DCBOOKS
Malayalam News Literature Website

സുധാമൂര്‍ത്തിയുടെ ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍

വായനക്കാരനെ ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്ന സുധാമൂര്‍ത്തിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ്  ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍ – തലക്കെട്ട് സൂചിപ്പിക്കുംപോലെ, ചില ജീവിത സന്ദര്‍ഭങ്ങളെ ഇഴയടുപ്പത്തോടെ തുന്നിച്ചേര്‍ത്ത് അവ തന്റെ ജീവിതമൂല്യങ്ങളെ ഊട്ടിയുറപ്പിച്ചതെങ്ങനെയെന്ന് തന്മയത്വത്തോടെ പറഞ്ഞുതരികയാണ്  സൂധാമൂര്‍ത്തി.

ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ എന്ന പദവിയിലിരിക്കേ അഭിമുഖീകരിക്കേണ്ടി വന്ന അനുഭവങ്ങള്‍ ഈ പുസ്തകത്തിലെ പതിനൊന്ന് കുറിപ്പുകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്നു. ഓരോ കുറിപ്പുകള്‍ക്കിടയിലും ഒരു ജീവിത സന്ദേശം വായനക്കാരന് വായിച്ചെടുക്കാനാവും. ഷബിത എം.കെ. യാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകത്തിന് സുധാമൂര്‍ത്തി എഴുതിയ ആമുഖക്കുറിപ്പ്…

ഈ ലോകത്തിന്റെ മുക്കിലും മൂലയിലുംനിന്ന് എനിക്ക് സ്ഥിരമായി എഴുത്തുകള്‍ വരാറുണ്ട്. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും കത്തുകളില്‍ എന്റെ പുസ്തകങ്ങള്‍ അവരെ ഏതൊക്കെ വിധത്തിലാണ് സ്വാധീനിച്ചത് എന്ന് വിവരിക്കും. എനിക്കെപ്പോഴും നന്ദിയോടെ ഓര്‍ത്തിരിക്കാന്‍ അവരൊക്കെയാണുള്ളത്. എന്റെ ജീവിതത്തിലേക്ക് അറിവും അനുഭവങ്ങളും ഒരുപോലെ പകര്‍ന്നുതരുന്നതില്‍ അവര്‍ക്കോരോരുത്തര്‍ക്കും വ്യക്തിപരമായ പങ്കുതന്നെയുണ്ട്.

യുവാക്കളുടെ കത്തുകള്‍ വായിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളെ അവരെങ്ങനെയാണ് തരണം ചെയ്തത് എന്ന് വിശദമായിട്ടുതന്നെ എഴുതിയിട്ടുണ്ടാവും. സന്തോഷവും സമാധാനവും ജീവിതത്തിലേക്ക് വരുന്നതിന്റെ ചവിട്ടുപടിയാണല്ലോ അതൊക്കെ. എന്റെ എഴുത്തുകളൊക്കെ ഭാവനകള്‍ നിറഞ്ഞ നോവലുകളാണെന്ന അഭിപ്രായം പലരും പറയാറുണ്ട്. പക്ഷേ, ഉന്നം പിഴയ്ക്കാത്ത എന്റെ ജീവിതം തെളിയിച്ചിരിക്കുന്നതെന്താണെന്നോ, സത്യം സങ്കടത്തെക്കാള്‍ അപ്പുറത്താണെന്നതാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ ശ്രീ റ്റി. ജെ. എസ്. ജോര്‍ജ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലേക്ക് ഒരു ലേഖനം എഴുതാന്‍ പറഞ്ഞത്. ഞാനാകെ ചൂളിപ്പോയി. കന്നടത്തിലാണ് പത്തുവരെ പഠിച്ചതും വളര്‍ന്നതും. എല്ലാവരെയുംപോലെ തന്നെ ഞാനുമെന്റെ മാതൃഭാഷയിലാണ് ഇംഗ്ലിഷിനെക്കാളും സൗകര്യം കാണുന്നത്. അന്ന് ജോര്‍ജ് പറഞ്ഞു: ”ഭാഷ ഒരു വാഹനമാണ്. ആ വാഹനത്തിനകത്തിരിക്കുന്ന വ്യക്തി മെനഞ്ഞുണ്ടാക്കുന്ന കഥയാണ് പ്രധാനം. നിങ്ങളൊരു കഥാകാരിയാണ്. അതുകൊണ്ട് കഥനം തുടരുക. ഭാഷ നിങ്ങളെത്തേടി വരേണ്ട സമയത്ത് വന്നുകൊള്ളും.”

ഇംഗ്ലിഷ് ഭാഷയോടൊപ്പമുള്ള എന്റെ യാത്ര ആ ഒറ്റ പ്രോത്സാഹനത്തില്‍ ആരംഭിച്ചു. ഇന്ന് ഞാനൊരു ഇന്ത്യന്‍-ഇംഗ്ലിഷ് എഴുത്തുകാരിയായി അറിയപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ജോര്‍ജിന്റെ ആത്മവിശ്വാസമാണ് പ്രവര്‍ത്തിച്ചത്. എന്റെ പ്രഥമ പുസ്തകത്തിന് ജോര്‍ജാണ് തലക്കെട്ട് നിര്‍ദ്ദേശിച്ചത്  Wise and otherwise. നന്ദിയോടെ ഓര്‍ക്കട്ടെ, അദ്ദേഹത്തിന്റെ നിരന്തര പ്രോത്സാഹനമാണ് എന്നെ വായനക്കാര്‍ തേടുന്ന എഴുത്തുകാരിയാക്കിയത്. ഈ ലോകം മുഴുവന്‍ ജോര്‍ജുമാരെക്കൊണ്ട് നിറഞ്ഞിരുന്നെങ്കില്‍ എന്നിടയ്ക്കു ചിന്തിക്കാറുണ്ട്. എഴുത്തുകാരെ തിരിച്ചറിഞ്ഞ് അവരെ നിരന്തരമായി പ്രോത്‌സാഹിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ജോര്‍ജുമാരുള്ള ലോകം! ശ്രുതകീര്‍ത്തി ഖുറാന എന്റെ മിടുക്കനായ എഡിറ്ററാണ്. അദ്ദേഹത്തെയും ഉദയന്‍ മിത്ര, മേരു ഗോഖലെ എന്നിവരെയും നന്ദിയോടെ ഓര്‍ക്കാതെ എനിക്കൊന്നും പറയാനില്ല.

 

Comments are closed.