DCBOOKS
Malayalam News Literature Website

കോമാങ്ങ: നാട്ടുവെയില്‍ച്ചുമരില്‍ കവിതയുടെ ഗ്രാമചിത്രങ്ങള്‍

നന്ദനന് മുളന്പത്തിന്റെ ‘കോമാങ്ങ’യ്ക്ക് സന്തോഷ് പല്ലശ്ശന എഴുതിയ വായനാനുഭവം

പുഴ, ഒഴുക്കിലുടനീളം രാകിമിനുക്കിവയ്ക്കുന്ന മണലില്‍ നിന്ന് തിളങ്ങുന്ന വെള്ളാരംകല്ലുകള്‍ മാത്രം തിരഞ്ഞെടുക്കുന്ന ഒരു കുട്ടിയെപ്പോലെയാണ് ചിലപ്പോഴൊക്കെ ഒരു കവി. തന്റെ ജീവിതത്തില്‍ നിന്ന്, കാഴ്ചയില്‍ പതിഞ്ഞുപോയ ഒരു പ്രത്യേക സമയശില്‍പ്പത്തെ മാത്രം അതേപടി അടിച്ചുമാറ്റുകയാണ് കവി ചെയ്യുന്നത്. പിന്നീടതില്‍ തന്റെ ഒരു വാട്ടര്‍മാര്‍ക്ക് ഇടുക എന്ന, കാഴ്ചയില്‍ ലളിതമെന്ന് തോന്നിക്കുന്ന ഒരു കര്‍മ്മം മാത്രമെ അയാള്‍ക്ക് ബാക്കിയുള്ളു. നാട്ടുമൊഴികളില്‍ പച്ചമനുഷ്യന്റെ ജീവിതം തിണര്‍ത്തുകിടക്കുന്ന ഒരു വാക്കാകാം, വിയര്‍ത്തു കുളിച്ച് വെയില്‍വാട കെട്ടിയ ഒരു സംഭാഷണമാകാം, ഉച്ചവെയില്‍ ധ്യാനംപോലെ ഇഴയുന്ന ഒരു സമയനാഗത്തിന്റെ അടയാളങ്ങളെ അതേപടി വെട്ടിയൊട്ടിക്കുകയാകാം… കവിത എന്ന ശീര്‍ഷകത്തിനു താഴെ കവിക്ക് ഇതിലെന്തുമാകാം.

നന്ദനന്‍ മുള്ളമ്പത്തിന്റെ നാട്ടില്‍, മുടിക്കല്‍പ്പുഴയുടെ കരയില്‍, കാടെന്നൊ നാടെന്നൊ വിളിക്കാനാകാത്ത ‘മോന്തി’ക്കറുപ്പു വീണുകിടക്കുന്ന ഗ്രാമത്തിലെ, കൈയ്ക്ക് ഒരുപിടിപോന്ന കൊച്ചുമനുഷ്യരുടെ ജീവിതവും നര്‍മ്മവുമാണ് കോമാങ്ങ എന്ന കവിതാസമാഹാരത്തില്‍ നിറയെ. നന്ദനന്‍ ‘കവിത’ എഴുതുകയല്ല, മറിച്ച് കണ്ണും കാതും, ബോധത്തിന്റെ ആറാം കണ്ണും തൊടുന്ന വേറിട്ട കാഴ്ചകളെ വെട്ടിയൊട്ടിക്കുകയാണ് ചെയ്യുന്നത്.
ഹൃദയംകൊണ്ട് ചിരിക്കാവുന്ന നര്‍മ്മങ്ങളാണ് നന്ദനന്‍ മുള്ളമ്പത്തിന്റെ സമാഹാരത്തിലെ ഭൂരിഭാഗവും. കവിതയില്‍ മാത്രം പ്രകാശിപ്പിക്കാന്‍ സാധിക്കുന്ന നര്‍മ്മങ്ങളുണ്ട്. ബോധഗ്രന്ഥികളില്‍ ചെറു വൈദ്യുതികള്‍ പായിപ്പിക്കുന്ന, കവിയ്ക്കും കവിതയ്ക്കും മാത്രം സാധ്യമായ സിദ്ധികളാണ് കോമാങ്ങ എന്ന ഈ പുസ്തകത്തില്‍.
മുടിക്കല്‍പ്പുഴയുടെ കരയിലെ ചെറു മനുഷ്യര്‍, ലോകമനുഷ്യന്റെ ഭൂപടങ്ങളായി മാറുന്നുണ്ട് ചില കവിതകളില്‍. അവരുടെ

