DCBOOKS
Malayalam News Literature Website

ഐതിഹ്യത്തിലെ മഴുവേറിന് അറുപത്തിയഞ്ചു വർഷം; പിറന്നാൾ നിറവിൽ കേരളം

മനു ഡി ആന്റണി

മൂന്നായിക്കിടന്ന മലയാളക്കര ഐക്യകേരളമായി പിറവിയെടുത്തിട്ട് 65 വർഷമാകുന്നു.
നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ ഭൂപടമാണ് കേരളം. കേരം തിങ്ങും കേരള നാടിന് അതിരുകളുണ്ടായതിന്റെ അറുപതിയാഞ്ചാം ആണ്ട്.

പരശുരാമന്‍ മഴുവെറിഞ്ഞതും മഹാബലി നാടുവാണതും ഐതിഹ്യം. ചേരന്മാരുടെ ചേരളം കേരളമായത് യാഥാര്‍ത്ഥ്യം. കറുത്തപൊന്ന് തേടി കടല്‍കടന്നുവന്ന അറബികളും ചങ്ക് കൊടുത്ത് ആതിഥ്യമരുളിയ പറങ്കിപ്പട ചങ്ക് പറിച്ചുപോയതും അവിസ്മരണീയം. രാജവാഴ്ച്ചയും ബ്രിട്ടീഷ് വാഴ്ച്ചയും കടന്നുപോയത് പിന്നീടുള്ള ചരിതം. സ്വാതന്ത്ര്യസമരത്തിന്റെ കനല്‍പഥങ്ങളില്‍ ജീവന്‍ നല്‍കിയവര്‍ അസംഖ്യം. വെള്ളക്കാരന്റെ പടിയിറക്കവും കഴിഞ്ഞപ്പോള്‍ പിന്നെ ഒന്നാകാനുള്ള മോഹം. ലക്ഷ്യത്തിലേക്കെത്താന്‍ മുന്നില്‍ നിന്ന് നയിച്ചത് ഐക്യകേരളാ പ്രസ്ഥാനം. 1956 നവംബര്‍ ഒന്നിന് പിറവി.

എന്തായാലും ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് രാജ്യത്തിനു അഭിമാനമായി മാറിയിരിക്കുന്നു.തുടർച്ചയായ പ്രളയങ്ങളും വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന കോവിഡ് മഹാമാരിയും നൽകുന്ന ആശങ്കകൾക്കിടയിലും കേരളത്തിന് ഇത് ഉയിർത്തെഴുന്നേൽപിന്റെയും പ്രതീക്ഷകളുടെയും ജന്മവാർഷികമാണ്.വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ കേരളം ഇന്ന് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.വിനോദ സഞ്ചാര മേഖലയിലും കേരളം ബഹുദൂരം മുന്നേറിയിരിക്കുന്നു.രാജ കുടുംബങ്ങൾക്ക് കീഴിൽ ആയിരുന്ന കേരള ജനത സ്വാതന്ത്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയിൽ ഏകീകരിക്കപ്പെട്ടത് പിന്നെയും സമയമെടുത്തിട്ടാണ്.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം എന്നതായിരുന്നു അടിസ്ഥാനം .തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്.

1953ൽ ഫസൽ അലി അധ്യക്ഷനായും സർദാർ കെ.എം പണിക്കർ അംഗമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ റിപ്പോർട്ട് 1955ൽ കേന്ദ്ര സർക്കാരിന് നൽകി. ഈ റിപ്പോർട്ടിൽ കേരള സംസ്ഥാനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച രൂപരേഖ ഉണ്ടായിരുന്നു. സംസ്ഥാന പുനഃസംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയാറാക്കിയത്‌.

കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദ്രാസ് സംസ്ഥാനത്തോട് ചേർത്തു. ശേഷിച്ച തിരുവിതാം കൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിന് നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്‌തു.

