DCBOOKS
Malayalam News Literature Website

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ  പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം. അന്ന ബെൻ ആണ് മികച്ച നടി . ചിത്രം കപ്പേള. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച സിനിമ.

ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.

സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിച്ചു. സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലെ ജൂറിയാണ് വിജയികളെ നിർണ്ണയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ സിനിമകൾ ഡിജിറ്റൽ റിലീസിന് വഴിമാറിയ വർഷം കൂടിയായിരുന്നു 2020. മാർച്ച് മാസം വരെ സിനിമകൾ തിയേറ്റർ റിലീസ് ചെയ്തിരുന്നു.

കന്നഡ സംവിധായകൻ പി. ശേഷാദ്രിയും ചലച്ചിത്ര നിർമ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയിൽ അംഗമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 80 ഓളം സിനിമകൾ സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സര രംഗത്തുണ്ടായിരുന്നു. പ്രാരംഭ ജൂറി 40 സിനിമകൾ വീതം കണ്ട ശേഷം അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി ഇതിൽ നിന്നും തിരഞ്ഞെടുത്ത സിനിമകൾ ശുപാർശ ചെയ്യുന്നതാണ് രീതി. അന്തിമ ജൂറിയിൽ ശേഷാദ്രിയും ഭദ്രനും അംഗങ്ങളാണ്.

ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം. ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവരും ഈ ജൂറിയിൽ അംഗങ്ങളാണ്.

ഡോ: പി.കെ. രാജശേഖരന്റെ നേതൃത്വത്തിലെ ജൂറിയാണ് രചനാ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ നിർണയിച്ചത്.

പുരസ്കാരങ്ങൾ നേടിയവർ

മികച്ച നടൻ – ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി – അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം – ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം – ജിയോ ബേബി)
മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ (ചിത്രം – എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെ​ഗ്ഡേ)
മികച്ച നവാഗത സംവിധായകൻ – മുസ്തഫ (ചിത്രം – കപ്പേള)
മികച്ച സ്വഭാവ നടൻ – സുധീഷ് (ചിത്രം – എന്നിവർ, ഭൂമിയിലെ മനോഹ​ര സ്വകാര്യം)
മികച്ച സ്വഭാവ നടി – ശ്രീരേഖ (ചിത്രം – വെയിൽ)
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം – സച്ചി)
മികച്ച ബാലതാരം ആൺ – നിരഞ്ജൻ. എസ് (ചിത്രം – കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ – അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് – സെന്ന ഹെഗ്ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ് (ചിത്രം – കയറ്റം)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച ഗാനരചയിതാവ് – അൻവർ അലി
മികച്ച സംഗീത സംവിധായകൻ – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ
മികച്ച പിന്നണി ഗായിക – നിത്യ മാമൻ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )

Comments are closed.