മറവിക്ക് വിട്ടുകൊടുക്കാന്‍ പാടില്ലാത്ത ഓര്‍മകളുടെ സഞ്ചയം
വി. മുസഫർ അഹമ്മദിന്റെ കര്‍മാട് റെയില്‍പാളം ഓര്‍ക്കാത്തവരേ എന്ന ലേഖനസമാഹാരത്തിന് വാസുദേവന്‍ കുപ്പാട്ട് തയ്യാറാക്കുന്ന വായനാസ്വാദനം.
വായനയില്‍ നിന്നും യാത്രയില്‍ നിന്നും നിരവധി ചിന്തകള്‍ നമുക്ക് വേര്‍തിരിച്ചെടുക്കാനാവും. പല ഓര്‍മകളും വീണ്ടെടുക്കാനും സാധിക്കും. അത്തരം ചിന്തകളുടെ സമാഹാരമാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി മുസഫര്‍ അഹമ്മദിന്റെ ‘കര്‍മാട് റെയില്‍പാളം ഓര്‍ക്കാത്തവരേ…‘ എന്ന ലേഖനസമാഹാരം. ചരിത്രവും സാഹിത്യവും രാഷ്ട്രീയവും സിനിമയും പ്രവാസവും തത്വചിന്തയും എല്ലാം ഇവിടെ കൈകോര്‍ക്കുന്നു. കേരളീയം വെബ് മാഗസിനില്‍ എഴുതിയ 25 ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഓര്‍മകള്‍ കൈമോശം വരുന്ന ഒരു ജനതയുടെ ജീവിതം ഒട്ടും ആശ്വാസ്യമല്ല എന്നാണ് ഈ പുസ്തകം നല്‍കുന്ന പ്രധാന പാഠം. വിവിധ സ്ഥലങ്ങളില്‍ പോകുമ്പോള്‍ മുസഫര്‍ കാലം മറന്നുപോകാനിടയുള്ള ഓര്‍മകളെ ചേര്‍ത്തുനിര്‍ത്തുകയാണ്. നമ്മുടെ സംസ്‌കാരത്തെ, ജീവിതനിലവാരത്തെ, കലാപരമായ മൂല്യങ്ങളെ എങ്ങനെ പുതുക്കിയെടുക്കാം എന്ന ആലോചന ലേഖനങ്ങള്‍ക്ക് കരുത്തും തെളിമയും പകരുന്നു.
കല്ലുകടിയന്‍ സ്രാവ് ജീവനെടുത്തവരെ അറിയാത്ത നമ്മുടെ കടല്‍ക്കല എന്ന ആദ്യ ലേഖനം നമ്മുടെ കടപ്പുറത്തെ കലാപ്രകടനങ്ങള്‍ കടല്‍ക്കരയിലെ സാധാരണക്കാരുടെ ജീവിതം എന്തുകൊണ്ട് ചിത്രീകരിക്കുന്നില്ല എന്നചോദ്യമാണ് ഉന്നയിക്കുന്നത്. കര്‍ണാടകരയിലെ കര്‍വാര്‍ കടല്‍തീരത്ത് റോക്ക് ഗാര്‍ഡനില്‍ മത്സ്യബന്ധന കുടുംബത്തിന്റെ കരിങ്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ ശില്‍പമുണ്ട്. അതു കാണുമ്പോഴാണ് ലേഖകന്‍ കേരളത്തിലെ സമൃദ്ധമായ കടപ്പുറത്ത് ഇത്തരം ശില്‍പങ്ങള്‍ എന്തു കൊണ്ട് ഉദയം ചെയ്യുന്നില്ല എന്ന ചിന്തയാണ് പങ്കുവെക്കുന്നത്. കാനായി കുഞ്ഞിരാമന്റെ ശംഖുമുഖത്തെ സാഗരകന്യക, പല കടലോരങ്ങളിലും ഉള്ള കുരിശടികള്‍, കൊല്ലം പനമുക്ക് കടല്‍പരപ്പിനോട് ചേര്‍ന്നു നില്‍ക്കുന്ന വിളക്കമ്മ എന്ന ശില്‍പം, വിഴിഞ്ഞത്തെ സിന്ധുയാത്രാ മാതാവിന്റെ ശില്‍പം എന്നിവ കേരളത്തിലെ കടലോരങ്ങളില്‍ ഉണ്ട്. എന്നാല്‍ മീന്‍പിടിച്ച് ഉപജീവനം കഴിക്കുന്ന ഒരു കുടുംബത്തെ ചിത്രീകരിക്കാന്‍ നമ്മുടെ ചിത്രകാരന്മാരും ശില്‍പികളും എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. നിത്യജീവിതത്തിലെ ഒരു നിമിഷത്തെ ആവിഷ്‌കരിക്കുന്ന കാര്‍വാര്‍ ശില്‍പത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതെല്ലാം ലേഖകന്റെ ചിന്തയില്‍ എത്തുകയാണ്. സുനാമി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ കടപ്പുറത്ത് ജീവിക്കുന്നവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടതാണ്. എന്നാല്‍ അവര്‍ ഇന്നും ജീവിക്കുന്നത് നമ്മുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിന്റെ പുറത്താണ് എന്ന് ലേഖനം ചൂണ്ടികാണിക്കുന്നു.
എ. ആന്‍ഡ്രൂസ് പോര്‍ട്ട് കൊല്ലം എഴുതിയ ‘എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍’ എന്ന പുസ്തകം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കടല്‍-മത്സ്യത്തൊഴിലാളികളുടെ ജീവിതം ആഴത്തില്‍ പരിശോധിക്കുന്ന കൃതിയാണത്. അക്കാലത്ത് കൊല്ലത്തെ വട്ടക്കല്ലിന്റെയും തൊട്ടടുത്തുള്ള കാക്കകല്ലിന്റെയും തടങ്ങളില്‍ ഭീമാകാരങ്ങളായ കല്ലുകടിയന്‍ സ്രാവ്, കടുവാ എന്നറിയപ്പെടുന്ന നെടുവാ, വലിയ അഞ്ചാള എന്നിവ സൈ്വരവിഹാരം നടത്തുക പതിവായിരുന്നു. മാര്‍ട്ടിന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ വള്ളം കരിങ്കല്‍കോട്ടയില്‍ തട്ടി തകര്‍ന്നു. മാര്‍ട്ടിന്‍ വട്ടക്കല്ലിന്റെ ശക്തമായ തിരമാലകളെ മുറിച്ച് തെക്കോട്ടു നീന്തി. തങ്കശ്ശേരിയില്‍ നിന്നെത്തിയ ഒരു വള്ളത്തിലെ ആളുകള്‍ മാര്‍ട്ടിനെ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടുകിട്ടിയില്ല. അവരെല്ലാം കല്ലുകടിയന്‍ സ്രാവുകള്‍ക്ക് ഇരയായി മാറിയിട്ടുണ്ടാവാം. കടലില്‍ പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എത്രമാത്രം കഴിയാറുണ്ട് എന്ന ചോദ്യം ഇവിടെ ഉയരുന്നു. മാര്‍ട്ടിനെ പോലുള്ളവരുടെ മനസ്സില്‍ എന്നും ഉയരുന്ന ചോദ്യമാണിത്. കടലില്‍ പോവുകയും തിരമാലകളോട് മല്ലടിച്ച് ജീവിക്കുകയും ചെയ്യുന്നവരുടെ ജീവിതം ആരെങ്കിലും അടയാളപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.
