DCBOOKS
Malayalam News Literature Website

ചുംബനസമര നായികാനായകന്മാര്‍ തങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു

ഭരണകൂട ഭീകരതയുടെ രാഷ്ട്രീയ ഇരകള്‍മാത്രമാണ് ഞങ്ങള്‍ രണ്ടുപേരുമെന്ന് ചുംബനസമര നായകന്‍ രാഹുല്‍ പശുപാലന്‍. ലോക്‌നാഥ ബഹ്‌റ കരുതും സെന്‍കുമാറിന്റെ കാലത്ത് ചാര്‍ജ് ചെയ്ത കേസ് അത് അങ്ങനെ നില്‍ക്കെട്ടെയെന്ന്. ഇങ്ങനെ പലകേസുകളും കുറ്റപത്രം സമര്‍പ്പിക്കാതെ നിലനിര്‍ത്തുന്നതായി വാര്‍ത്തവന്നിരുന്നു അതിലൊന്നാണ് ഞങ്ങളുടെ കേസും.മാത്രവുമല്ല ചുംബനസമരത്തിന്റെ മറപറ്റി ഓണ്‍ലൈന്‍ പെണ്‍വാണിഭവം നടത്തുന്നു എന്നു വരുത്തിതീര്‍ക്കുകമാത്രമായായിരുന്നുവെന്നും രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും തുറന്നടിക്കുന്നു. ഇതിലൊന്നും ഞങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നറിയാവുന്ന സാമൂഹിക പ്രവര്‍ത്തകകൂടിയായ എഴുത്തുകാരിയും ഉണ്ടായിരുന്നു. എന്നാല്‍ അവരും ഞങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചില്ലെന്നും രാഹുല്‍ പറയുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരണമായ പച്ചക്കുതിരയ്ക്കുവേണ്ടി നല്‍കിയ അഭിമുഖത്തിലാണ് ചുംബനസമര നയികാനായകന്മാര്‍ തങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കന്നത്. ഡോ ശ്രീകല മുല്ലശ്ശേരിയാണ് അഭിമുഖം നടത്തിയത്.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍;

  • ചുംബനസമര ശേഷം, നിങ്ങള്‍ മാവോയിസ്റ്റുകളാണെന്ന പ്രചാരണമുണ്ടായല്ലോ?

രാഹുല്‍: അതെ, മാവോയിസ്റ്റുകളാണെന്നു പറഞ്ഞ് ഞങ്ങളെ അക്രമിക്കാനും തുടങ്ങി. പിന്നീട് കുറെ തുടര്‍ സമരങ്ങള്‍ ഉണ്ടായി. ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാവാന്‍ ചുംബനസമരം എന്നൊരു പ്ലാറ്റ്‌ഫോം കാരണമായി.

  • എന്നിട്ടും ആ സുഹൃത്തുക്കളൊന്നും നിങ്ങള്‍ പെണ്‍വാണിഭക്കേസ്സില്‍ അകപ്പെട്ടപ്പോള്‍ നിങ്ങളുടെ കൂടെ നിലകൊണ്ടിട്ടില്ലല്ലോ?

