DCBOOKS
Malayalam News Literature Website

ഇന്ത്യപോലെ ചൂടുകൂടിയ ഒരു രാജ്യത്ത് ഇരുന്നുകൊണ്ട് ഈ പുസ്തകം വായിക്കുമ്പോൾ!

അലക്‌സാണ്ടർ സോൾഷെനിറ്റ്സിന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം’ എന്ന പുസ്തകത്തിന് ചട്ടമ്പിശാസ്ത്രത്തിന്റെ രചയിതാവ് കിംഗ് ജോണ്‍സ് എഴുതിയ വായനാനുഭവം    

അലക്‌സാണ്ടർ സോൾഷെനിറ്റ്സിന്റെ “ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം” എന്ന നോവൽ നിങ്ങൾ ഇഷ്ടപ്പെടുമോ തിരസ്കരിക്കുമോ എന്നതൊന്നും എന്നെ വ്യാകുലപ്പെടുത്തുന്നില്ല. പണം കൊടുത്തു വാങ്ങിയ പുസ്തകം ഇഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. ഇനി ഏതെങ്കിലും വിധത്തിൽ സൗജന്യമായാണ് പുസ്തകം വാങ്ങിയതെങ്കിൽ ഏതൊരു പുസ്തകവും ഒരു ബാധ്യതയാകും. ഇങ്ങനെ പറയാൻ കാരണം, നാസി ജർമനിയുടെയും സോവിയറ്റ് യൂണിയന്റെയും ലേബർ ക്യാമ്പുകൾ എന്നുവിളിച്ചിരുന്ന തടവു പാളയങ്ങളുടെ കഥ, ദൃശ്യാവിഷ്കാരമായി നമ്മുടെ മുന്നിൽ അവതരിപ്പിച്ച നിരവധി സിനിമകൾ ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും ആസ്വദിക്കാവുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.
ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്, ദി ബോയ് ഇൻ സ്ട്രൈപ്പ്ഡ് പൈജാമാസ് എന്നിവ പോലെയുള്ള ചലച്ചിത്രങ്ങൾ കാണുകയും ലേബർ ക്യാമ്പുകളുടെ ഭീകരാവസ്ഥ മനസിലാക്കുകയും ചെയ്ത ആളുകൾ, അതേ സാഹചര്യത്തിൽ എന്നാൽ വ്യത്യസ്തമായ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു പുസ്തകം വായിക്കാൻ എടുക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാവും. പുസ്തക വായന ആസ്വാദനത്തിന്റെ പരമാവധിയിൽ എത്തണമെങ്കിൽ വായനക്കാരന്റെ ഭാവനയും പുസ്തകത്തിനൊത്ത് സഞ്ചരിക്കേണ്ടതുണ്ട്. പുസ്തക വായനയിൽ ഇത് ശ്രമകരമാണെങ്കിൽ ചലച്ചിത്രങ്ങൾ ദൃശ്യങ്ങളിലൂടെ ആസ്വാദനം എളുപ്പമാക്കുന്നുണ്ട്. ശ്രമകരമായ ഭാവന ഇല്ലെങ്കിൽ കൂടിയും ഒരു ചലച്ചിത്രം ആസ്വദിക്കാൻ കഴിയും.
