DCBOOKS
Malayalam News Literature Website

‘അഗ്നി ശലഭങ്ങള്‍’ ഒരു പ്രേമവിവാഹത്തിന്റെയും ഇരുപത്തിയേഴു വർഷത്തെ ദാമ്പത്യത്തിന്റെയും സംക്ഷിപ്ത വിവരണം

ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍- എന്നും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍’ എന്ന ഓര്‍മ്മപുസ്തകത്തെക്കുറിച്ച് കെ ആർ മീര പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

“2014, മറ്റൊരു ഫെല്ലോഷിപ്പിനുള്ള അവസരം എന്നെത്തേടിയെത്തിയ വർഷം കൂടിയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എഡ്യൂക്കേഷന്റെ ഭാഗമായുള്ള ഹുബർട്ട് എച്ച് ഹുംഫറി ഫെല്ലോഷിപ്പ് ആയിരുന്നു അത്. 2015-16 വർഷത്തേക്കുള്ള ഫെല്ലോഷിപ്പ് ആണ്.

മുൻ അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊണ്ട് ഈ ഫെല്ലോഷിപ്പിന്റെ വിവരം ഞാൻ മറ്റുള്ളവരിൽനിന്നും മറച്ചു വച്ചു. 2014 മേയ് 20ന് ഫെല്ലോഷിപ്പിനുള്ള അപേക്ഷ അയച്ചു. എല്ലാം രഹസ്യമായി വച്ചു. ആഗസ്റ്റ് 26 നായിരുന്നു അഭിമുഖം നിശ്ചയിക്കപ്പെട്ടത്. ന്യൂഡൽഹിയിൽ വച്ചാണ് അഭിമുഖം. ഡൽഹിയിലേക്ക് എങ്ങനെ പോകുമെന്നതിൽ ആശങ്ക നിലനിന്നു. ദീർഘദൂര യാത്ര നടത്തിയാൽ തീർച്ചയായും എല്ലാവരും അറിയുവാൻ സാധ്യതയുണ്ട്. സാഹചര്യങ്ങളൊക്കെ എനിക്ക് അനുകൂലമായി വരികയായിരുന്നു. കുട്ടൻ ആ സമയത്താണ് ഒരു ഫാർമ കമ്പനി സ്പോൺസർ ചെയ്ത് തായ്ലന്റിലേക്കു പോയത്. ദൈവം ഒരുക്കിത്തന്ന അവസരമാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്നേ ദിവസം തന്നെ ഞാൻ ഫ്ലൈറ്റിൽ ഡൽഹിയിലേക്കു പോകാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് എക്സാം ഡ്യൂട്ടി എന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്. ഞാൻ തിരുവനന്തപുരത്തേക്കു ട്രെയിനിൽ പോയി. അവിടെനിന്നും വിമാനമാർഗം ഡൽഹിയിലേക്ക്. അഭിമുഖം കഴിഞ്ഞു. ആ സമയത്തു തന്നെ അതിന്റെ ഫലം എനിക്ക് അറിയാൻ കഴിഞ്ഞു. അഭിമുഖത്തിന് ഇരിക്കുമ്പോൾത്തന്നെ എന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അഭിമുഖക്കാർ പറഞ്ഞു :
You are overqualified.

അഭിമുഖത്തിൽനിന്നും ഇറങ്ങിവന്നുവെങ്കിലും എനിക്കു സങ്കടമേതുമുണ്ടായില്ല. യോഗ്യതയില്ലെന്നു പറഞ്ഞല്ലല്ലോ Textഒഴിവാക്കിയത്. ആരോടും പറയാതെ ഇതുപോലൊരു ഫെല്ലോഷിപ്പിന് അപേക്ഷ അയയ്ക്കുവാനും അഭിമുഖത്തിന് ഡൽഹി വരെ എത്തുവാനും സാധിച്ചല്ലോ. എന്റെ സ്വാതന്ത്ര്യത്തിലേക്ക്, സ്വപ്നത്തിലേക്ക് ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന ബോധ്യം എനിക്ക് ആവശ്യമായിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായിരുന്നു. ”

