കാത്തുവെച്ചത്. തിരികെ വരാത്ത യാത്രയിലേയ്ക്കാണ് തന്റെ പിതാവ് തന്നോളം സ്നേഹിക്കുന്നവളെ അയച്ചത് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ പ്രിയങ്കയും ഉരുകിത്തീരുന്നു. ജീവപര്യന്തം ഉരുകിത്തീരുവാൻ വിധിച്ചു കൊണ്ട് ആ മാതാപിതാക്കളെ വിട്ട് അവളും ശൂന്യതയിലേയ്ക്കു വിലയം പ്രാപിക്കുന്നു. ലെയ്ക എന്ന നായയ്ക്കൊപ്പം ഡെനിസോവിച്ച് പ്രിയങ്ക നടാഷ എന്നിവരുടെ ജീവിതവും ദുഃഖവും പാഠത്തിൽ പ്രധാന വിഷയമാകുന്നു. െലയ്ക്കയെ ഓർത്തു കൊണ്ടുള്ള ഒരു വിങ്ങൽ വായനക്കാരിൽ അവശേഷിപ്പിക്കുക എന്നതിലപ്പുറം ചിലത് ഈ ആഖ്യാനത്തിനു സാധ്യമാകുന്നുണ്ട്. മാനുഷികമായ പരിമിതികളിൽ നിന്നു കൊണ്ടു മാത്രം സാധ്യമാകുന്ന വേദനകളെക്കൂടി അപലപിക്കുകയാണ് നോവലിസ്റ്റ് ഇവിടെ.

ആമുഖമെന്നോ മുന്നുരയെന്നോ വിശേഷിപ്പിക്കാവുന്ന വാക്കുകളിൽ ലെയ്ക തന്റെ ജീവിതത്തിലും അതു വഴി വിചാരങ്ങളിലും സാന്നിധ്യമറിയിച്ചതെങ്ങനെ എന്ന് കഥാകൃത്ത് വിശദമാക്കുന്നുണ്ട്. അദ്ദേഹം തന്നെ വിവരിക്കുന്നതു പോലെ ശാസ്ത്ര കൗതുകത്തിനൊപ്പം ലോലഹൃദയ വികാരങ്ങളും ചേർന്നൊഴുകുന്ന മനസ്സിനുമാത്രം സാധ്യമായ ഒരു ആഖ്യാനമാണ് ലെയ്ക എന്ന നോവൽ.

ബഹിരാകാശഗവേഷണത്തിന്റെ ഭൂത വർത്തമാനങ്ങളെ പിടിച്ചുലച്ചും ഭാവിയുടെ ഊർജ്ജമായും മാറിയവളുടെ ഉള്ളിലെന്തായിരുന്നിരിക്കണം? അതറിയാനുള്ള ശേഷി അവളുടെ ബലിതർപ്പണത്തിനു ശേഷം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നമുക്കു ലഭ്യമായിട്ടില്ല. മനുഷ്യരാശിക്കു സ്വന്തമായ ചിന്താമണ്ഡലത്തിന്റെ പരിമിതമായപരിധിയിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ ഡെനിസോവിച്ചിലൂടെ കഥാകൃത്തിന് പറയാനാകുന്നത് ഇത്രമാത്രം ” ഞങ്ങൾ ശാസ്ത്രജ്ഞർക്ക് അവളുടെ അന്ത്യ മൊഴികളെ വിവർത്തനം ചെയ്തു വായിക്കാനുള്ള ഇലക്ട്രോണിക് സംവിധാനങ്ങളില്ലായിരുന്നു… ഒരു പക്ഷേ, ഉഗ്രതാപത്താൽ പൊള്ളിയുരുക്കുന്ന ഒരു നായ ഭൂമിയിലെ ശാസ്ത്രജ്ഞരെ ഒന്നടങ്കം ശപിക്കുന്നത് ഞങ്ങൾക്കു കേൾക്കാനായേനേ” ഭൂമിയിലെ മറ്റു സൃഷ്ടികളെക്കാൾ ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന മനുഷ്യ മസ്തിഷ്കത്തിന്റെ ദാരുണമായ ഈ പരിമിതി തിരിച്ചറിഞ്ഞു കൊണ്ട് മാത്രമേ നോവൽ മനസ്സിലാക്കാനാകൂ. അഥവാ ഒടുക്കത്തിൽ നിന്നൊരു പുനർവായന ഈ കൃതി നിർബന്ധമായും അർഹിക്കുന്നുണ്ട്.അപരന്റെ ആത്മത്തിന് തന്റേതിനെപ്പോലെയുള്ള വാഴ്വിനെ കരുണയോടെ വീക്ഷിക്കാനെങ്കിലും കഴിയുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയ ചില അറിവുകളുണ്ട്. അറിവ് വേദനയായി പരിണമിക്കുന്നതും അവിടെ വെച്ചാകണം. ഡെനിസോവിച്ചിനു നോവലിസ്റ്റിനോട് പറയാനാകാതെ പോയതും അനന്തമായ സൂക്ഷ്മപ്രപഞ്ചത്തെക്കുറിച്ചുള്ള ഈ ജ്ഞാനമാകണം. അത് ഭൗതികപ്രപഞ്ചം ആത്മീയ പ്രപഞ്ചം എന്നീ വേർതിരിവുകളെ അതിജീവിക്കുന്നു. വിജയങ്ങൾക്കുമേൽ പുരണ്ടിരിക്കുന്ന നോവുകളെ ചൂണ്ടിക്കാണിക്കുന്നു.അഹം നിസ്വമാകുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.