DCBOOKS
Malayalam News Literature Website

ചെകുത്താനെ അപനിർമ്മിക്കുമ്പോൾ…

പി.എഫ്. മാത്യൂസിന്റെ രണ്ടാമത്തെ നോവലിലും സാത്താനുണ്ട്; ദൈവവും. പക്ഷേ, പുണ്യപാപങ്ങളുടെ നിത്യ യുദ്ധത്തിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്നുണ്ട് ഈ നോവൽ. ആവിഷ്ക്കാര രീതിയുടെ തനിമ കൊണ്ട് ശ്രദ്ധേയമായ രചന.

തുറമുഖ നഗരത്തിലെ പുരാതന തെരുവും,സമീപ ഗ്രാമത്തിലെ ഇടവകയുമാണ് കഥാപരിസരമെങ്കിലും, വിശ്വാസികളുടെ നിഗൂഢമനസിന്റെ ആഴങ്ങളിലൂടെയാണ് പി.എഫ്. മാത്യൂസിന്റെ സഞ്ചാരം.വിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും പുരാവൃത്തങ്ങളുടേയും ഇരുണ്ട പശ്ചാത്തലത്തിൽ ,എവിടെയും ദുരൂഹ പഥസഞ്ചലനങ്ങൾ.

മലയാള നോവലിൽ, അപനിർമ്മാണങ്ങളുടെ കാലമാണിത്. ഇതിവൃത്തത്തിലും ,ശില്പത്തിലും ആഖ്യാനത്തിലുമൊക്കെ നോവൽ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു . ക്രിസ്തീയമായ ചിഹ്നങ്ങും പ്രതീകങ്ങളും ഉപമകളും നിറഞ്ഞ, പുണ്യ-പാപ ദ്വന്ദ്വത്തി ലഷ്ഠിതമായ ഒരു ഇതിവൃത്തത്തിനെ, മരണത്തിനുമപ്പുറത്തേക്ക് വിന്യസിക്കാൻ ശ്രമമുണ്ട്. ദൈവത്തിനേയും പിശാചിനേയും ബന്ധപ്പെടുത്തി, ജീവിത ദുഖങ്ങളെ, വീണ്ടുവിചാരങ്ങളുടേയും സമസ്യകളുടെയും വിശാലാകാശത്തേക്ക് വിക്ഷേപിക്കുന്ന പുതിയ ആഖ്യാന രീതിയാണ് ‘ഇരുട്ടിൽ ഒരു പുണ്യാളനെ’ വ്യത്യസ്തമാക്കുന്നത്.

പറങ്കികൾ അടിമയാക്കിക്കൊണ്ടുവന്ന കറുമ്പൻ കാപ്പിരിയെ, അവർ നാടുവിട്ടപ്പോൾ നിധികുംഭത്തിനരുകിൽ കൊന്ന്,കുഴിച്ചിട്ടുവെന്ന് പുരാവൃത്തം . ആത്മാവായിമാറിയ കാപ്പിരി,തനിക്ക് കള്ളും കൂരിക്കറിയും ചുരുട്ടും തന്നാരാധിക്കുന്നവർക്ക് നിധി നൽകി, അനുഗ്രഹിക്കാൻ തുടങ്ങി. ഈ കാപ്പിരി മുത്തപ്പനേയും പിശാചിനേയും സേവിക്കുന്ന പാണ്ട്യാലക്കൽ അച്ചമ്പിയിൽ നിന്ന് തുടങ്ങുന്നതാണീ നോവലിന്റെ കഥ എന്ന് പൊതുവിൽ പറയാം. ‘പള്ളിയും പട്ടക്കാരനും, കൂദാശകളില്ലാത്തവനുമായ’ അയാൾ കൂടുതൽ പണമുണ്ടാക്കാൻ സാത്താൻ സേവ തുടങ്ങി. അവസാനം, വെള്ളമിറക്കാതെ, വായുവലിച്ച് 88 ദിവസം കിടന്നിട്ടാണ് മരിച്ചത്. പള്ളി സെമിത്തേരിയിൽ അയാളെ കുഴിച്ചിടാൻ സമ്മതിച്ച വികാരിയച്ചൻ, ‘മൂന്നാം നാൾ വെറയലും പനീം പിടിച്ചങ്ങ് ചത്തുപോയി ‘.

