DCBOOKS
Malayalam News Literature Website

ജോണ്‍സണ്‍ ഐരൂരിന്റെ പ്രശസ്തമായ രണ്ട് പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ വില്‍പ്പനയില്‍

പ്രമുഖ ഹിപ്‌നോതെറാപ്പി വിദഗ്ധനും ആദ്യകാല യുക്തിവാദപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ജോണ്‍സണ്‍ ഐരൂരിന്റെ പ്രശസ്തമായ രണ്ട് പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ വായനക്കാരിലേക്ക്. ‘ഭക്തിയും കാമവും‘, ‘ഹിപ്‌നോട്ടിസം ഒരു പഠനം’  എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Textഏതാണ്ട് എല്ലാ ശാസ്ത്രങ്ങളും കലകളും ജാലവിദ്യയും അന്ധവിശ്വാസങ്ങളാൽ മലിനമാക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രാരംഭകാലത്തെ നിഗൂഢതകൾ തുടച്ചുമാറ്റപ്പെടുവാൻ ഹിപ്‌നോസിസിനോളം കാലതാമസം ഒന്നിനും നേരിട്ടിട്ടില്ല. ഹിപ്‌നോസിസ് ശാസ്ത്രമാണ് ഹിപ്‌നോതെറാപ്പി കലയും. പ്രൊഫ. എ.റ്റി. കോവൂരിന്റെ ശിക്ഷണത്തിൽ കലയും ശാസ്ത്രവും ഒന്നുപോലെ പ്രയോഗിച്ച് വിജയിച്ച സീനിയർ ക്ലിനിക്കൽ ഹിര്‌നോട്ടൈസറായിരുന്നു ജോൺസൺ ഐരൂർ.

ഭക്തിയും ശൃംഗാരവും ഇടകലർന്ന, മനസ്സിന്റെ ഉള്ളറകളിലെ മിത്തുകളും സത്യങ്ങളും വിമർശനബുദ്ധിയോടെ അന്വേഷിക്കുന്ന പുസ്‌തകമാണ് ‘ഭക്തിയും കാമവും’. ഉൾക്കിടലത്തോടുകൂടിയേ നിങ്ങൾക്ക് ഈ പുസ്‌തകത്താളുകളിലൂടെ കടന്നുപോകാൻ കഴിയൂ.ഇന്ത്യയുടെ പാരമ്പര്യത്തിലും തത്ത്വശാസ്‌ത്രത്തിലും ഊന്നിനിന്നുകൊണ്ട് ഭക്തിയേയും കാമത്തേയും ആധികാരികമായി വിലയിരുത്തുന്ന, ഭാരതീയഭാഷകളിലെ തന്നെ ആദ്യഗ്രന്ഥമാണിത്. പുസ്തകത്തിന്റെ പരിഷ്‌കരിച്ച് വിപുലീകരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

ഹിപ്‌നോട്ടിസം ചികിത്സാരംഗത്തും കുറ്റാന്വേഷണരംഗത്തും ജോണ്‍സണ്‍ ഐരൂർ  നടത്തിയ പരീക്ഷണ-ഗവേഷണങ്ങളുടെ കേസ്ഡയറിയും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ‘ഹിപ്‌നോട്ടിസം ഒരു പഠനം’.

ആരായിരുന്നു ജോണ്‍സണ്‍ ഐരൂര്‍?

ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഓക്കുപേഷണല്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് പ്രകാരം അംഗീകൃത ഹിപ്‌നോ തെറാപ്പി പ്രാക്ടീഷണല്‍ ഡിപ്ലോമ ലഭിക്കുന്ന ആദ്യ ഭാരതീയനാണ് ജോണ്‍സണ്‍ ഐരൂര്‍. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വ്യക്തിത്വ വികസന ക്ലാസ്സുകള്‍ നടത്താനായി സര്‍ക്കാര്‍ അംഗീകരിച്ച ഹിപ്‌നോതെറാപ്പിസ്റ്റായ അദ്ദേഹം ഫ്രാന്‍സ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ഹെല്‍ത്ത് പ്രമോഷന്‍ ആന്‍ഡ് എഡ്യൂക്കേഷനിലെ ആജീവനാന്ത അംഗമായിരുന്നു. ഭാരത സര്‍ക്കാരിന്റെ ജെ.എസ്.എസ്സിനുവേണ്ടി ഹിപ്‌നോതെറാപ്പിയിലും കൗണ്‍സിലിങിലും ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതിയിരുന്നു.

മിശ്രവിവാഹ സംഘം, കേരളയുക്തിവാദി സംഘം എന്നീ സംഘടനകളില്‍ യഥാക്രമം സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത്, യുവകലാസാഹിതി എന്നിവയുടെ സക്രിയ പ്രവര്‍ത്തകനായിരുന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന പ്രൊഫ. എ.ടി. കോവൂരിന്റെ കൂടെ ദിവ്യാത്ഭുത അനാവരണ പരിപാടിയുമായി ഭാരതപര്യടനം നടത്തി. മജീഷ്യന്‍ ആര്‍.കെ. മലയത്തുമായി ചേര്‍ന്ന് ‘മെന്റാരമ’ എന്ന പേരില്‍ സ്റ്റേജ് ഹിപ്‌നോട്ടിക് പ്രകടനങ്ങള്‍ കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്.

2020 ജൂലൈ 15ന് അദ്ദേഹം അന്തരിച്ചു.

ജോണ്‍സണ്‍ ഐരൂരിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.