DCBOOKS
Malayalam News Literature Website

‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’

ഇന്ത്യന്‍ സാഹിത്യ- സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് അരുന്ധതി റോയി. ഏതൊരു രംഗത്തും തന്റേതായ അഭിപ്രായങ്ങളിലൂടെ വേറിട്ട ശബ്ദമായി മാറിയ അരുന്ധതി റോയിയുടെ ആദ്യ നോവലാണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്. കേരളീയ ജീവിതം പശ്ചാത്തലമാക്കി എഴുതിയ നോവല്‍ 1997-ലെ ബുക്കര്‍ പുരസ്‌കാരം നേടി ലോകസാഹിത്യത്തില്‍ തന്നെ ശ്രദ്ധ നേടി. പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍.

ആരും ശ്രദ്ധിക്കാതെ എവിടെയൊക്കെയോ നടന്ന, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന കുഞ്ഞു ജീവിതങ്ങളുടെ കഥയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍. എസ്തയുടെയും റാഹേലിന്റെയും കുഞ്ഞുകാര്യങ്ങളിലെ തമ്പുരാനായ വെളുത്ത പിന്നീടെപ്പോഴോ അവരുടെ അമ്മ അമ്മുവിന്റെ തമ്പുരാനായി മാറുന്നതും അതിന്റെ അനന്തരഫലങ്ങളുമാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ പറയുന്നത്.

എസ്ത, റാഹേല്‍, അമ്മു, വെളുത്ത, ബേബിക്കൊച്ചമ്മ, സോഫിമോള്‍ എന്നിങ്ങനെ ആത്മാവുള്ള കഥാപാത്രങ്ങള്‍ അണിനിരക്കുമ്പോള്‍ തന്നെ മറ്റു ചിലരെയും നമുക്ക് നോവലില്‍ കാണാവുന്നതാണ്. പ്രകൃതിയും റബ്ബര്‍ മരങ്ങളും അയ്മനം പുഴയും മീനുകളും ആകാശവും പുല്‍പ്പടര്‍പ്പുകളും എല്ലാം കഥാപാത്രങ്ങളായി മാറുന്ന രചനാമാന്ത്രികതയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനെ ജനകീയനാക്കിയത്.

കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന മനോഹരമായ ഗ്രാമവും അവിടുത്തെ കഥാപരിസരവും കഥാപാത്രങ്ങളും കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനെ ഒരു വിവര്‍ത്തന പുസ്തകത്തിനപ്പുറം ഒരു മലയാള നോവല്‍ എന്ന പോലെ മനോഹരമാക്കുന്നു. പ്രശസ്ത സാഹിത്യകാരിയായ പ്രിയ എ എസിന്റെ തര്‍ജ്ജമയുടെ കരുത്തു കൂടിയാണ് അതിനു കാരണം. അയ്മനം പ്രദേശത്തെ സുറിയാനി ക്രിസ്ത്യനികളുടെ മലയാളമാണ് നോവലിലെ സംഭാഷണ ഭാഷയായി പ്രിയ എ എസ് ഉപയോഗിച്ചിരിക്കുന്നത്.

2011-ല്‍ ഡി.സി ബുക്‌സ് പുസ്തകം പുറത്തിറക്കിയപ്പോള്‍ ഹൃദ്യമായ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. വിവര്‍ത്തന നോവലുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒന്നാം പതിപ്പില്‍ 25,000 കോപ്പികളാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ പുറത്തിറങ്ങിയത്.

Comments are closed.