– ഈ കഥ പറയുന്നത്,അന്നംകുട്ടി. രണ്ടാം അദ്ധ്യായത്തിന്റെ പേര് ‘അന്നംകുട്ടി താത്തിയുടെ ആത്മഗതം’ എന്നാണ്. ‘പുണ്യാളനായ തന്തയ്ക്ക് പുഞ്ചിരിത്താത്തി എന്ന പെമ്പ്രന്നോത്തിക്ക് പിറന്നവൾ’. അവരുടെ മകന് ഇടവക പുണ്യാളനായ സാക്ഷാൽ ശൗര്യാരച്ചന്റെ പേരാണിട്ടത്. ദൈവദാസനാക്കാൻ പോയ സേവ്യർ, അച്ചമ്പിയുടെ മരണശേഷം സെമിനാരിയിലേക്ക് തിരിച്ചു പോയില്ല. അച്ഛനുമമ്മയുമില്ലാത്ത, കുടുംബ പാരമ്പര്യമില്ലാത്ത,കാർമ്മലിയെ അയാൾ കല്യാണം കഴിച്ചുകൊണ്ടുവന്നു. ആ ‘പുത്തനച്ചി’ അന്നംകുട്ടി താത്തിയുടെ അരുകിൽ മുട്ടുകുത്തി ,പുതിയ നിയമം തുറന്ന് വായിച്ചത്, യേശു പിശാചു ബാധിതനെ സുഖപ്പെടുത്തുന്ന സുവിശേഷ ഭാഗം.’കണ്ടതിലും കേട്ടതിലും വല്യതാണ് വരാൻ പോകുന്നതെന്ന് ആ ദിവസം എനിക്ക് പിടി കിട്ടി. പിശാശിനെ സേവിച്ച അച്ചമ്പിയാണ് എന്റെ ജീവിതത്തിലെ ദുരന്തമെന്ന് കരുതിയതെത്ര മണ്ടത്തരമായിരുന്നു. പിശാശു തന്നെ നേരിട്ടെഴുന്നള്ളുതിനുള്ള വെറും ഒരു മുന്നോടി മാത്രമായിരുന്നു, ആ സാധു. വെറും പിശാശല്ല, ആയിരക്കണക്കിന് ഒരാത്മാക്കളെ സംവഹിക്കുന്ന സാക്ഷാൽ ലെഗിയോൺ ‘.

P F Mathews-Iruttil Oru Punyalan– നോവലിന്റെ ആദ്യ അദ്ധ്യായത്തിന്റെ പേര് ,’ തുടക്കം: അവസാനത്തിന് തൊട്ടു മുമ്പ് ‘ എന്നാണ്. തുറമുഖ നഗരത്തിലെ പഴയ ജൂതത്തെരുവിൽ മൂസാ ഹാജി വക ഗോഡൗണിനുത്തുള്ള ലോഡ്ജിൽ താമസിക്കാൻ വന്ന ഇരുട്ടു കയറിയ മനസ്സുള്ള, ഇരുണ്ട ദർശനത്തോട് ആരാധനയുള്ള, ഒരു എഴുത്തുകാരന്റെ ഒരു ദിവസത്തിന്റെ ആഖ്യാനമാണതിൽ. ലോഡ്ജിൽ നിന്ന് തെരുവിലേക്ക് വീണ ഒരാൾ പോത്തുവണ്ടി തട്ടി,മരിക്കുന്നു. ലോഡ്ജിൽ താമസിക്കാൻ വലിയൊരു പെട്ടിയുമായെത്തിയ ഒരാളെ പിന്തുടർന്ന കള്ളനാണയാളെന്നും, ഇതിനിടയിൽ വന്നയാൾ,ഒരടയാളവുമില്ലാതെ അപ്രത്യക്ഷനായെന്നുമറിയുന്ന എഴുത്തുകാരൻ ആ നിഗൂഢതയുടെ ചുരുളഴിക്കാൻ എഴുതിത്തുടങ്ങുകയാണ്.

ഇങ്ങനെ, അയാൾ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ, ഓരോ സംഭവത്തിന്റെയും ബഹുസ്വര വിവരണങ്ങളിലൂടെയാണ് നോവൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ, മരിച്ച അന്നംകുട്ടി താത്തിയുടെ ആത്മാവിന്റെ ആത്മഗങ്ങളുമുണ്ട്. കാർമ്മലി തന്റെ കുമ്പസാര പിതാവിനയച്ചതും അയയ്ക്കാത്തതുമായ കത്തുകളും സംഭാഷണങ്ങളുമുണ്ട്. റോക്കിയച്ചന്റെ ഡയറിക്കുറിപ്പുണ്ട്..

