DCBOOKS
Malayalam News Literature Website

‘‘എന്താണ് സംഭവിച്ചത് ഡോക്ടറേ?; അവൾ എന്തിനിതു ചെയ്തുവെന്നറിഞ്ഞുകൂടാ എന്റെ ഇന്‍സ്പെക്ടറേ’’…

പട്ടണത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായ സൺസിലെ എംഡി പ്രശസ്തനും ധനികനുമായ കാര്‍ഡിയോ തൊറാസിക് സർജൻ സണ്ണി പൈനാടന്റെ സുന്ദരിയും സാമൂഹികപ്രവർത്തകയുമായ ഭാര്യ വന്ദനാ തോമസ് മരണപ്പെട്ടു.

പൈനാടൻ രാവിലെ ഒൻപതു മണിക്ക് ആശുപത്രിയിൽ പോയി, ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരികെ വീട്ടിൽ വന്നപ്പോൾ വന്ദന കിടക്കമുറിയില്‍ മരിച്ചു കിടക്കുന്നുവെന്ന് ഡോക്ടർ സണ്ണി പൈനാടൻ തന്നെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. സർക്കിൾ ഇൻസ്പെക്ടർ ഹരിലാൽ ഉടൻതന്നെ ഡോക്ടറുടെ  വീട്ടിലെത്തി. ഹരിലാലിന് പൈനാടനെ പരിചയമുണ്ട്. ഹരിലാലിന്റെ ജ്യേഷ്ഠന് പൈനാടനാണ് ബൈപാസ്സ് സര്‍ജറി  നടത്തിയത്. ചികിത്സാച്ചിലവിൽ വലിയ സൗജന്യം നൽകുകയും ചെയ്തിരുന്നു.

സ്വീകരണ മുറിയിൽ ഒരു കസേരയിൽ ഇരുന്നിരുന്ന പൈനാടൻ ഹരിലാലിനെ തന്റെ ഓഫീസ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി അവിടെ ഇരുത്തി.

‘‘എന്താണ് സംഭവിച്ചത് ഡോക്ടറേ?’’

‘‘അവൾ എന്തിനിതു ചെയ്തുവെന്നറിഞ്ഞുകൂടാ എന്റെ ഇന്‍സ്പെക്ടറേ, ഞാൻ രാവിലെ ഒൻപതു മണിക്ക് ആശുപത്രിയിൽ പോകുമ്പോൾ അവൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. അവൾ ഹാപ്പിയായിരുന്നു. അവൾ രാത്രിയിൽ കഴിക്കുന്ന ഡയസെപ്പാം ഗുളിക തീരാറായി. അതു വാങ്ങണമെന്നു പറഞ്ഞു. എനിക്ക് രാവിലെ ഒരു കേസ്സുണ്ടായിരുന്നു. കേസ്സ് തുടങ്ങുന്നതിനു മുൻപ് ഞാൻ അവളെ ഫോണിൽ വിളിച്ചു.

മൊബൈലിലായിരുന്നു വിളിച്ചത്. അവൾ എടുക്കാത്തതു കൊണ്ട് ഞാൻ ലാൻഡ് ലൈനിൽ വിളിച്ചു.  ഫോൺ എടുത്ത ജോലിക്കാരിയോട് വന്ദനയെ പോയി നോക്കാൻ പറഞ്ഞു. ഉറങ്ങുകയാണെങ്കിൽ വിളിക്കണ്ട. എന്നോട് വന്ന് വിവരം പറഞ്ഞാൽ മതിയെന്നു പറഞ്ഞു. വന്ദന രണ്ടാം നിലയിലുള്ള ഞങ്ങളുടെ ബെഡ്റൂമിലെ ബെഡ്ഡിൽ പുതച്ചു കിടന്നുറങ്ങുകയാണെന്ന് ജോലിക്കാരി പറഞ്ഞു.

