DCBOOKS
Malayalam News Literature Website

എവിടെയും ഇല്ലാത്ത ഇടങ്ങള്‍

 

 

കടലിന്റെ മണം എന്ന നോവലിന് പി.എഫ് മാത്യൂസ് എഴുതിയ അവതാരികയില്‍ നിന്നും

ജീവിതം തികച്ചും അയഥാർത്ഥമായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഞാനെഴുതുന്ന കഥകളാണ് എന്നോടു കൂടുതൽ അടുത്തു നിൽക്കുന്നത്.
ബോർഹസ്

ശോഷിച്ച ഉടൽ കറുത്ത പർദ്ദയാൽ മറച്ച്, തിളങ്ങുന്ന മൂക്കുത്തിയും പ്രകാശമുള്ള പുഞ്ചിരിയുമണിഞ്ഞ്, കുട്ടികളെപ്പോലെ സംസാരിക്കുന്ന മാധവിക്കുട്ടിയെ ഓർമ്മ വരുന്നു. ഒരിക്കൽ സംവിധായകനായ കെ. പി. കുമാരനോടൊപ്പം അവരുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി കണ്ടതും മിണ്ടിയതും. അപരിചിതത്വം തീരെയില്ല, ഇന്നലെ കണ്ടയാളെ ഇന്നു വീണ്ടും കാണുന്ന ലാഘവം. കണ്ടപാടെ, ആയിടെയുണ്ടായ അസ്വാസ്ഥ്യം നിറഞ്ഞ ഒരനുഭവത്തെക്കുറിച്ചു അവർ പറയാൻ തുടങ്ങി. മതംമാറ്റത്തെത്തുടർന്ന് ധാരാളം ശത്രു
ക്കളുണ്ടായിരുന്ന സമയമാണ്. ഒരു ഉച്ചസമയത്ത് കാവൽക്കാരന്റെ കണ്ണുവെട്ടിച്ച് അവരുടെ ഫ്ലാറ്റിലേക്ക് വെളുത്ത, പരുക്കനായ ഒരു ചെറുപ്പക്കാരൻ കയറിവന്നു. ആരാണ് എന്താണ് എന്ന ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ മെനക്കെടാതെ അധികാരത്തോടെ അയാൾ ഫ്ലാറ്റിലെമ്പാടും നടന്ന്, മുക്കും മൂലയും പരിശോധിക്കാൻ തുടങ്ങി. ബഹളമുണ്ടാക്കി ആളെ കൂട്ടുമെന്നു മാധവിക്കുട്ടി പറ ഞ്ഞപ്പോൾ ഒന്നു മയപ്പെട്ടു. ബാബുവെന്നാണ് പേരെന്നും മട്ടാ
ഞ്ചേരിയിൽനിന്നാണ് വരുന്നതെന്നുമൊക്കെ അയാൾ പറഞ്ഞു. പിന്നെ കുറച്ചു നേരം ഞങ്ങളുടെ സംസാരം മുറിഞ്ഞുപോയി. അതിഥികളെ സത്കരിക്കാൻ മറന്നുപോയല്ലോ എന്ന വിഷമ
