DCBOOKS
Malayalam News Literature Website

രേണുകുമാറിന്റെ പുതിയ കവിതകള്‍

മലയാള കവിതയില്‍ ശക്തസാന്നിദ്ധ്യമായ എം.ആര്‍ രേണുകുമാറിന്റെ പുതിയ കവിതാസമാഹാരമാണ് ‘കൊതിയന്‍‘..യാഥാസ്ഥിതിക ഭാഷാചരിത്രത്തോടുള്ള വെല്ലുവിളിയാണ് രേണുകുമാര്‍ കവിതകളെ വ്യത്യസ്തമാക്കുന്നത്.സൂക്ഷമമായ ബന്ധങ്ങളെയും ചരിത്രത്തെയും ഗ്രാമീണതയെയുമൊക്കെ ആഴത്തില്‍ തൊട്ടുണര്‍ത്തുന്ന കവിതകളാണ് കൊതിയനിലുള്ളത്.പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ഓര്‍മയ്ക്ക്… എന്നാണ് പുസ്തകത്തിന്റെ തുടക്കത്തില്‍ രേണുകുമാര്‍ കുറിച്ചിടുന്നത്.

മുഖ്യധാര എന്ന സങ്കല്‍പത്തെ പരസ്യമായി ഈ കവിതകള്‍ നിസ്സാരമാക്കുന്നു.സ്വന്തമായ ശൈലിയിലൂടെയും ഭാഷയിലൂടെയും താന്‍തന്നെ കണ്ടെത്തിയ ലാവണ്യസീമകളില്‍ നിന്ന് കുതറിമാറി കൂടുതല്‍ സവിശേഷമായ കാവ്യ തലങ്ങള്‍ കണ്ടെത്താനുള്ള രേണുകുമാറിന്റെ അഭിനിവേശത്തിന്റെ അടയാളങ്ങളാണ് കൊതിയന്‍ എന്ന ഈ സമാഹാരത്തിലെ കവിതകള്‍.ഭാഷയിലെ ചരിത്ര ധര്‍മവും ചരിത്രത്തിലെ കാവ്യധര്‍മവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയവുംകൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്.അസ്വസ്തമായ ഈ ലാവണ്യ സങ്കല്‍പ്പം ഭാഷയില്‍ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാനാവാത്തവിധം കരുത്തുള്ളതാണെന്ന് ഈ കവിതയിലൂടെ കടന്നുപോകുന്ന അനുവാചകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അവതാരിക ടി.ടി ശ്രീകുമാര്‍ കുറിച്ചു.

 

മലയാള ഭാഷയ്ക്ക് പരിചിതമല്ലാത്ത ചില ബിംബങ്ങള്‍ കവിതയിലുടനീളം കാണാന്‍ സാധിക്കും,അതുതന്നെയാണ് രേണുകുമാര്‍ കവിതകളുടെ സവിശേഷത.കാണുന്നുണ്ടനേകമക്ഷരങ്ങള്‍,ഒറ്റക്കൊരുവള്‍,വെള്ളപ്പൊക്കം,ആണമ്മിണി,കാലപ്പാമ്പ്,വാരി വാരിപ്പിടിക്കും,ഒച്ചയനക്കങ്ങള്‍ തുടങ്ങി 41 കവിതകളാണ് കൊതിയനിലുള്ളത്.മലയാള കവിതയില്‍ അതിശക്തമായ ഒരു സാനിധ്യമാണ് രേണുകുമാറിന്റെ കവിതകളെന്ന് ഈ സമാഹാരത്തിലെ ഓരോ കവിതയും നിസംശയം പ്രഖ്യാപിക്കുന്നു.കെണിനിലങ്ങളില്‍,വെഷക്കായ,പച്ചക്കുപ്പി എന്നിവയാണ് എം.ആര്‍ രേണുകുമാറിന്റെ മറ്റ് കവിതാസമാഹാരങ്ങള്‍.

 

Comments are closed.