സർജറി കഴിഞ്ഞപ്പോൾ ഒന്നര മണി കഴിഞ്ഞു. വന്ദനയുടെ മരുന്ന് ഞങ്ങളുടെ ഫാർമസിയിൽ നിന്നും വാങ്ങി ഞാൻ വീട്ടിൽ വന്നപ്പോൾ രണ്ടു മണി. സാധാരണയായി വന്ദന ലിവിങ് റൂമിലിരുന്ന ടിവി കാണുകയാണ് പതിവ്. അന്ന് അവിടെ കാണാത്തതു കൊണ്ട് ഞാൻ ഇവിടെ ബ്രീഫ് കേസ് വച്ചിട്ട് ഞങ്ങളുടെ ബെഡ്റൂമിൽ പോയി. അപ്പോഴും വന്ദന ബെഡ്ഡിൽ കിടക്കുകയായിരുന്നു. എ സി ഓൺ ചെയ്തിരുന്നു. ഞാൻ വിളിച്ചിട്ട് അവൾ വിളികേട്ടില്ല.

ഞാൻ അടുത്തു ചെന്ന് കുലുക്കി വിളിച്ചു. നോ റെസ്പോൺസ്. ഞാൻ പൾസ് നോക്കി…നോ പൾസ്സ് ഫെൽറ്റ്. ഞാൻ മൂക്കിനടുത്ത് വിരൽവച്ചു ശ്വാസമില്ല. എന്റെ കയ്യിൽ നനവു പടർന്നു. ഞാൻ ബെഡ്റൂമിലെ വലിയ ട്യൂബ് ലൈറ്റ് ഓൺ ചെയ്തു. വന്ദനയുടെ മൂക്കിൽ നിന്നും രക്തം കലർന്ന ഡിസ്ചാർജ് വരുന്നുണ്ടായിരുന്നു. ഞാൻ സൈഡ് ബോർഡിന്റെ ഡ്രായിലുണ്ടായിരുന്ന പെൻ ടോർച്ച് എടുത്ത് അവളുടെ കണ്ണിലടിച്ചു നോക്കി. പ്യൂപ്പിൾ ഡൈലേറ്റഡ് ആൻഡ് ഫിക്സ്ഡ്. അവൾ എന്നന്നേക്കുമായി എന്നെ വിട്ടു പോയി എന്ന് എനിക്കു മനസ്സിലായി. ഡോക്ടർ തേങ്ങിക്കരഞ്ഞു.

ഹരിലാൽ ഡോക്ടറുടെ ചുമലിൽ കൈവച്ച് ആശ്വസിപ്പിച്ചു.

ഡോക്ടർ ധൈര്യമായിരിക്കൂ, കർത്താവിന് ഏറ്റവും ഇഷ്ടമുള്ളവരെ അവിടന്ന് നേരത്തേ വിളിക്കുന്നു. എന്തായാലും അങ്ങ് ഒരു ഡോക്ടറല്ലേ. ഭാര്യയുടെ മരണകാരണം എന്തായിരിക്കുമെന്ന് തോന്നുന്നു. അവർക്ക് ഏതെങ്കിലും രോഗമുണ്ടായിരുന്നോ?’’

‘‘സിസ്റ്റമിക് ലൂപ്പസ്സ് എറിതിമാറ്റോസിസ് എന്നൊരു രോഗമുണ്ടെന്ന് അപ്പോളോയിലെ മെഡിസിൻ പ്രൊഫസ്സർ കഴിഞ്ഞ വർഷം കണ്ടു പിടിച്ചിട്ടുണ്ട്. പക്ഷേ, അതിനു ചികിത്സയില്ല.’’

‘‘ഇന്നലെ എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ?’’ ഹരിലാലിന്റെ ചോദ്യം കേട്ട് ഡോക്ടർ വീണ്ടും തേങ്ങിക്കരഞ്ഞു.

