DCBOOKS
Malayalam News Literature Website

കവിയൂര്‍ പൊന്നമ്മയും മറ്റു പൊന്നമ്മമാരും

നവംബർ ലക്കം പച്ചക്കുതിരയില്‍

ഡോ. വി. മോഹനകൃഷ്ണന്‍

സിനിമയുടെ ഭൂതകാലനിര്‍മ്മിതിയും യാഥാര്‍ത്ഥ്യനിര്‍മ്മിതിയും ചേര്‍ന്ന ഭാവനയിലാണ് കവിയൂര്‍ പൊന്നമ്മ എന്ന സവിശേഷ മാതൃബിംബം രൂപം കൊണ്ടത്. അതിലെ ഭൂതകാലമോ യാഥാര്‍ത്ഥ്യമോ സമഗ്രമല്ല. പഴയ മരുമക്കത്തായ കൂട്ടുകുടുംബവ്യവസ്ഥകളില്‍ നിന്ന് പില്‍ക്കാലത്ത് രൂപപ്പെടുത്തിയെടുത്ത ഈ മാതൃകക്ക് അംഗീകാരം ലഭിച്ചതോടെ അത് സിനിമയില്‍ ചിരപ്രതിഷ്ഠിതമായി. കവിയൂര്‍ പൊന്നമ്മ ഇത്തരമൊരു മാതൃകയ്ക്ക് പുറത്ത് അഭിനയിച്ച നിരവധി കഥാപാത്രങ്ങള്‍ അതോടേ വിസ്മൃതമായി. ദിവ്യത്വം കല്പിക്കപ്പെട്ട അമ്മ എന്ന ആള്‍ദൈവരൂപം അവര്‍ക്കു ലഭിച്ചു.

ലിയ ചുവന്നപൊട്ട്, തടിച്ച ശരീരം, നിറഞ്ഞ ചിരി ഇവയെല്ലാം ചേർന്ന കവിയൂർ പൊന്നമ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ജീവിതത്തിൽ നിന്ന് ഒരു പാതിയും അവസാനകാല സിനിമകളിൽ നിന്ന് മറുപാതിയും ചേർത്തൊട്ടിച്ചതാണ് ഈ ചിത്രം. തടിച്ച ശരീരവും Pachakuthira Digital Editionനിറഞ്ഞചിരിയും ആർദ്രവും ആജ്ഞാശക്തിയുള്ളതുമായ ഭാവങ്ങളും തൊണ്ണൂറുകൾക്കു ശേഷമുള്ള സിനിമകളിൽ വ്യാപകമെങ്കിലും വലിയ ചുവന്ന പൊട്ട് അവയിലെങ്ങും കാണാനാവില്ല. എം.എസ്.സുബ്ബലക്ഷ്മിയെ പോലെ ഒരു ഗായികയാവണമെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ ആഗ്രഹം. സുബ്ബലക്ഷ്മിയോടുള്ള ആരാധനയിൽ നിന്ന് ലഭിച്ചതാണ് ആ പൊട്ട്.ആദ്യകാല സിനിമകളിലും ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ചുവന്ന പൊട്ട് സാദ്ധ്യമായത്. അപ്പോഴേക്കും അവർ സഹനടിയായും അമ്മയായും പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.

താരങ്ങളുടെ സമൂഹജീവിതം സിനിമ നിർമ്മിച്ചുനൽകിയ യാഥാർത്ഥ്യങ്ങളിലാണ് നിലകൊള്ളുന്നത്. സിനിമയിൽ മറ്റുവേഷങ്ങളേക്കാൾ അമ്മവേഷങ്ങൾ അവതരിപ്പിച്ച കവിയൂർ പൊന്നമ്മ സിനിമക്കു പുറത്തും ‘മാതൃബിംബ’മായി മാറി. വഴക്കാളികളും ഏഷണിക്കാരും ‘അസംസ്കൃത’ഭാഷയിൽ സംസാരിക്കുന്നവരുമായ അമ്മമാരിൽ നിന്നു വ്യത്യസ്തമായി കവിയൂർ പൊന്നമ്മ തന്റെ അവസാനകാല വേഷങ്ങളിലൂടെ നന്മയും വാൽസല്യവും അനുഗ്രഹശക്തിയുമുള്ള ‘മാതൃകാമാതാവി’ന്റെ പ്രതീകമായി. വാൽസല്യാതിരേകത്തോടൊപ്പം ആജ്ഞാശക്തിയുള്ളതുമായിരുന്നു അവയിൽ പല കഥാപാത്രങ്ങളും. അതിന് ലഭിച്ച സ്വീകാര്യത ‘മിച്ചമൂല്യ’മായി മുഖ്യധാരാസിനിമ ആവർത്തിച്ചുപയോഗിക്കുകയും ചെയ്തു.കവിയൂർ പൊന്നമ്മക്കു സമാന്തരമായി അമ്മ വേഷങ്ങളിൽ തിളങ്ങിയ മറ്റു ‘പൊന്നമ്മ’മാരുടെ (ആറന്മുള്ള പൊന്നമ്മ, മാവേലിക്കര പൊന്നമ്മ, സുകുമാരി, ഫിലോമിന, അടൂർ പങ്കജം, അടൂർ ഭവാനി, മീന, കെ.പി.എ.സി. ലളിത തുടങ്ങിയവർ) കഥാപാത്രങ്ങൾ ഇതിന്റെ മറുപുറവും എന്നാൽ പൊതുമാതൃകകളൊന്നും സൃഷ്ടിക്കാത്തവയുമായിരുന്നു.