സേവ്യറിന്റെ മകന്റെ പേര് ഇമ്മാനുവേൽ . ‘ദൈവം നിന്റെ കൂടെയുണ്ട്’ എന്നർത്ഥം. പക്ഷേ, അവനിൽ സാത്താനാണ് കുടിയിരിക്കുന്നതെന്ന് അന്നക്കുട്ടിയും കാർമ്മലിയും നാട്ടുകാരും കരുതുന്നു. അനർത്ഥങ്ങളും അപകടങ്ങളുമൊക്കെ കൂട്ടിവായിച്ചുണ്ടാകുന്ന മായക്കാഴ്ചകൾ …..സാത്താന്റെ പ്രതിരൂപമായി വിശ്വസിക്കപ്പെടുന്ന ഡോ. അൾവാരീസ്. ആദ്യകുർബ്ബാന സ്വീകരിച്ചന്ന് മരിച്ച കുഞ്ഞിനെചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ. മരിച്ച കുട്ടിയെ കുഴിയിൽ നിന്ന് തോണ്ടിയെടുത്ത് പെട്ടിയിലാക്കി,
സാത്താൻ ബാധിച്ച സേവ്യറിന്റെ തിരോധാനം, വിഭ്രമങ്ങൾ…..

സേവ്യർ കഥയിൽ ഒരിടത്തും നേരിട്ട് വരുന്നതേയില്ല. എഴുത്തുകാരൻ അയാളുമായി ഒരു അഭിമുഖം നടത്തുന്നുണ്ട്. ഇടയ്ക്ക് എഴുത്തുകാരൻ നടത്തുന്ന കാര്യവിചാരത്തിൽ കഥയെ മുന്നാട്ട് നയിക്കുന്ന സൂചനകൾ നൽകുന്നു മുണ്ട്. ഇങ്ങനെ, കഥയെ വ്യത്യസ്തമായ ആഖ്യാനതലത്തിലൂടെ അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായത് പോർച്ചുഗീസ് എഴുത്തുകാരനായ ഫെർനാൻഡോ പെസോവയുടെ രചനാതന്ത്രമാണെന്ന് ‘സാത്താന്റെ കൈപ്പുസ്തകത്തിന് ഒരനുബന്ധം’ എന്ന പേരിൽ എഴുതിയ കുറിപ്പിൽ പി.എഫ്. മാത്യൂസ് വ്യക്തമാക്കിയുണ്ട്.

ആദ്യനോവലായ ‘ചാവുനില ‘ത്തിന്റെ ജീവിത പശ്ചാത്തലം തന്നെയാണ് ‘ഇരുട്ടിൽ ഒരു പുണ്യാള’നിലും. പക്ഷേ, ഇവിടെ നിറഞ്ഞുനില്ക്കുന്നത് കണ്ണോക്കല്ല. ക്രിസ്തീയ വിശ്വാസത്തിലെ സാത്താനെ അപനിർമ്മിക്കുന്നുണ്ടിവിടെ. ജീനുകളിലൂടെ,ഒരു ജനവിഭാഗത്തിന്റെ സഞ്ചിതസ്മരണകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസപ്രമാണങ്ങളിലെ സാത്താൻ മനസിന്റെ ഭ്രമകല്പനകൾ മാത്രമാകാമെന്ന വിചിന്തമുണ്ടീ നോവലിൽ. സാത്താന്റെ ചെയ്തികളെ അതിന്റെ സ്രഷ്ടാക്കളും ഇരകളും വ്യവഛേദിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, വിജയിക്കുന്നില്ല.

ദൈവമുണ്ടോ എന്ന് നിശ്ചയമില്ല. പക്ഷേ, ചെകുത്താനുണ്ട്. മിക്കപ്പോഴും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാകുമത്.

 

പി.എഫ്. മാത്യൂസിന്റെ ‘ഇരുട്ടിൽ ഒരു പുണ്യാളൻ’ എന്ന നോവലിന് ഡി പ്രദീപ് കുമാർ എഴുതിയ വായനാനുഭവം

 

Comments are closed.