DCBOOKS
Malayalam News Literature Website

‘കലഹവും വിശ്വാസവും’; ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒറ്റയാള്‍ പോരാട്ടം

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ അനീതിക്കും അധര്‍മ്മങ്ങള്‍ക്കുമെതിരെ നാലു പതിറ്റാണ്ടോളം നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും അശരണര്‍ക്കും ആതുരര്‍ക്കും വേണ്ടി സന്നദ്ധ സേവനങ്ങളിലൂടെ സാന്ത്വനമേകുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍. കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടുകൊണ്ട് അദ്ദേഹം നടത്തിയ രചനകളും പ്രസിദ്ധീകരണങ്ങളും സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി പതിമൂന്നോളം കൃതികള്‍ പുറത്തിറക്കി.

ജോസഫ് പുലിക്കുന്നേലിന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരമാണ് കലഹവും വിശ്വാസവും. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബി തോമസാണ് ഈ കൃതി എഡിറ്റ് ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

കലഹവും വിശ്വാസവും എന്ന കൃതിക്ക് ബോബി തോമസ് എഴുതിയ ആമുഖം

“പാലായില്‍ ഭരണങ്ങാനത്ത് ഓശാനക്കുന്നിലെ ലൈബ്രറിയില്‍ ജോസഫ് പുലിക്കുന്നേലിന്റെ ഇതഃപര്യന്തമുള്ള രചനാലോകത്തിനു മുമ്പിലിരുന്നപ്പോള്‍ മുമ്പില്‍ തെളിഞ്ഞത് ഒരു കത്തോലിക്കന്റെ ആഴമുള്ള ക്രിസ്തുദര്‍ശനമാണ്. യേശുവിന്റെ പോരാളിയായി മതത്തോടു നിരന്തരം പൊരുതിക്കൊണ്ടിരുന്ന അക്ഷീണനായൊരു മനുഷ്യസ്‌നേഹിയുടെ മുഖമാണ് അതില്‍ കണ്ണാടിയിലെന്നപോലെ പ്രതിഫലിച്ചത്.

ഈ വാക്കുകളില്‍ ഒരു കാലഘട്ടത്തിന്റെ മുറിപ്പാടുകളും സന്ദേഹങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അതില്‍ വേദനയും പ്രതിഷേധവും തിരുത്തലുകള്‍ക്കുള്ള ആഹ്വാനവുമുണ്ടായി. ഈ വാക്കുകളെയാകെ ചങ്ങലപോലെ ചേര്‍ത്തുവെച്ചാല്‍ ഒരു കാലഘട്ടത്തിന്റെ സ്വാഭാവിക വിമര്‍ശനത്തിന്റെയും സമൂഹവിമര്‍ശനത്തിന്റെയും വലിയൊരു രേഖാസഞ്ചയമാകുമത്. മാര്‍ട്ടിന്‍ ലൂതര്‍ വിറ്റന്‍ബര്‍ഗിലെ കൊട്ടാരക്കപ്പേളയുടെ ചുവരില്‍ ഒട്ടിച്ചുവെച്ച 95 കാര്യങ്ങളുടെ തീസിസ്‌പോലെതന്നെ ചരിത്രപ്രധാനമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജോസഫ് പുലിക്കുന്നേല്‍ നടത്തിയ ഇടപെടലുകള്‍. ലൂഥറിന്റെ വാക്കുകള്‍ക്കുമുമ്പില്‍ കത്തോലിക്കാസഭയുടെ ഉരുക്കുകോട്ടകള്‍ പലതും തകര്‍ന്നുവീണു. യൂറോപ്പിന്റെ അന്നത്തെ ചരിത്രസന്ദര്‍ഭം അതിനുള്ള സാഹചര്യമൊരുക്കി. എന്നാല്‍ കത്തോലിക്കാസഭയുടെ നാശമായിരുന്നില്ല പുലിക്കുന്നേലിന്റെ വാക്കുകളുടെ ഉന്നം. നാലുപതിറ്റാണ്ടുകളിലേറെ പരന്നുകിടക്കുന്ന ഈ രചനകളിലൂടെ കടന്നുപോയ അനുഭവത്തില്‍ ഉറപ്പിച്ചുതന്നെ പറയാം, അദ്ദേഹം ആദ്യമായും അവസാനമായും അടിയുറച്ച കത്തോലിക്കനായിരുന്നു. ഒരുപക്ഷേ, മാര്‍പ്പാപ്പയെക്കാള്‍ ഉറച്ച കത്തോലിക്കന്‍.

