DCBOOKS
Malayalam News Literature Website

കുഞ്ഞാലിമരയ്ക്കാര്‍; കടല്‍ക്കരുത്തില്‍ എഴുതിയ ദേശാഭിമാനത്തിന്റെ വീരചരിത്രം

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതത്തെ ആസ്പദമാക്കി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ വാരം തിയറ്ററുകളില്‍ എത്തുകയാണ്. സിനിമാപ്രേമികള്‍ മരയ്ക്കാര്‍ ആരെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍. ചരിത്രക്കടലിൽ നീന്തിയെത്തിയ കപ്പൽ വർത്തമാന കാലത്തിലേക്ക് നങ്കൂരമിട്ടു. തിരുനാവാ മണപ്പുറത്തു സാമൂതിരിയെന്നപോലെ നിശബ്ദത അവർക്കിടയിൽ നിലപാടുനിന്നു. അബൂബക്കർ ഓർമകളുടെ പായ അഴിച്ചു. കഥ തുടങ്ങുകയായി. നൂറ്റാണ്ടു നീണ്ട പോരാട്ടത്തിന്റെ ചരിത്രം. ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോരവീണ ചരിത്രം. പറങ്കികളുടെ സിരകളിൽ ഭയത്തിന്റെ തിരയിലാക്കിയ കടൽക്കരുതിന്റെ കുഞ്ഞാലിചരിതം. കുട്ട്യാലി മരയ്ക്കാരും,കുട്ടിപോക്കറും, പട്ടുമരയ്ക്കാരും, മുഹമ്മദ് മരയ്ക്കാരും അറബിക്കടലിലെഴുതിയ വീരേതിഹാസം പുനർ വായിക്കപ്പെടുകയാണ് കുഞ്ഞാലിത്തിരയിലൂടെ. കടല്‍ക്കരുത്തുകൊണ്ട് ദേശാഭിമാനത്തിന്റെ വീരചരിത്രമെഴുതിയ കുഞ്ഞാലിമരയ്ക്കാരുടെ ഐതിഹാസികജീവിതം കുറിച്ച രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിരയെന്ന  നോവലില്‍ നിന്നും ഒരുഭാഗം.

മിക്കരിക്കറുപ്പുള്ള ഉടല്‍ വീണ്ടും!
ആവശ്യത്തിലേറെ തുറന്നുപിടിച്ച പളുങ്കുകണ്ണുകള്‍.
രോമങ്ങള്‍ വാളുയര്‍ത്തിയ കൂര്‍മ്പന്‍ കാതുകള്‍.
ഇടിയേറ്റതുപോലെ ചതഞ്ഞുപരന്ന മൂക്ക്.
ക്രമംതെറ്റിയ കുറ്റിത്താടി.

കാല്‍പ്പാദത്തിനു തൊട്ടുമുകളിലെത്തി വിശറിപോലെ വിടര്‍ന്ന് അഴിഞ്ഞുവീഴുന്ന ഞൊറിവച്ച പട്ട്.

ഇരുകൈകളില്‍നിന്നു തൂങ്ങുന്ന തിളങ്ങുന്ന തുണിക്കുഴലുകള്‍. എല്ലാത്തിനും പുറമേ തലയില്‍ വള്ളംപോലെ അറ്റം വളഞ്ഞൊരു തൊപ്പിയും.

