DCBOOKS
Malayalam News Literature Website

തകരക്കാലം

 തകരയും സുഭാഷിണിയും: ഭരതന്റെയും പത്മരാജന്റെയും 'തകര'യില്‍ പ്രതാപ് പോത്തനും സുരേഖയും/ഫോട്ടൊ: എന്‍.എല്‍.ബാലകൃഷ്ണന്‍
തകരയും സുഭാഷിണിയും: ഭരതന്റെയും പത്മരാജന്റെയും ‘തകര’യില്‍ പ്രതാപ് പോത്തനും സുരേഖയും/ഫോട്ടൊ: എന്‍.എല്‍.ബാലകൃഷ്ണന്‍

പ്രതാപ് പോത്തന്‍/രവിചന്ദ്രന്‍ സി

പ്രതാപ് കെ.പോത്തന്‍ വിടവാങ്ങിയെങ്കിലും എണ്‍പതുകളുടെ ആരംഭത്തില്‍ കിളിര്‍ത്ത ‘തകര’ ഇനിയും വാടിയിട്ടില്ല (2014 നവംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച അഭിമുഖസംഭാഷണത്തില്‍ നിന്നും ഒരു ഭാഗം, പുനഃപ്രസിദ്ധീകരണം)

കുശ്ബുവും സദാചാരപോലീസും

 “സദാചാരപോലീസിനെകുറിച്ച് പറഞ്ഞല്ലോ. തമിഴ് നടി കുശ്ബു ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞയാളാണ്. തമിഴ്നാട്ടിൽ പല സ്ത്രീകളും ചൂലുമായി പ്രകടനം നടത്തി പ്രതികരിച്ചു, കേസായി. അവസാനം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായി. സിനിമാരംഗത്തുള്ളവർ കപട സദാചാരത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നവരാണ്. പക്ഷെ അവർ കുശ്ബുവിനെ പിന്തുണച്ചില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു.

കുശ്ബുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം(വെറ്റ്റി വിഴ) ഞാനാണ് സംവിധാനം ചെയ്തത്. പിന്നീട് ‘മൈ ഡിയർ മാത്താണ്ഡ’നിലും ഒരുമിച്ച് പ്രവർത്തിച്ചു. ധീരയായ സ്ത്രീയാണ്  അവർ. ഉത്തരേന്ത്യയിൽ നിന്നും വന്ന് തമിഴ്നാട്ടിൽ താമസിച്ച് തമിഴ് പഠിച്ച് അവിടെയുള്ള പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ കാണിച്ച ആ സ്ഥൈര്യവും ആർജ്ജവും അഭിനന്ദിക്കപ്പെടേണ്ടതാണ്. കുശ്ബു പറഞ്ഞത് ശരിയായ കാര്യമാണ്. പിന്നെ അതിന്റെ പിന്നാലെയുണ്ടായ പ്രശ്നങ്ങൾ ആരാണ് സൃഷ്ടിച്ചതെന്ന് കൃത്യമായി പറയാനാവില്ല. പക്ഷെ അവയൊക്കെ ആസൂത്രിതമാണെന്ന് വ്യക്തമാണ്.

? തമിഴ് സിനിമയിലെ പല ഗാനരംഗങ്ങളിലും ആഭാസകരമായ വേഷങ്ങളും സന്ദർഭങ്ങളും പതിവാണ്. പക്ഷെ ഇതൊക്കെ കാര്യമായി ആസ്വദിക്കുന്നവർ തന്നെ കുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ ഉറഞ്ഞ് തുള്ളിയത് ഇരട്ടത്താപ്പല്ലേ?

• അതെ, ഇതൊക്കെ ഇളക്കി വിടുന്നത് ആരാണ്? ഒരാൾ മതി ഒരു ജനക്കൂട്ടത്തെ ഒന്നാകെ ഇളക്കിവിടാൻ. ജൂലിയസ് സീസറിലെ മാർക്ക് ആന്റണിയുടെ പ്രസംഗം തന്നെ ഉദാഹരണം.

? അപ്പോഴും കമൽ ഹാസനെപ്പോലുള്ളവർ പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിച്ച് കാണുന്നുണ്ട്.

• ശരിയാണ്, കമൽ അടുത്ത സുഹൃത്താണെന്ന് പറയുന്നതിൽ എനിക്കഭിമാനമുണ്ട്. I am proud of our friendship. ഒന്നിനെയും ഭയക്കാത്തവനാണവൻ. സദാ തലയിൽ മുഴുവൻ സിനിമയാണ്…..He is a total cinema man, കിട്ടുന്ന ഓരോ ചില്ലിക്കാശും സിനിമയിലേക്ക് തന്നെ തിരിച്ച് നിക്ഷേപിക്കുന്നു. പലപ്പോഴും സാഹസികമായി തന്നെ. ചില തീരുമാനങ്ങൾ പാളിപ്പോകാറുണ്ട്, ചിലത് വലിയ വിജയം കൊണ്ടുവരും. പക്ഷെ രണ്ടായാലും സ്വന്തം വഴി കൈവിടില്ല…really a fear less guy! Well read and erudite!

