DCBOOKS
Malayalam News Literature Website

ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്

സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് നടത്താന്‍ ആഹ്വാനം.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണിത്. സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട്ട് ചേര്‍ന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

പണിമുടക്കില്‍ അണിചേരാന്‍ ബിഎംഎസ്സിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിംങ് ഉത്തരവിന്റെ ചട്ടങ്ങളിളില്‍ മാറ്റം വരുത്തിയാണ് ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് എന്ന സമ്പ്രദായം നടപ്പാക്കുന്നത്. ഉത്തരവ് നടപ്പാകുന്നതോടെ എല്ലാ വ്യവസായത്തിലും ജോലികള്‍ ഇല്ലാതാവും. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം പോലും ലഭിക്കില്ല. ഏത് നിമിഷവും പിരിച്ചുവിടലിന് വിധേയരാവുന്നവരാവും താല്‍ക്കാലിക തൊഴിലാളികള്‍.

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും ട്രേഡ് യൂണിയനുമായി ആലോചിക്കാതെയുമാണ് പുതിയ ഉത്തരവ്. മോഡി സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭമുയര്‍ത്തുന്നതിനിടെയാണ് തൊഴില്‍ സുരക്ഷിതത്വം ഹനിക്കുന്ന തീരുമാനം പുറത്ത് വന്നത്. സുപ്രീം കോടതി വിധിയെ പോലും മാനിക്കാതെയാണ് സര്‍ക്കാറിന്റെ നടപടിയെന്ന് പ്രമേയത്തില്‍ പറഞ്ഞു.

Comments are closed.