പുറംകടലില്‍നിന്നു കരയിലെത്തിയ വികൃതരൂപത്തെക്കണ്ട് അങ്ങാടിത്തെരുവ് നടുങ്ങി. പറങ്കികള്‍ വീണ്ടും വന്നോ? ഒന്നരക്കൊല്ലം മുമ്പ് പടനായന്മാരെയും മുക്കുവരെയും കപ്പലില്‍ കെട്ടിയിട്ട് തുറക്കാരെയൊന്നാകെ വെല്ലുവിളിച്ച പറങ്കികളുടെ ധിക്കാരം ആരും മറന്നിട്ടില്ല. അവര്‍ കൊണ്ടുപോയ മുക്കുവരെ പിന്നെ കണ്ടിട്ടില്ല. ചത്തോ കൊന്നോ എന്നുപോലും അറിയില്ല. എന്തും ഉപ്പിലിട്ട് ഉണക്കി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന പറങ്കികള്‍ അവരെയും ഉപ്പിലിട്ടുകാണും എന്നു തുറയില്‍ ചിലരെങ്കിലും സംശയിക്കുന്നു. അങ്ങാടിത്തെരുവിലെ തിരക്കുകളില്‍ തെല്ലും കൂസാതെ വികൃതരൂപം പ്രധാന വീഥിയിലൂടെ നടന്നു.

”അല്ല, ത് ഞമ്മളെ കുഞ്ഞാമനല്ലേ?” തിനയും നവരയും കൂമ്പാരംകൂട്ടിയ പരമ്പിനുപിന്നില്‍നിന്ന് തുറക്കാരാരോ ചോദിച്ചു.

”ഏത് കുഞ്ഞാമന്‍?” ധാന്യമളന്നുകൊണ്ടിരുന്നയാള്‍ അശ്രദ്ധയോടെ ആരാഞ്ഞു.

”പണ്ട് ഇവിടന്ന് പറങ്കികള് പിടിച്ച് കൊണ്ടോയ കുഞ്ഞാമന്‍.” നാഴി താഴെവച്ച് അയാള്‍ നടുക്കത്തോടെ തലയുയര്‍ത്തി.

”ആന്ന്… ഇത് ഓന്തന്നെ ഒറപ്പാ.”

അങ്ങാടിത്തെരുവൊന്നാകെ ആ വാര്‍ത്തയറിഞ്ഞു നടുങ്ങി. എല്ലാവരുടെയും കണ്ണുകള്‍ കുഞ്ഞാമനു ചുറ്റും പറന്നു. ‘കുഞ്ഞാമാ’ എന്നുവിളിച്ച് പരിചയക്കാര്‍ പിന്നാലെ ചെന്നു. പക്ഷേ, അയാള്‍ കേട്ട ഭാവം നടിച്ചില്ല. കടല്‍ക്കാറ്റ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച കൂര്‍മ്പന്‍ തൊപ്പി ഇടയ്ക്കിടെ പിടിച്ചു നേരേയാക്കി, കാല്‍ചവിട്ടുന്ന മണ്ണല്ലാതെ മറ്റൊന്നും തനിക്കുമുന്നില്‍ ഇല്ലെന്നമട്ടില്‍ അയാള്‍ നടന്നു. ആള്‍ ക്കൂട്ടമൊന്നാകെ ഒപ്പംകൂടി. അയാള്‍ കോവിലകത്തേക്കാണെന്ന് അറിഞ്ഞതോടെ പലരും പിന്നോട്ടുമാറി. താഴ്ന്നജാതിക്കാര്‍ക്ക് ആ വഴി പ്രവേശനമില്ല. പറങ്കിവേഷമണിഞ്ഞെത്തിയ കുഞ്ഞാമന് അക്കാര്യം അറിയാതെ വരുമോ? Textഅതോ ഒന്നരവര്‍ഷംകൊണ്ട് അവന്‍ മനസ്സുകൊണ്ടും പറങ്കിയായി മാറിയോ? ആളുകള്‍ പിറുപിറുത്തു. പുതിയ സാമൂതിരി മാനവിക്രമന്‍ മുന്‍കോപിയാണ്. വെട്ടൊന്ന് തുണ്ടം രണ്ട് എന്നതാണു രീതി. ആ തമ്പുരാന്റെ മുന്നിലേക്കാണ് കൂസലില്ലാതെ ഇവന്‍ നടന്നുചെല്ലുന്നത്. കാവല്‍ക്കാരാരും ഇവനെ പിടിച്ചുനിര്‍ത്താത്തതെന്ത്? നാലതികാരരോ തലച്ചെന്നവരോ കണ്ടാല്‍ എന്താകും സ്ഥിതിയെന്ന് ആളുകള്‍ ഭയന്നുതുടങ്ങിയപ്പോഴേക്കും തുറകാക്കുന്നവരിലൊരാള്‍ അവനു മുന്നിലെത്തി, ഉടവാളൂരി കുറുകേ പിടിച്ചു.