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അനാട്ടമിയിൽ അഡീഷണൽ പ്രഫസർ ആയ ഡോ. സതീദേവിയുടെ ‘അഗ്നിശലഭങ്ങൾ‘ എന്ന പുസ്തകത്തിലെ വരികൾ. വലിയ സങ്കടം തോന്നി, വായിച്ചപ്പോൾ. 2002ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് അനാട്ടമിയിൽ എം.എസ് ബിരുദവും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന് 2008ൽ ക്ലിനിക്കൽ എപ്പിഡമിയോളജിയിൽ എം.ഫില്ലും 2014ൽ പി.എച്ച്ഡിയും നേടിയ സതീദേവിയെപ്പോലെ ഒരു ഡോക്ടർക്കു പോലും ഇത്തരം അനുഭവങ്ങളിൽനിന്നു രക്ഷയുണ്ടായില്ലല്ലോ.

ഘാതകൻ‘ പ്രസിദ്ധീകരിച്ച സമയത്ത് തൃശൂരിലെ വായനക്കാരുമായി നടത്തിയ മുഖാമുഖത്തിൽ വച്ചാണു ഡോ. സതീദേവിയെ പരിചയപ്പെട്ടത്. എന്റെ പുസ്തകം ഒപ്പിട്ടു വാങ്ങുകയും സ്വന്തം പുസ്തകം എനിക്കു സമ്മാനിക്കുകയും ചെയ്തു, അന്ന്. ആ ദിവസങ്ങളിൽ ഞാൻ ബ്രെയിൻ ഫോഗിന്റെ പിടിയിലായിരുന്നു. വായന അസാധ്യമായിരുന്നു. എങ്കിലും ആ പുസ്തകത്തിന്റെ ഓർമ വിട്ടുപോയില്ല. ഇക്കഴിഞ്ഞ ദിവസം അതു വായിച്ചു തീർത്തു. അടുപ്പു കത്തിച്ച് കഞ്ഞിക്ക് അരി കഴുകിയിടുന്നതുപോലെ ഒരു അനുഭവം. വെള്ളം തിളയ്ക്കുന്നതുപോലെ മനസ്സും തിളച്ചു. തിളയ്ക്കുന്ന കഞ്ഞിയോടെ കലം നെറുകയിൽ വീണുടഞ്ഞു. അടിമുടി പൊള്ളലേറ്റു. ‘അഗ്നിശലഭങ്ങൾ’ എന്ന ശീർഷകവും ‘എന്നും അഗ്നിയിൽ ഹോമിക്കപ്പെടുന്ന പെൺജീവിതങ്ങൾ’ എന്ന ഉപശീർഷകവും അർത്ഥവത്തായി. ഒരു പ്രേമവിവാഹത്തിന്റെയും തുടർന്നുള്ള ഇരുപത്തിയേഴു വർഷത്തെ ദാമ്പത്യത്തിന്റെയും സംക്ഷിപ്ത വിവരണമാണ് ഈ പുസ്തകം. ‘എന്തു പേരിട്ടു വിളിച്ചാലും ഇതിലെ ഉള്ളടക്കത്തെ സത്യം എന്നേ മനസ്സിലാക്കാവൂ എന്നെനിക്ക് ആഗ്രഹമുണ്ട്. ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ എനിക്ക് ആഗ്രഹമില്ല. എന്റെ സത്യം, ഞാൻ അനുഭവിച്ച സത്യം, അത്ര മേൽ തീവ്രതയോടെ തന്നെ പകർത്തിവയ്ക്കുകയാണ്’ എന്ന് ആമുഖത്തിൽ വായിക്കാം.