ത്തോടെ ഞങ്ങൾക്ക് കുടിക്കാൻ ചായയോ നാരങ്ങാനീരോ എടുക്കാൻ മാധവിക്കുട്ടി സഹായിയോട് ആവശ്യപ്പെട്ടു. ചായ കുടുക്കുന്നതിനിടയിൽ അതുവരെ പറഞ്ഞുകൊണ്ടിരുന്ന സംഭവം പാടേ മറന്ന് കൊച്ചുവർത്തമാനങ്ങളിലും വിശേഷങ്ങളിലും മുഴുകി. പിന്നെ പെട്ടെന്ന് ഓർമ്മവന്നപ്പോൾ, ഗുണ്ടയെപ്പോലെ വീട്ടിലേക്കു കയറിവന്ന ബാബുവിനെ തേടി മട്ടാഞ്ചേരിയിലേക്കു പോയ കാര്യം അവർ പറയാൻ തുടങ്ങി. ഇടയ്ക്കു വച്ച് അതും മുറിഞ്ഞു. സംസാ രമെല്ലാം തീർന്ന് ഞങ്ങൾ മടങ്ങുന്ന നേരത്ത് യാത്രയാക്കാനായി ഗോവണിയോളം നടന്നു വന്നിട്ട് അവർ പൂർത്തിയാക്കാതിരുന്ന ആ സംഭവത്തെക്കുറിച്ചു വീണ്ടും വിവരിച്ചു. ബാബു എന്നു പേരുള്ള ആ യുവാവ് മട്ടാഞ്ചേരിയിൽ കുപ്രസിദ്ധനായ വാടകക്കൊലയാളിയായിരുന്നു, മിക്കവാറും സമയങ്ങളിൽ ജയിലിലാണ്. പുറത്തിറങ്ങിയാൽ പണത്തിനായി കുറ്റകൃത്യങ്ങളിലേർപ്പെടും. കുറേ മനുഷ്യർ അയാളുടെ കൈകളാൽ മരിച്ചിട്ടുണ്ട്. അതു കേട്ട് ഒരക്ഷരം പറയാനാകാത്ത അവസ്ഥയിലാണ് ഞങ്ങൾ മടങ്ങിയത്. രണ്ടോമൂന്നോ ആഴ്ച കഴിഞ്ഞപ്പോൾ ഒരു പ്രസിദ്ധീകരണത്തിൽ ഈ ബാബുവെക്കുറിച്ച് ഞാനൊരു കഥ വായിച്ചു. മാധവിക്കുട്ടി എഴുതിയ ആ കഥയുടേയും അതിലെ നായകന്റെയും പേര് വെളു ത്തബാബു എന്നായിരുന്നു. “എന്റെ അംഗരക്ഷകനായ പോലീസുകാരനാണ് വെളുത്ത ബാബുവിനെപ്പറ്റി പറഞ്ഞു തന്നത്. മുപ്പതിനായിരം രൂപ കൊടുത്താൽ ബാബു ആരേയും കൊന്നുതരും’- കഥ വിവരിക്കുന്ന ഞാൻ എന്ന സ്ത്രീകഥാപാത്രം മട്ടാഞ്ചേരിയിലെ ഒരു പുസ്തകക്കച്ചവടക്കാരനോടാണ് ഈ കൊലയാളിയെക്കുറിച്ച് അന്വേഷിക്കുന്നത്. കഥയിലെ സ്ത്രീ മടങ്ങാൻ നേരത്ത് പുസ്തകക്കച്ചവടക്കാരൻ ചോദിച്ചു. ഏതു ശത്രുവെ വധിക്കാനാണ് നിങ്ങൾ വാടകക്കൊലയാളിയെ തേടുന്നത്, ആരാണ് നിങ്ങളുടെ ശത്രു?

“ശത്രു ഞാൻ തന്നെ.’ അവൾ മറുപടി പറഞ്ഞു.

