DCBOOKS
Malayalam News Literature Website

പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗം

വേണുഗോപാലൻ കോക്കോടന്റെ ‘കൂത്താണ്ടവർ’ എന്ന നോവലിന് ഹരിദാസ് കാരുതൊടി എഴുതിയ വായനാനുഭവം

ക്ഷിതിയിലഹഹ! മര്ത്ത്യജീവിതം

പ്രതിജനഭിന്നവിചിത്രമാര്ഗ്ഗമാം.

പ്രതിനവരസമാമതോര്ക്കുകില്

കൃതികള്മനുഷ്യകഥാനുഗായികള്‍.” (ലീലകുമാരനാശാൻ)

മനുഷ്യജീവിതം പ്രതിജനഭിന്നവും വിചിത്രമാർഗ്ഗചാരിയുമാണ്. പ്രതിജനം മാത്രമല്ല, പ്രതിവ്യക്തി /  ദേശകാല / വർഗ്ഗ / ഭാഷാ / ലിംഗ ഭിന്നവും വിചിത്രവുമാണ്. കാലദേശഭാഷാലിംഗ വൈജാന്യങ്ങളൊക്കെ പരിഗണിക്കുമ്പോൾത്തന്നെ പരിഷ്കൃതസമൂഹം പുരുഷൻ, സ്ത്രീ എന്നീ രണ്ട് വിഭാഗങ്ങളെ മാത്രമേ കണക്കാക്കുന്നുള്ളൂ. രണ്ട് വിഭാഗങ്ങളിലും പെടാതെ, തന്റേതല്ലാത്ത കാരണങ്ങളാൽ, വ്യത്യസ്ത ശാരീരിക, മാനസിക പ്രതിയായി ജന്മമെടുക്കുകയും, അതുകൊണ്ടുതന്നെ അംഗീകൃതസമൂഹത്തിന്റെ പുച്ഛവും, അവഹേളനവും ഭർത്സനവുമേറ്റ് ജീവിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട അഭിശപ്തജന്മങ്ങൾ, ന്യൂനപക്ഷമാണെങ്കിലും, ഭൂമുഖത്തുണ്ടെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ. ഉഭയലിംഗശരീരികളായ ഇവർക്കും സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങളും, അഭിലാഷങ്ങളും, സ്വപ്നങ്ങളും ഉണ്ടെന്ന ബോധം അംഗീകൃതസമൂഹത്തിനില്ലെന്നതാണ് ഇവരുടെ ധർമ്മസങ്കടം. പാർശ്വവൽകൃതസമൂഹത്തെ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽത്തന്നെ അയാളെ പരിഹസിക്കാനും അവഹേളിക്കാനും കുറ്റപ്പെടുത്താനും മാത്രമേ സമൂഹം തുനിയുന്നുള്ളൂ.