പക്ഷേ, അതു മാത്രമല്ല ഈ പുസ്തകം. എഴുപതുകളിൽ കേരളത്തിൽ ജനിച്ചു വളർന്ന അഭ്യസ്തവിദ്യയായ ഒരു സ്ത്രീ കുടുംബത്തിനും വ്യക്തിബന്ധങ്ങളിലും അനുഭവിച്ച നീതിനിഷേധത്തിന്റെയും ഹിംസാത്മകതയുടെയും നാൾവഴിയാണിത്. അവർ അനുഭവിച്ച കുടുംബജീവിതത്തിന്റെ ഒരു പോസ്റ്റ് മോർട്ടം. ‘പ്രിവിലിജും’ ‘റൈറ്റ്സും’ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത പുരുഷൻമാരും ‘റൈറ്റ്സും’ ‘ഡിസ്ക്രിമിനേഷനും’ സംബന്ധിച്ചു പൂർണബോധ്യമുള്ള സ്ത്രീകളും തമ്മിലുള്ള പൊരുത്തക്കേടുകൾ കൂടി വരുന്നതാണു പുതിയ കാലത്തെ ഒരു പ്രതിസന്ധി. സ്ത്രീകൾ തിരിഞ്ഞു നിൽക്കാനും ചോദ്യം ചെയ്യാനും അവകാശങ്ങൾ പിടിച്ചുവാങ്ങാനും തയ്യാറാകാത്തതുകൊണ്ടു മാത്രം നിലനിൽക്കുന്ന ഉത്തമകുടുംബങ്ങളാണ് നമ്മുടേത്. നിലവിലുള്ള കുടുംബവ്യവസ്ഥയിൽ തങ്ങൾ നേരിടുന്ന നീതിനിഷേധങ്ങളെയും ശാരീരികവും മാനസികവുമായ മുറിവുകളെയും കുറിച്ചു സ്ത്രീകൾ തുറന്നെഴുതുമ്പോൾ ‘കൂടുമ്പോൾ ഇമ്പമുള്ളത്’ ആയി ആഘോഷിക്കപ്പെടുന്ന കുടുംബങ്ങൾ തകർന്നു വീഴുന്നു. നിലവിലുള്ള കുടുംബബന്ധങ്ങൾ മതിയോ പുതിയ കാലത്ത് എന്ന ചോദ്യം ഉയരുന്നു. സ്ത്രീകളുടെ തുറന്നെഴുത്തുകൾ അവളവളുടെ നിലവിളികളായോ പുരുഷനു നേരേയുള്ള ആക്രമണമായോ അല്ല, മെച്ചപ്പെട്ട ലോകത്തിനും ഈടുറ്റ ബന്ധങ്ങൾക്കും വേണ്ടിയുള്ള വഴിയൊരുക്കലായാണു കണക്കാക്കേണ്ടത്.

‘അഗ്നിശലഭങ്ങൾ’ വായിച്ചു കൊണ്ടിരിക്കെ, ഞാൻ ചിന്തിച്ചത്, ഈ പുസ്തകം എഴുതുമ്പോൾ സതീദേവി അനുഭവിച്ചിരിക്കാവുന്ന ആത്മസംഘർഷത്തെ കുറിച്ചാണ്. ഇത് അവർക്ക് ഒരു catharsis ആയിരുന്നോ? അതോ ആത്മാവിലെ വിഷകോശങ്ങളെ വേരോടെ പിഴുതെറിയുന്ന തരം ചികിൽസയോ? നിസ്സംഗതയോ സാഹസികതയോ എന്നു വേർതിരിക്കാൻ കഴിയാത്ത ദാർഢ്യത്തോടെയാണു സതീദേവി തന്റെ അനുഭവങ്ങൾ വിവരിക്കുന്നത്. ഒരു ഡോക്ടർ സ്വന്തം ശരീരത്തിൽ ശസ്ത്രക്രിയ ചെയ്യുംപോലെ. ഇതെങ്ങനെ എഴുതിത്തീർത്തു കാണുമോ ആവോ. വേദനയിൽ പിടഞ്ഞുപിടഞ്ഞായിരുന്നിരിക്കണം, പച്ചജീവനോടെയുള്ള ഈ സ്വയം കീറിമുറിക്കൽ.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

കെ ആർ മീരയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.