DCBOOKS
Malayalam News Literature Website

മധു മാഷ്; യൂദാസിന്റെ സുവിശേഷം’ ഉള്ളിടത്തോളം എന്നെ വിട്ടുപോകാത്ത ഒരാൾ

“… ഒരു രാത്രിയിലാണ് എന്നെ അവർ അറസ്റ്റ് ചെയ്തത്. ക്യാപ്റ്റൻ അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പ്. അമ്മയ്ക്ക് അന്നു ദീനം കലശലായിരുന്നു. രാത്രി മഫ്തിയിൽ ഒരാൾ വീട്ടിൽ വന്നു. സേതുമാഷില്ലേ എന്നു വിനയത്തോടെ ചോദിച്ചു. ഒരു ചെറിയ പ്രശ്നണ്ടു മാഷേ, പരമീശരൻ സാറിന് എന്തോ ചോയ്ച്ചു മനസ്സിലാക്കാൻണ്ട്. എനിക്കു കാര്യം മനസ്സിലായി. ഞാൻ അമ്മയ്ക്ക് ഇത്തിരി വെള്ളം കൊടുത്തോട്ടെ എന്നു ചോയ്ച്ചു.ഗംഗാജലണ്ടായിരുന്നു വീട്ടിൽ. ഒരു ചെറിയ സ്പൂണിൽ ഞാൻ രണ്ടു തുള്ളി അമ്മയ്ക്കു കൊടുത്തു. ഇനി കാണലുണ്ടാവില്ല അമ്മേ എന്നു പറഞ്ഞു നെറ്റിയിൽ ഒരുമ്മ കൊടുത്തു. എനിക്ക് അറിയാമായിരുന്നു കൊണ്ടോയാൽ പിന്നെ കാണലുണ്ടാവില്ല. വിടുംന്ന് എന്താ ഉറപ്പ്? വിട്ടാൽത്തന്നെ അതെന്നാണെന്ന് എന്താ ഉറപ്പ് ? ഞാനുടനെ ചെന്നു വണ്ടിയിൽ കയറി. ആദ്യം എസ്.പി. ഓഫിസിൽ കൊണ്ടന്നു. അവിടെ ചോദ്യം ചെയ്തു. പിന്നെ രാത്രിയായപ്പോൾ കണ്ണുകെട്ടി ഒരു കാറിൽ കയറ്റി, ഈ വഴിയിലെ വളവും തിരിവും കുണ്ടും കുഴിയും ഒക്കെ ഞാനോർക്ക്ണ്ട്… ” മാഷ് പിന്നിലേക്കു ചാരി ഒന്നു നെടുവീർപ്പിട്ടു. വീണ്ടും ചിരിച്ചു. “കണ്ണു കെട്ടി ഒരു വണ്ടിയിൽ ഇരിക്കുന്നത് ഒരു വല്ലാത്ത അനുഭവാടോ. അനുഭവിച്ചന്നെ അറിയണം. ”
‘യൂദാസിന്റെ സുവിശേഷ’ത്തിൽ പ്രേമയെ കക്കയം കാണാൻ കൊണ്ടുപോയ സേതുമാഷിന്റെ വാക്കുകളാണ് ഇവ.
ഈ സേതുമാഷിനെ ഞാൻ സൃഷ്ടിച്ചതു മധു മാഷിൽ നിന്നാണ്.
അടിയന്തരാവസ്ഥക്കാലത്തു മധു മാഷ് ആറു മാസം ജയിലിൽ കിടന്നു. അന്നു മാഷിനെ കണ്ണുകെട്ടിയാണു പോലീസ് കൊണ്ടുപോയത്.
“മെഡിക്കൽ കോളജിനു സമീപം ചെറിയൊരു സൈക്കിൾ പോകാവുന്ന ഊടുവഴി പിന്നിട്ടു ചെല്ലുമ്പോഴുള്ള വൃത്തിയുള്ള തീരെച്ചെറിയ ഓടിട്ട വീട്ടിൽ നാലുപേർക്കു കൂടി കയറാവുന്ന വലിപ്പമുള്ള തൂവെള്ള ഖദർ ഷർട്ടും മുണ്ടും ധരിച്ച് വായിൽ നിറയെ മുറുക്കാനുമായി കുലുങ്ങിച്ചിരിക്കുന്ന” സേതുമാഷിന് എന്റെ മനസ്സിൽ മധുമാഷിന്റെ രൂപവും സ്വഭാവവും സ്നേഹവുമാണ്.
പല പ്രാവശ്യം നിർബന്ധിച്ചതിനാൽ വാക്കു പാലിക്കാൻ വേണ്ടി ഒരു പത്രത്തിന്റെ ഓണപ്പതിപ്പിനു നൽകാനിടയായ ചെറു നോവലാണു യൂദാസിന്റെ സുവിശേഷം. ‘ഒറ്റുകാരന് ഒരിക്കലും ഉറക്കം വരികയില്ല’ എന്നു തുടങ്ങുന്ന ആദ്യ ഖണ്ഡം അതിന്റെ എഡിറ്റർ എന്റെ അനുവാദമില്ലാതെ വെട്ടിമാറ്റി. കാരണം രസകരമായിരുന്നു. അയാൾ സ്ഥാപനത്തിൽ അറിയപ്പെട്ടിരുന്നത് ഒറ്റുകാരൻ യൂദാസ് എന്നായിരുന്നുവത്രേ.
ഞാൻ കഠിനമായി ക്ഷോഭിച്ചു. ഇതറിഞ്ഞപ്പോൾ കലാകൌമുദി പത്രാധിപർ ശ്രീ പ്രസാദ് ലക്ഷ്മൺ കലാകൌമുദിയിൽ അതു പുന:പ്രസിദ്ധീകരിച്ചു.
അന്നു ഞാൻ കക്കയം കണ്ടിട്ടില്ല. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഒരു ദിവസം ദിലീപിനോടൊപ്പം കോഴിക്കോട്ടു പോയപ്പോൾ ഞാൻ കക്കയം കാണാൻ തീർച്ചപ്പെടുത്തി.