കലയിലും സാഹിത്യത്തിലും കടലോരജീവിതം രേഖപ്പെടുത്താറുണ്ട്. തകഴിയുടെ ചെമ്മീനും മറ്റും ഉദാഹരണം. എന്നാല്‍ അവയിലൊക്കെ ബീച്ച് കമ്മീഷന്‍ഡ് കല പോലെ തന്നെയാണ് സാഹിത്യകൃതികളിലും കടലോരജീവിതം ആവിഷ്‌കരിക്കപ്പെട്ടതെന്ന് എ. ആന്‍ഡ്രൂസ് പറയുന്നുണ്ട്. കടലില്‍ പണിയെടുക്കുന്നവരുടെ ആത്മകഥ മറ്റേത് ആത്മകഥകളെയും വെല്ലുന്നതാണ്. അത് വ്യക്തമാക്കുന്ന ചില ജീവിതക്കുറിപ്പുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ഉരുവില്‍ പണിയെടുത്ത് ഷാര്‍ജയിലും ഇറാനിലും സഞ്ചരിച്ച അന്ത്രു എന്ന കാസര്‍കോട്ടുകാരന്‍ എണ്‍പതുകാരന്റെ ജീവിതം ആരെയും ത്രസിപ്പിക്കുന്നതാണ്. പൊന്നാനിക്കാരന്‍ കെ കെ കാദര്‍ കടല്‍യാത്രയില്‍ അപകടം മുന്‍കൂട്ടി കാണാന്‍ കഴിയുന്നതിന്റെ പരിചയം എടുത്തു പറയുന്നു. യാത്രയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന കാറ്റിന്റെ സ്വാധീനത്തെപ്പറ്റിയാണ് പൊന്നാനിയില്‍ നിന്നുള്ള കുഞ്ഞുബാവ(62) പറയുന്നത്.
കേരളത്തില്‍ ദീര്‍ഘമായ കടലോരമുണ്ട്. മത്സ്യസമ്പത്തിന്റെ കാര്യത്തിലും പിന്നിലല്ല. എന്നാല്‍ കടലോരജീവിതത്തെപ്പറ്റി ഓര്‍ക്കണമെങ്കില്‍ സുനാമി വരണം. ശില്‍പി കെ പി കൃഷ്ണകുമാര്‍ കടല്‍മനുഷ്യരുടെ ജീവിതം കലയില്‍ അടയാളപ്പെടുത്താന്‍ ആഗ്രഹിച്ചു. 1989ല്‍ ആലപ്പാട് ക്യാമ്പ് നടന്നപ്പോള്‍ ബോട്ട് മാന്‍ എന്നൊരു ശില്‍പം ഒരുക്കി. ബോട്ട് വുമണ്‍ എന്നൊരു ശില്‍പവും നമ്മുടെ കടല്‍ക്കരയില്‍ ഉണ്ടാവേണ്ടതാണ്. ബോട്ട്മാന്‍ ശില്‍പം ഉണ്ടാക്കിയ കൃഷ്ണകുമാര്‍ 1989 ഡിസംബര്‍ 26ന് ജീവിതം അവസാനിപ്പിച്ചു. കടല്‍ക്കരയില്‍ പുരുഷനോടൊപ്പം ജീവിതത്തോട് മല്ലിടുന്ന സ്ത്രീയുടെ ശില്‍പവും ഉണ്ടാകുമോ എന്ന ചോദ്യം കൃഷ്ണകുമാറിന്റെ അഭാവത്തിലും മുസഫര്‍ അഹമ്മദ് മുന്നോട്ട് വെക്കുന്നുണ്ട്.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ അബ്ദുറസാഖ് ഗൂര്‍ണ നടത്തുന്ന കേരളത്തെപ്പറ്റി നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. നോബല്‍ സമ്മാനം നേടുന്നതിന് മുമ്പാണ് ഡല്‍ഹി ജാമിയ ഇസ്്‌ലാമിയയിലെ പ്രഫ. നിഷാദ് സൈദി, ചരിത്രകാരന്‍ ദിലീപ് എം മേനോന്‍ എന്നിവരുമായി സൂമില്‍ നടത്തിയ സംഭാഷണത്തില്‍ ഗൂര്‍ണ കേരളത്തെ സ്്പര്‍ശിച്ചത്. കിഴക്കന്‍ ആഫ്രിക്കയിലെ സാന്‍സിബാറില്‍ ജനിച്ച് യു.