നിഷ്‌ക്കളങ്കതകള്‍കൊണ്ട് നന്ദനന്‍ തന്റെ കവിതകളില്‍ സൃഷ്ടിക്കുന്ന വിസ്മയങ്ങളുടെയും നര്‍മ്മത്തിന്റെയും സ്‌ഫോടനങ്ങള്‍ പുതുകവിതയുടെ വ്യവസ്ഥാപിത ശബ്ദങ്ങള്‍ക്കുമപ്പുറം വലിയ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു.
നന്ദനന്റെ കവിത ഒരിക്കല്‍ യാദൃശ്ചികമായി തന്റെ നാട്ടിലെ മുരിങ്ങോളി കുമാരേട്ടന്‍ വായിച്ചപ്പോള്‍ അദ്ദേഹമതിനെ വിശേഷിപ്പിച്ചത് ‘ചിന്ത’ എന്നാണ്. ”ഇന്നത്തെ പെയിപ്പറില് ഇന്റെയൊര് ചിന്ത ഇണ്ടല്ലോ…” എന്നാണ് അദ്ദേഹം പറഞ്ഞത്. കവിത എന്ന പൊതുരുപബോധത്തെക്കുറിച്ച് അറിവില്ലാത്ത കുമാരേട്ടന്‍ സ്വന്തം നിലയില്‍ അദ്ദേഹം ആതാസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്തു! നിങ്ങള്‍ക്കിത് കവിതയാണങ്കില്‍ കുമാരേട്ടന് അതൊരു ‘ചിന്ത’യൊ ‘ചിന്തൊ’ ‘ചീന്തോ’ ആണ്. മുടിക്കല്‍പ്പുഴയുടെ കരയിലെ മനുഷ്യഭൂപടംകൊണ്ട് ലോകത്തിന്റെ ഭൂപടം തുന്നുകയാണ് നന്ദനന്‍ തന്റെ കോമാങ്ങ എന്ന സമാഹാരത്തിലെ കവിതകളിലൂടെ.

മുന്നില്‍ കാണുന്നവനെ ‘നായിന്റെ മോനെ’ എന്നു വിളിക്കുമ്പോള്‍ അവന്‍ തെറിവിളിച്ചവന് 10 രൂപ കൊടുക്കുന്നു, എന്നിട്ട് തന്റെ പിന്നില്‍ വരാനിരിക്കുന്നവനെ തെറിവിളിക്കാന്‍ പറയുന്നു. ഇതുന്നെയാണ് നമ്മുടെ നാട്ടിലെ മാധ്യമ ‘നെറി’. നാട്ടിന്‍പുറത്തിന്റെ വെയിലില്‍ ചാലിച്ചെടുത്ത നര്‍മ്മത്തില്‍ പറയുന്ന ‘കാര്യം’, ‘ഒണച്ചന്‍, ചാത്തച്ചന്‍, കുഞ്ഞിക്കോരന്‍’ എന്നീ കവിതകള്‍ക്ക് ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്.

മലയാളത്തിലെ ഏതൊരു മുന്‍നിര കഥാകവിതയ്‌ക്കൊപ്പവും തുലനം ചെയ്യാവുന്ന കവിതകളാണ് നന്ദനന്റെ കുടുക്ക, ടി.പി. അനിതയും കത്തുകളുടെ കാലവും, രണ്ടു പെണ്ണുങ്ങള്‍ എന്നീ കവിതകള്‍. ജീവിതം ഒരു വാക്കിന്റെ തുമ്പില്‍ കെട്ടിവലിക്കപ്പെടുന്ന ഇരുചക്രവണ്ടിമാത്രമായിപ്പോകുന്നുണ്ട് ഒരു പെണ്ണിന്റെ ജീവിതം, പലപ്പോഴും. അതിന്റെ കഥയാണ് ‘കുടുക്ക’ എന്ന കവിത. വെള്ളേരി നനയ്ക്കാന്‍ കുടുക്ക കടം ചോദിച്ച പൊക്കിണനോട് ഉണ്ണിച്ചിര പറഞ്ഞത് ”കുടുക്കപൊട്ടിയാല്‍ ആങ്ങളമാര്‍ പൊരയില്‍ കയറ്റില്ല” എന്നാണ്. ”പൊരയില്‍ കയറ്റിയില്ലെങ്കില്‍ തന്റെ പൊരയിലേക്ക് പോരേ” എന്ന് പൊക്കിണന്‍ പറയുന്നു. കുടുക്ക പൊട്ടുന്നു, ഉണ്ണിച്ചിര പൊക്കിണന്റെ കൂടെ പൊറുതി തുടങ്ങുന്നു. കുറേ മക്കളുണ്ടാകുന്നു. ജീവിതം മടുത്തപ്പോള്‍ പഴണിക്ക് പോയ പൊക്കിണന്‍ പിന്നീട് മടങ്ങിവന്നില്ല. മക്കളൊക്കെ നേരത്തെ Textനാനാവഴിക്ക് പോയി, ഒന്നും ഗുണം പിടിച്ചില്ല.
”ഒറ്റക്കായ
ഉണ്ണിച്ചിര
മഴക്കാലത്ത്
മരിക്കാന്‍ കിടക്കുമ്പോള്‍
ചിതറിപ്പോയ
മക്കളെ ഓര്‍മ്മവന്ന്
അവസാനമായ്
പറഞ്ഞു
കുടുക്ക
പൊട്ട്യേത് കൊണ്ടല്ലേ….” -(കുടുക്ക)
തന്റെ എട്ടാം ക്ലാസ്സുകാരി പെങ്ങള്‍ ടി. പി. അനിതയ്ക്ക് ഒരു പയ്യന്‍ കത്തുകൊടുത്തതായി അശോകന്‍ അറിഞ്ഞ് വീട്ടിലേയ്ക്ക് പായുന്നു. എന്നാല്‍ അമ്മ പറയുന്നു അവളൊന്നുമറിയില്ല, അവള്‍ നിരപരാധിയാണ്. അശോകന്‍ തന്റെ ബീഡിക്കു തീകൊടുക്കുന്നതിന്റെ കൂടെ ആ കത്തിനുകൂടെ തീകൊടുക്കാനായുമ്പോള്‍ അശോകന്റെ കൈയ്ക്കുപിടിച്ച് അനിത കെഞ്ചുകയാണ്
”മാണ്ട മാണ്ട

ആ കത്ത് കത്തിക്കണ്ട” (ടി. പി. അനിതയും കത്തുകളുടെ കാലവും)
താനിതുവരെ ശ്രദ്ധിച്ചിട്ടുപോലുമില്ലാത്ത പച്ചരമേശന്റെ കത്ത് കത്തുമ്പോള്‍ പെണ്‍മനസ്സിന്റെ ഈറന്‍മണ്ണില്‍ എവിടെനിന്നൊ ഒരു പ്രണയനാമ്പ് കരഞ്ഞുകൊണ്ട് പൊടിക്കുന്ന കാഴ്ച്ചയാണ് ആ കവിതയുടെ ആത്മാവ്.
കവിത ചിലപ്പോഴൊക്കെ കംമ്പ്രസ്സ് ചെയ്തുവെച്ചിരിക്കുന്നത് വിശാലമായ കാന്‍വാസില്‍ അഞ്ചൂറുപേജില്‍ എഴുതപ്പെടേണ്ട നോവലാണ് എന്നു തോന്നിപ്പോകും. ഏതാനും വരികളിലാണ് രണ്ടു പെണ്‍ജീവിതങ്ങളെ തന്റെ ‘രണ്ടു പെണ്ണുങ്ങള്‍’ എന്ന കവിതയില്‍ നന്ദനന്‍ വരച്ചു വയ്ക്കുന്നത്.
നേരത്തെ പറഞ്ഞതുപോലെ സമയത്തിന്റെ, കാഴ്ചയുടെ, ശില്‍പങ്ങളെ കണ്ടെടുത്തവതരിപ്പിക്കുന്ന സിദ്ധി പ്രകടിപ്പിക്കുന്ന നല്ലൊരു കവിതയാണ് ‘പെരുമ്പാമ്പ്’ എന്ന കവിത.
”മയിമ്പുനേരം
കാട്ടെടയില്‍
ഞങ്ങളൊരു
പെരുമ്പാമ്പിനെ
കെണിവെച്ചു പിടിച്ചു.”
ആ പാമ്പിനെ വെച്ച് ആഘോഷമാക്കി കുട്ടികള്‍. ആളുകള്‍ അതുകാണാന്‍ വന്നു. അപ്പോളപ്പുറത്ത് കണ്ടത്തില്‍ ഓലമെടയുന്ന മാതുവമ്മ
”പുല്ലിലൂടെ മെല്ലെ പോകുന്ന
ആ പെുമ്പാമ്പിനെ
മാതുവമ്മ
അധികവും കാണാറുണ്ടത്രെ”
കുട്ടികള്‍ ആ പാമ്പിനെയാണ് ആഘോഷമാക്കിയത്. ഹിംസയുടെ വിനോദങ്ങളുടെ കൊട്ടിക്കലാശം കഴിഞ്ഞതിന്റെ പിറ്റേന്ന് മാതുവമ്മ അതിനെക്കുറിച്ച് പറയുന്നത് കേള്‍ക്കാം
”നിക്ക്വേന്‍ പറഞ്ഞാല്
കൊറച്ച് നിക്കും
പോക്വേന്‍ പറഞ്ഞാല്
വേഗത്തില്‍ പോകും
അതൊര്
പാവം പാമ്പേനും” – (പെരുമ്പാമ്പ്)
പ്രകൃതിയോട് ഇണങ്ങിയും മെരുങ്ങിയും ജീവിക്കുന്ന, മനുഷ്യനും ജന്തുക്കളും തമ്മിലുള്ള പാരസ്പര്യത്തെ ഇതിലും നന്നായി എങ്ങിനെ വിവരിക്കാനാണ്.
ജീവിതം പ്രലോഭനങ്ങളുടെതാണ്. പാപത്തിന്റെ പഴം രുചിക്കാതെ ജീവിതത്തില്‍ ആണ്ടിറങ്ങാനാകില്ല. വ്യവസ്ഥിതിയെ ലംഘിക്കാന്‍ അത് നമ്മളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.
”ചൊന തട്ട്യാല്
ചിറിപൊള്ളും
അണ്ടി കരണ്ടാല്
പല്ല് പുളിക്കും
തോല് തിന്നാല്
തൂറ്റല് പിടിക്കും” -(കോമാങ്ങ)

