DCBOOKS
Malayalam News Literature Website

അനല്പമായ ആനന്ദം പച്ചക്കറികളിലൂടെ

ഡോ.ഷീജാകുമാരി കൊടുവഴന്നൂരിന്റെ ‘ജൈവപച്ചക്കറികളും ആരോഗ്യ രക്ഷയും’ എന്ന പുസ്തകത്തിന് ഡോ. ടി. ആര്‍. ജയകുമാരി എഴുതിയ അവതാരിക

രാസവളങ്ങളും രാസകീടനാശിനികളും കണക്കില്ലാതെ കോരിത്തൂവിയും ആധുനികതയുടെ അവശിഷ്ടങ്ങളായ അന്തരീക്ഷമാലിന്യങ്ങള്‍ വീണടിഞ്ഞും വികലമായ പരിപാലന പ്രക്രിയകള്‍ കുത്തിനോവിച്ചും നമ്മുടെ മണ്ണ് ഊഷരമായിരിക്കുന്നു. ജീവിതരീതികള്‍ മാറിയതോടെ വിളഭൂമികളെല്ലാം വാസഭൂമികളായി. കാലാവസ്ഥയിലും ആവാസവ്യവസ്ഥകളിലുമുണ്ടായ മാറ്റം കീടജാലങ്ങളെ ശക്തരും പ്രതിരോധശേഷിയുമുള്ളവരാക്കി. ജ്യാമിതീയാനു
പാതത്തില്‍ വികസിക്കുന്ന ജനതയുടെ വിശപ്പകറ്റാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ശുഷ്‌കിച്ചുകൊണ്ടിരിക്കുന്ന അവശേഷിക്കുന്ന ഭൂമികളില്‍ വിളവര്‍ദ്ധനയും കീടനാശവും Textസാദ്ധ്യമാക്കുന്ന ജൈവരാസവസ്തുക്കള്‍ പ്രയോഗിക്കാന്‍ നാം നിര്‍ബ്ബന്ധിതരായി.
ഇതിനും സമയമില്ലാതെ, എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും നമുക്കുവേണ്ടിഉത്പാദിപ്പിക്കാനുള്ള ചുമതല, യാതൊരു തത്ത്വദീക്ഷയുമില്ലാതെ വളങ്ങളും കീടനാശിനികളും വാരിക്കോരി നല്‍കുന്ന അന്യസംസ്ഥാനങ്ങളെ നാം ഏല്പിച്ചു. ശാരീരികാദ്ധ്വാനം മറന്നു. ഉപഭോഗസംസ്‌കാരം വളര്‍ന്നു. ഫലമോ അര്‍ബുദം, പ്രമേഹം, വൃക്കത്തകരാറുകള്‍, പൊണ്ണത്തടി, വന്ധ്യത, ഹൃദയരോഗങ്ങള്‍, കുടല്‍വ്രണങ്ങള്‍, ബുദ്ധിമാന്ദ്യം, ഗര്‍ഭമലസല്‍, അകാലപ്രസവം, അംഗവൈകല്യം, അസ്ഥിരോഗങ്ങള്‍ എന്നിവയില്‍ ഏതെങ്കിലുമില്ലാത്ത ഒരാളുമില്ലെന്നുവന്നു. കേവലം ഒന്നോ രണ്ടോ ആശുപത്രികള്‍ മാത്രമുണ്ടായിരുന്ന നഗരങ്ങളില്‍ കിലോമീറ്ററുകളുടെ അകലത്തില്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തി. ഈ അവസ്ഥയാണ് ജൈവകൃഷിയെന്നും സ്വയം കൃഷിയെന്നുമുള്ള കാലഹരണപ്പെട്ട ആശയങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്കിനുള്ള പ്രേരണ ഏവരിലുമുണര്‍ത്തിയത്.

സമൃദ്ധിയുടെയും സഹകരണത്തിന്റെയും സൗന്ദര്യം നിറഞ്ഞ ഗ്രാമീണ കാര്‍ഷികസംസ്‌കാരം അന്തര്‍ലീനമായ ബാല്യാനുഭവങ്ങളുടെ സ്മരണ ഉള്‍ക്കൊണ്ട്, മലയാളികളെ ജൈവപച്ചക്കറിക്കൃഷിയിലേക്കു ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിക്കുകയാണ് ഗ്രന്ഥകാരി ജൈവപച്ചക്കറികളും ആരോഗ്യരക്ഷയും എന്ന ഈ രചനയിലൂടെ. വെള്ളരിവര്‍ഗ്ഗങ്ങളായ മത്തന്‍, കുമ്പളം, വെള്ളരി, പടവലം, കോവല്‍, പാവല്‍, പീച്ചില്‍, ചുരയ്ക്ക, ചൗ ചൗ, തക്കാളിവര്‍ഗ്ഗങ്ങളായ വഴുതന, പച്ചമുളക്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയോടൊപ്പം ശീതകാല പച്ചക്കറികളും വള്ളിപ്പയര്‍, ചതുരപ്പയര്‍, വാളരിപ്പയര്‍, മുരിങ്ങ, ശീമച്ചക്ക, ചേന, വെണ്ട എന്നിവയും ഉള്‍പ്പെടെ 27 ഇനം പച്ചക്കറിവിളകളും അതിന്റെ കൃഷിരീതിയുമാണ് ഇവിടെ പരി
ചയപ്പെടുത്തുന്നത്. ഓരോന്നിനെയും പറ്റിയുള്ള പൊതുവിവരണവും കൃഷിരീതിയും പോഷകഗുണങ്ങളും വിശദമായ ഉപയോഗരീതികളും ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. കാര്‍ഷികമേഖലയിലെ നൂതനപ്രവണതയായ ഭക്ഷ്യാരാമം പദ്ധതിയെപ്പറ്റിയും ജൈവവളങ്ങളെപ്പറ്റിയും രാസകീടനാശിനികള്‍ക്ക് ബദലായി ഉപയോഗിക്കാവുന്ന വിവിധതരം ജൈവമിശ്രിതങ്ങളെപ്പറ്റിയും ഇതില്‍ വിവരണമുണ്ട്. നഗരവാസികള്‍ക്ക് അവലംബിക്കാവുന്ന ടെറസ് കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗ്രന്ഥകാരി അക്കമിട്ട് പറയുന്നു. നടീല്‍ വസ്തുക്കളും വളവും തെരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.