DCBOOKS
Malayalam News Literature Website

രാത്രിവായനയിലെ അതിഭൗതികസാന്ത്വനങ്ങള്‍

പി.കെ.രാജശേഖരന്‍

അന്വേഷണത്തിന്റെ സങ്കീര്‍ണതയും സന്ദിഗ്ധതയും ഉദ്വേഗവും അനുഭവിക്കുന്നവര്‍ക്ക് കുറ്റാന്വേഷണകഥകള്‍ ഒരല്പം ആശ്വാസം വാഗ്ദാനം ചെയ്യുന്നുവെന്നാണ് സാഹിത്യവിമര്‍ശകനെന്ന നിലയില്‍ എന്റെ അനുഭവം. കുറ്റാന്വേഷണകഥയുടെ അതിഭൗതികസാന്ത്വനം എന്നാണ് ഇറ്റാലിയന്‍ സാഹിത്യവിമര്‍ശകനും നോവലിസ്റ്റുമായ ഉംബെര്‍ത്തോ എക്കോ (1932-2016) അതിനു പേരിട്ടത്. പതിന്നാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ഒരു ക്രൈസ്തവസന്ന്യാസിമഠത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കഥ പറയുന്ന ‘ദ നെയിം ഓഫ് ദ റോസ്’ (1980) എന്ന വിഖ്യാതനോവലിന് അപസര്‍പ്പകകഥയുടെ ഘടനയും ആ കൊലകളെപ്പറ്റി അന്വേഷിക്കുന്ന ഇംഗ്ലിഷുകാരനായ സന്ന്യാസിക്ക് ഷെര്‍ലക് ഹോംസിന്റെ ഛായയും നല്‍കിയ എക്കോയുടെ ‘ക്രോണിക്കിള്‍സ് ഓഫ് എ ലിക്വിഡ് സൊസൈറ്റി’ (2017) എന്ന ലേഖനസമാഹാരത്തില്‍ രസകരമായ ഒരു കുറിപ്പുണ്ട്-‘കുറ്റാന്വേഷണകഥയുടെ ദൗത്യം’ (The Mission of the Crime Story). അമേരിക്കന്‍ സാഹിത്യനിരൂപകനും ജെയിംസ് ജോയ്‌സ് കൃതികളിലെ പണ്ഡിതനുമായ ബെര്‍ണാര്‍ഡ് ബെന്‍സ്റ്റോക്ക് (1930-1994) ക്രൈംസാഹിത്യവുമായി ബന്ധപ്പെട്ടു ശേഖരിച്ചിരുന്ന പുസ്തകങ്ങള്‍ ഇറ്റലിയിലെ ബൊളോണ സര്‍വകലാശാലയ്ക്കു കീഴില്‍ ഫോര്‍ലി പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മോഡേണ്‍ ലാംഗ്വേജസ് ഫോര്‍ ഇന്റര്‍പ്രെറ്റേഴ്‌സ് Textആന്‍ഡ് ട്രാന്‍സ്‌ലേറ്റേഴ്‌സിന് സമ്മാനിക്കുന്ന സന്ദര്‍ഭത്തില്‍ താന്‍ നടത്തിയ ചെറുപ്രസംഗത്തെപ്പറ്റിയാണ് ഈ ലേഖനത്തില്‍ എക്കോ വിശദീകരിക്കുന്നത്. ജെയിംസ് ജോയ്‌സ് പഠനങ്ങളുടെ വലിയൊരു പുസ്തകശേഖരം ബെന്‍സ്റ്റോക്കിന്റെ ഭാര്യയും ഫെമിനിസ്റ്റ് സാഹിത്യപണ്ഡിതയുമായ ഷാരി ബെന്‍സ്റ്റോക്ക്  1999-ല്‍ ആ പഠനകേന്ദ്രത്തിനു നല്‍കിയിരുന്നു. ബെന്‍സ്റ്റോക്കിന്റെ ശേഖരത്തില്‍ പിന്നെ ബാക്കിയുണ്ടായിരുന്നത് ക്രൈം നോവലുകളുടെയും വിമര്‍ശനപഠനങ്ങളുടെയും എണ്ണൂറോളം പുസ്തകങ്ങളാണ്. ഷാരി ബെന്‍സ്റ്റോക്ക് 2001-ല്‍ അവയും ഫോര്‍ലിയില്‍ സ്ഥാപിതമായ ബെന്‍സ്റ്റോക്ക് ലൈബ്രറിക്കു നല്‍കി. ആ അനുസ്മരണച്ചടങ്ങില്‍ സംസാരിച്ച ഉംബെര്‍ത്തോ എക്കോയോട് സദസ്യരിലൊരാള്‍ ഒരു ചോദ്യമുയര്‍ത്തി: പൊതുവേ ഒട്ടേറെ നിരൂപകരും ചിന്തകരും പണ്ഡിതരും അപസര്‍പ്പക കഥകളോട് അതിപ്രിയമുള്ളവരായി കാണുന്നതെന്തുകൊണ്ടാണ്? ആ ചോദ്യത്തിന് താന്‍ നല്‍കിയ മറുപടിയെപ്പറ്റി എക്കോ എഴുതിയത് അദ്ദേഹത്തിന്റെ വാക്കുകളില്‍ത്തന്നെ ഉദ്ധരിക്കട്ടെ:

”തീര്‍ച്ചയായും ഗൗരവമുള്ള സാഹിത്യം വായിക്കുന്നവര്‍ അല്പം ആശ്വാസമുള്ളതുമായി സായാഹ്നം ചെലവിടാന്‍ ആഗ്രഹിക്കുന്നു. ആ അര്‍പ്പണമനോഭാവം അവര്‍ പതിവായി പുലര്‍ത്തുന്നതെന്തുകൊണ്ടാവാം? അതിന് മൂന്നു കാരണങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒന്ന് പൂര്‍ണ്ണമായും തത്ത്വചിന്താപരമാണ്. കുറ്റാന്വേഷണകഥയുടെ സത്ത അടിസ്ഥാനപരമായും അതിഭൗതികമാണ്. അത്തരം കഥകളെ ഇംഗ്ലിഷുകാര്‍ Whodunit എന്നു വിളിക്കുന്നതു യാദൃച്ഛികമായല്ല. സോക്രട്ടീസിനു മുമ്പുള്ള തത്ത്വചിന്തകര്‍ അമ്പരന്നതും നമ്മളിപ്പോഴും ചോദിക്കുന്നതു നിര്‍ത്തിയിട്ടില്ലാത്തതുമായ ചോദ്യമാണത്. സെയ്ന്റ് തോമസ് അക്വിനാസിന്റെ രചനകളില്‍ കാണുന്ന ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള അഞ്ചു വഴികളും കുറ്റാന്വേഷണത്തിന്റെ മാസ്റ്റര്‍പീസാണ്. ഒരു വേട്ടനായയെപ്പോലെ നിലം മണത്ത്, നമ്മുടെ അസ്തിത്വത്തിന്റെ ലോകത്ത് നാം കണ്ടെത്തുന്ന തെളിവുകള്‍തൊട്ട് കാരണ ഫലങ്ങളുടെ ശൃംഖലയുടെ ആദ്യത്തെ തുടക്കംവരെ, അഥവാ എല്ലാ ചലനങ്ങളുടെയും പരമചാലകനെ അദ്ദേഹം അന്വേഷിക്കുന്നു. ഫലത്തില്‍നിന്നു കാരണങ്ങളിലേക്കു നാം മറിച്ചന്വേഷിക്കുന്നത് അനുഭവലോകത്തു സ്വീകാര്യമാണെന്നും ലോകത്തുനിന്നുകൊണ്ട് അതിനുപുറത്തുള്ള ഒന്നിനെ അന്വേഷിക്കുകയാണെങ്കില്‍ ആ പ്രക്രിയ സംശയാസ്പദമാണെന്നും കാന്റ് മുതല്‍ ഇപ്പോള്‍ നമുക്കറിയാം. ഇവിടെയാണ് ക്രൈം സ്റ്റോറിയുടെ മഹത്തായ അതിഭൗതികസാന്ത്വനം ഉണ്ടാവുന്നത്. അവിടെ പരമകാരണവും എല്ലാ ചലനങ്ങളുടെയും ഗുപ്തചാലകനും കഥയുടെ ലോകത്തിനു പുറത്തല്ല, ഉള്ളിലാണ്, അതിന്റെ ഭാഗമാണ്. അതിഭൗതികവാദം നമുക്കു നിഷേധിക്കുന്നത്, അല്ലെങ്കില്‍ അതിനെക്കാള്‍ കൂടുതല്‍ അങ്ങനെ എല്ലാ സായാഹ്നങ്ങളിലും കുറ്റാന്വേഷണകഥ നമുക്കുവാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തെ കാരണം ശാസ്ത്രീയമാണ്. പ്രകൃതിശാസ്ത്രങ്ങളിലും ഒരു കൃതിയുടെ രഹസ്യത്താക്കോലിനോ ഒരുകൂട്ടം കൈയെഴുത്തുപ്രതികളുടെ മൗലികമായ പൂര്‍വ്വരൂപത്തിനോവേണ്ടി മാനവികശാസ്ത്രങ്ങളിലും തങ്ങള്‍ നടത്തുന്ന ഗവേഷണത്തിന്റെ അന്വേഷണനടപടിക്രമങ്ങള്‍ക്കു സമാനമാണ് ഷെര്‍ലക് ഹോംസിന്റെയും അയാളുടെ പിന്‍മുറക്കാരുടേതുമെന്ന് ഒട്ടേറെപ്പേര്‍ നമുക്കു കാണിച്ചുതന്നിട്ടുണ്ട്. മിക്കവാറും എല്ലാക്കാര്യങ്ങളിലും കുപ്രസിദ്ധമാംവിധം അജ്ഞനായ ഷെര്‍ലക് ഹോംസ് കാഴ്ചയില്‍ മാത്രം ഊഹാത്മകം എന്നു തോന്നുന്ന ഈ പ്രവൃത്തിയെ തെറ്റായി നിഗമനം (ഡിഡക്ഷന്‍) എന്നു വിളിച്ചു.

