DCBOOKS
Malayalam News Literature Website

കഞ്ഞീം കറീം കളിക്കാം

കുട്ടികളുടെ പ്രിയപ്പെട്ട കഥാകാരന്‍ പ്രൊഫ. എസ് ശിവദാസും സുമശിദാസും ചേര്‍ന്നെഴുതിയ പുസ്തകമാണ് കഞ്ഞീം കറിയും കളിക്കാം. ഇത് ശരിക്കും കുട്ടിക്കളിയല്ല. അമ്മയോടൊപ്പം അടുക്കളയില്‍ കയറി കഞ്ഞീം കറിയും വയ്ക്കുന്നതിനേക്കുറിച്ചുള്ള ഒരു കൊച്ചുപുസ്തകമാണ്. ഒപ്പം കുട്ടിക്കഥകളും പ്രൊജക്ടുകളും പഠനപ്രവര്‍ത്തനങ്ങളുമെല്ലാം നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്ക് വേനലവധിക്കാലത്ത് ഉപകാരപ്പെടുത്താവുന്ന ഒരു പുസ്തകം തന്നെയാണ് കഞ്ഞീം കറിയും കളിക്കാം.

പുസ്തകത്തിന് പ്രൊഫ. എസ് ശിവദാസ് എഴുതിയ ആമുഖം;

കൂട്ടുകാരെ, നമുക്ക് കഞ്ഞീംകറീം കളിക്കാം. ഇതു വെറും കളിയല്ല. കാര്യക്കളി. ശരിക്കുള്ള കളി. അമ്മ അടുക്കളയില്‍ എന്നും കളിക്കുന്ന കളി. നല്ല നല്ല പലഹാരങ്ങളുണ്ടാക്കുന്ന കളി. നമുക്ക് ആ കളി കളിക്കാം. കളിച്ചു രസിക്കാം. /അവസാനം നാമുണ്ടാക്കിയതൊക്കെ തിന്നും രസിക്കാം.
ഈ കഞ്ഞീംകറീം കളിയിലൂടെ കൂട്ടുകാര്‍ നന്നായി കളിക്കാന്‍ പഠിക്കും. നന്നായി രസിക്കാന്‍ പഠിക്കും. കൈകൊണ്ടു നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കും. കൂട്ടുകാര്‍ മിടുക്കരാകും.നല്ല ശാസ്ത്രബോധമുള്ളവരുമാകും.

എന്താ കാരണമെന്നോ? ചെയ്തു പഠിച്ചാലേ എന്തും പഠിക്കൂ. ശരിക്കു രസിച്ചു മനസ്സിലാക്കി പഠിക്കൂ. അങ്ങനെ ചെയ്തു പഠിക്കുമ്പോള്‍ കൈകള്‍ക്കു മാത്രമല്ല കഴിവു ലഭിക്കുക. കണ്ണിനും മൂക്കിനും കാതിനുമൊക്കെ കഴിവു വളരും. നിങ്ങള്‍ ചിട്ടയായി പ്ലാനിങ്ങോടെ എന്തും ചെയ്യാന്‍ പഠിക്കും നിങ്ങള്‍ക്ക് അളവിനെപ്പറ്റിയും തൂക്കത്തെപ്പറ്റിയുമെല്ലാം അറിവുമുണ്ടാകും. അപ്പോള്‍ അടുക്കളയാണ് നല്ല പരീക്ഷണശാല. ശാസ്ത്രപഠനത്തിനുള്ള കളരി.

കഞ്ഞീം കറീം ശരിക്കും വച്ചു പഠിച്ചാല്‍ വേറെയുമുണ്ടു ഗുണം. നമുക്കു നല്ല നല്ല പലതും തനിയെ ഉണ്ടാക്കാന്‍ കഴിയും. അതൊരു ചമ്മന്തിയാകാം സാലഡാകാം. സൂപ്പാകാം. പലഹാരമാകാം. എന്തുമാകാം. നല്ല സ്വാദുള്ള ഏതു വിഭവവുമാകാം. അത് നാം തന്നെ ഉണ്ടാക്കിയെടുക്കുമ്പോള്‍ നമുക്കു വലിയ സന്തോഷം തോന്നും. തോന്നണം. റോക്കറ്റുണ്ടാക്കുന്നതുപോലെ വിരുതുവേണ്ട പ്രവര്‍ത്തനമാണ് ജിലേബിയുണ്ടാക്കുന്നതും. നന്നായിട്ട് ഉണ്ടാക്കിയില്ലെങ്കില്‍ റോക്കറ്റ് തകര്‍ന്നുപോകും. ജിലേബി പൊളിഞ്ഞു പാളീസാകും. രണ്ടും നാണക്കേടുണ്ടാക്കും.

നാളെ റോക്കറ്റ് എന്‍ജീനീയറാകാന്‍ ആഗ്രഹിക്കുന്നവന്‍ ഇന്നു ജിലേബി എന്‍ജീനീയറാകണം. നാളെ നല്ല ഡോക്ടറാകാനാഗ്രഹിക്കുന്നവള്‍ ഇന്നു നല്ല കട്‌ലറ്റ് സ്‌പെഷ്യലിസ്റ്റുമാകണം. നാളെ പുതിയ കമ്പ്യൂട്ടര്‍ ഭാഷ കണ്ടെത്താനാഗ്രഹിക്കുന്നയാള്‍ ഇന്നു നല്ല കറി കണ്ടുപിടിക്കണം.

അതെ കൂട്ടുകാരെ, പാചകക്കളികള്‍ നിങ്ങളുടെ കഴിവു വളര്‍ത്തും. പരീക്ഷണനിരീക്ഷണനിഗമനശേഷി വളര്‍ത്തും. ഭാവന വളര്‍ത്തും. ആസ്വാദനശേഷിയും വളര്‍ത്തും. അങ്ങനെ നിങ്ങളെ മിടുമിടുക്കരുമാക്കും. അതിനുപറ്റുന്ന ചില ലളിതമായ പാചകക്കളികളാണ് ഈ പുസ്തകത്തില്‍. ഏതു കുട്ടിക്കും എളുപ്പത്തില്‍ ചെയ്തു പഠിച്ചു പരിശീലിച്ചു രസിക്കാന്‍ പറ്റുന്നവ. അവ ഒറ്റയ്ക്കും കൂട്ടായും ചെയ്തു നോക്കൂ. വീട്ടിലും വിദ്യാലയത്തിലുംവച്ചു ചെയ്തുനോക്കൂ. കൂട്ടുകാര്‍ ഒന്നിച്ചു കൂടി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എന്നിട്ട് ഒന്നിച്ചു കൂടിയിരുന്ന് തിന്നും രസിക്കണം. ഒന്നിച്ചൊരു കാര്യം ചെയ്യാനും രസിക്കാനുംകൂടി അപ്പോള്‍ നിങ്ങള്‍ പഠിക്കും.

പുസ്തകത്തിന്റെ ഇ ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക

Comments are closed.