കെയില്‍ പ്രവാസജീവിതം നയിക്കുന്ന ഗൂര്‍ണക്ക് ഇന്ത്യന്‍ മഹാസമുദ്രതീരത്തുള്ള ജീവിതത്തെപ്പറ്റി അറിയാം. ആഫ്രിക്കക്കാരന്‍ എന്ന നിലയില്‍ ഗൂര്‍ണയുടെ ജീവിതപരിസരം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരവുമായി ബന്ധപ്പെട്ടതാണ്. ഗൂര്‍ണയുടെ മാതൃഭാഷ സ്വാഹിലിയാണ്. ചരിത്രകാരനും സഞ്ചാരിയുമായ ഇബ്്‌നുബത്തൂത്ത കണ്ണൂരിലെ ഏഴിമലയില്‍ സ്വാഹിലി സംസാരിക്കുന്ന ഖാസിയെ കണ്ടതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ഒരു ദേശത്തിന്റെ മാതൃഭാഷ 14ാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ പ്രവേശിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ഗൂര്‍ണയുടെ സംഭാഷണത്തില്‍ കേരളം കടന്നുവന്നതില്‍ അതിശയമില്ല. സഞ്ചാരത്തിന്റെ പാതയില്‍ ഭാഷയും സംസ്‌കാരവും വേഗം ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ദൃശ്യം ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗൂര്‍ണയുടെ പുതിയ നോവല്‍ ആഫ്റ്റര്‍ ലൈവ്‌സില്‍ പിഞ്ഞാണത്തിലെഴുത്ത് എന്ന ചികിത്സാ സമ്പ്രദായം കടന്നുവരുന്നുണ്ട്. വസിയിലെഴുത്ത് എന്ന പേരില്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒന്നാണിത്. അസുഖമുണ്ടായാല്‍ പിഞ്ഞാണത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ മഷി കൊണ്ട് എഴുതി അത് കുടിക്കുന്ന രീതിയാണ് പിഞ്ഞാണത്തില്‍ എഴുത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാന്‍സിബാറിലും യമനിലും സുഡാനിലും സോമാലിയയിലുമൊക്കെ ഇതുണ്ടായിരുന്നു. ഇത് ഇന്ത്യന്‍ മഹാസമുദ്ര തീരപാതയിലൂടെയാവണം കേരളത്തില്‍ എത്തിയത്. ഈ ചികിത്സാരീതി അന്ധവിശ്വാസമെന്ന പേരില്‍ പിന്നീട് വിമര്‍ശിക്കപ്പെട്ട കാര്യവും ലേഖകന്‍ ചൂണ്ടികാട്ടുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപാത പല രാജ്യങ്ങളുടെയും ജീവിതപ്പാതയായി മാറുന്നു എന്ന കാര്യം ലേഖനം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഗൂര്‍ണോയുടെ ആഖ്യാനദേശം യുകെ പോലുള്ള പ്രവാസഭൂമിയായിരിക്കുമെങ്കിലും അതിന്റെ വേര് കിഴക്കന്‍ ആഫ്രിക്കന്‍ ദേശങ്ങള്‍ ആയിരിക്കും. ഗൂര്‍ണോയുടെ ‘കൂടുകള്‍’ എന്ന കഥ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗൂര്‍ണോയുടെ ‘ബൈ ദി സീ’, ‘ഡസേര്‍ഷന്‍’, ‘പാരഡൈസ്’ തുടങ്ങിയ രചനകളും ലേഖകന്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നുണ്ട്.
പരിചിതമായ വിഷയങ്ങളില്‍ തന്നെ വ്യത്യസ്തമായ അറിവുകള്‍ പ്രദാനം ചെയ്യുന്ന അടരുകള്‍ ഈ ലേഖനസമാഹാരത്തെ സമ്പന്നമാക്കുന്നു. ഗുരുവിന്റെ കാല്‍പടമായ പുലിത്തോല്‍ എന്ന ലേഖനത്തില്‍ ഇങ്ങനെ കാണുന്നു: വന്യമൃഗങ്ങളെ വെടിവെക്കാനുള്ള അവകാശം എന്ന നിലയില്‍ നല്‍കുന്ന പാസിനുവേണ്ടിയുള്ള അപേക്ഷ പില്‍ക്കാലത്ത് മയക്കുവെടി വെക്കാനുള്ളതായി രൂപാന്തരപ്പെട്ടു. മയക്കിയ മൃഗത്തെ കാട്ടിലേക്ക് തന്നെ വിടുന്നതാണ് രീതി. പാരിസ്ഥിതിക തിരിച്ചറിവില്‍ നിന്നാണ് ഈ ബോധം ഉണ്ടായതെന്ന് ലേഖകന്‍ പറയുന്നു.
