DCBOOKS
Malayalam News Literature Website

ജാതിയില്‍ ഉടല്‍പൂണ്ട കേരളം

കെ.വി. ശശി

ജ്ഞാനത്തെ ഉല്‍പ്പാദിപ്പിക്കുന്ന നിയാമകങ്ങളുടെ മണ്ഡലം എന്ന അര്‍ഥത്തില്‍ ഭാഷാകൗടലീയം ഒരു വ്യവഹാരമാണ്. മൗലികമായി ആര്യബ്രാഹ്മണികവ്യവഹാരം. അത് കേരളീയസന്ദര്‍ഭത്തില്‍ കേവലം വിനോദമോ സാഹിത്യരസികത്തമോ ലക്ഷ്യമാക്കുന്നതുമല്ല. രാജാക്കന്മാര്‍ക്ക് ഭരണം സുഗമവും ശാസ്ത്രീയവുമായി നിര്‍വഹിക്കുന്നതിനും സമാധാനക്രമപാലനത്തിനുമുള്ള പരിശീലനഗ്രന്ഥം ആയി വര്‍ത്തിക്കുകയായിരുന്നു. അങ്ങനെ കേരളത്തിന്റെ അബോധഘടനയെ ബ്രാഹ്മണികമാക്കിത്തീര്‍ത്ത വ്യവഹാരം എന്ന് ഭാഷാകൗടലീയത്തെ വിളിക്കാം.

മലയാളത്തിലെ പ്രഥമ ഗദ്യഗ്രന്ഥമാണ് ഭാഷാകൗടലീയം. അജ്ഞാതകര്‍തൃകമായ ഈ കൃതിയുടെ രചനാകാലം ക്രിസ്തുവര്‍ഷം പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാര്‍ധമാണ്. മൗര്യസാമ്രാജ്യസ്ഥാപകന്‍ ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിപ്രമുഖന്‍ ചാണക്യന്‍(ബി.സി 321-297) രചിച്ച അര്‍ഥശാസ്ത്രം എന്ന ധര്‍മശാസ്ത്രഗ്രന്ഥത്തിന്റെ വ്യാഖ്യാനാത്മകതര്‍ജമയാണ് ഇത്. തര്‍ജമയുടെ കൈയെഴുത്തുപ്രതിയില്‍ ഗ്രന്ഥശീര്‍ഷകം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സമ്പാദകര്‍ പഠനവിനിമയസൗകര്യാര്‍ഥം നല്‍കിയതാണ് കൗടലീയംഭാഷ, ഭാഷാകൗടലീയം എന്നീ പേരുകള്‍.1 ഇന്ത്യന്‍ഭാഷകളില്‍ സംസ്‌കൃതം കഴിഞ്ഞാല്‍ മലയാളത്തില്‍ മാത്രമേ പ്രാചീനകാലത്ത് ഇതിന് തര്‍ജമ/വ്യാഖ്യാനം ഉണ്ടായിട്ടുള്ളൂ. മലയാളഭാഷയുടെ ജീനിയസ് വെളിപ്പെടുത്തുന്ന ചരിത്രസംഭവം ആണ് ഈ തര്‍ജമ. ഭാഷ, രാഷ്ട്രനിര്‍മാണയുക്തി എന്നീ നിലകളില്‍ ഇത് കേരളചരിത്രത്തിന്റെ സ്വത്വസാധൂകരണവ്യവഹാരമായി പ്രവര്‍ത്തിക്കുന്നു.