? “വിശ്വരൂപം പുറത്തിറക്കുന്ന സമയത്ത് കമലിന് മതമൗലികവാദികളിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. പക്ഷെ സിനിമാലോകം പൊതുവെ അദ്ദേഹത്തിനൊപ്പം നിന്നില്ല. രജനികാന്ത് കമലിന് വേണ്ടി സംസാരിച്ചിരുന്നു. പക്ഷെ വേറെ അധികമാരും…

. ഞാൻ സംസാരിച്ചിരുന്നു. താങ്കൾ എന്റെ ഫേസ്ബുക്ക് അപ്ഡേറ്റുകളും പ്രതികരണങ്ങളും പരിശോധിക്കുക. ഞാൻ ശക്തമായി തന്നെ കമലിന് ഒപ്പമുണ്ടായിരുന്നു.

? അത് ശരിയാവാം. പക്ഷേ കമല ഹാസനെക്കൊണ്ട് ഒരുപാട് വിട്ടുവീഴ്ച ചെയ്യിച്ചിട്ടും സിനിമാരംഗം പൊതുവെ നിസ്സംഗമായിരുന്നു..

• കമൽ തെറ്റൊന്നും ചെയ്തില്ല, അവൻ തത്ത്വബോധത്തോടെ ഒരു പടം നിർമ്മിച്ചു-അത്രയേ ഉള്ളൂ. പിന്നെ, മിക്കവർക്കും അസൂയയാണ്. അത്ര വലിയ പ്രതിഭയാണവൻ…enormous talent he has got. Pachakuthiraആരുടെയും മുന്നിൽ കുനിയാറില്ല-അതാണ് പ്രശ്നം. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച കമൽ താനൊരു നാസ്തികനാണെന്ന് പരസ്യമായി വിളിച്ചു പറയുന്നു. തമിഴ്നാട്ടിൽ ദ്രാവിഡ പ്രസ്ഥാനം ഉണ്ടായത് തന്നെ നാസ്തികതയെ ആധാരമാക്കിയാണ്. പക്ഷെ സിനിമാരംഗം അന്ധവിശ്വാസങ്ങളുടെ പൂരപ്പറമ്പാണ്. കമലിന് സ്വന്തംനിലയിൽ ആരുടെയും വിശ്വാസങ്ങളെ മാറ്റിമറിക്കാനാവില്ലല്ലോ. സിനിമയിലെ പൂജയും തേങ്ങയെടുത്ത് ഉഴിയലുമൊക്കെ അങ്ങനെ തന്നെ പോകും. അത് വേറൊരു ലോകമാണ്.

?താങ്കൾ കമൽഹാസന്റെ സുഹൃത്താണല്ലോ. അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പുള്ള ആളാണോ?

• മതപരമായ വിശ്വാസങ്ങളോടും ആചാരങ്ങളോടും എതിർപ്പുള്ളയാളല്ല ഞാൻ, കമൽഹാസനും ഒരു പൂജാരിയുടെ വേഷം ചെയ്യേണ്ടി വന്നാൽ ചെയ്യും. ഞാൻ ‘ആത്മ'(1903) എന്നൊരു പ്രേതസിനിമ തമിഴിൽ സംവിധാനം ചെയ്തിട്ടുണ്ട്. എന്നിലെ ക്രാഫ്റ്റ് പരീക്ഷിക്കാനുള്ള അവസരമായിരുന്നുവത്. അതിലവസാനം ദൈവം പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രത്യക്ഷപ്പെട്ടിട്ടും പ്രയോജനമൊന്നും ഉണ്ടായില്ലെന്നത് വേറെ കാര്യം. പറഞ്ഞുവരുന്നത് ഇതൊക്കെ കലാകാരന്റെ സ്വാതന്ത്ര്യത്തിലും ബാധ്യതയിലും പെട്ട കാര്യങ്ങളാണ്. പക്ഷെ വ്യക്തിപരമായി എനിക്കത്തരം ശീലങ്ങളില്ല. വിഗ്രഹാരാധനയെ എതിർക്കുന്ന ആളുമാണ്. പിന്നെ, എല്ലാ മതങ്ങളും കരുണയും ദയയുമാണ് പഠിപ്പിക്കുന്നതെന്നാണ് എന്റെ വിശ്വാസം.

