DCBOOKS
Malayalam News Literature Website

‘കാരക്കുളിയൻ’ നിനവിൽ ആഴ്ന്നിറങ്ങുന്ന കാരമുൾസ്പർശം

ഡി സി ബുക്‌സ് 'വായനയെ എഴുതാം' ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ വായനാനുഭവം

വിനീത മാര്‍ട്ടിന്‍

തൂലികയ്ക്ക് ദർപ്പണങ്ങൾ നിർമ്മിക്കാൻ സാധിക്കും. ആ ദർപ്പണങ്ങളിലേക്കുള്ള നോട്ടം ആഴമേറിയ അനുഭവമാകുന്നു.. കൂർത്ത ചോദ്യങ്ങളും പ്രത്യാശയുടെ പച്ചപ്പും അപരാധബോധത്തിന്റെ മുറിവുകളും പ്രചോദനത്തിന്റെ പ്രകാശവും ഉണർവിലേക്കുള്ള വിളിയുമെല്ലാം ഈ അനുഭവത്തിന്റെ അഗാധതയിൽ അന്തർലീനമത്രെ.

അംബികാസുതൻ മാങ്ങാടിന്റെ തൂലികയിൽ പിറന്ന ” കാരക്കുളിയൻ ” എന്ന ദർപ്പണത്തിൽ തെളിയുന്നത് വേരുകൾ നഷ്ടപ്പെടുന്ന മനുഷ്യന്റെ വേദനകളാണ്. തെയ്യക്കാഴ്ചകളും പ്രകൃതിചിന്തകളും ഇന്നിന്റെ പൊള്ളുന്ന ആകുലതകളും നിറഞ്ഞ ഈ കഥാലോകം നിനവിൽ ആഴ്ന്നിറങ്ങുന്ന നേരുകളുടെ കാരമുൾ സ്പർശമാകുന്നു. സ്വന്തം അമ്മയോട് താൻ ചെയ്ത അപരാധത്തിന്റെ കാഠിന്യത്തെ കുറിച്ചുള്ള തിരിച്ചറിവിൽ നിന്ന് ജനിച്ച കുറ്റബോധം കാരമുൾക്കാട്ടിൽ വീണും മേലേരിയിൽ പൊള്ളിക്കിടന്നും തീർക്കാൻ ശ്രമിക്കുന്ന നാർക്കളൻ എന്ന Textതെയ്യക്കാരനെ ” കാരക്കുളിയൻ ” എന്ന കഥയിൽ നാം പരിചയപ്പെടുന്നു. നാർക്കളന്റെ ചെയ്തി മൂലമാണ് അമ്മയ്ക്ക് ജീവഹാനി സംഭവിക്കുന്നത്. ആഗോളതാപനത്തിന്റെ തിക്തഫലങ്ങളും കത്തിയെരിഞ്ഞ മാലിന്യമലയിൽ നിന്നുയർന്ന വിഷപ്പുകയും നേരിനെ മറന്ന വികസന സങ്കൽപങ്ങളുടെ മുനയാൽ മായിക്കപ്പെടുന്ന പച്ചപ്പുമെല്ലാം ഇപ്പോൾ നിനവിൽ നിറയുന്നു. ലാഭക്കൊതിയുടെ മായിക വലയത്തിൽ അകപ്പെട്ട മാനവൻ സ്വന്തം അമ്മയായ പ്രകൃതിയോട് ചെയ്യുന്ന പാതകങ്ങളുടെ തീവ്രത ഇവിടെ സ്മർത്തവ്യം.

ഭൂമുഖത്ത് ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കത്തിന്റെ ഉടമയായ മർത്യന് ഒരു വിഭാഗം സൂക്ഷ്മാണുക്കൾക്ക് മുന്നിൽ നിസ്സഹായനാകേണ്ടി വന്ന അവസ്ഥയുടെ ചിത്രം ഗ്രന്ഥകാരൻ വ്യക്തമായി വരച്ചിടുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ പ്രഹരത്താൽ നാർക്കളന്റെ പ്രാണൻ പൊലിയുന്നു. മരണാനന്തരം ദൈവവേഷം അണിഞ്ഞ് സംസ്കരിക്കപ്പെടണം എന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സഫലമാകാതെ പോകുന്നു. മനുഷ്യൻ എത്ര നിസ്സാരൻ എന്ന യാഥാർഥ്യം ഇവിടെ അനുവാചകരെ ആഴത്തിൽ സ്പർശിക്കുന്നു.