പ്രായമേറിയ സ്ത്രീയുടെ ശരീരമോ ഭാവഹാവാദികളോ കൊണ്ടുമാത്രം സ്ഥിരമായി അമ്മവേഷങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട നടിയല്ല കവിയൂർ പൊന്നമ്മ.വളരെ ചെറുപ്പത്തിൽ തന്നെ അത്തരം വേഷങ്ങളിൽ അവരഭിനയിച്ചിട്ടുണ്ട്. സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്ത സിനിമകളിൽ അമ്മവേഷങ്ങൾ തന്നെയെങ്കിലും അവ ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ് (1971/വിവിധ വേഷങ്ങൾ, 1972/തീർത്ഥയാത്ര, 1973/വിവിധ വേഷങ്ങൾ, 1994/തേന്മാവിൻ കൊമ്പത്ത്).

2

കുടുംബവും സമൂഹവുമായി നടക്കുന്ന പ്രതിപ്രവർത്തനങ്ങളിലൂടെയാണ് കഥാപാത്രങ്ങൾ മൂർത്തരൂപം കൈക്കൊള്ളുന്നത്.അതിനാൽ തന്നെ ഒരു കഥാപാത്രവും ഒറ്റയ്ക്കു നിൽക്കുന്ന പ്രതിഭാസമല്ല. പ്രണയിനിയും ഭാര്യയും അമ്മയും മുത്തശ്ശിയും വിധവയുമായിരുന്നു കവിയൂർ പൊന്നമ്മയുടെയും കഥാപത്രങ്ങൾ.പല കഥാപാത്രങ്ങൾക്കുമൊപ്പം ഭക്തിയും തറവാട്ടധികാരങ്ങളുമുണ്ടായിരുന്നു. പുറമേ നിസ്സംഗമെങ്കിലും പ്രണയവും കാമവുമിട കലർന്ന ആസക്തികൾ ഉള്ളിലൊതുക്കിയ വിധവകളെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ചിട്ടുണ്ട്. പിൽക്കാലത്ത് ബിംബവൽക്കരിക്കപ്പെട്ട അമ്മ(മുത്തശ്ശി) വേഷങ്ങൾക്കൊപ്പവും വൈധവ്യം അദൃശ്യമായുണ്ടായിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച മൂന്നു വ്യത്യസ്ത വേഷങ്ങളിൽ രണ്ടെണ്ണം ചെറുപ്പക്കാരികളായ വിധവകളുടേതും (കൊടിയേറ്റം, മുഖാമുഖം) മറ്റൊന്ന് സന്ന്യാസിനിയുടെതുമാണ് (അനന്തരം). ‘കഥാപുരുഷ’നിൽ മുത്തശ്ശിയായി അഭിനയിച്ചത് ആറന്മുള പൊന്നമ്മയായിരുന്നു. ‘കൊടിയേറ്റ’ത്തിൽ അടൂർ ഭവാനിക്കായിരുന്നു അമ്മവേഷം. ‘കൊടിയേറ്റ’ത്തിലെ വിധവയായ കമലമ്മക്ക് ശങ്കരൻ കുട്ടിയോടുള്ള നിഗൂഢ താല്പര്യത്തോടൊപ്പം മറ്റൊരാളുമായി ബന്ധമുണ്ടെന്ന സൂചനയും സിനിമയിലുണ്ട്. അമ്പല ക്കുളത്തിൽ ചാടി മരിച്ച കമലമ്മ ഗർഭിണിയായിരുന്നെന്നും കിംവദന്തിയുണ്ട്. ‘മുഖാമുഖ’ത്തിലെ വിധവയായ സാവിത്രി, ശ്രീധരന്റെ ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങുന്നു.

പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

Comments are closed.