വിഖ്യാത പക്ഷി ശാസ്ത്രജ്ഞന്‍ സാലിം അലിയുടെ ആത്മകഥ ഒരു കുരുവിയുടെ പതനം (വിവര്‍ത്തനം കെ. ബി പ്രസന്നകുമാര്‍) ഇന്ന് വായിക്കുമ്പോള്‍ ചില ഞെട്ടലുകള്‍ തീര്‍ച്ചയായും ഉണ്ടാവും. പക്ഷികളെ വെടിവെച്ച് വീഴ്ത്തിയും വലവെച്ചു പിടിച്ചും സ്റ്റഫ് ചെയ്തുവെച്ചും പഠനങ്ങള്‍ നടത്തുന്ന സാലിംഅലിയെ നാം കാണുന്നു. പിന്നീടാണ് സാലിംഅലിയുടെ മനോഭാവങ്ങളില്‍ മാറ്റം ഉണ്ടാവുന്നത്.
മുന്‍കാലങ്ങളില്‍ വനത്തില്‍ ആനയുടെ ജഡം കണ്ടാല്‍ പെട്രോളൊഴിച്ച് കത്തിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വയം അഴുകലിന് അനുവദിക്കുകയാണ്. കാട്ടില്‍ ആനയുടെ ജഡം പലതരത്തില്‍ ആഹരിക്കുന്ന ഒരു ഇക്കോ സിസ്റ്റം പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് മാനുകള്‍ ആനയുടെ എല്ലുകള്‍ ഭക്ഷിക്കും. അവയുടെ കൊമ്പുകളുടെ വളര്‍ച്ചക്ക് വേണ്ടിയാണേ്രത ഇത്. ആനയുടെ ജഡം കത്തിക്കുമ്പോള്‍ മാനുകള്‍ക്ക് അവയുടെ പങ്ക് കിട്ടാതെ പോവുന്നു. ഊട്ടി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത സന്ദര്‍ഭത്തിലാണ് ലേഖകന്റെ മനസ്സിലേക്ക് നാരായണഗുരു കടന്നുവരുന്നത്. സാഹിത്യോത്സവത്തില്‍ നാരായണഗുരുവിനെപ്പറ്റി രാമചന്ദ്രഗുഹ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഏതായാലും പുലിത്തോല്‍ കാല്‍പടമായി വെച്ച ഗുരുവിന്റെ ചിത്രം ഇവിടെ ഓര്‍ക്കുകയാണ്. എഴുപതോളം ശിഷ്യന്മാരുമൊത്തുള്ള ഗുരുവിന്റെ ഫോട്ടോയില്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ പുലിത്തോലില്‍ പതിഞ്ഞിരിക്കുകയാണ്. ഒരു പീഡ ഉറുമ്പിനുപോലും വരുത്തരുത് എന്ന് ചിന്തയുമായി ജീവിച്ച ശ്രീനാരായണഗുരു ഇരിക്കുന്നിടത്ത് പുലിത്തോല്‍ വിരിച്ചത് ആരായിരിക്കും? ഏതായാലും അങ്ങനെ സംഭവിച്ചിരിക്കുന്നു എന്നുമാത്രം പറഞ്ഞ് ലേഖകന്‍ പിന്‍വാങ്ങുകയാണ്.