രാഹുല്‍: ഒന്നാമത് ഈ സൗഹൃദങ്ങള്‍ ഒരു ഓര്‍ഗനൈസ്ഡ് ആയ പ്ലാറ്റ്‌ഫോമല്ല. അത്ര ഭീകരമായ ഒരാക്രമണമാണ് ഞങ്ങള്‍ക്ക് നേരേ ഉണ്ടായത്. ആദ്യം തന്നെ മാവോയിസ്റ്റ് ആണ് എന്ന ആരോപണം ഉണ്ടായി. നദിയുടെ കേസില്‍ അവനു വേണ്ടി സംസാരിക്കാന്‍ ആളുണ്ടായി. അതേസമയം തസ്‌നി ബാനു കേസ്സില്‍ അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായില്ല. യു എ പി എ കേസ്സില്‍പ്പെട്ടു എന്നുള്ള അവസ്ഥയായിരുന്നു അതിന് കാരണം. ഇന്ന് ആ പൊതുബോധം മാറി. സുഹൃത്തുക്കളെല്ലാം മുഴുവന്‍ സമയ ആക്ടിവിസ്റ്റുകളല്ല. അവര്‍ അവരുടെ പ്രഫഷന്‍ ചെയ്ത്, ആക്ടിവിസ്റ്റ് ബോധം നിലനിര്‍ത്തുന്ന ആളുകളാണ്. അവരെല്ലാം ഭയപ്പെടുകയാണ് ചെയ്തത്. ഞങ്ങള്‍ കുടുങ്ങിയാല്‍ അവര്‍ കുടുങ്ങുമെന്നും ഒരു പക്ഷേ, ഞങ്ങള്‍ക്കുവേണ്ടി നിലകൊണ്ടാല്‍ അവരെയും പിടിച്ച് അകത്താക്കും എന്നും ഉള്ള ഭയം അവരിലുണ്ടായിട്ടുണ്ടാവാം. അവനവനിലേക്കാണല്ലോ എല്ലാവരും അടിസ്ഥാനപരമായി എത്തിനില്‍ക്കുന്നത്. പറയുന്ന ഐഡിയോളജിക്കല്‍ സ്ട്രക്ചര്‍ അല്ല സൊസൈറ്റി എന്ന ഒരു ബോധ്യം എല്ലാവര്‍ക്കുമുണ്ട്. മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ആ പാര്‍ട്ടിയുടെ പൊതുബോധത്തിലാണ് നില്‍ക്കുന്നത്. അയാളുടെ വ്യക്തി ജീവിതവും പൊതുജീവിതവും ഒരു പോലെയാണ് കൊണ്ടുപോവുന്നത്. കുടുംബവ്യവസ്ഥിതിക്ക് പുറത്ത് നിന്ന് പറയുന്നവരൊക്കെയും കുടുംബപരമായി ജീവിക്കുന്നവര്‍ ആണ്. വളരെ ഓര്‍ത്തഡോക്‌സ് ഫാമിലിയില്‍നിന്നുകൊണ്ടാണ് ഇവര്‍ കുടുംബത്തിന് എതിരായി വാദിക്കുന്നത്. അത് അടുത്ത തലമുറയിലെങ്കിലും മാറ്റം ഉണ്ടായി വരും എന്ന ബോധത്തോടെയുള്ള വാദങ്ങളാണ്. അതായിരിക്കും ഉദ്ദേശ്യവും. അതിനെ ഭീരുത്വമായി കാണാനും കഴിയില്ല.

  • നിങ്ങളുടെ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയവര്‍ക്കൊക്കെ ശരിക്കും ഷോക്ക് ആയിരുന്നു നിങ്ങള്‍ രണ്ടുപേരും പെണ്‍വാണിഭക്കേസ്സില്‍ പെട്ടു എന്ന വാര്‍ത്ത?

രാഹുല്‍: ഈ കേസ്സിന്റെ ആഴം എത്രത്തോളമായിരുന്നു. ഇത് എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്തിരിക്കുന്നത്, എങ്ങനെയാണ് മീഡിയ കവര്‍ ചെയ്തത് എന്ന് നോക്കിയാല്‍ മതി. ഏത് രീതിയിലാവും പുറത്തുനിന്നുള്ള ആളുകള്‍ പ്രതികരിക്കുക എന്ന ധാരണകളൊക്കെ എനിക്ക് കൃത്യമായിരുന്നു. കോടതിവിധി വരട്ടെ, അന്വേഷണം പൂര്‍ത്തിയാവട്ടെ എന്ന നിലയിലാണ് പിന്നീട് പിടിച്ചു നിന്നത്. നമ്മുടെ സമൂഹത്തിന് സ്ത്രീ ഉള്‍പ്പെട്ട കേസ്സില്‍ സംസാരിക്കാന്‍ ഇത്തിരിപേടിയാണ്. തോമസ് ചാണ്ടി ഉള്‍പ്പെട്ട കേസ്സിനെപ്പോലെയല്ല എ കെ ശശീന്ദ്രന്റെ കേസ്. ശശീന്ദ്രന്‍ ഒരു ദിവസംകൊണ്ടു രാജിവെച്ചു. സ്ത്രീ ഉള്‍പ്പെട്ട കേസ്സില്‍ സമൂഹത്തിന് പെട്ടെന്ന് റിയാക്ഷന്‍ ഉണ്ടാവും, അവരെ പിന്നെ ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടാവില്ല. അവര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു പോവും. ഈ പറയുന്ന ആളുകള്‍ക്കൊക്കെ ബാലന്‍സിങ് ആയി നിലനില്‍ക്കാനേ കഴിയുള്ളൂ.  അത് അവരുടെ ഭീരുത്വം എന്ന് പറയാനും പറ്റില്ല. പക്ഷേ, രോഹിത് വെമുല ഞങ്ങളുടെ കേസ്സിനെപ്പറ്റി കൃത്യമായി പറഞ്ഞിരുന്നു, ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു: ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും അത് ഭരണകൂട അക്രമമാണെന്നും. അത് ഞാന്‍ ഷെയര്‍ ചെയ്യുകയും ഉണ്ടായി. പതിമൂന്നു മാസം ജയിലില്‍ കിടന്ന് ഞാന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒരു മാസത്തോളം ആ ലെവലില്‍ ചിന്തിക്കുന്ന അഞ്ഞൂറോളം ആളുകളുടെ പ്രതികരണങ്ങള്‍ ശേഖരിച്ചു. ഒരു ലെവലിനു മുകളിലേക്ക് ചിന്തിക്കുന്ന രാഷ്ട്രീയ ബോധമുള്ള ആളുകള്‍ എന്താണ് സംഭവം, തനിക്ക് സംശയമുണ്ട് എന്ന നിലപാടാണ് എടുത്തിരുന്നത്. പൊതുബോധത്തിന് ഒപ്പമല്ല ഭൂരിപക്ഷവും സഞ്ചരിച്ചത് എന്ന് ഉറപ്പിച്ചു പറയാം. പിന്നെ അവര്‍ അവരുടെ സേഫ്റ്റി കൂടെ നോക്കി. ന്യൂട്രല്‍ സ്റ്റാന്റിലേക്ക് നിന്നു.

