DCBOOKS
Malayalam News Literature Website

കക്ഷിരാഷ്ട്രീയ ചരിത്രം

കേരളത്തിലെ കക്ഷിരാഷ്ട്രീയചരിത്രമായതിനാല്‍ ഒരു സിനിമപോലെ ആകാംക്ഷാഭരിതമായ ഗതിവിഗതികള്‍ പുസ്തകത്തെ സമ്പന്നമാക്കുന്നുണ്ട്

ആര്‍.കെ.ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എന്ന പുസ്തകത്തിന് കെ.വി മധു  എഴുതിയ വായനാനുഭവം.

സ്‌കൂള്‍ കാലത്തൊരിക്കല്‍ കാസര്‍കോട് ജില്ലയുടെ തെക്കേ അതിര്‍ത്തിയിലെ കാലിക്കടവ് വച്ചാണ് ജീവിതത്തിലാദ്യമായി ഒരു വലിയ നേതാവിനെ കാണുന്നത്. സിപിഎമ്മിന്റെ എന്തോ രാഷ്ട്രീയ പരിപാടിയാണെന്നാണ് ഓര്‍മ. വളരെ അകലെ നിന്ന് ഒരു നോക്കുകണ്ടു, ആ നേതാവിന്റെ പേര് ഇഎംഎസ് എന്നായിരുന്നു. പിന്നീട് ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇഎംഎസ് മരിക്കുന്നത്. ആദ്യമായി ഇഎംഎസിനെ കണ്ടതിന് ശേഷമാണ് ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നുവെന്നും ആ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമോചന സമരത്തിന്റെ പേരില്‍ അട്ടിമറിക്കുകയായിരുന്നുവെന്നുമൊക്കെ അവിടന്നും ഇവിടന്നും പറഞ്ഞുകേള്‍ക്കുന്നത്, എന്താണ് വിമോചന സമരം എന്ന് ചിലരോടൊക്കെ ചോദിച്ചെങ്കിലും കാര്യമായ ഉത്തരമൊന്നും കിട്ടിയില്ല. ഇഎംഎസ് മരിക്കുന്ന കാലത്ത് പുസ്തകങ്ങളെ കുറിച്ചന്വേഷിക്കാന്‍ കെല്‍പ്പുള്ള നിലയായിരുന്നല്ലോ. അക്കാലത്തിനിടയ്ക്ക് പലപ്പോഴും അന്വേഷിച്ചു അതൊക്കെ അറിയാന്‍ കഴിയുന്ന പുസ്തകങ്ങള്‍ വല്ലതും ഉണ്ടോ എന്ന്. മലയാളസാഹിത്യം പഠിക്കുന്ന കാലത്ത് കേരളരാഷ്ട്രീയത്തെ കുറിച്ച് കേരളപാണിനീയം മട്ടില്‍ വല്ല പുസ്തകവുമുണ്ടോ എന്ന് അന്വേഷിച്ചു നടന്നതുമോര്‍മയുണ്ട്.

അക്കാലത്ത് രാഷ്ട്രീയം കുറച്ചുകൂടി കാര്യമായി അറിയാന്‍ ശ്രമിച്ചപ്പോള്‍ ഓരോ സംഭവങ്ങളറിയുമ്പോഴും സമഗ്രത തേടി കുറച്ച് അലഞ്ഞു. അപ്പോഴൊക്കെ എല്ലാമടങ്ങിയ പുസ്തകം ഇല്ലേ എന്നതായിരുന്നു സംശയം. മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞപ്പോഴും അതേ സംശയം തുടര്‍ന്നു. ചുരുക്കത്തില്‍ കേരളത്തിന്റെ കക്ഷിരാഷ്ട്രീയ ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമില്ല. സ്വാതന്ത്ര്യാനന്തരമുള്ള ജനാധിപത്യകേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തേടിപ്പോകുന്ന എല്ലാവര്‍ക്കും വിവരശേഖരണത്തിനായി ഒന്നിലധികം പുസ്തകം തപ്പി നടക്കണം എന്നര്‍ത്ഥം. 1953 മുതല്‍ 95 വരെയുള്ള കേരളചരിത്രം പ്രതിപാദിക്കുന്ന കേരളരാഷ്ട്രീയം ഒരു അസംബന്ധ നാടകവും 1957 മുതല്‍ 1982വരെയുള്ള ചരിത്രം പറയുന്ന ചെറിയാന്‍ ഫിലിപ്പിന്റെ കാല്‍നൂറ്റാണ്ടും രണ്ട് അമൂല്യനിധികളാണ്. ഒപ്പം കുറേ ആത്മകഥകളും പിന്നെ പ്രത്യേക വിഷയത്തിലധിഷ്ഠിതമായി എഴുതപ്പെട്ട പുസ്തകങ്ങളും.

