DCBOOKS
Malayalam News Literature Website

കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപ സഹായം; പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അകമഴിഞ്ഞ് സഹായിക്കാനുള്ള യു.എ.ഇ ഭരണാധികാരികളുടെ സന്മനസിന് കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിക്കുമെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജി.എസ്.ടിക്ക് പുറമെ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദീര്‍ഘകാല പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ സഹായം തേടും. തൊഴിലുറപ്പ് പദ്ധതികള്‍ക്ക് ഉള്‍പ്പെടെ 2600 കോടി രൂപയുടെ പാക്കേജ് വേണം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി കേന്ദ്രത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Comments are closed.