പ്രതിപദപഞ്ചിക (ഭട്ടസ്വാമി),നയചന്ദ്രിക (മാധവയജ്വാവ്), ജയമംഗല (ഭിക്ഷുപ്രഭമതി), ചാണക്യടീക(ശങ്കരാര്യന്‍), നീതിനിര്‍ണീതി യോഗ്ഘമന്‍), ഭാഷാകൗടലീയം (അജ്ഞാതകര്‍തൃകം) എന്നിവയാണ് അര്‍ഥശാസ്ത്രത്തിന്റെ ആറു പ്രാചീനവ്യാഖ്യാനങ്ങള്‍/തര്‍ജമകള്‍.2 ഭട്ടസ്വാമിയുടെ പ്രതിപദപഞ്ചിക സംക്ഷിപ്തവ്യാഖ്യാനമാണ്. രണ്ടാം അധികരണത്തിലെ എട്ടാം അധ്യായം തുടങ്ങി ആ അധികരണം അവസാനം വരെ മാത്രമേ വ്യാഖ്യാനം കിട്ടിയിട്ടുള്ളൂ. നയചന്ദ്രിക ഏഴാം അധികരണം ഏഴാം അധ്യായം മുതല്‍ 12-ാം അധികരണത്തിലെ നാലാം അധ്യായം വരെ മാത്രം. ജയമംഗള ഒന്നാം അധികരണത്തിന്നു മാത്രമേയുളളൂ. ചാണക്യടീകയില്‍ രണ്ടാം അധികരണവും മൂന്നാം അധികരണത്തിന്റെ ഒന്നാമധ്യായവും മാത്രം. യോഗ്ഘമന്റെ നീതിനിര്‍ണീതി, ഒന്നാം അധികരണവും രണ്ടാം അധികരണത്തിലെ ഏതാനും ഭാഗവും മാത്രം. ഭാഷാകൗടലീയമാകട്ടെ തുടക്കം മുതല്‍ ഏഴാം അധികരണം ഒടുക്കം വരെയുണ്ട്. ഇതും നയചന്ദ്രികയും ചേര്‍ത്താല്‍, പതിനഞ്ചില്‍, പന്ത്രണ്ട് അധികരണങ്ങള്‍ക്കും വ്യാഖ്യാനമായി. അങ്ങിങ്ങ് വിട്ടുപോയിട്ടുണ്ടെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് അധികം അധികരണങ്ങള്‍ ഇതില്‍ വിസ്തൃതമായി തന്നെ വ്യാഖ്യാനിച്ചിരിക്കുന്നു. പതിനഞ്ച് അധികരണങ്ങളും നൂറ്റെണ്‍പത് പ്രകരണങ്ങളുമുള്ള അര്‍ഥശാസ്ത്രത്തിന്റെ ആദ്യത്തെ ഏഴ് അധികരണങ്ങള്‍ക്ക് മലയാളത്തില്‍ വ്യാഖ്യാനം/തര്‍ജമ കണ്ടുകിട്ടിയിട്ടുണ്ട്. വ്യാഖ്യാനം/തര്‍ജമകളില്‍ ഏറ്റവും ദീര്‍ഘവും സമഗ്രവും ഭാഷാകൗടലീയമാണെന്നു ചുരുക്കം. ഭാഷാകൗടലീയം ഒന്നും രണ്ടും അധികരണങ്ങള്‍ യഥാക്രമം ശ്രീവഞ്ചി സേതുലക്ഷ്മീപുസ്തകസഞ്ചിക പന്ത്രണ്ടാം നമ്പരായി 1930 ലും ചിത്രോദയമഞ്ജരീഗ്രന്ഥപരമ്പര Pachakuthira July 2021പത്തൊമ്പതാം നമ്പരായി 1938ലും കെ.സാംബശിവശാസ്ത്രി തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു. മൂന്നാം അധികരണം, തിരുവിതാംകൂര്‍ സര്‍വകലാശാല ഭാഷാഗ്രന്ഥാവലി അറുപത്തേഴാം നമ്പരായി 1945 ല്‍ വി.എ.രാമസ്വാമിശാസ്ത്രിയും നാലുമുതല്‍ ഏഴുവരെ അധികരണങ്ങള്‍ മദിരാശി സര്‍വകലാശാലയില്‍നിന്ന് 1960ല്‍ കെ.എന്‍.എഴുത്തച്ഛനും പ്രസിദ്ധീകരിച്ചു.

ഭാഷാകൗടലീയം ചരിത്രപരമായി കേരള/ഭാഷാചരിത്രത്തില്‍ മൂന്നര്‍ഥത്തില്‍ പ്രധാനമാണ്.