  • കേസ് കെട്ടിച്ചമച്ചതാണെന്നാണോ പറഞ്ഞു വരുന്നത്?

രാഹുല്‍: ആ കേസ് എങ്ങനെ രൂപപ്പെട്ടു എന്നൊന്നും നമുക്കറിയില്ല. കാസര്‍കോട് സ്വദേശി ഉദുമ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍, ഇതിലെ ഒന്നാം പ്രതി അബ്ദുള്‍ ഖാദര്‍ എന്ന അക്ബറിന് ഒരു കടയുണ്ട്. ഞങ്ങള്‍ താമസിക്കുന്നതിന്റെ അടുത്തുതന്നെ ഒരു മൊബൈല്‍ ഷോപ്പുണ്ട്. അബ്ദുള്‍ ഖാദറിനെ കുറെ നാളുകളായി ഞങ്ങള്‍ക്കറിയാം. അതൊക്കെ മൊബൈല്‍ ഷോപ്പില്‍ വെച്ചുണ്ടായ പരിചയമാണ്. ഞങ്ങളുടെ രണ്ട് പേരുടെയും നമ്പര്‍ അയാളുടെ ഫോണിലുണ്ടായിരുന്നു. ഇടയ്‌ക്കൊക്കെ അവന്‍ വിളിക്കും. അങ്ങനെ ചെറിയ ഒരു സൗഹൃദവുമുണ്ട്. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്ത് തരുകയും ചെയ്തിരുന്നു. അബ്ദുള്‍ ഖാദര്‍ പോലീസ് കസ്റ്റഡിയില്‍ ആയതിന്റെ ശേഷം സംഭവിക്കുന്നതാണ് ഇനിയുള്ള കാര്യങ്ങള്‍. അയാളുടെ കോണ്‍ടാക്ടില്‍ ഉള്ള നമ്പറുകള്‍ പോലീസ് കാണുന്നു. നെടുമ്പാശ്ശേരിയില്‍ ഉള്ള പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. അപ്പോള്‍ പോലീസ് പറയുന്നത് ഇന്ന ആളുടെ കോണ്‍ടാക്ട് ഇയാളുടെ അടുത്തുണ്ട്. എസ് പി യതീശ്ചന്ദ്ര അത് ഐ ജി ശ്രീജിത്തിന് കൈമാറുന്നു. ശ്രീജിത്ത് അത് ഉന്നതങ്ങളിലേക്ക് കൈമാറി. വൈകിട്ട് 5.30ന് അബ്ദുള്‍ ഖാദര്‍ അറസ്റ്റിലായി. രാത്രി ഒരു പതിനൊന്ന് മണിയോടുകൂടി ആലുവ പൊലീസ് ക്ലബില്‍ വീറ്റെയിന്‍ ചെയ്തു. അയാള്‍ക്കൊപ്പം രണ്ട് മൂന്നു പേര്‍ ഉണ്ട്. 11 മണിക്കുള്ളില്‍ ഐ ജി ശ്രീജിത്തും സെന്‍കുമാറും എത്തുന്നു. ഇവര്‍ അവര്‍ക്കു മുന്നില്‍ ഓഫര്‍ വെക്കുകയാണ്. ഇന്ന ആളുകളുടെ പേരില്‍ മൊഴി തരുക അല്ലെങ്കില്‍ സ്റ്റേറ്റ്‌മെന്റ് തരുക, നിങ്ങളെ കേസില്‍നിന്നും മാപ്പുസാക്ഷിയാക്കി വിട്ടേക്കാം. എന്നാല്‍ അവര്‍ അവരാവശ്യപ്പെട്ട സ്റ്റേറ്റ്‌മെന്റ് കൊടുത്തില്ല. അതിനു ശേഷം രാത്രി പന്ത്രണ്ടരയ്ക്കും ഒരു മണിക്കും ഉള്ളിലാണ് ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്. ഒരു പ്രധാന കാര്യം സംസാരിക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ വന്ന് വിളിച്ചു കൊണ്ടു പോവുകയുമാണ് ഉണ്ടായത്.

  • പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് പിടിച്ചത് എന്നാണല്ലോ വാര്‍ത്തകളില്‍ വന്നത്?

രശ്മി: അത് അവരുടെ കഥയല്ലേ? അങ്ങനെയെങ്കില്‍ അവര്‍ മീഡിയയെ അവിടെ എത്തിക്കില്ലേ.

അപ്പോള്‍ രശ്മി എവിടെയായിരുന്നു?

രശ്മി: ഞങ്ങള്‍ രണ്ടു പേരും വീട്ടിനുള്ളിലായിരുന്നു. കൊച്ചിയിലുള്ള ഫ്‌ളാറ്റില്‍. ഏകദേശം 12 മണി സമയത്തായിരുന്നു പോലീസ് ഞങ്ങളെ വിളിച്ചുകൊണ്ടു പോവുന്നത്. ആ സമയത്ത് മോനുമുണ്ടായിരുന്നു. വീട്ടില്‍ ആരുമില്ലാത്തതുകൊണ്ട് എവിടെ പോകുമ്പോഴും അവനെ കൊണ്ടു പോവുകയേ നിവൃത്തിയുള്ളൂ.

രാഹുല്‍: പോലീസ് വരുന്നതിന് മുമ്പ്, ഇന്ന് സാമൂഹിക വിഷയങ്ങളില്‍ ഫേസ്ബുക്കിലൂടെയും മറ്റും ഇടപെടുന്ന അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുമായി ഞാന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.

രശ്മി: ആ സമയത്ത് എന്നെ ‘അഴിമുഖ’ത്തിലെ രാജേഷ് എന്നയാളും വിളിച്ചിരുന്നു.
രാഹുല്‍: ഇരുപത് മിനിറ്റോളം ആ എഴുത്തുകാരിയോട് ഫോണില്‍ സംസാരിച്ചു. എന്നാല്‍ പോലീസ് പറഞ്ഞ സ്റ്റോറി പ്രകാരം ഞങ്ങള്‍ 7.30 ന് അറസ്റ്റിലായി എന്നാണ്.

രശ്മി: പോലീസ് പറയുന്നത് തെറ്റാണെന്നും 7.30 ന് ശേഷം രാഹുലിനോട് ഏകദേശം ഇരുപത് മിനുറ്റോളം താന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അറിയാമായിരുന്നു. ആ എഴുത്തുകാരി പക്ഷേ, ഒന്നും പറഞ്ഞില്ല. അവര്‍ അതേക്കുറിച്ച് പ്രതികരിച്ചതേ ഇല്ല. അവര്‍ക്ക് കൃത്യമായിട്ട് അറിയാം ഞങ്ങള്‍ വീട്ടില്‍ത്തന്നെയുണ്ടായിരുന്നു എന്ന്. പഞ്ചനക്ഷത്ര ഹോട്ടല്‍ എന്ന കെട്ടുകഥ പൊളിക്കാന്‍ അവര്‍ വിചാരിച്ചാല്‍ നടക്കുമായിരുന്നു. എഫ്‌ഐആറില്‍ കൃത്യമായി സമയം രേഖപ്പെടുത്തിയിട്ടില്ല. കാരണം പോലീസിന് അറിയാം നമ്മുടെ ഫോണ്‍ റെക്കോര്‍ഡ് കോളുകളും സമയവും വെച്ച് സത്യം തെളിയിക്കപ്പെട്ടേക്കാമെന്ന്. പക്ഷേ, മീഡിയയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ അവര്‍ ക്ലെയിം ചെയ്തത് 7.30 നും 8.00 നുമിടയിലാണ് ഞങ്ങളുടെ അറസ്റ്റ് എന്നാണ്.

