DCBOOKS
Malayalam News Literature Website

മലയാള നോവൽസാഹിത്യ ചരിത്രത്തിലെ കാലാതിവർത്തിയായ കൃതി

മലയാള സാഹിത്യത്തിന്റെ പ്രകാശഗോപുരമായ ഖസാക്കിന്റെ ഇതിഹാസ കഥാകാരൻ ഒ വി വിജയൻ ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഒ.വി.വിജയന്‍ മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി അദ്ദേഹത്തെ സജീവ ചേതസ്സാക്കി നിലനിര്‍ത്തുന്നു. ഓരോ ചെറു ചലങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ആത്മതപം ഓരോ രചനകളിലെയും ഓരോ ശബ്ദങ്ങളെയും ത്രസിപ്പിക്കുന്ന ജീവകണങ്ങളാക്കുന്നു.

ഒ.വി. വിജയന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു ഖസാക്കിന്റെ ഇതിഹാസത്തെ.  പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന വിജയൻ തന്റെ  സഹോദരിയായ ഒ.വി. ഉഷയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ  അവധിക്കാലത്ത് താമസിച്ചിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്.  മലയാള നോവൽ സാഹിത്യത്തെ ക്ലാസിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതിയായി ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടക്കുന്നു.

എഴുതി പന്ത്രണ്ടുവർഷത്തോളം വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടു നടന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് 1990-ലാണ് പുസ്തകത്തിന്റെ ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്.

പുതുതലമുറയ്ക്ക് മലയാള സാഹിത്യത്തിലെ കാലാതിവർത്തിയായ കൃതികളുടെ പരിഭാഷ്യം പകർന്നു നൽകേണ്ടത് നമ്മുടെ കർത്തവ്യമാണ്. “ഖസാക്കിന്റെ ഇതിഹാസം” പോലെ ഭാഷയിലും പ്രമേയത്തിലും ഔന്നത്യത്തിൽ നിൽക്കുന്ന മലയാളനോവൽ സാഹിത്യചരിത്രത്തിന്റെ മാസ്റ്റർപീസായി നിലകൊള്ളുന്നു. പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.