DCBOOKS
Malayalam News Literature Website

‘കുട്ടിച്ചാത്തന്‍ അയ്യപ്പന്‍ ശാസ്താവ്’; ഒരു ചരിത്രപഠനഗ്രന്ഥം

ശബരിമല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയില്‍ വിവാദങ്ങളുടെ പെരുമഴ ഇന്നുവരെ അവിടെ തോര്‍ന്നിട്ടില്ല. ലോകത്ത് ഇത്രയധികം ആരാധനാലയങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ശബരിമല മാത്രം വിവാദങ്ങളുടെ കേന്ദ്രമാകുന്നു എന്നത് ചിന്തിക്കപ്പെടേണ്ട ഒരു കാര്യവുമാണ്. ക്ഷേത്രം തീവെപ്പ്, ഉടമസ്ഥതയെച്ചൊല്ലിയുള്ള അവകാശതര്‍ക്കം, കൊടിമരവിവാദം, യുവതീപ്രവേശനമുള്‍പ്പെടെയുള്ള ആചാരസംബന്ധിയായ പ്രശ്‌നങ്ങള്‍ ഇങ്ങനെ നോക്കിയാല്‍ വിവാദങ്ങള്‍ക്ക് ഒരു ക്ഷാമവും ഇല്ല. ഈ കാണുന്ന എല്ലാ വിവാദങ്ങള്‍ക്കും ആണിക്കല്ലായ ഒരു പ്രശ്‌നം ശബരിലയെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല ശബരിമലയിലെ മൂര്‍ത്തി ആരാണ് എന്നതാണ്. ഏതു മൂര്‍ത്തീഭാവമാണ് ശബരിമലയില്‍ ആരാധിക്കപ്പെടുന്നത്? ആ മൂര്‍ത്തിയെ ആരാധിച്ചിരുന്നവര്‍ ആരാണ്? ഏതു വിധാനത്തില്‍ ആണ് പൂജാദികാര്യങ്ങള്‍ നടന്നിരുന്നത്? എന്ത് സമ്പ്രദായത്തില്‍ ആണ് ആ സങ്കേതം നിലനിന്നത് എന്നു തുടങ്ങി ഇന്നും നിലയ്ക്കാത്ത വിവാദങ്ങള്‍ക്കു സ്‌ത്രോതസായി ശബരിമലയിലെ മൂര്‍ത്തിയെക്കുറിച്ചുള്ള അവ്യക്തത നിലനില്‍ക്കുന്നു. ഈ അവ്യക്തതയെ അഭിസംബോധന ചെയ്യുകയാണ് ആര്‍. രാമാനന്ദിന്റെ കുട്ടിച്ചാത്തന്‍ അയ്യപ്പന്‍ ശാസ്താവ്.

ശബരിമലയിലെ പ്രതിഷ്ഠയും വിശ്വാസവും കുട്ടിച്ചാത്തന്‍ പുരാവൃത്തത്തിന്റെ തുടര്‍ച്ചയാണെന്ന് സമര്‍ത്ഥിക്കുന്ന ചരിത്രപുസ്തകമാണ് ആര്‍. രാമാനന്ദ് രചിച്ചിരിക്കുന്ന കുട്ടിച്ചാത്തന്‍ അയ്യപ്പന്‍ ശാസ്താവ്. ചരിത്രത്തിന്റെയും പുരാവൃത്തത്തിന്റെയും ഇടകലരുകളില്‍ കുടുങ്ങിക്കിടക്കുന്ന സത്യത്തിന്റെ അംശങ്ങളെ ചേര്‍ത്തുവായിക്കാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരന്‍ ശ്രമിക്കുന്നത്. ശബരിമലയിലെ മൂര്‍ത്തി മറ്റാരുമല്ല സാക്ഷാല്‍ കുട്ടിച്ചാത്തനെന്നു പുകള്‍പെറ്റ ചാത്തനാണെന്നാണ് ഈ പുസ്തകത്തിലെ വാദം. ആദ്യമായി കേള്‍ക്കുന്ന സമയത്ത് ഇതൊരു ഗൂഢാലോചനാ സിദ്ധാന്തമായി അനുഭവപ്പെടാം. എന്നാല്‍ ഈ പുസ്തകം സഞ്ചരിക്കുന്ന മാര്‍ഗ്ഗങ്ങളെ സ്വതന്ത്രചിന്തയോടെ സമീപിക്കാന്‍ നിങ്ങള്‍ ഒരുക്കമാണെങ്കില്‍ ഈ വാദം കാമ്പുള്ളതാണെന്ന് കാണാന്‍ സാധിക്കുമെന്ന് ഗ്രന്ഥകാരന്‍ കൃതിയുടെ ആമുഖത്തില്‍ കുറിക്കുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ ഏറെ പ്രസക്തമായ ഈ രചന ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടിച്ചാത്തന്‍ അയ്യപ്പന്‍ ശാസ്താവിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Comments are closed.