? താങ്കൾ ഈ മതഗ്രന്ഥങ്ങളൊക്കെ വായിച്ചിട്ട് തന്നെയാണോ ഇത് പറയുന്നത്? മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരതയും രക്തച്ചൊരിച്ചി ലും സ്നേഹപ്രകടനം തന്നെയാണോ? ഇറാക്കിലൊക്കെ മനുഷ്യരുടെ തല വെട്ടിയെടുത്ത് കമ്പിൽ കോർത്ത് പ്രകടനം നടത്തുന്നവരെ കണ്ടിട്ടില്ലേ. ആഴത്തിലുള്ള മതവിശ്വാസമുള്ളവർ… ലളിതമായി പറഞ്ഞാൽ താങ്കൾ ‘ദൈവം’എന്ന സങ്കൽപ്പത്തിൽ വിശി സിക്കുന്നുണ്ടോ?

ഈ ലോകത്തിലെ അനീതികളും അക്രമവും ദാരിദ്ര്യവുമൊക്കെ കാണുമ്പോൾ ഈ ലോകത്ത് ദൈവം എന്നൊരു ശക്തിയുണ്ടോ എന്ന സംശയം എനിക്കുമുണ്ട്. സത്യത്തിൽ അക്കാര്യത്തിൽ എനിക്ക് നിശ്ചയമില്ല. ഞാനൊരു അജ്ഞേയവാദിയാണ്. I am agnostic…

? ന്യൂ ജനറേഷൻ ചിത്രങ്ങളെക്കുറിച്ച് താങ്കളുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ഫ്രാൻസിലാണ് ന്യൂവേവ് സിനിമ തുടങ്ങിയത്, മലയാളത്തിൽ പി.എൻ.മേനോൻ തുടങ്ങിവെച്ചതും മറ്റൊന്നല്ല, ഇന്ന് ന്യൂജനറേഷൻ എന്ന് പറയുമ്പോൾ ശരിക്കും അഭിനയിക്കുന്നവർ മാത്രമാണ് നവതലമുറയിൽപ്പെട്ടവർ. അതല്ലാതെ വേറെ സവിശേഷതയൊന്നുമില്ല, നവതലമുറ ചിത്രങ്ങൾ എല്ലാക്കാലത്തും ഉണ്ടാകുന്നുണ്ട്, ഉണ്ടായിട്ടുണ്ട്…എന്നൊക്കെ താങ്കൾ പറഞ്ഞതായി വായിച്ചു…

• അത്രയേ ഉള്ളൂ. ഉദാഹരണമായി ‘തകര’തന്നെ എടുക്കുക. അതക്കാലത്തെ ഒരു ന്യൂജനറേഷൻ പടമായിരുന്നില്ലേ? എന്തായിരുന്നു വ്യത്യാസം! കഥ, തിരക്കഥ, ട്രീറ്റ്മെന്റ്…. എല്ലാമെല്ലാം ഇപ്പോൾ ഒരു ഡിജിറ്റൽ ക്യാമറ കയ്യിലുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും സിനിമയെടുക്കാം എന്ന അവസ്ഥയായി.

? മലയാളസിനിമയിൽ നൂറ്റിയിരുപതിലധികം ചിത്രങ്ങൾ പുറത്തിറങ്ങുന്നു. താങ്കളുടെ അഭിപ്രായത്തിൽ ഒരു വർഷം എത്ര സിനിമ മലയാളത്തിന് താങ്ങാനാവും

. അതുപറഞ്ഞാൽ മാർക്കറ്റിന് ഒരു പരിധി വെക്കാനാവില്ല. ഒരു കാലത്ത് ദിലീപിന്റെ ഒരു പടം 11 കോടിയിലധികം നേടി. അതിനപ്പുറം പോകാൻ ആർക്കുമാകില്ലെന്നായിരുന്നു അന്നൊക്കെ പറഞ്ഞിരുന്നത്. പക്ഷെ ‘ദൃശ്യ’വും ‘ബാംഗ്ളൂർ ഡെയ്സും ആ സങ്കൽപ്പം അട്ടിമറിച്ചു…25 കോടിയിലധികം എന്ന നിലയിൽ വരുമാനമുണ്ടാക്കി…കൃത്യമായ കണക്ക് അറിയില്ല…അതാരും പറയാറുമില്ലല്ലോ..

? ലൈംഗിക ചൂഷണം സിനിമയിൽ കൂടുതലാണെന്നൊരു വാദമുണ്ടല്ലോ?

• അതൊക്കെ എല്ലായിടത്തുമുണ്ട്. പണ്ടൊക്കെ സിനിമയിൽ സ്ത്രീകൾ വരുന്നതിനെ സമൂഹം മോശമായി കണ്ടിരുന്നു. ഇന്നങ്ങനെയല്ല വിദ്യാഭ്യാസവും കഴിവുമുള്ള നിരവധിപ്പേർ വരുന്നു, നല്ല കുടുംബങ്ങളിