DCBOOKS
Malayalam News Literature Website

കൊച്ചുനീലാണ്ടന്റെ നിഷ്‌കളങ്ക ജീവിതകഥ പറയുന്ന പി നരേന്ദ്രനാഥിന്റെ നോവല്‍

കുട്ടികളുടെ മനസറിഞ്ഞ് അവര്‍ക്കായി ഒരുപിടി മികച്ച സാഹിത്യ സൃഷ്ടികള്‍ സമ്മാനിച്ച എഴുത്തുകാരനാണ് പി.നരേന്ദ്രനാഥ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കുട്ടികള്‍ക്കായി എഴുതിയ നോവലാണ് കൊച്ചുനീലാണ്ടന്‍. കുസൃതിച്ചിന്തകള്‍ മനസു നിറയെ കൊണ്ടുനടക്കുന്ന കൊച്ചുനീലാണ്ടന്റെ കഥയാണ് കൊച്ചുനീലാണ്ടന്‍ എന്ന നോവലിലൂടെ പി.നരേന്ദ്രനാഥ് പറയുന്നത്. നാലാംക്ലാസില്‍ പഠിക്കുന്ന മഹാവികൃതിയായ കൊച്ചുനീലാണ്ടന്‍ അമ്മയുടെയും അച്ഛന്റെയും ഏകമകനാണ്. എപ്പോഴും കുസൃതികാട്ടിനടക്കുന്ന അവന്‍ ഉടുവില്‍ വികൃതികളെല്ലാം ഉപേക്ഷിച്ച് പഠിച്ച് മിടുക്കനാകാന്‍ തീരുമാനിക്കുന്നു. പട്ടാളത്തിലായിരുന്ന തന്റെ അച്ഛന്‍ ഒരു കാലുനഷ്ടപ്പെട്ട് തിരികെയെത്തുന്നതോടെയാണ് അവന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാകുന്നത്. ഇങ്ങനെ കൊച്ചുനീലാണ്ടന്റെ നിഷ്‌കളങ്കജീവിതത്തെ തന്റെ അനുപമമായ ആഖ്യാനമികവോടെ ആവിഷ്‌കരിച്ചിരിക്കുന്നു പി.നരേന്ദ്രനാഥ്.

കുട്ടികളെ ചിരിപ്പിക്കുകയും ഇരുത്തിചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കൃതി തലമുറകളായി മലയാളി കൈമാറിവന്നതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചില്‍ഡ്രന്‍സ് നോവല്‍ വായിക്കപ്പെടുന്നുണ്ട്. പുതിയ കാലത്തിനിണങ്ങും വിധമാണ് ഈ കൃതി ക്രമീകരിച്ചിരിക്കുന്നു. മധു എസ് വരച്ച ആകര്‍ഷണീയതയേറ്റുന്ന ചിത്രങ്ങുമായി ഡി സി ബുക്‌സ് ഈ കൃതി മാമ്പഴം ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചത്.

നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30ല്‍ പരം കൃതികള്‍ മലയാളത്തിന് സമ്മാനിച്ച പി.നരേന്ദ്രനാഥിന്റെ ആദ്യകൃതി നുറുങ്ങുന്ന ശൃംഘലകളാണ്. ആദ്യത്തെ ബാലസാഹിത്യ കൃതി വികൃതിരാമനിലൂടെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. കുഞ്ഞിക്കൂനന്‍ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാര്‍ഡും അന്ധഗായകന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്‌കാരവും ലഭിച്ചു. വികൃതിരാമന്‍, കുഞ്ഞിക്കൂനന്‍, അന്ധഗായകന്‍ എന്നീ കൃതികള്‍ക്ക് ഹിന്ദി, തമിഴ് പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. 1991 നവംബര്‍ 3ന് അദ്ദേഹം അന്തരിച്ചു.

Comments are closed.