DCBOOKS
Malayalam News Literature Website

‘കുഞ്ഞാലിമരക്കാര്‍’ തിരക്കഥയ്ക്കു പിന്നില്‍- ടി.പി രാജീവന്‍ പറയുന്നു

സര്‍ഗ്ഗവേദന പഞ്ചേന്ദ്രിയങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ എഴുതിയതല്ല ‘കുഞ്ഞാലിമരക്കാര്‍’ എന്ന ഈ തിരനോവല്‍. പ്രശസ്ത സംവിധായകന്‍ ജയരാജ് ആവശ്യപ്പെട്ടപ്രകാരം വായിച്ചും എഴുതിയും തുടങ്ങിയതാണ്. ‘ഗുല്‍മോഹര്‍’ എന്ന സിനിമയുടെ ചിത്രീകരണം 2008-ല്‍ കോഴിക്കോട് ഫറോക്കില്‍, ഒരു പഴയ ഓട്ടുകമ്പനിയില്‍ നടക്കുന്നതിനിടയാണ് ജയരാജ് അങ്ങനെ ഒരു ആശയം പറഞ്ഞത്. പറയുക മാത്രമല്ല, എഴുത്തിന് ആവശ്യമായ ഭൗതികസാഹചര്യം ഒരുക്കിത്തരികയും ചെയ്തു. സിനിമയില്‍നിന്നുള്ള ആദ്യത്തെ ക്ഷണം, അവസരം, ആയതു കൊണ്ട് വീട്ടിലും ഓഫീസിലും പോകാതെ ഞാന്‍ കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം നടന്നു, കോഴിക്കോട്, പുതുപ്പണം, ഗോവ എന്നിവിടങ്ങളില്‍.

പലരില്‍നിന്നും പലതും കേട്ടു. പല പുസ്തകങ്ങളും വായിച്ചു. നാട്ടുകാരുടെ കഥകള്‍ മുതല്‍ പോര്‍ച്ചുഗീസ് പാതിരിമാരുടെയും പട്ടാള ഉദ്യോഗസ്ഥന്മാരുടെയും ഡയറിക്കുറിപ്പുകളും സഞ്ചാരക്കുറിപ്പുകളും. വായിച്ചതത്രയും കേട്ടതൊക്കെയും ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണന്‍, ഡോ.എം. ഗംഗാധരന്‍, ഡോ. വി. കുട്ട്യാലി തുടങ്ങിയവരുമായി സംസാരിച്ചു വ്യക്തത വരുത്തി.

അതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ജയരാജിനെ കണ്ട് എഴുത്തിന്റെ പുരോഗതി അറിയിക്കുകയും സിനിമ സംവിധായകന്റെ കലയും കച്ചവടവുമാണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നതിനാല്‍, അഭിപ്രായം തേടുകയും ചെയ്തുകൊണ്ടിരുന്നു.

സിനിമയുടെ ആകര്‍ഷണമാണ് കുഞ്ഞാലിമരയ്ക്കാറിലേക്ക് എത്തിച്ചതെങ്കിലും അറിഞ്ഞുതുടങ്ങിയപ്പോഴാണ് യൂറോപ്യന്‍ അധിനിവേശ ചരിത്രത്തിലെ പ്രതിരോധപര്‍വ്വത്തിന്റെ ആരംഭമാണ് മരയ്ക്കാര്‍മാരുടെ ജീവിതവും പോരാട്ടവും എന്നു മനസ്സിലായത്. ആഫ്രിക്കയിലെയോ തെക്കേ അമേരിക്കയിലെയോ ആദിമഗോത്രങ്ങള്‍ കോളനീകരണത്തെ സായുധമായി ചെറുത്തുനിന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, സ്വാതന്ത്ര്യവാഞ്ഛയും നിര്‍ഭയത്വവും ആയോധനമികവുംകൊണ്ട് അധിനിവേശ ശക്തികളുമായി പൊരുതിയ ചരിത്രത്തിന്റെ ആരംഭം കുഞ്ഞാലിമരയ്ക്കാര്‍മാരുടേതാണ്. പോരാട്ടം ആത്മീയതലങ്ങളിലേയ്ക്കുയര്‍ത്തുന്ന വിശ്വാസമായിരുന്നു അവരുടെ ആയുധപ്പുര.

ഇത്തരം ആലോചനകളെല്ലാം ഉള്‍പ്പെടുത്തി എഴുത്ത് പൂര്‍ത്തിയാക്കിയെങ്കിലും സിനിമ നടക്കാതെപോയി. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു.

ഇപ്പോഴും മലയാളത്തിലെ ഒരു നിര്‍മ്മാണക്കമ്പനിയുടെ പരിഗണനയില്‍ ഈ രചനയുണ്ട്. പല സംവിധായകരുടെ കൈകളിലൂടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ കടന്നുപോയിട്ടുണ്ട്. ഇതില്‍നിന്ന് ചില കഥാപാത്രങ്ങളെയും രംഗങ്ങളും അടര്‍ത്തിമാറ്റി സ്‌കിറ്റാക്കുകയുംചെയ്തിട്ടുണ്ട്. നാളെ ഇതപ്പാടെ മറ്റൊരാളുടെ രചനയായി സിനിമയായാലും എനിക്ക് അത്ഭുതമോ പരാതിയോ ഇല്ല. കാരണം, സിനിമ എന്റെ ആധിയോ വ്യാധിയോ അല്ല.

Comments are closed.