എവിടേയും ഇല്ലാതിരുന്ന ഒരു കാര്യം ഭാവനയിൽനിന്നു സൃഷ്ടിക്കുന്നതിനേസംബന്ധിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഞാൻ ആലോചിച്ചു തുടങ്ങിയ കാലമാണത്. കഥ എഴുതുന്നയാളുടെ ജീവിതത്തിലേക്ക് മനസ്സു സൃഷ്ടിച്ച ആ ലോകം അപൂർവ്വമായെങ്കിലും കടന്നുവരാതിരിക്കില്ല. കൂടുതൽ കാലം മുഴുകേണ്ടി വരുന്നതിനാൽ നോവലിസ്റ്റിന്റെ ജീവിതത്തെയാകും ഭാവന കൈയേറുക. അങ്ങനെ സംഭവിച്ചാൽ അതു മാരകമായിത്തീർന്നുവെന്നും വരാം. ഡോൺകിഹോട്ടെയും ഗ്രെഗർ സാംസയും “മീശ’യും അതേപടി ജീവിതത്തിലേക്കു കയറിവന്നാലുള്ള സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ. യാഥാർത്ഥ്യത്തിനു പകരം നിൽക്കാൻ കഴിയാത്ത ചില കുറവുകളോടെയാണ് നോവൽ എന്ന മാധ്യമം പിറന്നതുതന്നെ. അതുകൊണ്ടുതന്നെ നോവലിൽ ഒരു കഥാപാത്രത്തെ രണ്ടു വ്യത്യസ്തമായ മട്ടിൽ കൊലപ്പെടുത്താം, കൊലപ്പെടുത്താതെയുമിരിക്കാം. ഫിക് ഷൻ അല്ലെങ്കിൽ കഥ അതുമാത്രമായി നിലനിൽക്കും. സർഗ്ഗാത്മകതയുള്ള വായനക്കാരാണ് ചിലപ്പോഴെ
ങ്കിലും അതിനെ ജീവിതത്തിൽ പിടിച്ചു നിർത്തുന്നത്. ഒരു കഥയെ യഥാർത്ഥത്തിൽ നടന്ന കഥ എന്നു വിശേഷിപ്പിച്ചാൽ കലയോടും യാഥാർത്ഥ്യത്തോടും ചെയ്യുന്ന അവഹേളനമാണെന്നു പറഞ്ഞത് വ്ലാഡിമർ നബക്കോവാണ്. എന്നാൽ മനശ്ശാസ്ത്രഗ്രന്ഥങ്ങളെക്കാൾ മനുഷ്യമനസ്സിനെ അറിയുന്നത് നോവലുകളാണെന്നതും പറയേണ്ടതുണ്ട്. മനുഷ്യനെക്കുറിച്ചുള്ള യാതൊന്നും നോവലിന് അന്യവുമല്ല. അതിലെ സ്ഥലകാലങ്ങൾ പ്രത്യക്ഷയാഥാർത്ഥ്യത്തിന്റെ പകർപ്പ
ല്ലെന്നും അതൊരു പ്രതീതി മാത്രമാണെന്നും നല്ല വായനക്കാർക്കറിയാം. എന്നാൽ പുറമേ കാണുന്നത്രയ്ക്കു നിരുപദ്രവകാരിയല്ല ഫിക് ഷൻ എന്നും പറയാതിരിക്കാനാകില്ല. ഫാഷിസ്റ്റുകൾ മാത്രമല്ല ചില ജനാധിപത്യഭരണകൂടങ്ങൾ പോലും പുസ്തങ്ങൾ നിരോധി
ച്ചിട്ടുള്ളത് ഫിക് ഷൻ അവരുടെ സുരക്ഷിതമായ നിലനിൽപ്പിന് സഹായകമല്ല എന്നു തീർച്ചയുള്ളതുകൊണ്ടുതന്നെയാണ്. പലപ്പോഴും സാഹിത്യത്തിലൂടെ രൂപപ്പെട്ടുവരുന്ന കഥാലോകം നിലവിലുള്ള മതരാഷ്ട്രീയ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുക മാത്രമല്ല സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയേക്കുമെന്ന് അധികാരത്തിൽ രമിക്കുന്നവർക്കറിയാം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഒരാൾ സാഹിത്യം എഴുതി ജീവിക്കാൻ തീരുമാനിക്കുമ്പോൾ മറ്റൊരു തരത്തിലുള്ള ജീവിതം തെരഞ്ഞെടുത്തു എന്നാണർത്ഥം. ഇതേ ആശയം വേറൊരു രീതിയിൽ പണ്ടേ പറഞ്ഞിട്ടുണ്ട് ഫ്‌ളൊബേർ. മനുഷ്യാസ്തിത്വത്തിന്റെ അനേകം തലങ്ങൾ കണ്ടെത്തിയത് നോവലാണെന്നതും പുതിയ കണ്ടുപിടിത്തമൊന്നുമല്ല. നോവലിനു മാത്രം ഖനിച്ചെടുക്കാനാകുന്ന ചില സത്യങ്ങളാണ് നോവൽ കണ്ടെത്തേണ്ടതെന്ന് കുന്ദേരയ്ക്കും മുമ്പ് ഹെർമൻ ബ്രോഹ് പറഞ്ഞു
വച്ചിട്ടുണ്ട്. നോവൽ എന്ന കലാരൂപത്തിൽ പ്രവർത്തിക്കുമ്പോൾ വ്യക്തമായിത്തന്നെ അറിയാം പ്രപഞ്ചത്തോളം വലുതായ പ്രതിഭകളായ മോബിഡിക്കുകൾ നീന്തിത്തുടിച്ച് കടന്നുപോയ വെള്ളമാണതെന്ന്. പുറമേ നിശ്ചലവും ശാന്തവുമായി തോന്നുമെങ്കിലും അതിന്റെ ആഴം അളക്കുവാനും അതിൽ കൊത്തുവേല ചെയ്യാനും ചെറുമീനുകൾക്ക് അത്ര എളുപ്പമല്ല എന്ന തെളിഞ്ഞ ബോധ്യത്തോടെയാണ് ഇത്തവണയും ഞാൻ നോവലെഴുത്തിലേക്ക് ഇറങ്ങിത്തിരി
ച്ചത്. “കടലിന്റെ മണം’ എന്റെ നാലാമത്തെ നോവലാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ രണ്ടാമത്തെ നോവൽ. 1996-ൽ “ചാവുനിലം’ പുസ്തകമായതിനുശേഷം പ്രത്യേകിച്ചൊന്നും സംഭ
വിക്കാത്ത പതിമൂന്നു വർഷങ്ങൾ കടന്നുപോയി. ജീവിക്കണമെങ്കിൽ ജോലിചെയ്യാതൊക്കില്ല എന്ന സ്ഥിതിവിശേഷം മൂലം ഫ്‌ളൊബേറിയൻ സങ്കല്പത്തിലെ മറ്റൊരു മട്ടിലുള്ള ജീവിതമൊന്നും തെര ഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ചാവുനിലത്തിന്റെ കെട്ടു തീർത്തും വിട്ടുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല. വായനക്കാരും നിരൂപകരും തിരസ്‌കരിച്ച നോവലായതിനാൽ വേറെ ഒഴിയാബാധകളു
മുണ്ടായിരുന്നില്ല. നമ്മളിൽനിന്ന് ആരും ഒന്നും പ്രതീക്ഷിക്കാത്ത അവസ്ഥയും കൂടിച്ചേർന്നതാണല്ലോ സ്വാതന്ത്ര്യം. അങ്ങനെയുള്ള സമയത്താണ് “കടലിന്റെ മണം’ എന്നു പേരിട്ടിട്ടില്ലാത്ത ഈ നോവൽ തുടങ്ങുന്നത്. കടലാസിൽ ആദ്യരൂപം വളരെ വേഗത്തി
ൽത്തന്നെ എഴുതാൻ കഴിഞ്ഞു. ഒന്നാം കരട് ഒരാൾക്കും വായിക്കാൻ കൊടുക്കരുതെന്ന Textഗുരുക്കൻമാരുടെ ഉപദേശം തെറ്റിച്ചുകൊണ്ട് ഞാനത് ഒരാൾക്ക് വായിക്കാൻ കൊടുത്തു. സത്യസന്ധനായ അയാൾ വളരെ ക്രൂരമായിത്തന്നെ ആ നോവലിനെ കീറി