രാഹുല്‍: ഞങ്ങള്‍ക്കെതിരെയുള്ള കള്ളത്തെ പൊളിക്കാന്‍ പറ്റുന്ന ആള്‍ പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ആ എഴുത്തുകാരി മാത്ര
മാണ്. അത് 100 ശതമാനം സത്യമാണെന്നും അവര്‍ക്കറിയാം. പക്ഷേ, അവര്‍ എതിര്‍ത്തും അനുകൂലിച്ചും ഒന്നും പറഞ്ഞില്ല. പക്ഷേ, ഞങ്ങള്‍ ആരെയും കുറ്റം പറയുന്നില്ല. കാരണം അത് മനുഷ്യന്റെ ഭയമാണ്. അത് ഓരോരുത്തരുടെ രാഷ്ട്രീയ ബോധത്തിനനുസരിച്ച് ഇരിക്കും. ചിലപ്പോള്‍ ഒരു മനുഷ്യനും താങ്ങാന്‍ പറ്റാത്ത വിധത്തില്‍ മാനക്കേട് ഉണ്ടായേക്കാം.

  • ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം കേസുമായ് ബന്ധപ്പെട്ട് പോസിറ്റീവ് സമീപനം ഉണ്ടായോ?

രാഹുല്‍: മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിരുന്നു. കേസില്‍ യാതൊരു വിധത്തിലുള്ള ഒളിച്ചുകളികളും പാടില്ലെന്ന് പൊലീസിന് ഡയറക്ഷന്‍ പോയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കൃത്യമായ അന്വേഷണം നടത്തണമെന്ന്. അല്ലാതെ റേപ്പ് കേസ്സില്‍ അറസ്റ്റിലായ ഒരാള്‍ക്കുവേണ്ടി പരസ്യമായ സ്റ്റാന്റ് എടുക്കാന്‍ പറ്റില്ലല്ലോ. രണ്ട് വര്‍ഷമായിട്ടും എന്തുകൊണ്ട് കുറ്റപത്രം കൊടുക്കുന്നില്ല എന്നതുതന്നെ നിരപരാധിയാണെന്ന് വിശ്വസിക്കാനുള്ള കാരണമാണ്.

  • ചുംബനസമരത്തെ അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായിതന്നെ ഒരുഘട്ടത്തില്‍ തള്ളിപ്പറഞ്ഞു. എന്തുകൊണ്ടാവും ആ നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്?