ഒന്ന്: കൗടലീയ അര്‍ഥശാസ്ത്രം പോലെ അതിസങ്കീര്‍ണമായ ഒരു ധര്‍മശാസ്ത്രഗ്രന്ഥം തര്‍ജമ ചെയ്യാന്‍ മലയാളം എന്ന ഒരു ഇന്ത്യന്‍പ്രാ ദശികഭാഷ പന്ത്രണ്ടാം ശതകത്തില്‍ത്തന്നെ ബലിഷ്ഠമായിരുന്നു.

രണ്ട്: സംസ്‌കൃതത്തില്‍ ഉണ്ടായ വ്യാഖ്യാനങ്ങള്‍ അഞ്ചും ഭാഗികങ്ങളും ഭാഷാവ്യാഖ്യാനത്തെ അപേക്ഷിച്ച് ചെറുതുമാണ്. സങ്കീര്‍ണമായ ഒരു സാങ്കേതികശാസ്ത്രഗ്രന്ഥത്തിന് സംസ്‌കൃതമൊഴികെയുള്ള ഭാരതീയഭാഷകളില്‍ ആദ്യമുണ്ടായ ഏറ്റവും ദീര്‍ഘമായ തര്‍ജമ എന്നത് കൃതിയുടെ പൊരുള്‍പ്പെരുക്കം വര്‍ധി
പ്പിക്കുന്നു; മലയാളത്തിന്റെ ജീനിയസും വൈജ്ഞാനികഗഭീരതയും വെളിപ്പെടുത്തുന്നു.

മൂന്ന്: ഭാഷ, രാഷ്ട്രനിര്‍മാണയുക്തി എന്നീ നിലകളില്‍ ഇത് കേരളചരിത്രത്തില്‍ ഗാഢസാന്നിധ്യമാണ്. ഭാഷ എന്ന നിലയില്‍ ഇത് മലയാളഗദ്യത്തിന്റെ സൃഷ്ടുന്മുഖത ഉറപ്പിക്കുന്നു. വ്യവഹാരം എന്ന നിലയില്‍ കേരളീയവ്യവഹാരങ്ങളെ ബ്രാഹ്മണീകരിച്ച് ആര്യബ്രാഹ്മണികയുക്തികളില്‍ അധിഷ്ഠിതമായ കേരളത്തെ ദക്ഷിണമായ ആര്യാവര്‍ത്തമായി പുനര്‍വിഭാവനം ചെയ്യുന്നു.

ഗ്രന്ഥത്തിന്റെ രചനാകാലം, ഭാഷാസവിശേഷതകള്‍, കേരളചരിത്രപഠനത്തിലുള്ള പ്രസക്തി എന്നിവ സംബന്ധിച്ച് ഉള്ളൂര്‍ (1953 ജൂണ്‍), ഇളംകുളം (1953 ഡിസമ്പര്‍), കെ.എന്‍. എഴുത്തച്ഛന്‍ (1960), എം.ജി.എസ് (2005) എന്നിവര്‍ നടത്തിയ പഠനങ്ങള്‍ കൃതിയെ ഭാഷാചരിത്രം, മലയാളവൈജ്ഞാനികത, കേരളചരിത്രം എന്നീ മണ്ഡലങ്ങളില്‍ സ്ഥാനപ്പെടുത്തിയിട്ടുണ്ട്.