‘‘ഇന്നലെ ഞങ്ങളുടെ മൂന്നാം വിവാഹവാർഷികമായിരുന്നു. ഹരിലാലിനറിയാമല്ലോ ഇത് എന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യഭാര്യ മരിച്ചു പോയി. അതിൽ ഒരു മകളുണ്ട്. അവൾ അമേരിക്കയിലാണ്. ഹാർവാർഡിൽ റിസർച്ച് ചെയ്യുന്നു. വന്ദനയുടെയും രണ്ടാംവിവാഹമായിരുന്നു. അവളെ വിവാഹം കഴിച്ചിരുന്നത് ചെന്നൈയിലുള്ള ഒരു ബിസിനസ്സുകാരനായിരുന്നു. ആയാളും മരിച്ചു പോയി. ആ ബന്ധത്തിൽ ഒരു മകനുണ്ട്. അവൻ എം.ബി.എ കഴിഞ്ഞ് അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്നു. ഇന്നലെ അവൾ വളരെ ഡിപ്രസ്സ്ഡ് ആയിരുന്നു.’’

Dr B Umadathan-Kapalam‘‘എന്തായിരുന്നു കാരണം?’’

‘‘ഞങ്ങൾ വഴക്കു കൂടി. വന്ദനയ്ക്ക് അവളുടെ മകനെക്കൊണ്ട് എന്റെ മകളെ വിവാഹം കഴിപ്പിക്കണം. ഞാൻ അതു നടക്കുകയില്ലെന്നു പറഞ്ഞു. അതിനെച്ചൊല്ലി ഞങ്ങൾ വഴക്കിട്ടു. അവൾ പിണങ്ങി. ഞങ്ങളുടെ വിവാഹവാർഷികാഘോഷം വെള്ളത്തിലായി. ഹോട്ടൽ ടാജിൽ നിന്നും ഭക്ഷണം മുഴുവൻ കഴിക്കാതെ പോരേണ്ടി വന്നു.’’

ഹരിലാൽ മനസ്സിൽ കുറിച്ചിട്ടു. ടാജിൽ ഒരു അന്വേഷണം നടത്തണം.

‘‘രാവിലെ വന്ദന എഴുന്നേറ്റില്ല. എന്നോടൊപ്പം ബ്രേക്ഫാസ്റ്റ് കഴിക്കുവാനും വന്നില്ല. ജോലിക്കാരി പോയി വിളിച്ചപ്പോൾ വയറിനു സുഖമില്ല, വിശപ്പില്ലെന്നു പറഞ്ഞു. ഞാൻ ഒൻപതു മണിക്ക് ആശുപത്രിയിൽ പോകുമ്പോഴും അവൾ എഴുന്നേറ്റിട്ടില്ല.’’

ആശുപത്രിയിലെ ഫാർമസിസ്റ്റ്. ഇവിടത്തെ ജോലിക്കാരി(കൾ) എന്നിവരെ ചോദ്യം ചെയ്യണം– ഹരിലാൽ തീരുമാനിച്ചു.

‘‘ഇന്ന് അങ്ങ് വന്ദനയെ പരിശോധിച്ച് മരിച്ചെന്ന് ബോധ്യം വന്നതിനുശേഷം എന്താണ് ചെയ്തത്.’’

‘‘ഇൻസ്പെക്ടർ, ഞാൻ ആദ്യം എന്റെ ഫസ്റ്റ് അസിസ്റ്റന്റ് ഡോക്ടർ തോമസ്സിനെയാണ് വിളിച്ചത്. അയാളോട് വേഗം വീട്ടിലേക്കു വരാൻ പറഞ്ഞു. മൂന്നു മണിക്ക് തോമസ് വന്നയുടൻ ഞാൻ ആയാളെ ബെഡ്റൂമിൽ കൂട്ടിക്കൊണ്ടു പോയി വന്ദനയെ പരിശോധിക്കുവാൻ പറഞ്ഞു. അയാളും മരണം സ്ഥിരീകരിച്ചു. എനിക്കറിയാമല്ലോ വന്ദനയുടെ മരണം ഒരു അസാധാരണ മരണമാണെന്ന്. സാധാരണ മരണമാണെങ്കിൽ പോലും പെട്ടെന്ന് സംഭവിച്ചതല്ലേ.