ഇന്ത്യപോലെ ചൂടുകൂടിയ ഒരു രാജ്യത്ത് ഇരുന്നുകൊണ്ട് ഈ പുസ്തകം വായിക്കുമ്പോൾ ഒരു ലേബർ ക്യാമ്പിലെ തടവുകാരന് തുകൽ ഷൂസും, കയ്യുറയും ജീവൻ നിലനിർത്താൻ എത്ര പ്രാധാന്യമുള്ളതാണെന്നു ഭാവനയിൽ ചിന്തിച്ചെടുക്കുന്നതിൽ പരിമിതിയുണ്ട്. എന്നാൽ ഈ രംഗം ചലച്ചിത്രത്തിൽ കാണുമ്പോൾ നമുക്ക് ഒരു സംശയവും ഇല്ലാതായി തീരുന്നു. എഴുത്തിലൂടെ മാത്രം ഈ അവസ്ഥകളെ അനുഭവിപ്പിക്കാൻ നോക്കുമ്പോൾ എത്രമാത്രം നിങ്ങൾ ഇഷ്ടപ്പെടും എന്നൊരു സംശയം പ്രകടിപ്പിക്കാൻ കാരണം അതാണ്. ഇതൊക്കെ ഞങ്ങൾ കണ്ടതല്ലേ എന്നൊരു തോന്നൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
Textഏതായാലും, എടുത്തു പറയാനുള്ളത്, അലക്‌സാണ്ടർ സോൾഷെനിറ്റ്സിന്റെ ജീവിതത്തെക്കുറിച്ചു തന്നെയാണ്. സ്റ്റാലിൻ ഭരണകൂടത്തെ വിമർശിച്ചതിന് 8 വർഷത്തെ തടവ് അനുഭവിച്ച ആളാണ് അലക്‌സാണ്ടർ സോൾഷെനിറ്റ്സ്. തടവ് വാസം പൂർത്തിയാക്കിയ അദ്ദേഹത്തെ സ്റ്റാലിൻ കസാഖിസ്ഥാന്റെ വടക്കുകിഴക്കൻ പ്രദേശത്തേക്ക് ആജീവനാന്തകാലത്തേയ്ക്ക് നാടുകടത്തുന്നു. (ഈ കാലഘട്ടത്തിലെ ഖസാക്കിസ്ഥാനെ കുറിച്ച് എഴുതുമ്പോൾ അലക്‌സാണ്ടർ കോട്ട് സംവിധാനം ചെയ്ത ദി ടെസ്റ്റ് എന്ന ചലച്ചിത്രം ഓർമ്മവരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളും മനസിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ചലച്ചിത്രങ്ങളിലൂടെയാണ് എന്നതാണ് മുമ്പ് സൂചിപ്പിച്ച വായനയിലെ വെല്ലുവിളി )
ഖസാക്കിസ്ഥാനിൽ വച്ച് ക്യാൻസർ ബാധിതനായ അദ്ദേഹത്തിന് ചികിത്സ ലഭിയ്ക്കുന്നത് ഉസ്ബെക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ വച്ചാണ്. അവിടുത്തെ അനുഭവങ്ങൾ എഴുതിയാണ് അലക്‌സാണ്ടർ സോൾഷെനിറ്റ്സ് ഒരു മികച്ച എഴുത്തുകാരനായി പരുവപ്പെടുന്നത്. കാൻസർവാർഡ് എന്ന നോവൽ അദ്ദേഹം എഴുതുന്നു.
പിന്നീട് ജോസഫ് സ്റ്റാലിന്റെ മരണത്തിനു ശേഷം നികിത ക്രൂഷ്ചേവിന്റെ പിന്തുണയോടെയാണ് “ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം” എന്ന ഈ നോവൽ പുറത്തിറങ്ങുന്നതും വൻവിജയമാവുന്നതും. സ്റ്റാലിൻ ഒരു തെറ്റായിരുന്നെന്നും താൻ അതിനെ തിരുത്തുകയാണെന്നും ലോകത്തെ ബോധ്യപ്പെടുത്താനുള്ള നികിത ക്രൂഷ്‌ചേവിന്റെ ഒരു തന്ത്രത്തിന്റെ ഭാഗമായേ അതിനെ കാണാനാവൂ. എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ ക്രൂരതകൾ എടുത്തുകാട്ടി “യുദ്ധത്തിലെ നല്ലകുട്ടി” ആയി അഭിനയിച്ചിരുന്ന സോവിയറ്റ് യൂണിയന്റെ ശരിക്കുമുള്ള മുഖം തുറന്നു കാട്ടുന്നതിൽ “ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം” നല്ല പങ്കുവഹിച്ചു.