സാമാന്യനീതിബോധത്തോടെതിരിടാനും വിപ്ലവാത്മകമായി ചിന്തിക്കാനും, സ്വന്തം ജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കാനും തുനിഞ്ഞ ഒരു ചെറുപ്പക്കാരന്റെ ആത്മകഥാകഥനരീതിയിൽ രചിച്ച നോവലാണ്, വേണുഗോപാലൻ കോക്കോടന്റെകൂത്താണ്ടവർഎന്ന പ്രതിപാദ്യവിഷയം. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കൃതിയുടെ രണ്ടാം പതിപ്പാണ് എന്റെ കൈയ്യിൽ. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ ഉൾക്കാഴ്ചയോടെ നിരീക്ഷിക്കുന്ന ആഖ്യാനരീതി, വായനയുടെ ഓരോ ഘട്ടത്തിലും, അടുത്ത കഥാമുഹൂർത്തത്തിന് ജിജ്ഞാസയുളവാക്കുന്ന ചടുലസന്ദർഭങ്ങളുടെ നിഗൂഹനം, കഥ പറയുന്നതിലെ ലാളിത്യം, അത്യാധുനികതയോ അതിനിഗൂഢതയോ ഇല്ലാത്ത ഇതിവൃത്തം, കൃതഹസ്തനായ ഒരെഴുത്തുകാരന് മാത്രം കൈവരുന്ന പാദസ്വാധീനം, ഇതൊന്നും നവാഗതനായ ഒരെഴുത്തുകാരനിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കാനിടയില്ലാത്തതാണ്. പ്രമേയത്തിന്റെ പുതുമ കൊണ്ടുതന്നെ വായനക്കാരെ പിടിച്ചിരുത്തും കൃതി എന്നത് നിസ്തർക്കമാണ്. അതിലുപരി, നാട്യപ്രധാനമായ ലോകത്ത് ജന്മം കൊണ്ടും, കർമ്മം കൊണ്ടും Textമ്ലേച്ഛമെന്ന് മുദ്രകുത്തിയവഗണിക്കപ്പെട്ട എല്ലാ ജന്മങ്ങൾക്കും വേണ്ടി സഹാനുഭൂതിയോടെ, സമഭാവനയോടെ സർഗ്ഗാത്മകരചനക്ക് ധൈര്യം കാണിച്ച, തീർത്തും വ്യത്യസ്തമായ കർമ്മമണ്ഡലത്തിൽ വർത്തിക്കുന്ന, എഴുത്തുകാരന്റെ ഉദ്ദേശശുദ്ധിക്ക് സർഗ്ഗസൃഷ്ടി തിളക്കം കൂട്ടുന്നു.

തികച്ചും ഋജുമാർഗ്ഗചാരിയും ലഘുചിത്തനുമായ ഒരു മലയാളി ചെറുപ്പക്കാരൻ, തൊഴിൽ തേടി മുംബൈയിലെത്തുന്നതും, അവിടെ വച്ച് സുമതിയെന്ന പെൺകുട്ടിയെ (?) പരിചയപ്പെടുന്നതും, പരിചയം വളർന്ന് പ്രണയമാവുന്ന ഘട്ടത്തിൽ, തൻ ഒരു ഉഭയലിംഗജീവിയാണെന്ന അവളുടെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതും, തത്ഫലമായി സമൂഹത്തോട് സഹാനുഭൂതിയും, സഹജീവിത്വവും വരുന്നതും അനന്തരഫലങ്ങളുമാണ് നോവലിലെ പ്രതിപാദ്യവിഷയം. 

കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയിൽ, സോമാനൂരിൽനിന്നധികം അകലെയല്ലാത്തസെഗുഡന്തലിഎന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽസോമുഎന്ന ആൺകുട്ടിയായി ജനിച്ച്, നാലാം ക്ലാസ്സ് വരെ സാധാരണ ആൺകുട്ടിയായിത്തന്നെ ജീവിച്ച്, ക്രമേണ ശബ്ദത്തിലും, മനസ്സിൽത്തന്നെയും ഒരു പെൺകുട്ടിയുടെ സത്വത്തിലേക്ക് രൂപപരിണാമം വരുന്നതും, സ്വന്തം കുടുംബത്തിൽ നിന്നും, സഹപാഠികളിൽ നിന്നും, നാട്ടുകാരിൽ നിന്നും കുട്ടിയുടെ വിചിത്രസ്വഭാവത്തിന്റെ പേരിൽ പീഡനവും ഭർത്സനവും സഹിക്കേണ്ടിവരുന്നതും കഥാഗതിയിലെ നിർണ്ണായക ഭാഗങ്ങളാണ്. സമൂഹത്തിന്റെ ആട്ടും തുപ്പും സഹിച്ച കുട്ടി, ജീവനൊടുക്കാൻ ശ്രമിച്ചിട്ടും, വിധി അവനെ തോൽപ്പിച്ചു. പക്ഷേ, സോമുവിന്റെ മാനസികശാരീരിക വൈജാത്യം മനസ്സിലാകുന്ന വൈദ്യലിംഗം എന്ന സാത്വികൻ, തമിഴ്നാട്ടിലെത്തന്നെ തിരുച്ചിറപ്പള്ളിയിൽ ജനിച്ച്, മുംബൈയിലെ കാമാത്തിപുരയിൽ ഹിജഡകളുടെ / വേശ്യാവൃത്തിയിൽ കഴിയുന്നവരുടെ പുനരധിവാസത്തിനും സേവനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച പെരുമാൾസ്വാമിയുടെ കൈയ്യിലേക്ക് സോമുവിനെ ഏൽപ്പിക്കുന്നു. പെരുമാൾസ്വാമി സോമുവിനെ ഒരു ഹിജഡയായംഗീകരിച്ച് സുമതിയെന്ന് പുനര്നാമരണം ചെയ്യുന്നു. അവൾക്ക് സുരക്ഷ ഉറപ്പുവരുത്തി അവളെ മുംബൈയിലേക്ക് കൊണ്ടുപോവുന്നു. അവിടെയവൾ, സമൂഹത്തിന്റെ പുച്ഛവും പരിഹാസവുമേൽക്കാതെ അംഗീകൃത മനുഷ്യജീവിതം നയിക്കുന്നു; പൊതുവിടങ്ങളിലെ അലോസരങ്ങളില്ലാതെ.

