DCBOOKS
Malayalam News Literature Website

ജെ.സി.ബി സാഹിത്യ പുരസ്‌കാരം: ചുരുക്കപ്പട്ടികയില്‍ ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്ന കൃതിയും

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സ്, പെരുമാള്‍ മുരുകന്റെ പൂനാച്ചി, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ ജീത് തയ്യിലിന്റെ ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സ്, അമിതാഭ ബാഗ്ചിയുടെ ഹാഫ് ദി നൈറ്റ് ഈസ് ഗോണ്‍, അനുരാധ റോയിയുടെ ഓള്‍ ദി ലിവ്‌സ് വി നെവന്‍ ലിവ്ഡ് എന്നീ അഞ്ച് കൃതികളാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ അഞ്ച് കൃതികളില്‍ നിന്ന് ഏറ്റവും മികച്ചതെന്ന് ജൂറി വിലയിരുത്തുന്ന കൃതിയ്ക്ക് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഓരോ കൃതിയ്ക്കും ഒരു ലക്ഷം രൂപ വീതവും പരിഭാഷകര്‍ക്ക് അഞ്ച് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഒക്ടോബര്‍ 27-നാണ് അന്തിമപുരസ്‌കാര പ്രഖ്യാപനം.

പ്രശസ്ത സംവിധായിക ദീപാ മേത്ത, എഴുത്തുകാരന്‍ വിവേക് ഷാന്‍ബാഗ്, റോഹന്‍ മൂര്‍ത്തി, പ്രിയംവദ നടരാജന്‍, അര്‍ഷിയ സത്താര്‍ എന്നിവരാണ് പുരസ്‌കാര നിര്‍ണ്ണയ സമിതിയിലെ ജൂറി അംഗങ്ങള്‍.പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.

അറേബ്യന്‍ നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന മുല്ലപ്പൂ നിറമുള്ള പകലുകള്‍   ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഷഹനാസ് ഹബീബാണ് ഈ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

Comments are closed.