കോവിഡാനന്തരം ആലപ്പുഴയില്‍ നടന്ന ഒരു കലാപ്രദര്‍ശനത്തിന്റെ അനുഭവമാണ് കര്‍മാട് റെയില്‍പ്പാളം ഓര്‍ക്കാത്തവരെ എന്ന പുസ്്തകത്തിന്റെ പേരായി മാറിയ ലേഖനത്തില്‍ പറയുന്നത്. 267 കലാകാരന്മാര്‍ അണിനിരന്ന ആ ഇന്‍സ്റ്റലേഷനില്‍ ബോസ് കൃഷ്ണമാചാരിയായിരുന്നു ക്യുറേറ്റര്‍. അതില്‍ വിപിന്‍ ധനുര്‍ധരന്‍ തയാറാക്കിയ തീവണ്ടിപ്പാത എന്ന പ്രതിഷ്ഠാപനം കോവിഡ് കാലത്തെ ഇന്ത്യന്‍ അവസ്ഥയെ അതിതീവ്രമായി അവതരിപ്പിക്കുകയാണ്. 2020 മേയ് എ്്ട്ടാം തിയതി മഹാരാഷ്ട്ര ജല്‍നയിലെ ഇരുമ്പുരുക്ക് ഫാക്ടറിയിലെ തൊഴിലാളികളായ 16 പേര്‍ ഔറംഗബാദ് ജില്ലയിലെ കര്‍മാട് റെയില്‍വേ ട്രാക്കില്‍ വിശ്രമിക്കുമ്പോള്‍ ചരക്ക്തീവണ്ടി കയറി മരിച്ചു. കോവിഡ് മൂലം അടച്ചിടല്‍കാലം തുടങ്ങിയിരുന്നു. പണിയും കൂലിയും ഇല്ലാതായി കഴിഞ്ഞിരുന്നു. പാളത്തിലൂടെ അപ്പോള്‍ തീവണ്ടി വരില്ലെന്ന് കരുതിയാണ് അവര്‍ അവിടെ വിശ്രമിച്ചത്. അല്‍പനേരം വിശ്രമിച്ച് വീണ്ടും നടക്കാമെന്ന് കരുതിയ അവര്‍ ക്ഷീണം മൂലം പാളത്തില്‍ കിടന്ന് ഉറങ്ങിപ്പോയി. അപ്പോള്‍ അതുവഴി ഒരു ചരക്ക് വണ്ടി വന്നു.മൃതദേഹങ്ങള്‍ എടുത്തുമാറ്റിയ പലരുടെയും ഓര്‍മകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയദുരന്തമായി സംഭവം മാറി. ഇതാണ് വിപിന്‍ ധനുര്‍ധരന്‍ അവതരിപ്പിച്ചത്. വീട്, വീടില്ലായ്മ, വാസം, പ്രവാസം എന്നിങ്ങനെ കേരളീയജീവിതത്തിന്റെ ഇരട്ടമുഖങ്ങള്‍ ചോദ്യങ്ങളും പ്രതികരണങ്ങളുമായി ഇവിടെ തെളിയുന്നു.
എയിഡ്‌സ് എന്ന മഹോരോഗത്തെ എതിരിട്ട അനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന ഫസ്റ്റ് ഫാളന്‍ എന്ന ബ്രസീലിയന്‍ സിനിമയുടെ സംവിധായകന്‍ റോഡ്രിഗോ ഡി ഒലിവേരയുമായി മുസഫര്‍ നടത്തിയ അഭിമുഖം അടങ്ങുന്ന ‘ആദ്യം വീണ രോഗികള്‍ ഔദ്യോഗിക ചരിത്രം തിരുത്തുകയായിരുന്നു’ എന്ന ലേഖനവും ഉള്‍ക്കാഴ്ച കൊണ്ട് സമ്പന്നമാണ്. രോഗം ഒരു കുറ്റമല്ലെന്ന യാഥാര്‍ത്ഥ്യം ഈ ചിത്രത്തില്‍ തെളിയുന്നുണ്ടെന്ന് ലേഖകന്‍ പറയുന്നു.
