DCBOOKS
Malayalam News Literature Website

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി.കമ്മീഷണര്‍ പി.പി.ഷംസ് സ്ഥലം മാറിപ്പോയതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായിട്ടായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചത്. അധോലോക നേതാവ് രവി പൂജാരിയെ പ്രതി ചേര്‍ത്ത ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരിയെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ ഇന്ത്യയിലെത്തിച്ചാല്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15-നായിരുന്നു നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന നെയ്ല്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്പ് നടന്നത്. നവംബര്‍ മുതല്‍ തന്നെ രവി പൂജാരി എന്നൊരാള്‍ വിളിച്ച് ഭീഷണിപ്പെടുത്തി 25 കോടി രൂപ ആവശ്യപ്പെടുന്നതായി ലീന മരിയ പോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

Comments are closed.