DCBOOKS
Malayalam News Literature Website

സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരം: ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരമാണ് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. റിപ്പബ്ലിക്ക്, ജഡം എന്ന സങ്കല്പം, മരിച്ചവരുടെ ചെറിയ ഒപ്പീസ്, വധക്രമം, ഭാരം കുറഞ്ഞ ഭാണ്ഡങ്ങള്‍, ദൈവവും സര്‍ക്കാരും, നോവല്‍ സംഗ്രഹം, ഏദന്‍, ഒന്നര മണിക്കൂര്‍ എന്നീങ്ങനെ ആദ്യകാലത്ത് എഴുതിയ കഥകളും ഈ സമാഹാരത്തിലുണ്ട്.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന ഭൂകമ്പത്തെത്തുടര്‍ന്ന് വന്ന ഒരു ടിവി ദൃശ്യവും പത്രത്തിലെ ചിത്രവുമാണ് സുഭാഷ് ചന്ദ്രനെ്റെ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന ചെറുകഥയിലേക്ക് നയിച്ചത്. തകര്‍ന്നു തരിപ്പണമായ ഒരു വാച്ചുകടയുടെ ഉള്ളില്‍നിന്ന് ദൂരദര്‍ശന്‍ ഛായാഗ്രാഹകന്‍ പകര്‍ത്തിയ തകര്‍ന്ന ഘടികാരത്തിന്റെ ചിത്രമായിരുന്നു ഒന്ന്. രണ്ടാമത്തേത് ശവശരീരങ്ങള്‍ക്കിടയില്‍ തന്റെ കനത്ത ഏകാന്തത തിരിച്ചറിയാന്‍ പോലും പ്രായമായിട്ടില്ലാത്ത ഒരു കുഞ്ഞിരുന്ന് കരയുന്ന ചിത്രവും. ബുക്കാറാം വിത്തല്‍ എന്ന അമ്പതു വയസ്സുകാരന്‍ കള്ളന്‍ ഭാവനയില്‍ പിറന്നതോടെയാണ് സുഭാഷ് ചന്ദ്രന്‍ എന്ന കഥാകൃത്ത് പിറന്നത് എന്നു വേണമെങ്കില്‍ പറയാം. ഈ കഥ മാതൃഭൂമി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടുകയും ചെയ്തു.

തന്റെ സുഹൃത്തിന്റെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ‘മരിച്ചവരുടെ ചെറിയ ഒപ്പീസ്’ എന്ന കഥ എഴുതിയത് എന്ന ഒരു അഭിമുഖത്തില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നു. ഇങ്ങനെ യാഥാര്‍ത്ഥ ജീവിതവുമായി ബന്ധം പുലര്‍ത്തുകയും സമയത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന കഥകളാണ് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എം ടി വാസുദേവന്‍ നായരുടെ അവതാരികയോടൊപ്പം 1999-ല്‍ ആണ് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് ഈ കൃതിയ്ക്കായിരുന്നു. അക്കാദമി അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് കറന്റ് ബുക്‌സ് ബുള്ളറ്റിനു നല്‍കിയ അഭിമുഖവും ഉള്‍പ്പെടുത്തിയാണ് തുടര്‍ന്നുള്ള പതിപ്പുകള്‍ ഇറങ്ങിയത്. ഇപ്പോള്‍ പുസ്തകത്തിന്റെ ഒന്‍പതാം പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡിമേരി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാസമാഹാരങ്ങള്‍. 2011ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും നേടിയ മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രന്റെ പ്രഥമനോവലാണ്.

Comments are closed.