”ഞ്ഞി കുഞ്ഞാമന്‍ തന്നല്ലേ?” പടനായര്‍ ചോദിച്ചു. അയാള്‍ മിണ്ടിയില്ല.

”പറയെടോ ഞ്ഞി തന്നല്ലേ കുഞ്ഞാമന്‍?” വാള്‍മുന വിയര്‍പ്പിറ്റുന്ന കഴുത്തില്‍ ഉരസി.

”ആയിരുന്നു ഇപ്പോളല്ല,” കോവിലകത്തെ വഴിയില്‍നിന്ന് ഏഴടിയകലെ നില്‍ക്കേണ്ട അധഃകൃതന്റെ വാക്കുകളിലെ അഹങ്കാരം പടനായരെ നടുക്കി. പറങ്കിവേഷമില്ലായിരുന്നെങ്കില്‍ അവന്റെ തല ഈനിമിഷം നിലത്തുവീണേനേ എന്നു തുറക്കാര്‍ അടക്കംപറഞ്ഞു.

”ഞാനിപ്പോ ക്രിസ്ത്യാനിയാ. എനക്ക് അയിത്തല്ല.” കുഞ്ഞാമന്റെ ശബ്ദത്തിനു വല്ലാത്തൊരു കനം. പേടിത്തൂറികളെ അഹങ്കാരിയാക്കുന്നതാണോ ക്രിസ്തുമതമെന്നു ചോദിച്ച് പടനായര്‍ ഉറക്കെച്ചിരിച്ചു.

”ഞ്ഞി എന്ത് മതം കൂടിയാലും ഞമ്മക്ക് ഞ്ഞി കുഞ്ഞാമന്‍ തന്നാ, അനക്കേ കോലോത്ത് പോവാന്‍ പറ്റൂല.”

”എനക്ക് പോയേ പറ്റൂ. ഞാനിപ്പോ പറങ്കികള്‌ടെ ദൂതനാ.” അവന്‍ നിലത്തേക്കുതന്നെ മിഴികള്‍ നാട്ടിനിര്‍ത്തി.

”ദൂതനോ ഞ്ഞ്യോ?” ചുറ്റും നിന്നവരെ നോക്കി കണ്ണടച്ചുകാട്ടി പടനായര്‍ ചിരിടക്കി.

”അതെ. കപ്പിത്താന്റെ സന്ദേശവുമായി താമൂരിയെ കാണാന്‍വന്നതാ.”

”ഏത് കപ്പിത്താന്‍? വാസ്‌കോഡി ഗാമേ?”
”അല്ല. പെഡ്രോ അല്‍വാരിസ് കബ്രാള്‍.”
”ഏത് കൊടുവാള്‍ പറഞ്ഞയച്ചൂന്നു പറഞ്ഞാലും നടക്കൂല്ല, വന്ന കാല്മ്മല് നിക്കാണ്ട് ബേഗം പോയ്‌ക്കോ”

”കാണാതെ ചെന്നാ എന്റെ കയ്ത്തറക്കും.” അയാളുടെ ശബ്ദം ഇടറി. പടനായര്‍ വാള്‍ ഉറയിലിട്ടു. അപ്പോള്‍ അതാണു കാര്യം. തോക്കുചൂണ്ടി പേടിപ്പിച്ച് ഇവനെ പറങ്കികള്‍ തള്ളിവിട്ടതാകും. മരണഭയം മനുഷ്യനെക്കൊണ്ട് എന്തും ചെയ്യിക്കും. വേറേ എത്രയോ ദൂതരുണ്ടായിട്ടും മനഃപൂര്‍വം സാമൂതിരിത്തമ്പുരാനെ അപമാനിക്കാന്‍ വേണ്ടിയായിരിക്കണം പറങ്കികള്‍ കുഞ്ഞാമനെത്തന്നെ വേഷം കെട്ടിച്ച് പറഞ്ഞയച്ചത്. ഏറെ ഗൗരവമുള്ള നയതന്ത്രവിഷയമാണിത്. തന്റെ കൈയിലോ തലച്ചെന്നവരുടെ കൈയിലോ പോലും ഒതുങ്ങുന്നതല്ല.