ആദിവാസികളും ആരണ്യവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയാത്ത ” പരിഷ്കൃതർ ” നെയ്തെടുക്കുന്ന വികസന പദ്ധതികളുടെ പൊള്ളത്തരം ” സഹ്യന്റെ മക്കൾ ” എന്ന കഥയിൽ വെളിവാക്കപ്പെടുന്നു. പാരിസ്‌ഥിതിക വിവേകത്തിന്റെ അനിവാര്യത ഇവിടെ ചിന്താവിഷയമാകുന്നുണ്ട്. ദീപ്തയ്ക്ക് ബാല്യത്തിൽ നഷ്ടമാവുകയും പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കുകയും ചെയ്യുന്ന പൊന്നു കെട്ടിയ മരതകക്കല്ലിന്റെ കമ്മൽ ഒരു പ്രതീകമാണ്. പരിസ്‌ഥിതിയിലെ നേരുകളെ കുറിച്ചുള്ള അമൂല്യമായ ബോധ്യത്തിന്റെ പ്രതീകം.

നീലി എന്ന തത്തയുടെ മനസ്സ് വായിക്കാതെ ആ പക്ഷിയെ കൂട്ടിലടച്ച് അരുമയായി വളർത്താൻ കൊതിക്കുന്ന പ്രസൂതി എന്ന ബാലികയെ ” നീലിയും പ്രസൂതിയും ” എന്ന കഥയിൽ കാണാം. തന്റെ സ്വാർത്ഥതാൽപര്യങ്ങളുടെ കൂട്ടിൽ ഒതുങ്ങുന്നതാണ് പ്രകൃതിയിലെ യാഥാർത്ഥ്യങ്ങൾ എന്ന് കരുതുന്ന മർത്യന്റെ ചിത്രമാണ് ഇപ്പോൾ മനസ്സിൽ തെളിയുന്നത്. ഏകദേശം 454 കോടി വർഷമാണ് ഭൂമിയുടെ പ്രായം എന്ന് ശാസ്‌ത്രലോകം പറയുന്നു. ധരയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ വ്യക്തമാകും ഉലകിന്റെ വേദിയിൽ നവാഗതരായ കുട്ടികളാണ് നമ്മൾ മനുഷ്യർ എന്ന് . പ്രകൃതി എന്ന പാഠപുസ്തകത്തിൽ നിന്ന് ഇനിയും അറിയാൻ ഏറെയുണ്ട് നമുക്ക് . ഒടുവിൽ നീലിപ്പക്ഷിയെ മനസ്സിലാക്കി സ്വതന്ത്രയാക്കുന്നുണ്ട് പ്രസൂതി. ഈ പ്രവൃത്തി വലിയൊരു തിരിച്ചറിവിനെ കുറിക്കുന്നു.

” പനിയൻ ” എന്ന കഥയുടെ ഉയിരാകുന്നത് നർമ്മം വെടിയുന്ന ഒരു ചിരിത്തെയ്യമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിന് പകരം അവർക്ക് നേരെ മൂർച്ചയേറിയ ചോദ്യങ്ങൾ എയ്യുകയാണ് പനിയൻ. പഠിച്ച് പഠിച്ച് മിണ്ടാട്ടം മുട്ടിയ സമൂഹത്തിന് നേർക്കുള്ള കടുത്ത വിമർശനമാണ് ഈ ചോദ്യങ്ങളുടെ പൊരുൾ. വിദ്യാസമ്പന്നർ എന്ന് അഭിമാനിക്കുകയും നാട്ടിൽ അരങ്ങേറുന്ന അനീതികളും മനുഷ്യാവകാശ ധ്വംസനങ്ങളും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മൗനത്തിന്റെ കൂടാരത്തിലൊളിക്കുകയും ചെയ്യുന്ന പ്രതികരണശേഷി വറ്റിയ ജനങ്ങളെ പനിയൻ വിചാരണ ചെയ്യുന്നു. ഒപ്പം വാക്ക് എന്ന വലിയ നേരിനെക്കുറിച്ചുള്ള ശക്തമായ സന്ദേശവും നൽകുന്നു. ”

ഓരോ വാക്കിന്റെ ഉള്ളിലും കരിക്കിലെ മധുരനീര് പോലെ തിങ്ങ്ന്ന മനുഷ്യപ്പറ്റ്ണ്ട്. കടലോളം കനിവ്ണ്ട്. വാക്ക് മറൂളയല്ല. വാക്ക് പ്രാണനാണ്. വാക്ക് വെലിയ ഒരു സത്യാണ്. ” ഈ കഥാലോകത്തിലൂടെ ചരിക്കവെ വാക്കെന്ന വലിയ നേരിന്റെ സ്പർശം അനുവാചകമനസ്സിൽ നീറിപ്പടരുന്ന അനുഭവമാകുന്നു. ഇപ്പോൾ ഈ വരികൾ ഓർമ്മയിൽ മുഴങ്ങുന്നു. ” അക്ഷരം വെളിച്ചമാണ് അതഗ്‌നിയാണ് പൊള്ളലാണ് അക്ഷരം പടയ്ക്കൊരുങ്ങി നിൽപ്പവന്റെ മൂർച്ചയാണ്. “

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.