മുറിച്ചു മുന്നിലേക്കിട്ടു തന്നിട്ട് പറഞ്ഞു ഇത് ഉപേക്ഷിക്കുകയാണ് ഉത്തമം. എന്നിട്ട് മറ്റൊന്ന് എഴുതാൻ ശ്രമിക്കൂ. എന്തുകൊണ്ടാണ് ഞാനത് അന്ധമായി വിശ്വസിച്ചതെന്ന് ഇപ്പോഴും അറിയില്ല. എന്തുകൊണ്ടായാലും അതെനിക്കു ഗുണംചെയ്തു എന്നുതന്നെയാണ് ഇപ്പോൾ തോന്നുന്നത്. അതുകൊണ്ടുമാത്രമാണ് “ഇരുട്ടിൽ ഒരു പുണ്യാളൻ’, “അടിയാളപ്രേതം’ എന്നീ നോവലുകൾ എഴുതാൻ കഴിഞ്ഞത്. ചാവുനിലത്തിന്റെ ഭൂമികയിൽ നിന്ന് മറ്റൊരു കൃതി എഴുതരുതെന്ന് ചില സ്‌നേഹിതർ ഉപദേശിച്ചതാണെങ്കിലും അതിനു കാതു കൊടുക്കാതെയാണ് ഈ രണ്ടു നോവലുകളും എഴുതിയത്. അതങ്ങനെ എഴുതിപ്പോയി എന്നേ പറയാനാകൂ. ധാരാളം പണിയെടുത്തു എന്നതു സത്യമാണെങ്കിലും ആ രണ്ടു നോവലുകളും ഒട്ടും ആസൂത്രിതമായിരുന്നില്ല.

കൊച്ചിയുടെ എഴുത്തുകാരൻ, മരണവും ഇരുട്ടുമുള്ള കൃതികൾ എഴുതുന്നവൻ തുടങ്ങിയ വിശേഷണങ്ങൾ വളരെ അനായാസം ചാർത്തിക്കിട്ടിയെങ്കിലും അത്തരം നിഷ്‌കളങ്കമായ വിലയിരുത്തലുകളെ ഗൗരവത്തിലെടുത്തിട്ടില്ല. എനിക്ക് എന്റേതായ ശൈലിയുണ്ടെന്നുതന്നെ എനിക്കു തോന്നിയിട്ടില്ല. ആരോ പറഞ്ഞതുപോലെ ഓരോ പുസ്തകവും അതിന്റെ ശൈലി കണ്ടെത്തുകയാണ്. ഒരു കൃതി വായിക്കുന്നയാൾ അതിന്റെ എഴുത്തുകാരനെ ഓർക്കാതിരിക്കുകതന്നെ വേണം. ഒരിക്കലും സ്വന്തം ജീവിതാനുഭവമെഴുതുന്നയാളാകാൻ എനിക്കു താൽപ്പര്യം തോന്നിയിട്ടില്ല. എഴുതുന്നവ സ്വന്തം കണ്ടെത്തലുകളൊന്നുമല്ല. മുന്നേ കടന്നുപോയ എത്രയോ പേരുടെ ചുമടും പേറിയാണ് നടപ്പ്. എഴുതാൻ പഠിച്ചതു തന്നെ മുന്നേ പോയവരെ കണ്ടിട്ടാണ്. എഴുതപ്പെടുന്ന വാക്കുകളൊന്നും ഞാനല്ലെന്നും അറിയാം. ഈ നിമിഷത്തെ എഴുതുമ്പോൾ അത് അനന്തകാലത്തേക്കുള്ളതാകണമെന്നുമില്ല. അടുത്ത നിമിഷം എല്ലാം മാറിമറിയാം. യാഥാർത്ഥ്യമല്ല അയഥാർത്ഥ്യമാണ് ഒരു നോവലിലെ ലോകവും സത്തയും എന്നൊക്കെയാണ് ഇപ്പോഴത്തെ തോന്നൽ. ഓസിപ് മാന്റൽസ്റ്റാമും അന്ന അഖ്മത്തോവയും ചേർന്ന് മരിച്ചുപോയ കവികളുടെ കവിതകളിലൂടെ സഞ്ചരിച്ച് അവർ ജീവിച്ച കാലവും സ്ഥലവും സൃഷ്ടിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. മുന്നേ കടന്നുപോയ കവികളുമായി ഒരു സംഭാഷണത്തി