അതേസമയം ചാള്‍സ് സാന്‍ഡേഴ്‌സ് പിയേഴ്‌സ് അതിനെ അപഹരണം (അബ്ഡക്ഷന്‍) എന്നാണു വിളിച്ചത്, നേരിയ വ്യത്യാസങ്ങളോടെ കാറല്‍ പോപ്പറുടെ വിശദീകരണത്തിന്റെ യുക്തിയും അതുതന്നെ. അവസാനമായി, സാഹിത്യപരമായ ഒരു കാരണം. ഏതു കൃതിയും രണ്ടുതവണ വായിക്കുന്നതാണ് മാതൃകാപരം. ആദ്യത്തേത് അതെന്താണു പറയുന്നതെന്നറിയാനും രണ്ടാമത്തേത് അതെങ്ങനെ പറഞ്ഞുവെന്നത് ആസ്വദിക്കാനും. അവിടെനിന്ന് പൂര്‍ണമായ സൗന്ദര്യാനുഭൂതിയാര്‍ജിക്കാം. കൊലയാളി ആരെന്ന് നിങ്ങള്‍ പെട്ടെന്നു കണ്ടെത്തുമ്പോള്‍ തെറ്റായ ആശയങ്ങളുണ്ടാക്കുന്നതിലേക്ക് ഗ്രന്ഥകര്‍ത്താവ് നിങ്ങളെ എങ്ങനെയാണ് നയിക്കുന്നതെന്നു മനസ്സിലാക്കിക്കുന്നതിലേക്കോ അഥവാ, അയാള്‍ ഒന്നും മറച്ചുവച്ചിട്ടില്ലെങ്കിലും അപസര്‍പ്പകന്റെ സൂക്ഷ്മദൃഷ്ടിയോടെ നിരീക്ഷിക്കുന്നതില്‍ നിങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടതെന്നു നിശ്ചയിക്കുന്നതിലേക്കോ തിരിഞ്ഞുനോക്കാന്‍ നിങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ക്ഷണിക്കുന്ന ഒരു കൃതിയുടെ പരിമിതമെങ്കിലും ശ്രമകരമായ
മാതൃകയാണ് കുറ്റാന്വേഷണകഥ. വിനോദിപ്പിക്കുകയും അതേസമയം അതിഭൗതികസാന്ത്വനം വാഗ്ദാനം ചെയ്യുകയും ഗവേഷണത്തെ ഉദ്ദീപിപ്പിക്കുകയും അഭേദ്യമായ കൂടുതല്‍ നിഗൂഢതകളെ ചോദ്യംചെയ്യാനുള്ള ഒരു മാതൃക നല്‍കുകയും അങ്ങനെ പണ്ഡിതരുടെ ദൗത്യത്തിന് വിലയേറിയ സഹായകമാവുകയും ചെയ്യുന്ന വായനാനുഭവമാണത്.”

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.