DCBOOKS
Malayalam News Literature Website

‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്  ടി.പി രാജീവന്റെ  ഏറ്റവും പുതിയ നോവലാണ് ക്രിയാശേഷം. 1979ല്‍ പ്രസിദ്ധീകരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എം.സുകുമാരന്റെ  ശേഷക്രിയ  എന്ന നോവലിന്റെ തുടര്‍ച്ചയാണ് ക്രിയാശേഷം. പാര്‍ട്ടിക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച്, ഒടുവില്‍ പാര്‍ട്ടിനയങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കുഞ്ഞയ്യപ്പന്‍ ദാരിദ്ര്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണ്. ജീവിതത്തില്‍ നിന്നും വിടുതല്‍വാങ്ങിയ കുഞ്ഞയ്യപ്പനെ പാര്‍ട്ടി പിന്നീട് രക്തസാക്ഷിയാക്കി. കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിന്റെ കഥയാണ് ക്രിയാശേഷത്തില്‍ പറയുന്നത്. രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കു നേരെയുള്ള ഒരു ചൂണ്ടുവിരലാണ് ഈ നോവല്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ക്രിയാശേഷം  ഇപ്പോള്‍

പുസ്തകത്തിന് ആമുഖമായി ടി.പി.രാജീവന്‍ എഴുതിയത്

എം. സുകുമാരന്റെ ‘ശേഷക്രിയ’ എന്ന നോവല്‍ എണ്‍പതുകളുടെ ആദ്യത്തിലാണ് ആദ്യമായി വായിച്ചത്. അന്നു മനസ്സില്‍ കയറിക്കൂടിയതാണ് കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവും അവന്റെ ലോകവും. അച്ഛന്‍ വീടിനു പിന്നിലെ മാവിന്‍കൊമ്പില്‍ കെട്ടിത്തൂങ്ങിച്ചത്തപ്പോള്‍ ചെറിയ കുട്ടിയായിരുന്ന അവന് പിന്നീട് എന്തു സംഭവിച്ചിട്ടുണ്ടാകും എന്ന ചിന്ത ഓരോ വായനയിലും മനസ്സില്‍ ഉയര്‍ന്നുവന്നു. അവന് ഇപ്പോള്‍ എത്ര വയസ്സായിട്ടുണ്ടാവും? അവന്‍ എന്തു ചെയ്യുകയാവും? അവന്റെ അമ്മ കുഞ്ഞോമനയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും? ചോദ്യങ്ങള്‍ ഇങ്ങനെ മാറിമാറി വന്നു.

കേരളം സാമൂഹികമായും രാഷ്ട്രീയപരമായും പുതുലോകക്രമത്തിലേക്കു മാറാന്‍ തുടങ്ങിയ കാലത്താണ് കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ച കുഞ്ഞയ്യപ്പന്‍ ആത്മഹത്യ ചെയ്തത്. മകന്‍, കൊച്ചുനാണു ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അത് ഇന്നത്തെ പുതിയ കേരളത്തിലായിരിക്കും. അവന്റെ പ്രായവും ഭൂതകാലവുമുള്ള ഒരു യുവാവ് കടന്നുപോകാന്‍ സാധ്യതയുള്ള അനുഭവങ്ങളെപ്പറ്റിയുള്ള ആലോചനയില്‍നിന്നാണ് ഈ നോവല്‍ എഴുത്ത് ആരംഭിച്ചത്.

എഴുത്തു തുടങ്ങുന്നതിനുമുമ്പുതന്നെ എം. സുകുമാരനെ അദ്ദേഹ ത്തിന്റെ തിരുവനന്തപുരത്തുള്ള ഫ്‌ളാറ്റില്‍ ചെന്നു കാണുകയും അദ്ദേഹം എഴുതി നിര്‍ത്തിയ ഇടത്തുനിന്നു തുടങ്ങാനുള്ള സമ്മതം ചോദിക്കുകയും ചെയ്തിരുന്നു. ”അതിന് എന്റെ സമ്മതം വേണ്ടല്ലോ,” എന്നാണ് ആ വലിയ എഴുത്തുകാരന്‍ അന്നു പറഞ്ഞത്. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ നോവല്‍ പ്രസിദ്ധീകരണം ആരംഭിച്ചശേഷം ഇടയ്ക്കിടയ്ക്ക് വിളിച്ച്, ”എന്തെങ്കിലും അബദ്ധം പിണയുന്നുണ്ടോ?” എന്നു ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഹൃദ്യമായ ഒരു ചിരിയായിരുന്നു പലപ്പോഴും മറുപടി. ”കാലം കുഴമറിയുന്നു,” ഇടയ്ക്ക് എപ്പോഴോ പറഞ്ഞു. ” അല്ല, അതാണല്ലോ ഇപ്പോഴത്തെ കാലം.”അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തു.

നോവല്‍ പുസ്തകമായശേഷം ചെന്നു കാണണം എന്നു വിചാരിച്ചതാണ്. അതിനു കാത്തുനില്ക്കാതെ അദ്ദേഹം ഈ ലോകം വിട്ടുപോയി. യാത്രയിലായതിനാല്‍ അവസാനമായി കാണാനും കഴിഞ്ഞില്ല. ആ വേദന ഇപ്പോഴും മനസ്സില്‍ തുടരുന്നു. ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മയ്ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു.

Comments are closed.