DCBOOKS
Malayalam News Literature Website
Rush Hour 2

മതഭ്രാന്തന്‍ മുതല്‍ വാഗണ്‍ ട്രാജഡി വരെ, കോളോണിയലിസത്തിന്റെ ബാക്കിപത്രങ്ങള്‍

ബ്രിട്ടീഷ് വിരുദ്ധ സമരം വര്‍ഗ്ഗീയ കലാപമായി മാറ്റിയതിലൂടെ ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ചുപോയ കൊളോണിയലിസ ബോധത്തെ ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ.ഷംഷാദ് ഹുസൈന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒന്നാം ദിനത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.ഷംഷാദ് ഹുസൈന്‍. മലബാര്‍ കലാപം കര്‍ഷക സമരമോ വര്‍ഗീയ കലാപമോ? എന്ന വിഷയത്തില്‍ എഴുത്തോല വേദിയില്‍ നടന്ന സംവാദത്തില്‍  പ്രൊഫ.പി. ശിവദാസ്, ഡോ. ഷംഷാദ് ഹുസൈന്‍, ഐ സമീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.പി ബഷീര്‍ മോഡറേറ്ററായിരുന്നു.

ഔദ്യോഗികമായി സ്വാതന്ത്ര്യസമരമായി അംഗീകരിച്ചുകഴിഞ്ഞ സമരം വീണ്ടും ഒരു വര്‍ഗീയകലാപമാണോ എന്ന വിഷയമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലെയുള്ള വേദികളില്‍ എന്തുകൊണ്ടാണ് ചര്‍ച്ചയായി വരുന്നത്?,  ബ്രിട്ടീഷ് വിരുദ്ധസമരം വര്‍ഗീയ കലാപമായി മാറ്റുന്നതിലൂടെ ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ചു പോയ കൊളോണിയലിസത്തിന്റെ ബോധത്തെ ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഷംസാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഒരു വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഒരു വിഭാഗത്തിന് ഒറ്റയ്ക്കു സാധിക്കില്ല. എന്തു തെളിവുകളാണ് മലബാര്‍ കലാപം ഒരു വര്‍ഗീയ കലാപമാണ് എന്നതിനുള്ളത്. മലബാര്‍ കലാപം ബ്രിട്ടീഷുകാരെയും അവരുടെ അനുയായികളെയുമാണ് ലക്ഷ്യം വെച്ചത്. കൊളോണിയലിസം ഇവിടെ ഉപേക്ഷിച്ചുപോയ ബോധത്തില്‍ നിന്ന് ഒരു പടി പോലും മുന്നേറാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നുകൂടി അവര്‍ ഓര്‍മ്മപ്പെടുത്തി.

മലബാര്‍ കലാപം എന്നതിനു പകരം മലബാര്‍ സമരം എന്ന പദപ്രയോഗത്തിന്റെ സാധ്യതകൂടിയാണ് ചര്‍ച്ചയില്‍ വിശകലനം ചെയ്തത്. ഇന്നും പാഠപുസ്തകങ്ങള്‍ മുതല്‍ ചരിത്രകാരന്മാര്‍ വരെ മലബാര്‍ സമരത്തെ മലബാര്‍ കലാപം എന്ന് വിലയിരുത്തുമ്പോള്‍ എന്തുകൊണ്ട് ഈ കൊളോണിയലിസത്തിന്റെ ബാക്കിപത്രങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരാക്കുന്നില്ല. ഓരോ കാലഘട്ടത്തിലും മലബാര്‍ കലാപത്തിന് ഉണ്ടാകുന്ന വ്യാഖ്യാനങ്ങളാണ് പ്രശ്‌നമെന്നാണ് ഐ സമീല്‍ അഭിപ്രായപ്പെട്ടത്. കലാപം എന്ന വാക്ക് ഒരു കൊളോണിയല്‍ ഫ്രെയിമിങ് ആണ്.

മലബാര്‍ കലാപത്തെക്കുറിച്ച് കോണ്‍ഗ്രസിലുണ്ടായ അഭിപ്രായങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഒരു കാലഘട്ടം കഴിഞ്ഞപ്പോള്‍ കലാപം വര്‍ഗീയ സ്വഭാവം കൈവരിച്ചുവെന്നും പില്‍ക്കാലത്ത് കോണ്‍ഗ്രസ് കലാപത്തെ തള്ളിപ്പറഞ്ഞതായും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

Comments are closed.