അങ്ങനെയിരിക്കെയാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എന്ന ആര്‍കെ ബിജുരാജിന്റെ പുസ്തകം Textകൈയില്‍ കിട്ടിയത്. കേരളരൂപീകരണം മുതല്‍ ഇന്നുവരെയള്ള രാഷ്ട്രീയ ചരിത്രവിവരണമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. 1956 നവംബര്‍ ആദ്യ ആഴ്ചയില്‍ പാറശ്ശാലയ്ക്കടുത്ത് കളിയിക്കാവിളയില്‍ കുറച്ചുദൂരങ്ങളില്‍ റോഡിനിരുവശവും ഉയര്‍ന്ന രണ്ട് ബോര്‍ഡുകളുടെ കഥപറഞ്ഞുകൊണ്ടാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത്.

‘ എന്റെര്‍ കേരള സ്‌റ്റേറ്റ്
എന്റെര്‍ മദിരാശി സ്‌റ്റേറ്റ്
എന്നിങ്ങനെ രണ്ട് ബോര്‍ഡുകള്‍.

കാരണം നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപം കൊണ്ടിരുന്നു. മദ്രാസ് എന്ന സംസ്ഥാനത്തിന്റെ അതിര്‍ത്തിക്ക് മാറ്റവും സംഭവിച്ചു. ആ ബോര്‍ഡില്‍ നിന്ന് ആരംഭിച്ച് ഇന്നത്തെ കേരളത്തിലെത്തി നില്‍ക്കുന്ന ഒരു യാത്രയാണീ പുസ്തകം. ആ ബോഡുകളില്‍ നിന്നാണ് ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും ആരംഭിക്കുന്നത്. പിന്നെ കേരളത്തിന്റെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയും തളര്‍ച്ചയും രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴുത്തില്‍ കുത്തും പിളര്‍പ്പും ലയനവും ആരോപണങ്ങളും കുതികാല്‍വെട്ടും എല്ലാം കടന്നുവരുന്നു. ഒടുവില്‍ രണ്ടാംപിണറായി സര്‍ക്കാരിന്റെ രൂപീകരണം വരെ നീളുന്ന ചരിത്രകഥനമാണ് ബിജുരാജ് രസകരമായി നടത്തിയിരിക്കുന്നത്. സര്‍ഗ്ഗാത്മക സൃഷ്ടിയോ ഗവേഷണബുദ്ധിയോടെ എഴുതിയ ചരിത്ര പുസ്തകമോ എന്നതിനൊക്കെ അപ്പുറത്ത് ഇത്രയും കാലം നീണ്ട കേരളരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടെ വസ്തുതാകഥനമായി വേണം ഈ പുസ്തകത്തെ വിലയിരുത്താന്‍. ലളിതമായി പറഞ്ഞാല്‍ എന്താണിക്കാലത്തിവിടെ നടന്നത് എന്ന് വിവരിക്കുന്ന പുസ്തകം.

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഐയിലും കോണ്‍ഗ്രസ്സിലുമാരംഭിച്ച മുഖ്യ നായകത്വമാണ് കേരളത്തിനുള്ളത്. ഈ ചുരുങ്ങിയ ദശകങ്ങള്‍ക്കുള്ളില്‍ അതിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി. എത്രയെത്ര പുതിയ രാഷ്ട്രീയ പാര്‍ട്ടികളുണ്ടായി. പിളര്‍പ്പുകളുണ്ടായി. സിപിഐയും കോണ്‍ഗ്രസ്സും തന്നെ പിളര്‍ന്നു. ഇന്ന് സിപിഎമ്മാണ് മുഖ്യ ഇടതുപക്ഷപാര്‍ട്ടി തന്നെ. സിപിഐ രണ്ടാമതേ വരുന്നുള്ളൂ. ആ പിളര്‍പ്പിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട് ബിജുരാജ്. കോണ്‍ഗ്രസ്സില്‍ കേരളകോണ്‍ഗ്രസ്സും ദേശീയ ധാരയെ അടിസ്ഥാനമാക്കി സംഘടനാകോണ്‍ഗ്രസടക്കമുള്ള പിളര്‍പ്പും തുടങ്ങി ഇന്നുവരെയുണ്ടായ സകല വേര്‍പിരിയലുകളുടെയും കൂടിച്ചേരലുകളുടെയും വസ്തുതാവിവരണം രസകരമായി തന്നെ നടത്തുന്നു. അതോടൊപ്പം സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളും ചെറു സംഭവങ്ങളും വരെ കടന്നുവരുന്നു. മലപ്പുറം ജില്ലാരൂപീകരണവും വിവാദങ്ങളും മുതല്‍ കാസര്‍കോട്ജില്ലാരൂപീകരണംവരെ. അഴീക്കോടന്റെ രക്തസാക്ഷിത്വം മുതല്‍ ടിപി ചന്ദ്രശേഖരന്റെ കൊലപാതകം വരെ. വിമോചന സമരവും തങ്കമണി സംഭവവും മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കല്‍ വരെ. ആദ്യത്തെ ഇഎംഎസ് സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ മുതല്‍ സ്വര്‍ണക്കള്ളക്കടത്ത് വരെ. അങ്ങനെ പോകുന്നു പുസ്തകത്തിന്റെ ഗതി.

