DCBOOKS
Malayalam News Literature Website

കുട്ടിക്കൂട്ടത്തിന് ഉത്സാഹം പകരാന്‍ കഥയും പാട്ടും; മൂന്നാം ദിനം ആലപ്പുഴ ജില്ലയില്‍

പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികള്‍ക്കായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യു എന്ന സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കഥയവതരണവും മറ്റ് കളികളും മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ ക്യാമ്പുകളിലാണ് സംഘം പരിപാടികള്‍ അവതരിപ്പിക്കുന്നത്. രാവിലെ 11.30-ന് പുന്നപ്ര എഞ്ചിനീയറിങ് കോളേജിലെ ക്യാമ്പില്‍ മനു ജോസും സംഘവും കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ ആവിഷ്‌ക്കരിക്കും. ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നായ കണിച്ചുകുളങ്ങരയില്‍ ഏകദേശം 800 കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാപരിപാടികള്‍ ഉച്ചക്ക് 2.30ഓടെ ആരംഭിക്കും.

ഓഗസ്റ്റ് 21-ന്  കോട്ടയം താഴത്തങ്ങാടി മുഹമ്മദന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ വെച്ചാണ് കലാസംഘത്തിന്റെ കഥയവതരണ പരിപാടികള്‍ ആരംഭിച്ചത്. പിന്നീട് കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലും തിരുവാര്‍പ്പിലും സംഘം കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഇന്നലെ ചങ്ങനാശ്ശേരി കുറിച്ചി പുത്തന്‍പള്ളി പള്ളി ക്യാമ്പിലും എസ് ബി കോളേജ് ക്യാമ്പിലും സംഘം എത്തിയിരുന്നു. ഇവിടെയെല്ലാം കുട്ടികള്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും സംഘാടകരും ഈ പരിപാടികളെ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.  ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളിലും വൈകിട്ട് തിരുവല്ല സാല്‍വേഷന്‍ ആര്‍മി ക്യാമ്പിലും കലാസംഘത്തിന്റെ പരിപാടികള്‍ അരങ്ങേറിയിരുന്നു.

കഥയവതരണത്തിന്റെ തത്സമയ സംപ്രേക്ഷണം ഡി.സി ബുക്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ക്ക് കാണാം

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക 9061394172, 9946109628

Comments are closed.