നുള്ള ശ്രമം നടത്തുകയാണവർ ചെയ്തിരുന്നത്. ഇപ്പോഴില്ലാത്ത സ്ഥലത്തിലൂടെയും മനുഷ്യരിലൂടെയുമുള്ള ഇത്തരം യാത്രകൾ കൂടിയാണ് സാഹിത്യം. ഇതാണ് ഞാൻ, ഇതാണെന്റെ ശൈലി എന്നു പ്രദർശിപ്പിക്കുന്ന പുസ്തകങ്ങൾക്ക് എന്തോ കാര്യമായ കുറവുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അവനവനെ അങ്ങനെ പരിമിതപ്പെടുത്തുന്നതിനോട് തീരെ താൽപ്പര്യമില്ല എന്നതാണ് അതിനു പിന്നിലെ ആലോചന. ‘കടലിന്റെ മണം’ വായിക്കുന്ന ഒരാൾ അത്രയെങ്കിലും സമ്മതിച്ചു തരുമെന്നാണ് ഞാൻ കരുതുന്നത്. ഞാൻ വല്ലാതെ ആസ്വദിച്ച ഒരു ലോകമായിരുന്നു ആ നോവലിന്റേത്. പലപ്പോഴും എഴുത്തുമേശ വിട്ടുപോരാൻപോലും എനിക്ക് മടിയായിരുന്നു. എഴുതപ്പെട്ട നോവലുകൾക്കുള്ളിലും സിനിമകൾക്കുള്ളിലും ജീവിക്കാനാഗ്രഹിക്കുന്ന രണ്ടു കഥാപാത്രങ്ങളോട് എനിക്കു വലിയ മാനസികാടുപ്പംതന്നെയുണ്ടായി. അതി
ലൊരു കഥാപാത്രം ഒരടയാളവുമില്ലാതെ അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. അയാൾ ഏതു നോവലിലേക്കായിരിക്കും ഓടി രക്ഷപ്പെട്ടിരിക്കുക എന്ന് അയാളെ തീവ്രമായി സ്‌നേഹിച്ചുപോയ സഫിയ ആലോചിക്കുന്നുണ്ട്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

നോവൽ, സിനിമ അല്ലെങ്കിൽ ഒരു കലാരൂപം ജീവിതത്തിലേതുപോലെ സമാന്തരമായ ഒരു സ്ഥലവും കാലവും മനുഷ്യർക്കു നൽകുന്നുണ്ടെന്ന ചിന്തയിലാണ് കഥാപാത്രങ്ങളും എഴുത്തുകാരും ജീവിക്കുന്നത്. ഭാവനയാൽ സൃഷ്ടിക്കപ്പെടുന്ന ലോകത്തിൽ മനുഷ്യനു താമസിക്കാൻ ഒരിടം ഉണ്ടാകുമ്പോഴാണ് നല്ല കലാസ്വാദകൻ അതിൽ ജീവിക്കാനാഗ്രഹിക്കുന്നത്. “കടലിന്റെ മണം’ എന്നു പേരിട്ട ഈ നോവലിൽ യഥാർത്ഥത്തിൽ കടൽ ഇല്ല. ഇതിലെ ചില കഥാപാത്രങ്ങൾ അന്തരീക്ഷത്തിൽ കടലു മണക്കുന്നുണ്ട്. കടൽ ഇല്ലാത്ത ഒരു നഗരത്തിൽ അതിന്റെ മണം അനുഭവപ്പെടുമ്പോൾ വായനക്കാരോടൊപ്പം കഥാപാത്രങ്ങളും തങ്ങളുടെ ഭാവനയിലെ പ്രപഞ്ചത്തിലേക്കു പ്രവേശിക്കുകയാണ്. കടൽ മറ്റൊരു ജീവിതസാധ്യതയാണ്. മനുഷ്യന്റെ മാലിന്യങ്ങളത്രയും അടിഞ്ഞുകൂടുന്ന അതിന്റെ അടിത്തട്ടിൽനിന്നാണ് ആ ഗന്ധം ഉയർന്ന് കരയിലേക്ക് വരുന്നത് എന്ന് നോവലിന്റെ കരട് വായിച്ച എന്റെ ഒരു സ്‌നേഹിതൻ പറഞ്ഞു. കര അനുവദിക്കാത്ത പുതിയൊരു ജീവിതസാധ്യത കടൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മറ്റൊരു മട്ടിലുള്ള ജീവിതം സാധ്യമാണെന്ന്കടലിനടിയിലെ പ്രപഞ്ചം മനുഷ്യനെ ഓർമ്മിപ്പിക്കുന്നുമുണ്ട്. മരണത്തിനു തൊട്ടുമുമ്പ് മിക്കവാറും മനുഷ്യൻ ആലോചിക്കാനിടയുള്ള ഒരു കാര്യമാണ്, പുതിയൊരു ജീവിതസാധ്യതകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്. അത് അസാധ്യമാണെന്നു തോന്നിയതിനാലാകും എഴുതപ്പെട്ട നോവലുകളുടെ അന്ത്യരംഗം മാറ്റി എഴുതുന്ന ഒരു കഥാപാത്രത്തെ പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരൻ ജാനി ചെല്ലാത്തി സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ഒരു ചെറുകഥയിലെ നായകൻ പുസ്തകങ്ങളിൽ മാത്രം ജീവിക്കുന്ന, പന്ത്രണ്ടു ഭാഷയറിയാവുന്ന ഒരു പണ്ഡിതനാണ്. അവസാനകാലത്ത് തന്റെ പുസ്തകശേഖരത്തിനിടയിൽനിന്ന് ആഹാരം കഴിക്കാൻ പോലും പുറത്തിറങ്ങാതെ വലിയൊരു കർമ്മത്തിൽ മുഴുകിയിരിക്കുകയായിരുന്നു അയാൾ. മഹത്തായ നോവലുകളുടെ ദുരന്ത പര്യവസായിയായ അന്ത്യരംഗം ഏതാനും വാക്കുകൾ കൊണ്ടു മാറ്റി എഴുതി ശുഭപര്യവസായിയാക്കുന്ന ജോലിയായിരുന്നു അത്. ഒരു റഷ്യൻ നോവലിന്റെ ദുരന്തപര്യവസായിയായ രംഗം വെറും മൂന്നുവാക്കുകൾകൊണ്ടു മാറ്റി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാൾ മരിച്ചത്. അതായിരുന്നു അയാളുടെ മാസ്റ്റർപീസ്.

“കടലിന്റെ മണം’ എന്ന ഈ നോവലിന്റെ ലോകം എന്റെ മനസ്സിനോട് കൂടുതൽ അടുത്തുനിൽക്കുന്നുവെന്ന തോന്നലാണ് ഈ വരികൾ എഴുതിപ്പിച്ചത് എന്ന് ഒരുവട്ടംകൂടി പറയട്ടെ. ജാനി ചെല്ലാത്തിയുടെ വായനക്കാരനെപ്പോലെ ഇതെഴുതിയവരും എഴുത്തുകാരനും ഒരു തിരുത്തിനു മുതിരുന്നുണ്ട്. അസംഖ്യം സാധ്യതകൾ കണ്ടെത്തുന്ന വായനക്കാരെ സ്വപ്‌നം കാണാത്ത പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടുണ്ടാകില്ല. എഴുതിത്തീർന്ന നോവലിൽ വായനക്കാർക്കുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്കില്ലെന്ന ഉത്തമബോധ്യത്തോടെ…

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.