ദിലീപിന് മധു മാഷിനെ നേരത്തേ പരിചയമുണ്ടായിരുന്നു.
കക്കയത്തേക്കു കൂടെ വരാൻ മാഷ് തയാറായി.
കാറിന്റെ മുൻ സീറ്റിലിരുന്നു മാഷ് ആ ദൂരമത്രയും കഥകൾ പറഞ്ഞു.
പുസ്തകത്തിൽ സേതുമാഷും പ്രേമയും കൂടി കക്കയത്തു കാണുന്നതെല്ലാം മധു മാഷിനോടൊപ്പം ഞാൻ കണ്ടവയാണ്.
കക്കയത്തെ പഴയ ക്യാംപ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കാണാൻ പോയപ്പോൾ സെക്യൂരിറ്റി പോസ്റ്റിൽനിന്ന് ഇറങ്ങി വന്ന ആളുമായി സേതുമാഷ് കലഹിക്കുന്ന ഒരു രംഗമുണ്ട്, നോവലിൽ. വാസ്തവത്തിൽ മധുമാഷും സെക്യൂരിറ്റിയുമായുണ്ടായ ഏറ്റുമുട്ടലിന്റെ ഒരു എഡിറ്റഡ് വെർഷൻ മാത്രമാണ് അത്.
കെ. മധുസൂദനൻ എന്നായിരുന്നു മാഷിന്റെ യഥാർത്ഥ പേര്. മധു മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്.
നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറി ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്തു കൊടിയ മർദ്ദനം അനുഭവിച്ചിരുന്നു.
‘അമ്മ’, ‘പുലി മറഞ്ഞ കുട്ടൻ മൂസ്’, ‘മൂട്ട’, ‘സ്പാർട്ടക്കസ്’ തുടങ്ങി പതിനഞ്ചോളം നാടകങ്ങളുടെ കർത്താവാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം വലിയ ചലനം സൃഷ്ടിച്ച നാടകമായിരുന്നു ‘അമ്മ’. ‘അമ്മ’ എഴുതിയതും സംവിധാനം ചെയ്തതും മധു മാഷ് ആണ്. ആ നാടകം കാണുന്നതു മാർക്സിസ്റ്റ് പാർട്ടി വിലക്കിയിരുന്നു. എട്ടോളം സിനിമകളിൽ വേഷമിട്ടു. രാഷ്ട്രീയ തെരുവു നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.
ധിഷണാശാലി, തികഞ്ഞ കലാപകാരി. അരാജകവാദി.
നക്സലൈറ്റുകളെക്കുറിച്ചും അക്കാലത്തെക്കുറിച്ചും മാഷ് ഒരുപാട് അനുഭവങ്ങൾ പങ്കുവച്ചു. സംഭാഷണം അക്കാലത്തെക്കുറിച്ചുള്ള സിനിമകളിലെത്തി. അതിലൊരു സിനിമ മാഷ് കണ്ടതാണോ എന്നു ഞാൻ ചോദിച്ചു.
“കണ്ടു, കണ്ടു” – മധുമാഷ് പറഞ്ഞു.
“എന്നിട്ടോ?”
“എന്നിട്ടെന്താ, ഞാൻ ഒരു ചാക്ക് പൊരി വാങ്ങി. പൊരിയല്ലേ, ഒരു ചാക്ക് ഉണ്ടെങ്കിലും വലിയ ഭാരമില്ല. അതും ചുമന്നു ഞാൻ അതെഴുതിയ ആളുടെ വീട്ടിൽ ചെന്നു.”
“എന്നിട്ടോ ?”
” ഞാൻ ചാക്ക് അവിടെ വച്ചു. ഇനി നക്സലൈറ്റുകളെക്കുറിച്ചു സിനിമ എഴുതാൻ തോന്നിയാൽ ഇതിലോരോന്നു എടുത്തു കൊറിച്ചോണ്ടിരുന്നോളണം, അല്ലാതെ മേലിൽ ഇമ്മാതിരി സിനിമയെഴുതിയാൽ വെട്ടിത്തുണ്ടമാക്കും എന്നു ഭീഷണിപ്പെടുത്തിയിട്ടു തിരിച്ചു പോന്നു.”
‘യൂദാസിന്റെ സുവിശേഷം’ അയച്ചു കൊടുത്തിട്ടു ഞാൻ മധുമാഷിനോടു പറഞ്ഞു:
“മാഷേ പൊരിച്ചാക്കുമായി വരാൻ പ്ലാനുണ്ടെങ്കിൽ പറയണം, അവിടുന്നു കൊണ്ടുവരണമെന്നില്ല, ഇവിടെയും കിട്ടും.”
മാഷ് പൊട്ടിച്ചിരിച്ചു.
ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂവെങ്കിലും എപ്പോഴും കോഴിക്കോട്ട് ഉണ്ടാകുമെന്നു ഞാൻ വിചാരിച്ചിരുന്ന ഒരാൾ.
‘യൂദാസിന്റെ സുവിശേഷം’ ഉള്ളിടത്തോളം എന്നെ വിട്ടുപോകാത്ത ഒരാൾ.
മധു മാഷ്.

Comments are closed.