കേരളം എന്ന് പറയുമ്പോൾ തന്നെ ഓർമ വരിക ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന നിർവചനം ആയിരിക്കും. മലയാളികൾ മറ്റ് സ്ഥലങ്ങളിൽ ചെന്ന് കേരളത്തിൽ നിന്നെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുമ്പോൾ അവർ അതിശയത്തോടെ തിരിച്ച് ചോദിക്കും ‘ഓ ഗോഡ്സ് ഓൺ കൺട്രി’ എന്ന്. അത് കേൾക്കുമ്പോൾ തന്നെ ഒരു ആവേശമൊക്കെ തോന്നും. എന്നാൽ, എന്തുകൊണ്ടാണ് കേരളത്തെ ‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കുന്നത്?

1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ പ്രദേശം മാത്രം കേന്ദ്രവുമായി ചേരാൻ താൽപ്പര്യം കാണിച്ചിരുന്നില്ല. 1947 ജൂണിൽ തിരുവിതാംകൂറിനെ ഒരു പ്രത്യേക രാജ്യമായി അന്നത്തെ രാജാവ് പ്രഖ്യാപിച്ചു. പൊതുഗതാഗതം, ടെലിഫോൺ നെറ്റ്‌വർക്ക്, ഹെവി എഞ്ചിനീയറിംഗ് വ്യവസായങ്ങൾ എന്നിവ ഉപയോഗിച്ച് രാജാവ് തിരുവിതാംകൂറിനെ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചെടുത്തിരുന്നു. എല്ലാത്തി്റെയും ചെലവുകൾ അദ്ദേഹം തന്നെ ഏറ്റെടുത്തു. എല്ലാറ്റിനുമുപരിയായി, എല്ലാ ഹിന്ദുക്കളെയും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാൻ അനുവദിച്ചു.

ജാതി, വർണം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലൊട്ടുക്കും പ്രശ്നങ്ങളും പ്രതിഷേധങ്ങളും വേർതിരിവുകളും നിലനിന്നിരുന്ന സമയത്തായിരുന്നു ഈ ചരിത്രപരമായ തീരുമാനം അദ്ദേഹം നടപ്പാക്കിയത്. ഇതെല്ലാം ഇന്ത്യൻ സർക്കാർ പ്രതിനിധികൾ ചർച്ച ചെയ്യുകയും തിരുവിതാംകൂർ രാജ്യത്തെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി രാജാവ് ചിത്തിരം തിരുനാൾ ബാലരാമ വർമ്മയെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ഈ ഭൂമി എൻ്റേതല്ല, ഇത് പത്മനാഭ സ്വാമിയുടേതാണ്. ഞാൻ വെറും നടത്തിപ്പുകാരൻ മാത്രമാണ്. മഹാവിഷ്ണു എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ അത് ചെയ്യും’.

ചർച്ചയ്ക്കെത്തിയ അധികാരികൾ രാജാവിൻ്റെ വാക്കുകൾ വിശ്വസിച്ചില്ല. അവർ അദ്ദേഹത്തെ പരിഹസിച്ചു. ചർച്ചയിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള അടവാണെന്ന് പറഞ്ഞ് അധികാരികൾ പരിഹസിച്ചു. ഇത് മനസിലാക്കിയ തിരുവിതാംകൂർ അധികൃതർ, 1750 ജനുവരി 20ന് അനിഴം തിരുനാൾ മാർത്താണ്ഡ വർമ എഴുത്തോലയിൽ കുറിച്ചിരുന്ന ഭാഗം അവരെ കാണിച്ചു. ഇന്നത്തെ കന്യാകുമാരിയും പരവൂറും ഉൾപ്പെടെയുള്ള തിരുവിതാംകൂർ ഭാഗം മഹാവിഷ്ണുവിൻ്റേതാണെന്നായിരുന്നു അദ്ദേഹം എഴുത്തോലയിൽ എഴുതിയിരുന്നത്. ഇതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന് വിളിക്കാനുള്ള കാരണം.ഇതു ചിലപ്പോൾ ചരിത്രമാവം, അല്ലെങ്കിൽ കഥയാവം എന്തു തന്നെയായാലും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നതിൽ യാതൊരു തെറ്റും കാണുന്നില്ല.അതിനടിസ്ഥാനമാകുന്നത് ഒരു പക്ഷേ കേരളത്തിന്റെ മനോഹരമായ ഭൂ പ്രകൃതിയുമാവം.

