DCBOOKS
Malayalam News Literature Website

ഓംചേരിയുടെ നാടകങ്ങള്‍: കെ സച്ചിദാനന്ദന്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഓംചേരിയുടെ നാടകങ്ങള്‍ എന്ന കൃതിയ്ക്ക് സച്ചിദാനന്ദന്‍ എഴുതിയ അവതാരികയില്‍ നിന്നും ഒരു ഭാഗം

‘ഓംചേരി’ എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധനായ ഓംചേരി നാരായണ പിള്ള മലയാളനാടകപരിണാമത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടുകാലം നീറുന്ന സാമൂഹ്യസമസ്യകളെ നാടകവിഷയമാക്കുന്നതോടൊപ്പം നാടകരൂപങ്ങളിലും പരീക്ഷണം നടത്തിയവരിൽ പ്രമുഖനായ നാട്യതത്ത്വവേദിയും നാടകകാരനുമാണ്. റേഡിയോ നാടകങ്ങളിലൂടെയും രംഗനാടകങ്ങളിലൂടെയും തന്റെ സാമൂഹ്യമായ പ്രതിജ്ഞാബദ്ധത, നാടകീയസന്ദർഭങ്ങൾ സൃഷ്‌ടിക്കാനുള്ള പ്രാപ്തി, കഥാപാത്രസൃഷ്‌ടിയിലുള്ള കഴിവ്, കാവ്യാനുശീലനം. ചടുലവും സരസവും നർമ്മതീക്ഷ്‌ണവുമായ സംഭാഷണങ്ങൾ രചിക്കാനുള്ള ചാതുര്യം, രംഗമർമ്മജ്ഞത, സമകാലീന മനുഷ്യാവസ്ഥയെയും രാഷ്ട്രീ യാവസ്ഥയെയും കുറിച്ചുള്ള ഉൾക്കാഴ്‌ച ഇവയെല്ലാം തെളിയിച്ചുപോന്നിട്ടുള്ള ഓംചേരിയുടെ നാടകങ്ങളിൽ പലതും നഷ്ടമായിപ്പോയെങ്കിലും ലഭ്യമായവ ശേഖരിച്ച് ഒന്നിച്ച് പ്രസിദ്ധീകരിക്കാനുള്ള ഈ സംരംഭത്തിന്, കേരള നാടകരംഗം ശുഷ്കമായ വർത്തമാനസന്ദർഭത്തിൽ സവിശേഷപ്രാധാന്യ മുണ്ട്. ചിതറിക്കിടന്നതുകൊണ്ട് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ പോയ ഓംചേരിയുടെ നാടകലോകത്തെ മലയാളനാടകത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാനും പുതുതായി വിലയിരുത്താനും ഈ സംരംഭം ഉതകുമെന്നുതന്നെ ഞാൻ പ്രതീക്ഷിക്കുന്നു. “ഇതു നമ്മുടെ നാടാണ്’, ‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’ തുടങ്ങിയ ആദ്യകാല രചനകളിൽനിന്ന് “ഉലകുട പെരുമാളും’ ‘മതവരുടെ ആന’യും ‘പ്രളയ’വും പോലുള്ള പില്ക്കാലരച നകളിലേക്കുള്ള ഓംചേരിയുടെ പരിണാമം കൂടുതൽ സാർവ്വജനീനമായ സാമൂഹ്യബോധത്തിലേക്കും കൂടുതൽ ആധുനികമായ നാടകബോധത്തി ലേക്കുമുള്ള വികാസമായി വിലയിരുത്താൻ കഴിയുമെന്നിരിക്കെത്തന്നെ അദ്ദേഹത്തിന്റെ മാനുഷികതയും ജീവിതവൈരുദ്ധ്യങ്ങൾ നോക്കി ചിരിക്കുന്ന നർമ്മബോധവും നീതിയുടെ പക്ഷത്തുനിന്നുള്ള നേർക്കാഴ്ചയും എല്ലാ കാലഘട്ടങ്ങളിലും ആ നാടകങ്ങൾക്കു സ്ഥായിയായി കാണാം.

‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’ എന്ന നാടകത്തിന്റെ ജന്മസാഹചര്യത്തെക്കുറിച്ച് എനിക്കു കൊടുത്തയച്ച കുറിപ്പിൽ ഓംചേരി ഇങ്ങനെ പറയുന്നു. 1951-ൽ ഡെൽഹിയിലെത്തി ആൾ ഇന്ത്യാ റേഡിയോയുടെ മലയാളവിഭാഗത്തിൽ ജോലിചെയ്‌തിരുന്ന അദ്ദേഹം രാവിലെ ഏഴരയോടെ ജോലി കഴിഞ്ഞ് പോകുംവഴി അന്ന് എം.പി.യായിരുന്ന എ.കെ.ജി.യും ഇമ്പച്ചിവാവ, കെ.സി. ജോർജ്ജ് എന്നിവരും താമസിച്ചിരുന്ന 4, വിൻഡ്‌സർ പ്ലെയ്‌സിൽ കയറുക പതിവായിരുന്നു. എം.ബി. ശ്രീനിവാസൻ അന്ന് എ. കെ.ജി.യുടെ അസിസ്റ്റൻ്റായിരുന്നു. ഒരു ദിവസം എ.കെ.ജി. ഓംചേരിക്ക് ഒരു കത്തു നല്‌കി വിളിപ്പിച്ച് സമരത്തിലേർപ്പെട്ടിരിക്കുന്ന ആലപ്പുഴയിലെ കയർതൊഴിലാളികൾക്കു പണം പിരിക്കാനായി ഒരു നാടകമെഴുതിക്കൊടുക്കണം എന്നാവശ്യപ്പെട്ടു. അതൊരു കല്‌പനയായെടുത്ത് രണ്ടുമൂന്നാഴ്ച കൊണ്ട് നാടകമെഴുതി പ്രധാന അഭിനേതാക്കൾ കെ.സി. ജോർജ്ജ്, ഇമ്പച്ചിബാവ, പി.ടി. പുന്നൂസ്, വി.പി. നായർ, റോ‌സ്കോട്ട് കൃഷ്‌ണപിള്ള എന്നിവരായിരുന്നു. നാടകം കാണാനെത്തിയ കൂട്ടത്തിൽ കവി ഹരീന്ദ്രനാഥചതോപാദ്ധ്യായയും ഉണ്ടായിരുന്നു. ഗൗരവമേറിയ ചിന്ത, മൂർച്ചയുള്ള സംഭാഷണം, അപഗ്രഥനപടുത്വം ഇവയെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. തെളിഞ്ഞ ചിന്തയുടെ ഉടമയായ ചാക്കോ ഉപബുദ്ധമായ പുതിയ തൊഴിലാളിവർഗ്ഗത്തിന്റെ യഥാർത്ഥപ്രതിനിധിയാണെന്നും ഫാക്ടറിയുടമയെ കാണികൾക്ക് ശത്രുതതോന്നുംവിധംതന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും, പുരോഹിതന്റെ പരിവർത്തനം ശ്രദ്ധേയമായിട്ടുണ്ടെന്നും ഹരീന്ദ്രനാഥപതോ പാദ്ധ്യായ, നാടകത്തിന്റെ ഇംഗ്ലിഷ് പരിഭാഷയ്ക്കുള്ള അവതാരികയിൽ പറയുന്നു. വേദപുസ്‌തകത്തെ ഔചിത്യത്തോടും നാടകീയതയോടും കൂടി ഉപയോഗിക്കുന്ന ഈ നാടകം, ഈ ഭൂമിയിൽത്തന്നെയാണ് സ്വർഗ്ഗ-നതകങ്ങ ഇന്നും അവ നിർമ്മിക്കുന്നതു നാംതന്നെയെന്നുമുള്ള സന്ദേശം വഹിക്കുന്നു. ആദ്യമാദ്യം പാപികളാണ് ദുരിതമനുഭവിക്കുന്നതെന്നു വിശ്വസിച്ചിരുന്ന പുരോഹിതൻ ക്രമേണ പാപികൾ വാസ്‌തവത്തിൽ ആ ദുരിതം സൃഷിടിക്കുന്നവരാണെന്ന തിരിച്ചറിവിലേക്ക് നീങ്ങുന്നു. സത്യം തിരക്കേണ്ടൽ പള്ളിയിലും വേദപുസ്‌തകത്തിലുമല്ല. മനുഷ്യരുടെ ദുഃഖത്തിലും ചൂഷകരുടെ അനീതിയിലുമാണ് എന്നദ്ദേഹം മനസ്സിലാക്കുന്നു.

കെ സച്ചിദാനന്ദന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.