DCBOOKS
Malayalam News Literature Website

കാട്ടിലോടുന്ന തീവണ്ടി എന്ന കവിതാസമാഹാരത്തിന് സുഗതകുമാരി എഴുതിയ അവതാരിക

 

തോന്നിയപോലെ ഒരു പുഴ എന്ന കൃതിക്കുശേഷം ആരാംബികയുടേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് കാട്ടിലോടുന്ന തീവണ്ടി. ‘അറിയാതെ’,’ അര്‍ത്ഥഗര്‍ഭം’, ‘നേരം വെളുക്കുന്നത്’, ‘വെയിലമ്മ’, ‘കാട്ടിലോടുന്ന തീവണ്ടി’, ‘ഉറുമ്പരിക്കുന്ന വാക്ക്’ തുടങ്ങിയ നാല്പത്തിയെട്ട് കവിതകളുടെ സമാഹാരമാണ് കാട്ടിലോടുന്ന തീവണ്ടി. പുസ്തകത്തിന് അവതാരികയെഴുതിയിരിക്കുന്നത് പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറാണ്.

ആര്യാംബികയുടെ കവിതയില്‍ ആകെയൊരു കുലീനമായ കുട്ടിത്തമുണ്ട്. ഗ്രാമക്കിണറിനപ്പുറം പോകാത്തതാണ് ആ തിരക്കില്ലാത്ത നടത്തം. ഒക്കത്തൊരു കുഞ്ഞും ചുണ്ടത്തൊരു പാട്ടുമായി അവിടേക്കവള്‍ നടക്കുകയാണ്. അഴകും ഒഴുക്കുമുള്ള ഈ കവിതകള്‍ വായിക്കുമ്പോള്‍ ഒരമ്പരപ്പാണ് ഉള്ളില്‍ നിറഞ്ഞത് ഇപ്പോഴുമുണ്ടോ ഇങ്ങനെയൊക്കെയെഴുതുന്നവര്‍ ! പുതിയ കവിതയുടെ കടുപ്പവും മൂര്‍ച്ചയും ദുര്‍ഗ്രഹതയും കണ്ടും തൊട്ടുംനോവുന്ന കണ്ണുകള്‍ക്ക് ഇവ കുളുര്‍മ്മ പകര്‍ന്നു” എന്ന് സുഗതകുമാരി അവതാരികയില്‍ പറയുന്നു.

പുസ്തകത്തിന് സുഗതകുമാരി എഴുതിയ അവതാരികയുടെ പൂര്‍ണ്ണരൂപം;

    അഴകും ഒഴുക്കുമുള്ള ഈ കവിതകള്‍ വായിക്കുമ്പോള്‍ ഒരമ്പരപ്പാണ് ഉള്ളില്‍ നിറഞ്ഞത് – ഇപ്പോഴുമുണ്ടോ ഇങ്ങനെയൊക്കെയെഴുതുന്നവര്‍! പുതിയ കവിതയുടെ കടുപ്പവും മൂര്‍ച്ചയും ദുര്‍ഗ്രഹതയും കണ്ടും തൊട്ടും നോവുന്ന കണ്ണുകള്‍ക്ക് ഇവ കുളുര്‍മ്മ പകര്‍ന്നു. എന്റെ പൊള്ളുന്ന നെറ്റി തലോടിത്തണുപ്പിച്ചു. ഉറക്കംവരാത്തപ്പോള്‍ അരികില്‍ വന്നിരുന്നു മൂളിപ്പാട്ടുപാടിത്തന്നു. ഈ കവിത ഒരു പെണ്ണാണ്, ശാലീനയായ ഒരു നാട്ടിന്‍പുറത്തുകാരി. വിദ്യാഭ്യാസവും വിവരവും വായനയുമൊക്കെയുണ്ടെങ്കിലും മിണ്ടിയാല്‍ കണ്ണുനിറയുന്നവള്‍, ഉച്ചവെയിലേറ്റാല്‍ വാടിപ്പോകുന്നവള്‍, ‘ഏതു പൂവിന്‍മണമാണിത്’ എന്ന് ശങ്കിപ്പിക്കുമാറ് നേര്‍ത്ത, തീരെ നേര്‍ത്ത സുഗന്ധം പരത്തുന്നവള്‍. ഇവള്‍ക്കു മുകളില്‍ ആകാശവും കാറ്റും പൂക്കളും മേഘങ്ങളും രാത്രിയും അമ്പിളിങ്ങയും പ്രണയവുമുണ്ട്. ഈ കവിതയ്ക്ക് വാത്സല്യം ചുരത്തിനില്‍ക്കുന്ന മാറിടമുണ്ട്. ഈറനുണങ്ങാത്ത കണ്ണുകളുണ്ട്. കവിയുടെ പേരുപോലെതന്നെയാണ് ഈ കവിതയും-ആര്യമാണ്, അംബികാത്വമുണ്ട്. ഒരുപാടൊരുപാട് സ്‌നേഹപ്രകര്‍ഷവുമുണ്ട്.

