DCBOOKS
Malayalam News Literature Website

കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം

ഒന്നു തുമ്മിയാല്‍ തെറിക്കുന്ന ബന്ധങ്ങളാണിന്ന് നമ്മുടെ സമൂഹത്തിലുള്ളത്. പണത്തിനും പ്രശസ്തിക്കും വേണ്ടി സഹോദരങ്ങള്‍ തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്നു. മാതാപിതാക്കളെ പട്ടിണിക്കിട്ടും തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. പ്രണയത്തിന്റെ മറവില്‍ ലൈംഗികാരാചകത്വവും ചതിയും നടത്തുന്നു. വിവാഹിതര്‍ തൊട്ടതിനും പിടിച്ചതിനും കലഹിച്ചും ബഹളംവെച്ചും വിവാഹമോചനത്തിനെത്തുന്നു. ഇതൊക്കെയാണ് കുറച്ചുനാളായി നമ്മുടെ കുടുംബക്കോടതികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. എല്ലായിടത്തും പ്രശ്‌നങ്ങളാണ്. എന്നാല്‍ അവ ആഴത്തില്‍ പരിശോധിച്ചാല്‍ വളരെ നിസ്സാരമായ കാരണങ്ങള്‍ മാത്രമാണ് ഇതിനുപിന്നിലെന്ന് കണ്ടെത്താനാകും. നമ്മുടെ വീടുകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന കലഹങ്ങള്‍ പുറത്തേക്ക് എത്താതെ അവിടെത്തന്നെ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളു. സ്‌നേഹമുള്ളിടത്തേ വഴക്കുണ്ടാകു എന്നുപറയുന്നതുപോലെ എല്ലാം അപ്പോള്‍ തന്നെ വിട്ടുകളയേണ്ടതാണ്. പിടിവാശിയും നിര്‍ബന്ധബുദ്ധിയും വച്ചുപുലര്‍ത്തുന്നവരുടെ ജീവിതം ഒരിക്കലും ശാശ്വതമാകുകയില്ല.

Textകുടുംബശൈഥില്യം ഇന്ന് സമൂഹം നേരിടുന്ന പ്രധാനവെല്ലുവിളിയാണ്. വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ മുഖ്യകാരണമാകുന്നത് കുടുംബങ്ങളില്‍ പരിഹരിക്കാവുന്ന വളരെചെറിയ പ്രശ്‌നങ്ങളായിരിക്കാം. അശാന്തമായ കുടുംബത്തില്‍ ജീവിക്കുന്ന കുട്ടികള്‍ ബഹുഭൂരിപക്ഷവും ക്രിമിനല്‍കുറ്റങ്ങളില്‍ പെട്ടുപോകുന്നതിന് എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. പ്രതിസന്ധികളുടെ തിരയില്‍പ്പെട്ട് ജീവിതം തകരാതെ അവയെ ശാസ്ത്രീയവും പ്രായോഗികവുമായി എങ്ങനെ പരിഹരിക്കണം എന്ന ഉദാഹരണങ്ങളിലൂടെ പറഞ്ഞുതരുകയാണ് എന്‍ എല്‍ പി പരിശീലകനായ വി ചിത്തരഞ്ജന്‍ കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം എന്ന പുസ്തകത്തിലൂടെ.

ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗാമിങ് അഥവാ എന്‍ എല്‍ പി, ഹിപ്‌നോതെറാപ്പി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള കൗണ്‍സിലിങിലും സെമിനാറിലും ആളുകള്‍ ഉന്നയിച്ച ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പ്രശസ്ത മിസ്റ്റ്ക് കവി ഖലീല്‍ ജിബ്രാന്റെ കവിത ഉദ്ധരിച്ചും പ്രമുഖ തത്ത്വജ്ഞാനിയായ സോക്രട്ടീസിന്റെ കഥപറഞ്ഞും അദ്ദേഹം ഇന്നത്തെ കുടുംബബന്ധങ്ങളിലെ വിള്ളലുകളെക്കുറിച്ചും പൊട്ടിത്തെറികളെക്കുറിച്ചും വിവരിക്കുന്നു.

പ്രമുഖ തത്ത്വജ്ഞാനിയായ സോക്രട്ടീസ് എഴുത്തിലോ ചിന്തയിലോ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സോക്രട്ടീസ് അത് ശ്രദ്ധിച്ചതേയില്ല. ഒടുവില്‍ ദേഷ്യംസഹിക്കാനവാതെ ഭാര്യ ഒരു ബക്കറ്റ് വെള്ളം സോക്രട്ടീസിന്റെ തലയിലേക്ക് ഒഴിച്ചു.

സാധാരണ കുടുംബമാണെങ്കില്‍ അത് അവസാനത്തെ ഒഴിപ്പായിരിക്കും. എന്നാല്‍ സോക്രട്ടീസ് എന്തുചെയ്തുവെന്നറിയാമോ..?ഇടിവെട്ടുമ്പോഴെ മഴപെയ്യുമെന്നറിയാമായിരുന്നു എന്ന പറയുകമാത്രമാണ് ചെയ്തത്. സാധാരണ കുടുംബത്തിലായിരുന്നു ഇത് നടന്നതെങ്കില്‍ അടുത്ത ദിവസംതന്നെ വിവാഹമോചനത്തിന്റെ വക്കിലെത്തുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

വ്യത്യസ്തലോകങ്ങളില്‍ കഴിയുന്നവര്‍, സ്‌നേഹത്തിന്റെ ചാനലുകള്‍, പരാതികള്‍ പരാതികള്‍ മാത്രം, പുരുഷന്‍ സ്ത്രീ, വിശ്വാസ്യത തുടങ്ങി ജീവിത വിജയത്തിനുവേണ്ട എല്ലാ രഹസ്യങ്ങളും വിജമന്ത്രങ്ങളും കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം എന്ന പുസ്തകത്തില്‍ അദ്ദേഹം കോര്‍ത്തിട്ടിരിക്കുന്നു. ഒരുമിച്ച് ആടിയും പാടിയും ആനന്ദിക്കാനും പരസ്പരം ഹൃദയം പങ്കുവെച്ച് മരണംവരെ സ്‌നേഹത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ വീടിനുള്ളില്‍ പൊകഞ്ഞുകത്താതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ഒരു വഴികാട്ടിയാണ് ഈ പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.