പൊലീസിൽ അറിയിക്കുകയല്ലേ വേണ്ടത്. എന്റെ വീട് നിങ്ങളുടെ ജൂറിസ്ഡിക്ഷനിലാണെന്ന് എനിക്കറിഞ്ഞു കൂടായിരുന്നു. അതിനാൽ ഞാൻ കമ്മിഷണറെയാണ് ആദ്യം വിളിച്ചത്. അതിന് വേറെയും ഒരു കാരണമു ണ്ടായിരുന്നു. ഞങ്ങളുടെ ബെഡ്ഡിന്റെ സൈഡ് ടേബിളിനു മുകളിൽ ഡയസെപ്പാം ഗുളികയുടെ മുപ്പതു റാപ്പറുകൾ പൊളിച്ച നിലയിൽ കാണപ്പെട്ടു. അത് ആത്മഹത്യ ചെയ്യുവാൻ വേണ്ടി അവൾ കഴിച്ചതാണോ യെന്ന് സംശയവും തോന്നി. അതിനു ശേഷമാണ് ഞാൻ സെൻട്രൽ സ്റ്റേഷനിലേക്ക് വിളിച്ചത്. ഡോ. തോമസ് ആ റാപ്പറുകൾ എടുത്ത് ഡസ്റ്റ് ബിന്നിലിട്ടിട്ടുണ്ട്.

ഡോക്ടർ തോമസ്സിനെ ചോദ്യം ചെയ്യണം….ഹരിലാൽ മനസ്സിൽ കുറിച്ചിട്ടു.

‘‘ഭാര്യയുടെ ബന്ധുക്കൾ എവിടെയാണുള്ളത്? അവരെ വിവരം അറിയിച്ചോ?’’

‘‘വന്ദനയുടെ അച്ഛനും അമ്മയും നേരത്തേ മരിച്ചു. അവളുടെ മകനെ ഞാൻ വിളിച്ചു പറഞ്ഞു. സുധീഷ് ഉടനെ എത്തും. എന്റെ മകൾ വരാൻ വൈകും. എന്റെ അമ്മ നാട്ടിലാണ്. വളരെ പ്രായമായി. എന്റെ അനുജന്റെ ഒപ്പമാണ് താമസിക്കുന്നത്. അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്താണ് കാര്യം ഇൻസ്പെക്ടർ?’’

‘‘ഇൻക്വസ്റ്റിന് ബന്ധുക്കൾ ഉണ്ടായിരുന്നാൽ നല്ലത്. വേണമെന്ന് നിർബന്ധമില്ല. ഞാൻ പഞ്ചായത്തുകാരെ വിളിക്കാം. ഞാൻ ഇൻക്വസ്റ്റ് പൂർത്തിയാക്കട്ടെ. ഡോക്ടർ ഇവിടെ ഇരുന്നാൽ മതി. ഫോൺ അറ്റൻഡു ചെയ്യണ്ട. പത്രക്കാരോടും സംസാരിക്കണ്ട. ഞാൻ എന്റെ സബ് ഇൻസ്പെക്ടറെ ഇങ്ങോട്ടയയ്ക്കാം. അങ്ങയുടെ സ്റ്റേറ്റ്മെന്റ് അയാൾ റിക്കാർഡ് ചെയ്യും.’’

ഹരിലാൽ ലിവിങ് റൂമിൽ വന്നു. സബ് ഇൻസ്പെക്ടർ അശോകിനോട് ഡോക്ടറുടെ സ്റ്റേറ്റ്മെന്റ് റിക്കാർഡ് ചെയ്യുവാനും പ്രഥമവിവരത്തിന്റെ അസ്സൽ മജിസ്ട്രേറ്റിനയയ്ക്കുവാനും നിർദേശിച്ചിട്ട് മൃതശരീരം കിടക്കുന്ന മാസ്റ്റർ ബെഡ്റൂമിലേക്കു പോയി. അതിനു മുൻപ് സി പി ഓ തങ്കപ്പനെ വീട്ടിന്റെ ഗേറ്റിൽ പോസ്റ്റു ചെയ്തു. ആരെയും ഉള്ളിലേക്ക് കടത്തിവിടരുതെന്ന നിർദേശവും കൊടുത്തു.