അതിനാൽത്തന്നെ നികിത ക്രൂഷ്ചേവിന്റെ മരണത്തിനു ശേഷം അലക്‌സാണ്ടർ സോൾഷെനിറ്റ്സ് വീണ്ടും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. 1970 ൽ അലക്‌സാണ്ടർ സോൾഷെനിറ്റ്സിന് നോബൽ സമ്മാനം ലഭിച്ചെങ്കിലും ഭയം കാരണം അദ്ദേഹം അത് സ്വീകരിച്ചില്ല. റഷ്യയിൽ തിരികെയെത്തണം എന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ അലക്‌സാണ്ടർ സോൾഷെനിറ്റ്സിലെ എഴുത്തുകാരനാവട്ടെ എതിർദിശയിൽ സഞ്ചരിക്കുകയും റഷ്യൻ ലേബർ ക്യാമ്പിലെ ക്രൂരതകൾ വിളിച്ചു പറയുന്ന ദി ഗുലാഗ് ആർക്കിപ്പെലഗോ ഇറങ്ങുകയും ചെയ്തു. അങ്ങനെ റഷ്യ അലക്‌സാണ്ടർ സോൾഷെനിറ്റ്സിനെ വീണ്ടും നാടുകടത്തി. അമേരിക്കയിൽ അഭയം തേടിയ ശേഷമാണ് അദ്ദേഹം നോബൽ സമ്മാനം സ്വീകരിക്കുന്നത്.
1994 ലാണ് അദ്ദേഹം റഷ്യയിൽ തിരികെയെത്തുന്നതും റഷ്യൻ ഗവണ്മെന്റ് അദ്ദേഹത്തിന് സ്റ്റേറ്റ് പ്രൈസ് നൽകുന്നതും. എഴുത്തുകാരന്റെ ജീവിതം തന്നെ ഒരു നോവൽ പോലെ വായിച്ചെടുക്കാൻ കഴിയുന്നതാണ്.
കുറിപ്പ്:
“ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിനം” എന്ന നോവലിലെ കഥാപാത്രമായ ഷുഹോവിന്റെ ഒരു നിരീക്ഷണമുണ്ട്.
“ഒരു ജോലി ചെയ്യാൻ രണ്ടുവഴികളുണ്ട്, ചെയ്യുന്നത് മനുഷ്യർക്ക് വേണ്ടിയാണെങ്കിൽ തീർച്ചയായും അത് നല്ലരീതിയിൽ ചെയ്തു എന്ന് ഉറപ്പുവരുത്തുക. ഒരു വലിയ അധികാരിയ്ക്കു വേണ്ടിയാണെങ്കിൽ, അത് ചെയ്തത് നന്നായിട്ടാണ് എന്ന തോന്നൽ മാത്രം ഉണ്ടാക്കുക.”
ബാംഗ്ലൂരിൽ വിദ്യാർഥിയായിരുന്ന കാലത്ത് ഞാൻ ഒരു പന്തയക്കുതിര മുതലാളിയുടെ ദൈനംദിന ചെലവുകൾ അയാളുടെ പദ്ധതി അനുസരിച്ചു തന്നെയാണോ പോകുന്നത് എന്നുറപ്പാക്കുന്ന കണക്കെഴുത്തു ജോലിയിൽ പ്രവേശിച്ചിരുന്നു. അധിക വരുമാനത്തിനു വേണ്ടി അയാളുടെ ആഡംബരകാറുകൾ കഴുകുകയും ചെയ്യുമായിരുന്നു.
ഇതുകണ്ട അയൽവാസികളായ ചില ധനികർ കൂടി അവരുടെ കാറുകളും കഴുകാൻ പറയുകയും അങ്ങനെ ചെയ്താലും പണം കിട്ടാൻ പോകുന്നില്ല എന്ന് അവിടുത്തെ കാവൽക്കാരൻ മുന്നറിയിപ്പ് തരികയും ചെയ്തു. അതറിഞ്ഞപ്പോൾ മുതൽ അവരുടെ കാറുകളുടെ ടയറുകൾക്കു മുകളിലൂടെ വെള്ളം ഒഴിക്കുക മാത്രം ചെയ്യുകയും കാർ കഴുകി എന്ന തോന്നൽ ഉണ്ടാക്കിക്കുകയും ചെയ്തു. തുടർന്ന് അവർ എന്നെ , ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ ആ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കുതിര മുതലാളിയായ എന്റെ യഥാർത്ഥ മുതലാളിയാവട്ടെ അതു നന്നായി എന്നുപറഞ്ഞ് അഭിനന്ദിക്കുകയാനുണ്ടായത്. ജീവിതവുമായി ബന്ധപ്പെടുത്തി വായിക്കാൻ കഴിയുമ്പൊഴാണ് ഓരോ പുസ്തകവും കൂടുതൽ ആസ്വാദ്യകരമാവുന്നത്.

Comments are closed.