കേരളത്തിലെ കക്ഷിരാഷ്ട്രീയചരിത്രമായതിനാല്‍ ഒരു സിനിമപോലെ ആകാംക്ഷാഭരിതമായ ഗതിവിഗതികള്‍ പുസ്തകത്തെ സമ്പന്നമാക്കുന്നുണ്ട്. ജയവും പരാജയവും ഉയര്‍ച്ച താഴ്ചകളും വേദനയും കണ്ണീരുമെല്ലാം കക്ഷിരാഷ്ട്രീയത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന് കാണിച്ചുതരുന്ന ഒരു കേരള കഥയാണ് ഇവിടെ പറയുന്നത്. അവിടെ ശ്രേഷ്ഠമായ നേതൃബിംബങ്ങളുടെ കടന്നുവരവുണ്ട്. അഴിമതിച്ചളിയില്‍ മുങ്ങിയ നേതാക്കളുടെ വീഴ്ചകളുണ്ട്. രാഷ്ട്രീയത്തെ മാറ്റിമറിച്ച സ്ത്രീകളുടെ ഇടപെടലുകളും സര്‍ക്കാരിനെതിരായ അട്ടിമറിശ്രമങ്ങള്‍ വരെയുണ്ട്.

ആ അര്‍ത്ഥത്തില്‍ വസ്തുതാവിവരണമാണീ പുസ്തകം. എഴുത്തുകാരന്‍ ആര്‍കെ ബിജുരാജ് ആമുഖത്തില്‍ കൃത്യമായി അക്കാര്യം പറഞ്ഞിട്ടുണ്ട്.

” വേണമെങ്കില്‍ ഒരു കാലാനുസൃത വിവരണമെന്നോ പുരാവൃത്താഖ്യാനമെന്നോ വിളിക്കാം. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഇന്നോളമുള്ള രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു വണ്‍ലൈന്‍ എന്നുംവിളിക്കാം. മറിച്ച് ഇതൊരു സോഷ്യോ പൊളിറ്റിക്കല്‍ പുസ്തകമോ, കേരളത്തിന്റെ പൊളിറ്റിക്കല്‍ എക്കണോമിയോ അല്ല. അപ്പോ പിന്നെ എന്തിനീ പുസ്തകം. മുഖ്യധാരയിലെ രാഷ്ട്രീയവും തൊഴുത്തില്‍ കുത്തുമെല്ലാം ചേരന്നതാണ് നമ്മുടെ ഇന്നത്തെ കേരളം എന്നത് തന്നെ ഉത്തരം. അതുംകൂടി പരിഗണിക്കാതെ കേരള പഠനം പൂര്‍ണമല്ല. ”

അതായത് ഏതെങ്കിലും വിധത്തില്‍ ഏതെങ്കിലും സംഭവത്തെ കുറിച്ച് അടിസ്ഥാനപ്രശ്‌നമുയര്‍ത്തിയുള്ള പഠന പുസ്തകമല്ല. മറിച്ച് 1957 നവംബര്‍ മുതലിങ്ങോട്ട് അധികാരരാഷ്ട്രീയത്തെ ചുറ്റിപ്പറ്റി കേരളത്തിന്റെ ജനാധിപത്യ ചുറ്റുപാടില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ സമഗ്രമായ വിവരണമാണ്. ഒറ്റവാക്കില്‍ കേരളത്തിന്റെ കക്ഷിരാഷ്ട്രീയ ചരിത്രം എന്ന് പറയാം. അങ്ങനെ കേരള രാഷ്ട്രീയ ചരിത്രം പഠിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല, ചായക്കടകളിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ആവേശത്തോടെ പങ്കെടുക്കുന്നവര്‍ക്കും തങ്ങളുടെ വാദത്തിന് കൃത്യത പകരാന്‍ കെല്‍പ്പുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുതകുന്ന പുസ്തകമായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.