എങ്കിലും ഇവയിലൊന്നുമൊതുങ്ങാത്ത ഒരു അസംതൃപ്തിയുടെ മുള്ള് ഉള്ളിലെവിടെയോ തറച്ചിരിപ്പുമുണ്ട്. ആര്‍ക്കും പിഴുതുകളയാനാവാത്തൊരു നോവിന്റെ കൂര്‍ത്തുനേര്‍ത്ത മുള്ള് ഇടയ്ക്കിടെ ഉടക്കി നോവിയറ്റുമ്പോള്‍ ആരാംബിക ഇങ്ങനെയൊക്കെ പറയും:

കാട്ടിലോടുന്ന തീവണ്ടി
കാട്ടിലോടുന്ന തീവണ്ടി

‘കെടുത്തി വെയ്ക്കൂ വെളിച്ചം’
‘തീയിതളുകളെന്‍ വഴി നീളെ
നീയിനിയുമുതിര്‍ക്കുക വാകേ’
‘എല്ലാമൊതുക്കിയാലും
ഒരിടമുണ്ട്
നെറുക വെട്ടിപ്പൊളിച്ചു
കവിഞ്ഞൊഴുകാന്‍’

പക്ഷേ, ആ നെറുകവെട്ടിപ്പൊളിക്കല്‍, അന്ധകാരത്തിലേക്ക് ഊളിയിടല്‍, നിശ്ശബ്ദമായി അട്ടഹസിക്കല്‍, കരള്‍ പിളര്‍ന്നുകാട്ടി പ്രതിഷേധിക്കല്‍, ഇവയൊന്നും ഈ കുലീനയായ കവിതയ്ക്ക് സാധിക്കയില്ല, ഇവള്‍ തനിപ്പെണ്ണാണ്. ഇവള്‍ക്കു പാടാനേ കഴിയൂ, കവിത മൂളാനേ കഴിയൂ, അടുക്കളപ്പണിയെടുക്കുമ്പോഴും കുഞ്ഞിനെ താരാട്ടാട്ടുമ്പോഴും ചുറ്റുമുള്ള ലാവണ്യങ്ങളെയും മണങ്ങളെയും കിളികളെയും സങ്കടത്തിന്റെ കടല്‍ക്കരയില്‍ കനിവിന്റെ കാറ്റേറ്റുനില്‍ക്കുന്ന നില്പിനെയും മണ്‍മറഞ്ഞ ആരുടെയൊക്കെയോ നന്മവന്നുതൊടുന്നതിന്‍ സ്പര്‍ശാനുഭൂതിയെയും ഉള്ളില്‍ വാരിയൊതുക്കിനില്‍ക്കുന്ന ഒരു അമ്മനില്പ്.
മനോഹരങ്ങളായ ചില അമ്മക്കവിതകള്‍ ഇക്കൂട്ടത്തിലുണ്ട്:
സ്ഥൂലത്തിലിങ്ങനെ,
എന്റെയുണ്ണി ഉറങ്ങിടും വരെ
കണ്ണാ നീയിങ്ങു പോരണേ
കാതിലോമനക്കാല്‍ത്തളച്ചിരി
ത്താളമായലിഞ്ഞീടണേ
വെണ്ണയെക്കാളും മാര്‍ദ്ദവമായെന്‍
കണ്ണനെപ്പുണരേണമേ
പാല്‍ മണക്കുന്ന ചുണ്ടുകള്‍ കൊണ്ട്
കണ്ണിലുമ്മ ചൊരിയണേ
പീലിയാലെ ഉഴിഞ്ഞകറ്റണേ
പേടിയാക്കും കിനാക്കളെ
(എന്റെ ഉണ്ണി ഉറങ്ങണമെങ്കില്‍)
ഉറക്കത്തിലാണെന്റെ കുഞ്ഞ്
കിടക്കുന്നതെന്നോടു ചേര്‍ന്ന്
തുറന്നേയിരിപ്പുണ്ടു ചുണ്ട്
നുണയ്ക്കുന്ന പാലും മറന്ന്
(വെറും തൊട്ടിലാട്ടാതെ കാറ്റേ)
സൂക്ഷ്മത്തിലിങ്ങനെയും,
കാറ്റിന്റെ താളത്തില്‍ തുള്ളും തളിരിനെ
കൂര്‍ത്തോരു നോക്കാല്‍ തളര്‍ത്തി നിര്‍ത്തി
എണ്ണമിനുപ്പും വിയര്‍പ്പും തുടയ്ക്കുമ്പോള്‍
എന്തോ മുഖം മങ്ങി വെയിലിനന്നും
(വെയിലമ്മ)

ആര്യാംബികയുടെ കവിതയില്‍ ആകെയൊരു കുലീനമായ കുട്ടിത്തമുണ്ട്. ഗ്രാമക്കിണറിനപ്പുറം പോകാത്തതാണ് ആ തിരക്കില്ലാത്ത നടത്തം. ഒക്കത്തൊരു കുഞ്ഞും ചുണ്ടത്തൊരു പാട്ടുമായി അവിടേക്കവള്‍ നടക്കുകയാണ്. അവള്‍ സങ്കീര്‍ണ്ണതകള്‍ കണ്ടിട്ടില്ല. നരകമെന്തെന്ന് അറിഞ്ഞിട്ടില്ല. തീരാശാപവും കെടാത്തീയും ചാകാപ്പുഴുവും മരണ ത്തണുപ്പുമൊന്നും അനുഭവിച്ചിട്ടില്ല. അനുഭവിക്കാതിരിക്കട്ടേ എന്ന് എന്റെ ഹൃദയം പറയുന്നു. എങ്കിലും തീക്ഷ്ണതരവും രാത്രിയുറക്കം കെടുത്തുന്നവയുമായ ഉണങ്ങാമുറിവുകള്‍പോലുള്ള കവിതകള്‍ തൊട്ടറിയുന്ന എന്നിലെ കവി, ഈ കവിയില്‍നിന്ന് അവയൊക്കെ പ്രതീക്ഷിക്കുന്നു. പക്ഷേ, വേണ്ടാ, എന്റെ കുട്ടി അതൊന്നുമറിയേണ്ട, എന്ന് എന്റെയുള്ളിലെ മാതൃത്വം വിലക്കുകയും ചെയ്യുന്നുവല്ലോ.

നന്നായിവരട്ടേ, ഭഗവദനുഗ്രഹം നേര്‍ന്നുകൊണ്ട്,

സുഗതകുമാരി

Comments are closed.