പ്രവാസം സാമൂഹികജീവിതത്തിലും സാഹിത്യത്തിലും നടത്തിയ അഥവാ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ വിശദമാക്കുന്ന ലേഖനങ്ങളും പുസ്തകത്തില്‍ ഉണ്ട്. അശിരീരിയില്‍ മുളയ്ക്കുന്ന സ്ത്രീജീവിതങ്ങള്‍,വളര്‍ന്നുകൊണ്ടേയിരിക്കുന്ന വിഷപ്പല്ലുകള്‍- എന്ന ലേഖനത്തില്‍ നടി കെ പി എ സി ലളിതയുടെ ആത്മകഥയാണ് ചര്‍ച്ച ചെയ്യുന്നത്. മതിലുകള്‍ എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ ശബ്ദം മാത്രമായി എത്തുന്ന ലളിതയുടെ അഭിനയസിദ്ധി അവലോകനം ചെയ്യുന്നു. അടൂര്‍ഭാസി എന്ന നടനില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക, ശാരീരിക പീഡനങ്ങളും കഥ തുടരും എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. അടൂര്‍ഭാസിയുടെ വികടത്തരത്തെ വിഷപ്പല്ലായി കണ്ട ലളിത തന്റെ ജീവിതസായയാഹ്നത്തില്‍ പ്രതിലോമപരമായ നിലപാട് സ്വീകരിച്ചുവോ എന്നാണ് ലേഖകന്‍ ചോദിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടനെ കാണാന്‍ ജയിലില്‍ പോയ സംഭവമാണ് ഇതിന് ആധാരം. ഇങ്ങനെ ചില അപ്രിയസത്യങ്ങളും ഈ കൃതിയില്‍ കാണാം.
കേരളത്തിലെ ടൂറിസംവികസനം എങ്ങനെ സാധ്യമാക്കാം എന്നതിനെപ്പറ്റി പഠിക്കാന്‍ എഴുത്തുകാരി മാധവിക്കുട്ടിക്ക് മുഖ്യമന്ത്രി കെ കരുണാകരന്‍ അസൈന്‍സമെന്റ് നല്‍കുന്നതും രസമുള്ള അധ്യായമാണ്. അടിയന്തരാവസ്ഥ അസൈന്‍മെന്റ്: മാധവിക്കുട്ടിയും മകനും കണ്ട കേരളം-എന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മാധവിക്കുട്ടിക്കൊപ്പം മകന്‍ ജയസൂര്യദാസ് എന്ന അന്നത്തെ പതിനൊന്നുകാരനും ഉണ്ടായിരുന്നു. മാധവിക്കുട്ടി അന്നത്തെ കുപ്രസിദ്ധമായ ക്യാമ്പുകള്‍ സന്ദര്‍ശിച്ചുവോ എന്നാണ് ലേഖകന്‍ ഉയര്‍ത്തുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് മാധവിക്കുട്ടി ഇംഗ്ലീഷില്‍ എഴുതിയപുസ്തകം പി.എം ഗോവിന്ദനുണ്ണി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. ജയസൂര്യദാസിന്റെ വകയായും പുസ്തകം വന്നു. സ്വര്‍ഗത്തിലേക്ക് ഒന്നര ടിക്കറ്റ് എന്നായിരുന്നു പേര്.
ബിന്‍ലാദന്റെ ഷേക്‌സ്പിയര്‍ അനുഭവം, വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഇന്ത്യ വിടുന്ന സാഹചര്യം തുടങ്ങിയ വിഷയങ്ങളെല്ലാം പുസ്തകത്തില്‍ കടന്നുവരുന്നു. നമ്മെ വിസമയിപ്പിക്കുകയും കൗതുകങ്ങളിലേക്ക് കൊണ്ുപോവുകയും ചിന്തിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ഓര്‍മകള്‍ വീണ്ടെടുക്കാനുള്ള ആഹ്വാനം കൂടിയാണിത് എന്ന് പറയാം.
കടപ്പാട് : ദേശാഭിമാനി വാരിക
‘കര്‍മാട് റെയില്‍പാളം ഓര്‍ക്കാത്തവരേ’ വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.