പടിഞ്ഞാറ് അറബി കടലും, കിഴക്ക് പശ്ചിമഘട്ടവും, ഇതിനിടയില്‍ വനമേഖല, വന്യ മൃഗസങ്കേതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, നദികളുടെ കളകളാരവം, കായലിന്റെ ഓളപ്പരപ്പുകള്‍. തെങ്ങ്, കുരുമുളക്, ഏലം, നെല്ല്, കശുവണ്ടി ഒപ്പം എന്നും ആര്‍ക്കും അനുയോജ്യമായ കാലാവസ്ഥയും; ഇത്രയും ആയപ്പോള്‍ ലോകത്തിലെ പത്തു സ്വര്‍ഗങ്ങളില്‍ ഒന്ന് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം എന്നതില്‍ അത്ഭുതപെടാന്‍ എന്തിരിക്കുന്നു.

കേരളത്തിന്റെ ടൂറിസം :

1986 -ല്‍ ടൂറിസം വ്യാവസായിക പദവി ലഭിച്ച കേരളം “ദൈവത്തിന്റെ സ്വന്തം നാട് ” എന്നാ പദവി സ്വീകരിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. എന്നും ഇപ്പോഴും നല്ലതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളിക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നമ്മുടെ മലയോര മേഖലകളും, കായലുകളും ബീച്ചുകളും, നിറഞ്ഞ പ്രകൃതി രാമനീയതയും ഒരു അനുഗ്രഹമായി. കൂട്ടത്തില്‍ ആയുര്‍വേദത്തിന്റെ കൈപുണ്യവും.
മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി, വാഗമണ്‍, പൊന്മുടി കൂടാതെ നാഷണല്‍ പാര്‍ക്കുകളും വന്യമൃഗ സങ്കേതങ്ങളും ടൂറിസം പാതയെ വികസിപ്പിക്കാന്‍ കഴിഞ്ഞു. 1498 -ല്‍ വാസ്കോ ഡ ഗാമ കാല്‍ കുത്തിയ കാപ്പാട് ബീച്ച് മുതല്‍ ഇന്നും വിദേശികള്‍ നിറഞ്ഞൊഴുകുന്ന കോവളം ബീച്ച് വരെ ടൂറിസം കേന്ദ്രങ്ങളായി. ‘കിഴക്കിന്റെ വെനീസും’, ‘അറബിക്കടലിന്റെ’ റാണിയും’, തിരുവിതാംകൂറിന്റെ ആഡ്യത്വവും ഇവിടെ എത്തുന്ന ഇതു സഞ്ചാരികളെ ആണ് തിരികെ പോകാന്‍ പ്രേരിപ്പിക്കുന്നത്. കേരള സംസ്കാരം ഉറങ്ങുന്ന ബേക്കല്‍ കോട്ട മുതല്‍ ശ്രീ പദ്മനാഭന്റെ അനന്തപുരി വരെ ടൂറിസം മേഖലക്ക് നീണ്ട സാധ്യതകള്‍. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഥകളി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, തെയ്യം, പടയണി, ചാക്യാര്‍കൂത്ത് എന്നിങ്ങനെ തനതു കലാരൂപങ്ങള്‍. ആനകളെ അണി നിരത്തുന്ന പൂരങ്ങള്‍, വ്യത്യസ്തമായ ആചാരങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ ഉത്സവങ്ങള്‍, ജലമാര്‍ഗം കെട്ടുവള്ളം, വള്ളംകളി എന്നിങ്ങനെ പോകുന്ന.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് പറയാൻ വാക്കുക്കൾ പോരാ വർണ്ണപ്പൊലിമയോടെ , പച്ചപ്പൊലിമയോടെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ കേരളത്തിന്റെ പൊലിമകൾ ഒക്കെ ഒന്ന് വേറെ തന്നെ അന്ന് . വികസനപാതയിൽ ഇപ്പോൾ മുന്പോട്ടു പോകുകയാണ് നമ്മുടെ കേരളം…

Comments are closed.