”മലയാളത്തിലെ സാഹിത്യം നിസ്സാരമാണെന്നു വാദിക്കുവാന്‍ തുടങ്ങുന്നവരോട് അര്‍ഥശാസ്ത്രത്തിന് ഒരു പഴയതര്‍ജമ ഭാരതത്തിലെ മറ്റേതു ഭാഷയിലുണ്ടെന്നു നമുക്ക് ന്യായമായി ചോദിക്കാവുന്നതാണ്” (ഉള്ളൂര്‍, 2015:192)എന്നും ”വാസ്തവത്തില്‍ ഭാഷാചരിത്രപിപഠിഷുകള്‍ക്ക് ഒരു അനര്‍ഘമായ വജ്രഖനിതന്നെയാകുന്നു ഭാഷാകൗടലീയം” എന്നും ഉള്ളൂര്‍(2015:193). ”ശാസനങ്ങള്‍ പഠിച്ചില്ലെങ്കിലും കൗടലീയം ശരിയായി പഠിച്ചാല്‍ പ്രാചീനഭാഷാസാഹിത്യത്തില്‍ ഒരു പ്രവേശം ലഭിക്കുമെന്നുള്ളതില്‍ സംശയമില്ല” എന്ന് ഇളംകുളം(1997:164). ഇവ രണ്ടും ഭാഷാസംബന്ധിയാണെങ്കില്‍, ”അര്‍ഥശാസ്ത്രം രാജകീയവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കവിതപോലെ വെറും വിനോദത്തിന്നുവേണ്ടി ഇത്തരം ഗ്രന്ഥങ്ങള്‍ രചിപ്പാനിടയില്ല. ഏതെങ്കിലും രാജാവിന്റെ ആജ്ഞ പ്രകാരം പ്രയോഗികാവശ്യം മുന്‍നിര്‍ത്തി വല്ല നമ്പൂതിരിമാരും എഴുതിയായിരിയ്ക്കണം ഇത്” എന്നും ”ഭാഷാകൗടലീയകാരന്‍ മാതൃഭാഷയുടെ പൂര്‍ണരഹസ്യങ്ങള്‍ മനസ്സിലാക്കിയ മലയാളിയാണ്. സ്വഭാഷയില്‍നിന്നു കാറ്റും വെളിച്ചവും ഭക്ഷണവും നേടിയ ഒരു പണ്ഡിതന്നേ അതെഴുതുവാന്‍ കഴിയൂ എന്നു അതിലെ ഏതുഭാഗവും തെളിയിയ്ക്കുന്നു” എന്നും കെ.എന്‍.എഴുത്തച്ഛന്‍ (1960:ഃഃഃശശ) രാഷ്ട്രചിന്തയും ഭാഷാവിചാരവും കൂട്ടിയിണക്കുന്നു. ”പില്‍ക്കാല ചേരകാലത്ത്-ക്രിസ്തുവര്‍ഷം 10 നും 12നും മധ്യെയുള്ള ശതകങ്ങളില്‍, ഒരു പണ്ഡിതവ്യാഖ്യാതാവ് തയ്യാറാക്കിയ ഇപ്രകാരമൊരു വ്യാഖ്യാനം, ഭരണനിര്‍വഹണപരിശീലനത്തിനുള്ള കൈപ്പുസ്തകമെന്ന നിലയില്‍ ഭാഷാകൗടലീയത്തിന്റെ മൂല്യം രാജ്യത്തിലെ ഭരണവര്‍ഗം തിരിച്ചറിഞ്ഞിരുന്നു എന്നു സൂചിപ്പിക്കുന്നു” എന്ന എം.ജി.എസിന്റെ (2005:
324) നിരീക്ഷണമെത്തുമ്പോള്‍ ഭാഷാകൗടലീയപഠനം കേരളചരിത്രത്തിന്റെ ഗാഢപാരായണവഴിയായി വികസിക്കുന്നു. ഭാഷാപഠനം, ഭാഷാചരിത്രപഠനം, കേരളചരിത്രപഠനം, കേരളരാഷ്ട്രീയ-സാമൂഹ്യപഠനം എന്നീ മേഖലകളില്‍ ഈ ഗ്രന്ഥം മൗലി
കോപാദാനമായി വര്‍ത്തിക്കുന്നു. ദേശ/രാഷ്ട്രനിര്‍മാണവ്യവഹാരമാണ് ഭാഷാകൗടലീയം എന്ന വിചാരത്തിന് ഈ പഠനങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ വെളിച്ചം വിതറുന്നുണ്ട്. കേരളം എന്ന (ഭാവനാ)പ്ര/ദേശത്തെയും മലയാളി എന്ന ജനതയെയും ഉടല്‍പൂണ്ട ആര്യബ്രാഹ്മണികതയായി രൂപപ്പെടുത്തുന്ന വ്യവഹാരമായി ഭാഷാകൗടലീയം പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് വാദിക്കാന്‍ ഇവ വൈജ്ഞാനികമൂലധനമായി വര്‍ത്തിക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

 

Comments are closed.