DCBOOKS
Malayalam News Literature Website

എന്‍. കൃഷ്ണപിള്ളയുടെ ‘കൈരളിയുടെ കഥ’ ഒന്‍പതാം പതിപ്പില്‍

മലയാള സാഹിത്യ ചരിത്രം വിവരിക്കുന്ന ഉത്കൃഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് എന്‍. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ഉല്‍പ്പത്തി മുതല്‍ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. മറ്റു സാഹിത്യചരിത്രകൃതികളില്‍നിന്നു വ്യത്യസ്തമായി തികച്ചും ലളിതമായാണ് എന്‍.കൃഷ്ണപിള്ള ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. പണ്ഡിതന്മാരായ വായനക്കാരെ സംതൃപ്തരാക്കുവാനല്ല, പകരം സാധാരണക്കാര്‍ക്ക്, മലയാളഭാഷയുടെ ചരിത്രം എളുപ്പം വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ ഗ്രന്ഥമെന്ന് എന്‍. കൃഷ്ണപിള്ള ഈ കൃതിയുടെ ആമുഖത്തില്‍ തന്നെ പറയുന്നു.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നു വരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്. സുപ്രധാനങ്ങളായ പല രചനകളും ശ്രദ്ധേയരായ എഴുത്തുകാരും ഈ സാഹിത്യ ചരിത്രഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു. ഇരുപതു നൂറ്റാണ്ടുകളായി പരന്നു കിടക്കുന്ന ജീവിതകാലഘട്ടം, നൂറു കണക്കിനു സാഹിത്യകാരന്‍മാര്‍, ആയിരക്കണക്കിന് സാഹിത്യഗ്രന്ഥങ്ങള്‍, വിചിത്രവും വിവിധവുമായ പരിണാമ പരമ്പരകള്‍ ഇങ്ങനെ വളരെ സങ്കീര്‍ണ്ണമായ കൈരളീചരിത്രത്തിലെ സാരാംശങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ അനുപാതബോധവും രഞ്ജന നൈപുണ്യവും അനുപദം ദീക്ഷിച്ച് അടക്കിയൊതുക്കി ചിമിഴിലടച്ചു വായനക്കാരനു സമ്മാനിക്കുക എന്നതാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്.

മലയാളത്തിന്റെ പിറവിയും വളര്‍ച്ചയും മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള മലയാളത്തിന്റെ സമസ്ത സ്പന്ദനങ്ങളും ഗൗരവപൂര്‍ണ്ണമായി രേഖപ്പെടുത്തിയിരിക്കുന്ന മികച്ച ഒരു അക്കാദമിക് റഫറന്‍സ് ഗ്രന്ഥമാണിത്. ഭാഷാ ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പത്രാധിപന്‍മാര്‍ക്കും തുടങ്ങി ഭാഷാഭിമാനികള്‍ക്കെല്ലാം നിത്യോപയോഗയോഗ്യമായ കൃതിയാണിത്. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന കൈരളിയുടെ കഥയുടെ ഒന്‍പതാം പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍.കൃഷ്ണപിള്ളയുടെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.