DCBOOKS
Malayalam News Literature Website

#KLF ല്‍ പ്രഭാഷണ പരമ്പര- ആധുനിക ഇന്ത്യയുടെ ശില്പികള്‍

സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കപ്പെടുകയാണ്. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്നു.

നാല് ദിനങ്ങളില്‍ നാല് വേദികളിലായി നടക്കുന്ന സംവാദങ്ങളില്‍ നിരവധി വിഷയങ്ങള്‍ കടന്നുവരുന്നുണ്ട്. ആധുനിക ഇന്ത്യയുടെ വികസനത്തിനും മുന്നേറ്റത്തിനും കാരണഭൂതരായ മഹത് വ്യക്തിത്വങ്ങളെ കുറിച്ചുള്ള പ്രഭാഷണ പരമ്പരയാണ് അതിലൊന്ന്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും നമ്മുടെ രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പ്രഭാഷണം നയിക്കുന്നത് വിഖ്യാത ചരിത്രകാരനും സൈദ്ധാന്തികനുമായ ഡോ.രാമചന്ദ്ര ഗുഹയാണ്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പ്രഭാഷണം നിര്‍വ്വഹിക്കുന്നത് എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശ്രീ ശശി തരൂര്‍ എം.പിയാണ്. പ്രശസ്ത ദലിത് ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ആനന്ദ് തെല്‍തുംബ്ദെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ഡോ.ബി.ആര്‍ അംബേദ്കറെ കുറിച്ചുള്ള പ്രഭാഷണം നയിക്കുന്നത്. മൂന്നു ദിനങ്ങളിലായി നടക്കുന്ന ഈ പ്രഭാഷണ പരമ്പരയുടെ ഭാഗമായി തുറന്ന സംവാദവും സജീവമായ ചര്‍ച്ചയും സംഘടിപ്പിക്കപ്പെടുന്നു.

കാലിക വിഷയങ്ങളും സാഹിത്യവും കലയും എല്ലാം ചര്‍ച്ചയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  പങ്കെടുക്കാന്‍  താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.