സുമതിയെ പരിചയപ്പെട്ടതിനാലാണ് ആണും പെണ്ണുമല്ലാത്ത ഉഭയലിംഗ ജീവിതങ്ങളെക്കുറിച്ച് ഗോപൻ മനസ്സിലാക്കുന്നത്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ, ഉലന്ദൂർപേട്ട താലൂക്കിലെ, കൂവഗം ഗ്രാമത്തിലെകൂത്താണ്ടവർകോവിൽ, ഹിജഡകളുടെ ക്ഷേത്രമാണ്. മഹാഭാരതത്തിലെ ഒരു കഥാപാത്രമായ ഇരവൻ ആണ് അവിടത്തെ പ്രതിഷ്ഠ. അർജുനന്റെയും ഉലൂപിയിലെ രാജകുമാരിയായിരുന്ന നാഗയുടെയും പുത്രനായിരുന്നു ഇരവൻ / അരവൻ. അരവനെകൂത്താണ്ടവർഎന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഭാരതയുദ്ധത്തിന്റെ അവസാനത്തിൽ, പാണ്ഡവരുടെ ജയമുറപ്പിക്കാൻ, അവരിലൊരാൾ കാളിക്ക് ബലിയർപ്പിക്കപ്പെടണം എന്ന സന്നിഗ്ദ്ധഘട്ടത്തിൽ, അരവനാണ് അതിന് തയ്യാറായി മുന്നോട്ട് വരുന്നത്. ബലിക്ക് മുന്നേ അവൻ ആവശ്യപ്പെട്ടത്, കല്യാണം കഴിക്കണമെന്നായിരുന്നു. പെണ്ണുങ്ങളാരും അരവനെ കല്യാണം കഴിക്കാൻ തയ്യാറാവാഞ്ഞതിനാൽ, ശ്രീകൃഷ്ണൻ / വിഷ്ണു തന്നെ സ്വയം മോഹിനിയായി രൂപം പൂണ്ട് അരവനെ കല്യാണം കഴിക്കാൻ സന്നദ്ധയാവുന്നു. മോഹിനിയെ കല്യാണം കഴിച്ചതിന്റെ പിറ്റേന്ന് തന്നെ, അരവൻ കാളിക്ക് സ്വയം ബലിയർപ്പിക്കുകയും, അതിന്റെയടുത്ത ദിവസം തന്നെ പാണ്ഡവർ യുദ്ധം ജയിക്കുകയും ചെയ്യുന്നു. പാണ്ഡവരുടെ വിജയത്തിന് വേണ്ടി സ്വയം ബലിയർപ്പിച്ച അരവന്റെ ഓർമ്മയിലാണ്, ‘കൂത്താണ്ടവർകോവിലിൽ എല്ലാവർഷവും ഉത്സവം കൊണ്ടാടപ്പെടുന്നത്. പതിനെട്ട് ദിവസങ്ങൾ നീണ്ടുനിന്ന ഭാരതയുദ്ധത്തിന്റെ പ്രതീകമെന്നോണം, കൂവഗം ഉത്സവം പതിനെട്ട് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒന്നാണ്. ഭാരതമൊട്ടുക്കുള്ള ഹിജഡകൾ ഉത്സവത്തിന്റെ ഭാഗമാകാറുണ്ട്.