യേശുവായിരുന്നു പുലിക്കുന്നേലിന്റെ ജീവിതമൂല്യങ്ങളുടെ ഉരകല്ല്. അധികാരിയായ മെത്രാന്‍ എന്നും പുലിക്കുന്നേലിന്റെ മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. സഹനവും ലാളിത്യവും ജീവിതരീതിയാക്കിയ അധികാരരഹിതനും അജപാലകനുമായ മെത്രാനെ അദ്ദേഹം സ്വപ്‌നം കണ്ടണ്ടു. മെത്രാന്മാര്‍ യേശുവിനെപ്പോലെ ജീവിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിനു വിരുദ്ധമായതിനെയെല്ലാം വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം എതിരിട്ടു. അതുകൊണ്ടാണ് മതാധികാരം പ്രധാന എതിരാളിയായി പുലിക്കുന്നേലിനെ കണ്ടത്. അദ്ദേഹം എഴുതി- മതം ഒരു നദിപോലെയാണ്. നദിയുടെ സ്രോതസ്സില്‍നിന്ന് ശുദ്ധജലം പ്രവഹിക്കുന്നു. എന്നാല്‍ പ്രവാഹത്തിനിടയില്‍ അനേകം മാലിന്യങ്ങള്‍ നദിയില്‍ വന്നുചേരുകയും അതിന്റെ പൂര്‍വ്വവിശുദ്ധി നഷ്ടപ്പെടുകയും ചെയ്യുന്നു.

ആദിമസഭയുടെ ഉറവവറ്റാത്ത സ്രോതസ്സില്‍നിന്ന് പാനംചെയ്യാനാണ് പുലിക്കുന്നേല്‍ ആഗ്രഹിച്ചത്. ഇത് മതത്തിന്റെ എല്ലാഅധികാരഘടനകളെയും അദൃശ്യമാക്കി മാറ്റുന്നൊരു ദൈവദര്‍ശന ഉട്ട്യോപ്യയായാണ് നമുക്ക് മുമ്പിലുള്ളത്. സഭാസാമ്രാജ്യം യേശുവിനെപ്പോലെയാകണമെന്നത് എങ്ങനെ കാലത്തിനു നിരക്കുന്നതാകും. ഇതാകും, എക്കാലവും പുലിക്കുന്നേലിനൊപ്പം നിലയുറപ്പിച്ചവരും നേരിടുന്നൊരു പ്രശ്‌നകാലുഷ്യം. പുണ്യവാളസൃഷ്ടിയുടെ പിന്നിലെ പ്രധാനലക്ഷ്യം പണസമ്പാദനമാണ് എന്ന് നിരവധി തവണ അദ്ദേഹം ഓര്‍
മ്മിപ്പിച്ചു. അല്‍ഫോന്‍സാമ്മയുടെ ശവസംസ്‌കാരച്ചടങ്ങിന് ബാലനായ പുലിക്കുന്നേല്‍ സാക്ഷിയായിരുന്നു.അതില്‍ പങ്കെടുത്തത് മുപ്പതില്‍ താഴെപ്പേര്‍ മാത്രം. അതിനുശേഷം, ഒരു മിത്തിന്റെ നിര്‍മ്മിതി ഭരണങ്ങാനത്ത് സംഭവിക്കുന്നതും അദ്ദേഹം കണ്ടുകൊണ്ടിരുന്നു. വിശുദ്ധര്‍ പണമരമാകുന്നതിനെപ്പറ്റി തുടര്‍ച്ചയായി അദ്ദേഹം എഴുതി. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ ആക്കപ്പെടുന്നതുതന്നെ വത്തിക്കാനും രൂപതയും എല്ലാം ഉള്‍പ്പെടുന്ന വലിയൊരു സാമ്പത്തിക ഇടപാടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തു പുണ്യവാളന്മാരുടെ ശുപാര്‍ശ കേള്‍ക്കുന്ന അധികാരമില്ലാത്തൊരു രാജാവിന്റെ സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടതില്‍ അദ്ദേഹം ദുഃഖിച്ചു.