സീനിയർ സി പി ഒ രാജൻ വന്ന് സല്യൂട്ടു ചെയ്തു:

‘‘സർ, ഫോട്ടോഗ്രാഫറും ഫിംഗർപ്രിന്റുകാരും വന്നിട്ടുണ്ട്. അവർ താഴെ ഇരിക്കുകയാണ്.’’

അവർ മുകളില്‍ വന്നു ബെഡ്റൂമിൽ കയറുന്നതിനു മുൻപായി  രണ്ടാമത്തെ നിലയിലെ സ്റ്റെയർ കേസിന്റെ ലാന്റിങ്ങിന്റെ ഫോട്ടോയെടുത്തു. ബെഡ്റൂമിന്റെ വാതിലിന്റെ പടവുമെടുത്തിട്ടാണ് വാതിൽ തുറന്നത്. സിംഗിൾ ഡിജിറ്റ് ബ്യൂറോയിലെ ഇൻസ്പെക്ടർ ബെഡ്റൂമിന്റെ വാതിലിന്റെ ഹാൻഡിൽ ഡസ്റ്റു ചെയ്യാൻ തുടങ്ങി. ഇൻസ്പെക്ടർ ഹരിലാലും സി പി ഒ രാജനും മുറിക്കകത്തു കയറി.

പോളീഷു ചെയ്ത് മിനുക്കിയ േതക്കിന്റെ ഫ്ളോറിൽ ഷൂസ്സിട്ട് നടക്കുവാൻ ഹരിലാലിന് ആദ്യം വിഷമം തോന്നി. അവിടെ മുറിയുടെ മധ്യത്തിൽ ഭിത്തിയോട് ചേർത്തിട്ടിരിക്കുന്ന വിലയേറിയ കിങ് സൈസ് ബെഡ്ഡിൽ തലയിണയില്‍ തലവച്ച് കഴുത്തറ്റംവരെ കാശ്മീർ കമ്പിളി കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. തുറന്നിരുന്ന കണ്ണുകൾ മുഖത്തിന് ഒരു രൗദ്രഭാവം നൽകി. മുഖത്ത് ചില ഭാഗങ്ങളിൽ നീലനിറമുള്ള ചെറിയ അടയാളങ്ങൾ.

‘‘നിങ്ങൾക്ക് ബെഡ്ഡിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഡസ്റ്റു ചെയ്യണമോ?’’ഹരിലാൽ ഫിംഗർ പ്രിന്റ് ഇൻസ്പെക്ടറോടു ചോദിച്ചു.

‘‘ഹെഡ് ബോർഡ് നോക്കിയാൽ കൊള്ളാമായിരുന്നു. പത്തു മിനിറ്റു മതി. ’’

‘‘എന്നാൽ അതു കഴിഞ്ഞേ ബോഡി പരിശോധിക്കുന്നുള്ളൂ. രാജാ, സയന്റിഫിക് അസിസ്റ്റന്റ് ഇതുവരെ വന്നില്ലേ?’’

സർ, അവർ പുറപ്പെട്ടിട്ടുണ്ട്. ബ്ലോക്കിൽ പെട്ടുകാണും പറഞ്ഞു തീര്‍ന്നില്ല, സയന്റിഫിക് അസിസ്റ്റന്റ് അന്നമ്മ മുറിയിലേക്കു കടന്നു വന്ന് സി ഐ യെ അഭിവാദ്യം ചെയ്തു.

‘‘എന്താണ് സർ പ്രത്യേകിച്ച് നോക്കേണ്ടത്?’’

‘‘അന്നമ്മേ, ഇവരുടെ ഹസ്ബന്‍ഡ് ഡോക്ടർ പറഞ്ഞത് ഡസ്റ്റ് ബിന്നിൽ കുറെ ഗുളികകളുടെ കീറിയ ഫോയിലുകൾ ഉണ്ടെന്നാണ്. എഫ് പി ക്കാർ ബെഡ്ഡിന്റെ ഹെഡ്ബോർഡിന്റെ പരിശോധന പൂർത്തിയാക്കിയിരുന്നു.

ഡോ. ബി. ഉമാദത്തന്റെ കപാലത്തിൽ നിന്നും

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.