DCBOOKS
Malayalam News Literature Website

‘കൃതി’ സാഹിത്യോത്സവത്തിന് തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കൃതി’ സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യം, കല, സമൂഹം, മാധ്യമങ്ങള്‍, ചരിത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങള്‍ക്കുമാണ് നാല് ദിവസങ്ങളിലായി കൊച്ചി സാക്ഷ്യം വഹിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ സാഹിത്യകാരന്‍മാരും വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരും പങ്കെടുക്കുന്ന സാഹിത്യോത്സവം മറൈന്‍ ഡ്രൈവിലെയും ബോള്‍ഗാട്ടി പാലസിലെയും വിവിധ വേദികളിലായണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആറിന് വൈകീട്ട് അഞ്ച് മണിക്ക് മറാത്തിഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായ കിരണ്‍ നഗാര്‍കര്‍ സാഹിത്യോത്സവം ഉദ്ഘാടനം കര്‍മ്മംചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ബോള്‍ഗാട്ടി പാലസില്‍ മലയാള സാഹിത്യത്തിലെ അഞ്ച് കുലപതികളുടെ പേരുകളില്‍ ഒരുക്കിയ അഞ്ചുവേദികളില്‍ ഈ മാസം ഏഴുമുതല്‍ 11 വരെയാണ് സാഹിത്യോത്സവം അരങ്ങേറുന്നത്. 130 സെഷനുകളിലായി വിദേശ എഴുത്തുകാരടക്കം 322 പേര്‍ പങ്കെടുക്കും. കാരൂര്‍, എം.പി.പോള്‍, തകഴി , പൊന്‍കുന്നം, ലളിതാംബിക അന്തര്‍ജ്ജനം എന്നീ പേരുകളിട്ട അഞ്ച് വേദികളിലാണ് ഒരേ സമയം ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴര വരെ പരിപാടികളുണ്ട്. ഒന്നാം ദിവസം സച്ചിദാനന്ദനാണ് ആമുഖ പ്രഭാഷണം നടത്തിയത്.ലോകത്തെ മാറ്റി മറിച്ച ആശയങ്ങള്‍, കലാകാരനും സമൂഹവും, മലയാള സാഹിത്യം, ഇന്ത്യന്‍ സാഹിത്യം, ലോക സാഹിത്യം തുടങ്ങിയ വിഷയങ്ങളിലായ രാജ്യാന്തര പ്രശ്‌സതരായ വിദഗ്ദ്ധര്‍ സംസാരിക്കും.

കൃതി’ സാഹിത്യോല്‍സവത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ മറൈന്‍ ഡ്രൈവില്‍ രാജ്യാന്തര പുസ്തക മേള നടന്നുവരുന്നുണ്ട്. നൂറിലധികം പ്രസാധകരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് മേള. കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികള്‍, സാംസ്‌കാരിക സന്ധ്യ, ഭക്ഷ്യ മേള തുടങ്ങി ഒട്ടനവധി ആകര്‍ഷകമായ പരിപാടികളുണ്ട്. പതിനായിരക്കണക്കിന് അക്ഷരപ്രേമികളാണ് അറബിക്കടലിന്റെ തീരത്തെ അക്ഷരമേളയിലേക്ക് ഒഴുകിയെത്തുന്നത്. മാര്‍ച്ച് 11 ന് സാഹിത്യോത്സവം സമാപിക്കും.

Comments are closed.