”അയിനിപ്പം ഞാനെന്താ മാണ്ട്യേത്?”
അതുവരെ സംഭരിച്ചിരുന്ന ധൈര്യമപ്പാടെ ചോര്‍ന്നൊലിച്ച് കുഞ്ഞാമന്‍ തേങ്ങിക്കരഞ്ഞ് നിരത്തിന്റെ ഓരത്തു കുത്തിയിരുന്നു. അവന്റെ വികൃതവേഷത്തിനു ചേരാത്തതായിരുന്നു ആ കണ്ണീര്.

”ബെഷമിക്കാതെ, എന്താ വേണ്ടേന്ന് ഞാന്‍ കോലോത്ത് ചോദിച്ച് വരാം. പെരുവയിയീന്ന് മാറിയിര്ക്ക്.”

പടനായര്‍ അലിവോടെ പറഞ്ഞു. ആള്‍ക്കൂട്ടത്തില്‍നിന്നു ചിലര്‍ കുഞ്ഞാമന്റെ ചുമലില്‍ കൈവച്ചു. അവര്‍ക്കറിയാന്‍ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. കടലിനക്കരെയുള്ള ജീവിതം, കുടുംബം, ഒപ്പം കടത്തിക്കൊണ്ടുപോയ മറ്റു മുക്കുവരുടെ വിശേഷങ്ങള്‍. പക്ഷേ, അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കണ്ണീരും നെഞ്ചത്തടിയുമായിരുന്നു മറുപടി. ഒന്നുകില്‍ പറയാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല. അല്ലെങ്കില്‍ ഭയം–തുറക്കാര്‍ വിചാരിച്ചു.

”കരുതണേട്ടാ, കപ്പിത്താനെ കരുതണം. എല്ലാരും പേടിക്കണം.” കുഞ്ഞാമന്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. വീഥിയുടെ അറ്റത്ത് കുതിരക്കുളമ്പടി കേട്ടപ്പോള്‍ ആളുകള്‍ ഒഴിഞ്ഞുമാറി. തലച്ചെന്നവരും നേരത്തേ വന്ന പടനായരും മറ്റു രണ്ടുപേരും കുതിരപ്പുറത്തുനിന്നിറങ്ങി.

”സന്ദേശം കൊണ്ടാ. നോക്കെട്ട?” തലച്ചെന്നവര്‍ കൈനീട്ടി. നീണ്ട കുപ്പായത്തിന്റെ കീശയില്‍നിന്ന് കുഞ്ഞാമന്‍ ഒരു തോല്‍ച്ചുരുളെടുത്തു നീട്ടി. അതുവായിച്ച തലച്ചെന്നവരുടെ മുഖം ചെമന്നു.

”അന്നോടൊക്കെ വര്‍ത്താനം പറയാന്‍ കരേലെ ചുങ്കക്കാരേ വരൂന്ന് കപ്പിത്താനോട് പറഞ്ഞേക്ക്. അയാക്ക് താമൂരീനോട് വര്‍ത്താനം പറയണേങ്കി അയിനുള്ള പണി ചെയ്യാം. കപ്പിത്താന്‍ മുഖദാവില്‍ വന്നാല്‍ മാത്രേ നടക്കുള്ളൂ. കോലോത്ത്ന്ന് ഇങ്ങനാ പറഞ്ഞേന്ന് ചെന്ന് പറയീ…”

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.