കേരള ക്രൈസ്തവരുടെ ഇരുളടഞ്ഞ ചരിത്രവഴികളിലേക്ക് പുതിയൊരു വെളിച്ചം തെളിച്ചതാണ് പുലിക്കുന്നേല്‍ മലയാളത്തിനു നല്കിയ വലിയ സംഭാവനകളിലൊന്ന്. ഭൂതകാലത്തിന്റെ കാഴ്ചബംഗ്ലാവായല്ല അദ്ദേഹം ചരിത്രത്തെ കണ്ടത്. അദ്ദേഹത്തിനത് വര്‍ത്തമാനത്തിലേക്ക് നീളുന്ന നീതിയുടെ പുഴയൊഴുക്കായിരുന്നു. നസ്രാണികളുടെ ചരിത്രം എവിടെയെല്ലാം മുറിഞ്ഞുപോയി, ആദിമ ക്രൈസ്തവ മൂല്യങ്ങള്‍ എവിടെവിടെ നഷ്ടമായി എന്നതിലെല്ലാമായിരുന്നു അദ്ദേഹത്തിന്റെ നോട്ടം കൂടുതല്‍ പതിഞ്ഞത്. ജാതിക്ക് കര്‍ത്തവ്യന്‍ എങ്ങനെ ആര്‍ച്ച് ഡീക്കനായി എന്നു തുടങ്ങി പുലിക്കുന്നേല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കേരള ക്രൈസ്തവരുടെ ചരിത്രത്തിന് പുതിയൊരു പരിപ്രേക്ഷ്യംതന്നെ ഉണ്ടാക്കിക്കൊടുത്തു. ജോസഫ് കരിയാത്തി, പാറേമാക്കല്‍ തോമാക്കത്തനാര്‍, നിധിയിരിക്കല്‍ മാണിക്കത്തനാര്‍, മാര്‍ അബ്ദീശോ മെത്രാന്‍, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെ പുതിയ ചരിത്രബോധത്തിന്റെ വെളിച്ചത്തില്‍ പുനര്‍വായിച്ച പുലിക്കുന്നേലിന്റെ നിരീക്ഷണങ്ങള്‍ വിവാദാത്മകവും സംവാദാത്മകവുമായിരുന്നു. കേരള ക്രൈസ്തവ ചരിത്രബോധ്യങ്ങളെ അത് കൂടുതല്‍ സമ്പന്നമാക്കി. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ ഒരു സംഘം ഭാഷാവിദഗ്ധരുടെ പങ്കാളിത്തത്തോടെ മലയാളം ബൈബിള്‍ പരിഭാഷ യാഥാര്‍ത്ഥ്യമാക്കിയത് ജോസഫ് പുലിക്കുന്നേലിന്റെ സുപ്രധാന സംഭാവനയായി വിലയിരുത്തപ്പെടും. മലയാളം എന്നും പുലിക്കുന്നേലിനെ ഓര്‍മ്മിക്കാന്‍ ഇതുമാത്രം മതിയാകും.