ഇരവന്റെ മോഹിനീമാംഗല്യം, കാളിക്ക് മുന്നിലെ സ്വയം ബലി, ബലിക്ക് ശേഷം വിധവയാവുന്ന മോഹിനിയുടെ ദുഃഖംഇതിന്റെയെല്ലാം പുനരാവിഷ്കാരമാണ്കൂത്താണ്ടവർകോവിലിലെ ഉത്സവം. അരവന്റെ വംശപാരമ്പര്യം അവകാശപ്പെടുന്ന ഹിജഡകൾആരവനികൾഎന്ന് കൂടി അറിയപ്പെടുന്നു.

ഹിജഡകളുടെ കഷ്ടസ്ഥിതി അടുത്തറിഞ്ഞ്, അവരിലും നല്ലവരായ എത്രയോ പേരുണ്ടെന്നും, അവരെ അവഗണിക്കുന്ന, അവഹേളിക്കുന്ന നാം, അവരോട് കാണിക്കുന്ന അനീതികളെക്കുറിച്ച് ബോധവാനായി. അവർക്ക് വേണ്ടി ആത്മാർത്ഥമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ഗോപൻ, നോവലിലെ നന്മയുടെ ജ്വലിക്കുന്ന പ്രതീകമാണ്. എന്നാൽ തങ്ങളെ രക്ഷിക്കുവാൻ / സഹായിക്കുവാൻ തയ്യാറാവുന്ന ഗോപന്റെ മനസ്സറിയാമായിരുന്നിട്ടും, അത്തരത്തിലുള്ള നീക്കങ്ങൾ ഗോപന്റെ ജീവിതത്തിലും പ്രശ്നങ്ങൾ സൃഷിക്കുമെന്ന് കരുതി, അതിലുപരി, തങ്ങളുടെ രക്ഷകനായ പെരുമാൾസ്വാമിയെ വിഷമിപ്പിക്കുമെന്ന് കണ്ട്, ഗോപന്റെ സഹായം നന്ദിപൂർവ്വം തിരസ്കരിച്ച്, സുമതിയും സുനന്ദയും ജീവത്യാഗം ചെയ്യുന്നു. പെരുമാൾ വേശ്യാലയത്തിൽ നിന്ന് രക്ഷിച്ച കുട്ടിയാണ് സുനന്ദ. പെരുമാളിന്റെ മക്കളെപ്പോലെ വളരുന്നവരായിരുന്നു സുനന്ദയും സുമതിയും.

ഇത്തരത്തിലുള്ള വിലക്ഷണതകളും വൈരുദ്ധ്യങ്ങളും അനീതികളും ഒന്നോ രണ്ടോ വ്യക്തികൾ ശ്രമിച്ചാൽ ഇല്ലായ്മ ചെയാൻ പറ്റാത്തതാണെന്ന് പെരുമാൾസ്വാമി പറയുന്നുണ്ട്. കഥാകൃത്ത്, അതിന് അടിവരയിടുകയാണ് ഇവിടെ. എന്നിരുന്നാലും, നിലയ്ക്ക്, ഒരു ശോഭനമായ ഭാവിയിലേക്ക് ചൂണ്ടുപലകയാവുന്നില്ല നോവലിന്റെ പരിസമാപ്തി എന്നൊരു ന്യൂനത ആരോപിക്കപ്പെടാം. അപ്പോഴും, ഭഗ്നജീവിതത്തിലേക്ക് വെളിച്ചം വീശാൻ, ഹിജഡകളുടെയും വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുന്നവരുടെയും അവരുടെ പ്രശ്നങ്ങളെയും മനസ്സിലാക്കിത്തരുന്ന മലയാളത്തിലെ ആദ്യസംരംഭം എന്ന മേന്മ കൃതിക്ക് അവകാശപ്പെടാം. പ്രതിനവരസമായകൂത്താണ്ടവർഎന്ന കൃതി, മനുഷ്യകഥാനുഗായിതന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വലിയ സന്തോഷമുണ്ട്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.