DCBOOKS
Malayalam News Literature Website

കേരളീയരുടെ ദേവതാസങ്കല്പം- ഒരു പഠനം

നമ്മുടെ ദേവതാസങ്കല്പങ്ങള്‍ക്ക് വൈവിധ്യവും വൈചിത്ര്യവും നല്കിയത് നാടിന്റെ സാംസ്‌കാരികസവിശേഷതകളാണ്. സാംസ്‌കാരികധാരകളുടെ സംഭാവനയായ ഈ വൈവിദ്ധ്യത്തിന്റെയും വൈചിത്ര്യത്തിന്റെയും കാരണങ്ങളും പരിണാമവും കണ്ടെത്തുകയാണ് കേരളീയരുടെ ദേവതാസങ്കല്പം എന്ന കൃതിയിലൂടെ ചരിത്രഗവേഷകനും അദ്ധ്യാപകനുമായ എം.ജി. ശശിഭൂഷണ്‍. നിരന്തരമായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായാണ് ഈടുറ്റ ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. കേരള സര്‍വ്വകലാശാലയില്‍ അവതരിപ്പിച്ച ഗവേഷണപ്രബന്ധത്തിന്റെ സംഗ്രഹരൂപമാണ് ഈ പുസ്തകം.

‘വിഗ്രഹചിഹ്നങ്ങളുടെയും മറ്റു ചിലപ്പോള്‍ വര്‍ണ്ണശാസ്ത്ര തത്വങ്ങളുടെയും സഹായത്തോടെയാണ് ആരാധനാമൂര്‍ത്തികളുടെ പ്രത്യഭിജ്ഞാനം ഈ പഠനത്തില്‍ നിര്‍വ്വഹിച്ചത്. ആരവങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാത്ത ഉള്‍നാടന്‍ ശ്രീകോവിലുകളിലെ നിലവിളക്കുകളുടെ അരണ്ട പ്രഭയില്‍ മാത്രം ദര്‍ശനീയമാകുന്ന വിഗ്രഹങ്ങളും ചുവര്‍പ്പലകകളിലെയും മച്ചുകളിലെയും ദേവരൂപങ്ങളും അവിസ്മരണീയമായ ഒരനുഭവമായിരുന്നു. ബലിക്കല്‍പ്പുരകളിലെ മച്ചുകളെയും വളരുകളെയും അവയെ താങ്ങുന്ന സന്ധിശില്പങ്ങളെയും സൗന്ദര്യത്തിന്റെ ഇന്ദ്രജാല മാതൃകകളാക്കിയ ദേവശില്പികളെപ്പറ്റി നമുക്കൊന്നുമറിയില്ലല്ലോ എന്നു ഖേദം തോന്നി. ബലിക്കല്‍പ്പുരകളിലെ ചാരുപടികളിലും നമസ്‌കാര മണ്ഡപങ്ങളിലെ കല്‍ത്തറകളില്‍ നിന്നും മുകളിലേക്കു നോക്കുമ്പോള്‍ കണ്ട കലാശില്പങ്ങള്‍ പുതിയൊരു നേത്രോന്മീലനത്തിനു നിമിത്തമായി.’- എം.ജി. ശശിഭൂഷണ്‍

ആഢ്യസാഹിത്യകൃതികളിലെയും നാടോടിക്കഥകളിലെയും ഈശ്വരപ്രതിനിധാനവും വിഗ്രഹങ്ങളിലെയും ചുമര്‍ച്ചിത്രങ്ങളിലെയും ഈശ്വരപ്രതിനിധാനവും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിഗ്രഹചിഹ്നങ്ങളെയും വര്‍ണ്ണശാസ്ത്രതത്വങ്ങളെയും മുന്‍നിര്‍ത്തി ഈ ഗ്രന്ഥത്തില്‍ മൂര്‍ത്തികളെ നമുക്കു ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തിത്തരുന്നു. രാമചരിതം മുതലുള്ള സാഹിത്യകൃതികളിലെ ശ്രദ്ധേയമായ വര്‍ണ്ണനകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ പതിറ്റാണ്ടുകാലത്തെ പഠനങ്ങളുടെയും യാത്രകളുടെയും ഫലമാണ് ഈ പുസ്തകം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കേരളീയരുടെ ദേവതാസങ്കല്പം എന്ന കൃതിയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.