പക്ഷെ മണവും സുഖവുമുള്ള ഏറങ്കേട്ട് മലേലെ ഈ കോമാങ്ങ കടിക്കാതിരിക്കാനാവില്ല.
പ്രലോഭിപ്പിക്കുന്ന, ഹൃദയംകൊണ്ട് ചിരിപ്പിക്കുന്ന, ബോധതലത്തില്‍ അമ്പരപ്പിക്കുന്ന കവിതകള്‍. അസാധാരണമായ ധ്യാനവും, നിരീക്ഷണ പാടവവും, പ്രതിഭയുമില്ലാതെ ഇതുപോലുള്ള കവിതകള്‍ എഴുതുവാന്‍ സാധിക്കില്ല. മലയാളത്തിന്റെ പുതുകവിതകളുടെ സമകാലിക ഭാവുകത്വങ്ങളില്‍ നിന്ന് പുറംതിരിഞ്ഞു നില്‍ക്കുകയും തനതായ ഭാവുകത്വവും ആവിഷ്‌ക്കാരതലത്തില്‍ തനതായ അലകും പിടിയുമുള്ള കവിതകള്‍. മനോഹരമായ ട്യൂബുകളില്‍ നിറച്ച് വില്‍ക്കുന്ന ലാവണ്യ ലേപനങ്ങളൊക്കെ തിരസ്‌ക്കരിച്ച പുതുകവിതയുടെ ഇങ്ങേയറ്റത്ത്, പുതുകവിതയുടെ ദര്‍ശനവും, ഇതുവരെ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സൗന്ദര്യവും, ശക്തിയും, ഊര്‍ജ്ജവും പ്രസരിപ്പിക്കുന്ന കവിതകള്‍.
സജയ്. കെ. വി. യുടെ അവതാരിക, നന്ദനന്റെ കഥാ കവിതയുടെ മികവിനെ, അതിന്റെ ആഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും സ്വീകരിച്ച ജൈവീക ലാവണ്യത്തെയും ശ്ലാഘിക്കുന്നു.
ഏടുത്തു പറയാവുന്ന ഒരു കാര്യം നന്ദനന്റെ കവിതകളോട് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥയോടെ സമീപിച്ച സുധീഷ് കോട്ടേമ്പ്രത്തിന്റെ പഠനം ഈ പുസ്തകത്തെ അങ്ങേയറ്റത്തെ കനമുള്ളതാക്കുന്നു.
സുധീഷ് തന്റെ പഠനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ രണ്ടു വാചകങ്ങള്‍ പറഞ്ഞുകൊണ്ട് ഈ ആസ്വാദനം അവസാനിപ്പിക്കുന്നു

”ആയിരംപേര്‍ എഴുതിയാലും കവിതയില്‍ ഒരു വിഷയം ആയിരം മട്ടില്‍ കിടക്കുന്നതിന്റെ പേരാണ് അനന്യത. അനന്യമായിരിക്കല്‍ ‘Being Unique’ ആണ് കവിതയുടെ അടിയാധാരം. തനിക്കുമാത്രം എഴുതാന്‍ കഴിയുന്ന ഒന്ന് ഒരു കവി കണ്ടെത്തുമ്പോഴാവണം അയാള്‍ കവിയാകുന്നത്…….
സ്വന്തം എഴുത്തിടം രാകിമിനുക്കിയാണ് നന്ദനന്‍ മുള്ളമ്പത്ത് കവിതയില്‍ കയറിയിരിക്കുന്നത്.”
പുസ്തകം: കോമാങ്ങ (കവിതകള്‍)

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Comments are closed.