DCBOOKS
Malayalam News Literature Website

വൈവിധ്യങ്ങളൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 16-ന് തുടക്കം കുറിക്കുകയാണ്. സമകാലിക കലാ-സാഹിത്യ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം അതിഥികളാണ് കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നത്. ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിച്ചിരിക്കുന്ന കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കവി കെ.സച്ചിദാനന്ദനാണ്.

സംവാദങ്ങള്‍, നേരിട്ടുള്ള പ്രഭാഷണങ്ങള്‍, പുസ്തകവര്‍ത്തമാനങ്ങള്‍, വായനക്കാരുടെ സംവാദങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സദസ്സുകളാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സഹൃദയര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ചരിത്രം, സാഹിത്യം, ശാസ്ത്രം, കായികം, കല, ദര്‍ശനം, സിനിമ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലുള്ള വിഷയങ്ങള്‍ അഞ്ചു വേദികളിലായി നാലു ദിവസങ്ങളില്‍ നടക്കുന്നു.

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവുമാണ് കെ.എല്‍.എഫിന്റെ ഇത്തവണത്തെ ഫോക്കസ് തീം. സ്‌പെയിനാണ് അതിഥി രാജ്യം. സ്‌പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു. ബ്രിട്ടന്‍, സ്ലൊവേനിയ. ഈജിപ്റ്റ്, അയര്‍ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇത്തവണ തമിഴാണ് അതിഥി ഭാഷയാകുന്നത്.

അഞ്ച് വേദികള്‍, അഞ്ഞൂറോളം പ്രഭാഷകര്‍

രാജ്ദീപ് സര്‍ദേശായി, ബി.ആര്‍.പി.ഭാസ്‌കര്‍, കരണ്‍ ഥാപ്പര്‍, ഫ്രാന്‍സിസ്‌കോ ലോപ്പസ്, എയ്ഞ്ചല്‍ ലോപ്പസ് ( സ്‌പെയിന്‍) തുടങ്ങിയ പ്രശസ്ത മാധ്യമപ്രവര്‍ത്തകരും ശിവ് ഖേര, ടി.എം. കൃഷ്ണ, ശശി തരൂര്‍, കൃഷ്ണ രാമാനുജന്‍, ചന്ദന്‍ ഗൗഡ, മോണിക്ക റോഡ്രിഗസ്, ചരിത്രകാരന്മാരായ മനു എസ്.പിള്ള, വില്യം ഡാല്‍റിംപിള്‍, വിക്രം സമ്പത്ത്, പാര്‍വ്വതി ശര്‍മ്മ, എം.വെങ്കിടാചലപതി, ടോണി ജോസഫ്, പെരുമാള്‍ മുരുകന്‍, ഇസൈ, നമിത ഗോഖലെ, നിഷി ചൗള, പരമിത സത്പതി, ആനന്ദ് തേല്‍തുംതെ, വിനയ് ലാല്‍, മുനി നാരായണപ്രസാദ്, കെ.ആര്‍.മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍, അല്‍ക്കാ പാണ്ഡേ, റിയാസ് കോമു, സുബോധ് കേര്‍കര്‍, കണ്ണന്‍ സുന്ദരം, എസ്.രാമകൃഷ്ണന്‍, ചേരന്‍ രുദ്രമൂര്‍ത്തി (ശ്രീലങ്ക), അരിസിറ്റസ്( ദക്ഷിണാഫ്രിക്ക), സല്‍മ, ഹേമന്ദ് ദിവതെ, സച്ചിന്‍ കേത്കര്‍, സുബ്രോ ബന്ദോപാദ്ധ്യായ, അരുന്ധതി സുബ്രഹ്മണ്യം, പത്മപ്രിയ, നന്ദിത ദാസ്, യു.എ.ഇയിലെ പരിസ്ഥിതി- കാലാവസ്ഥാവ്യതിയാന വിഭാഗം വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി തനി ബിന്‍ അഹമ്മദ് അല്‍സയൗദി എന്നിവരും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഇക്കിഗയ് എന്ന കൃതിയുടെ സഹ എഴുത്തുകാരന്‍ ഫ്രാന്‍സെസ് മിറേല്‍സും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അതിഥിയായി എത്തുന്നു.

പകല്‍സമയത്തെ സംവാദങ്ങള്‍ക്കു പുറമേ സായന്തനങ്ങളില്‍ നിരവധി കലാപരിപാടികളും സഹൃദയര്‍ക്കായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. ടി.എം.കൃഷ്ണയുടെ ശാസ്ത്രീയസംഗീതവിരുന്ന്, ജെര്‍മന്‍ ഡയസ് അവതരിപ്പിക്കുന്ന ഐബീരിയന്‍ സംഗീതനിശ,  സൂഫി സംഗീതം, കലാമണ്ഡലം ഗോപിയുടെ കഥകളി അവതരണം, ഭഗവാന്റെ മരണം- നാടകാവതരണം, അന്‍വര്‍ അലിയും ഓളം ബാന്റും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ് എന്നിവയും കെ.എല്‍.എഫിന്റെ ഭാഗമായുണ്ട്.

കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.