ഓശാനബൈബിള്‍ എന്നു പൊതുവെ അറിയപ്പെടുന്ന മലയാളം ബൈബിളിന്റെ ആദ്യപ്രതി 1983-ലാണ് പുറത്തിറങ്ങുന്നത്. ഇതിനകം അതിന്റെ പത്തു ലക്ഷത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞു. ബൈബിള്‍ പരിഭാഷാകാലത്തിന്റെ ചരിത്രത്തെപ്പറ്റി വിശദമായി അദ്ദേഹം എഴുതിയത് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഓശാന മാസികയായിരുന്നു ജോസഫ് പുലിക്കുന്നേലിന്റെ നാവ്. 1975-ല്‍ ആരംഭിച്ച മാസിക 2014-വരെ നാല്പതുവര്‍ഷത്തോളം മുടങ്ങാതെ ഇറങ്ങി. ഇതിലെ പ്രധാന എഴുത്തുകാരനും അദ്ദേഹമായിരുന്നു. വായനക്കാരുടെ ജീവിതബോധത്തെയും വിശ്വാസബോധ്യങ്ങളെയും നവീകരിച്ചുകൊണ്ടിരുന്ന ഓശാന മലയാള പ്രസാധനചരിത്രത്തില്‍ പ്രത്യേകമായൊരു ഇടം നേടി. പുലിക്കുന്നേല്‍ എന്നതുപോലെ ഓശാന എന്നതും സഭാവിമര്‍ശനത്തിന്റെ അര്‍ത്ഥസൂചകപദമായി മാറി. ഇതോടൊപ്പം എണ്ണമറ്റ ലഘുലേഖകളും എഴുതി. അക്ഷീണമായി ചലിച്ചുകൊണ്ടിരുന്ന തൂലികയില്‍ സഭാദര്‍ശനത്തിന്റെ പുതിയ ആഖ്യാനങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. നിരവധിയായ പള്ളിപ്രശ്‌നങ്ങളിലും ചരിത്രപ്രഹേളികകളുമായി ബന്ധപ്പെട്ട വിശ്വാസചോദ്യങ്ങളിലും ആ തൂലിക ഇടപെട്ടുകൊണ്ടേയിരുന്നു. ഇത്രയധികം ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച മറ്റൊരാള്‍ മലയാളത്തില്‍ ഉണ്ടാകുമോ?

അത്രയേറെ വിപുലമായൊരു രചനാലോകത്തിനു മുമ്പിലാണ് ഒരുതിരഞ്ഞെടുപ്പിനായി ഞാനിരുന്നത്. യേശുദര്‍ശനം, സഭാവിമര്‍ശനം, ക്രിസ്തുമതചരിത്രം, സഭാനവീകരണ ഉദ്യമങ്ങള്‍, രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള പ്രതികരണങ്ങള്‍, ആത്മകഥാകുറിപ്പുകള്‍ എന്നിങ്ങനെ വിശാലമായൊരു വിഭജനമുണ്ടാക്കി ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലേഖനങ്ങളോടൊപ്പംതന്നെ പ്രസക്തമായ പല രചനകളും സ്ഥലപരിമിതിമൂലം ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു രണ്ടണ്ടാം വാല്യത്തിനുള്ള സാധ്യതയാണ് ഇത് നിലനിര്‍ത്തുന്നത്. ജോസഫ് പുലിക്കുന്നേല്‍ ചിന്തയുടെ വിവാദാത്മകഭാഗവും സമാഹാരത്തിന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. സംഘപരിവാറിനോടുള്ള ബന്ധത്തിന്റെ പേരിലാണ് അദ്ദേഹത്തിന് കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്നത്. മറ്റൊരു ഭാഗത്തുനിന്ന് കമ്മ്യൂണിസ്റ്റുകാരനാണെന്ന് വിമര്‍ശനമുയര്‍ന്നു. നിലയ്ക്കല്‍പോലുള്ള വിവാദവിഷയങ്ങളിലുള്ള നിലപാടുകളും വിമര്‍ശനമുയര്‍ത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു പുലിക്കുന്നേല്‍. ഈ കാലത്തെപ്പറ്റിയുള്ള ഓര്‍മ്മകളും അദ്ദേഹത്തിന്റെ പല രചനകളിലുമായി ചിതറിക്കിടപ്പുണ്ടണ്ട്. സഭാവിമര്‍ശകനും നവോത്ഥാനപാതയിലെ സേനാനായകനുമായിരുന്ന ജോസഫ് പുലിക്കുന്നേലിന്റെ ചിന്തകളുടെ വിവിധ അടരുകളെ ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്. കരുണയും സ്‌നേഹവുമാണ് ദൈവത്തിന്റെ മൂല്യങ്ങളെന്ന് അദ്ദേഹം വിശ്വസിച്ചു.”

Comments are closed.