DCBOOKS
Malayalam News Literature Website

#KLF 2020 പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

വിശ്വവിഖ്യാത എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് ഇക്കുറി അരങ്ങേറുന്നത്.

ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ തുടങ്ങി അഞ്ഞൂറിലേറെ പ്രഗത്ഭര്‍ കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നു. ശശി തരൂര്‍, ചേതന്‍ ഭഗത്, വില്യം ഡാല്‍റിംപിള്‍, ദേവ്ദത് പട്‌നായ്ക്, ആനന്ദ്, എം. മുകുന്ദന്‍, സക്കറിയ, സേതു, പെരുമാള്‍ മുരുകന്‍, കെ.ആര്‍.മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ടി.ഡി.രാമകൃഷ്ണന്‍, മനു എസ്.പിള്ള, മുനി നാരായണപ്രസാദ്, സുനില്‍ പി.ഇളയിടം, ആനന്ദ് തെല്‍തുംതെ, ടോണി ജോസഫ്, സല്‍മ തുടങ്ങി ഇരുനൂറിലധികം എഴുത്തുകാരും മാധവ് ഗാഡ്ഗില്‍, കനിമൊഴി, ടി.എം.കൃഷ്ണ, രാജ്ദീപ് സര്‍ദേശായി, ജോസഫ് അന്നംകുട്ടി ജോസ്, മുരളി തുമ്മാരുകുടി, പത്മപ്രിയ തുടങ്ങിയ പ്രഗത്ഭവ്യക്തികളും മേളയുടെ ഭാഗമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നുണ്ട്.

കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഈ വര്‍ഷം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തീമായി തിരഞ്ഞെടുത്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യത്യസ്ത വശങ്ങള്‍ പരിശോധിക്കുന്ന സംവാദപരമ്പര മേളയുടെ പ്രധാന ആകര്‍ഷണമാണ്. സ്‌പെയ്‌നാണ് ഇത്തവണത്തെ അതിഥി രാജ്യം. സ്‌പെയിനില്‍നിന്നുള്ള നിരവധി കലാസാംസ്‌കാരികസാഹിത്യ പ്രവര്‍ത്തകര്‍ കെ.എല്‍.എഫില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്പാനിഷ് സാഹിത്യവും സംസ്‌കാരവും അടുത്തറിയുന്നതിനും എഴുത്തുകാരുമായി സംസാരിക്കാനും ചര്‍ച്ച നടത്തുന്നതിനുമുള്ള അവസരം സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍നിന്നും ഇത്തവണ തമിഴ് ഭാഷയാണ് അതിഥി ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധി തമിഴ് എഴുത്തുകാര്‍ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകും.

സംവാദങ്ങള്‍, നേരിട്ടുള്ള പ്രഭാഷണങ്ങള്‍, പുസ്തകവര്‍ത്തമാനങ്ങള്‍, വായനക്കാരുടെ സംവാദങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സദസ്സുകളാണ് കെ.എല്‍.എഫിന്റെ അഞ്ചാം പതിപ്പില്‍ ഒരുക്കിയിട്ടുള്ളത്. ചരിത്രം, സാഹിത്യം, ശാസ്ത്രം, കായികം, കല, ദര്‍ശനം, ചരിത്രം, സിനിമ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലുള്ള വിഷയങ്ങള്‍ അഞ്ചു വേദികളിലായി നാലു ദിവസങ്ങളില്‍ നടക്കുന്നു.

പകല്‍സമയത്തെ സംവാദങ്ങള്‍ക്കു പുറമേ സായന്തനങ്ങളില്‍ നിരവധി കലാപരിപാടികളും സഹൃദയര്‍ക്കായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. ടി.എം.കൃഷ്ണയുടെ ശാസ്ത്രീയസംഗീതവിരുന്ന്, ജെര്‍മന്‍ ഡയസ് അവതരിപ്പിക്കുന്ന ഐബീരിയന്‍ സംഗീതനിശ,  സൂഫി സംഗീതം, കലാമണ്ഡലം ഗോപിയുടെ കഥകളി അവതരണം, ഭഗവാന്റെ മരണം- നാടകാവതരണം, അന്‍വര്‍ അലിയും ഓളം ബാന്റും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ് എന്നിവയും കെ.എല്‍.എഫിന്റെ ഭാഗമായുണ്ട്.

കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.