രശ്മി: പാര്‍ട്ടിയുടെ വോട്ട് ബാങ്ക് സാധാരണ ആളുകളാണ്. അവര്‍ക്ക് നിലനില്‍പ്പിന് ആ വോട്ട് ബാങ്ക് കൂടി നോക്കണം. അതുകൊണ്ടാവാം പിണറായി അന്ന് അങ്ങനെ സ്റ്റാന്റ് എടുത്തത്. കണ്ണടച്ചുകൊണ്ട് ആരെയും പിന്തുണയ്ക്കുന്ന സമീപനം എനിക്കുമില്ല.
രാഹുല്‍: മധ്യവര്‍ഗത്തിന്റെ സദാചാര സംരക്ഷകരായി സംഘപരിവാര്‍ ഇടിച്ചുകേറുന്ന സംഭവം അക്കാലത്തുണ്ടായിരുന്നു. അതിനെ എങ്ങനെ ഡിഫന്റ് ചെയ്യാമെന്നത് മുഖ്യധാരാ ലെഫ്റ്റിന്റെ പ്രതിസന്ധിയായിരുന്നു. നൂറ് ശതമാനം ശരിയായ ഒരു പ്രസ്ഥാനവുമില്ലല്ലോ. പൊതുബോധത്തിനുള്ളില്‍ നിന്ന് മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പി എം. അന്നത്തേത് ഇടതുപക്ഷ സ്റ്റേറ്റ്‌മെന്റ് അല്ലെന്ന് പിണറായി വിജയന് ബോധ്യമുണ്ടാകും. കേള്‍ക്കുന്ന ആളുകള്‍ക്കും ബോധ്യമുണ്ട്. അതുപോലെ നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതക സമയത്ത് പോലീസിന്റെ മനോവീര്യം കൂട്ടാനാണ് മാവോയിസ്റ്റുകള്‍ക്കെതിരേ പ്രസ്താവന ഇറക്കിയത് എന്നു പറയുന്നു. അതും ഒരു ഇടതുപക്ഷ സ്റ്റേറ്റ്‌മെന്റല്ലെന്ന് പിണറായി വിജയനുതന്നെ നന്നായറിയാം. പ്രസ്ഥാനം എങ്ങനെ നിലപാടെടുക്കണമെന്ന് നമുക്ക് വാശിപിടിക്കാന്‍ പറ്റില്ലല്ലോ.
രശ്മി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിലിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്മ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരിയായ അമ്മയുടെ കൂടെ നിന്നായിരുന്നു പ്രവര്‍ത്തനം.

  • ചുംബനസമരത്തെ ഏറ്റവും ശക്തമായ് എതിര്‍ത്തത് സംഘ്പരിവാര്‍ ആണല്ലോ?

രാഹുല്‍: സംഘപരിവാര്‍ താത്പര്യങ്ങള്‍ പോലീസിലും ഉണ്ട്. കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍പോലും ആ ഘടകത്തെ മാറ്റാനാവില്ല. ഒരുപക്ഷേ, ഞങ്ങള്‍ക്കെതിരേ ബാംഗ്ലൂരില്‍ വേറൊരു കേസ്‌കൂടി ഉണ്ടാവണമെന്നത് രമേശ് ചെന്നിത്തലയുടെയോ ഇവിടത്തെ സര്‍ക്കാറിന്റെയോ താത്പര്യമാവില്ല.

  • ശരിക്കും ഭരണകൂട ഭീകരതയുടെ രാഷ്ട്രീയ ഇരകളാണ് രണ്ടുപേരും എന്നാണോ?

രാഹുല്‍: ശരിയാണ്. ലോക്‌നാഥ് ബഹറ കരുതും സെന്‍കുമാറിന്റെ കാലത്ത് ചാര്‍ജ് ചെയ്ത കേസ് അതങ്ങനെ നില്‍ക്കട്ടെ എന്ന്. ഇപ്രകാരം സെന്‍കുമാറിന്റെ കാലത്തെ പല കേസുകളും കുറ്റപത്രം സമര്‍പ്പിക്കാതെ നിലനിര്‍ത്തുന്നതായി വാര്‍ത്ത വന്നിരുന്നു. അതിലൊന്നാണ് ഞങ്ങളുടേത്. ശ്രീജിത്ത് ഒരു നാഷണല്‍ മീഡിയയോട് പറഞ്ഞിരുന്നു, ചാര്‍ജ് ഷീറ്റ് കൊടുത്തു കഴിഞ്ഞാല്‍ അവര്‍ ലീഗല്‍ ഫൈറ്റിന് പോകുമെന്ന്. അതിലുണ്ട് പോലീസിന്റെ മനോഭാവം. സ്വന്തമായി നിലപാടില്ലാത്ത ഐ പി എസ് ഓഫിസര്‍മാരാണ് ഏറെയും. ആര് ഭരിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കും. മരിക്കുന്നതുവരെ കഷ്ടപ്പെടുത്തുക എന്നതാണ് നയം. ഭരണകൂട ഭീകരതയുടെ ഇരകള്‍ തന്നെയാണ് ഞങ്ങള്‍. മറ്റ് പലര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല ഇത്തരം അവസ്ഥയില്‍. അപവാദ കഥകള്‍ പ്രചരിപ്പിച്ച് കാലങ്ങള്‍ക്കുശേഷം കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്റെ അവസ്ഥ ഞങ്ങള്‍ക്ക് വന്നേക്കും. തുടര്‍ന്നു വായിക്കാം…

Comments are closed.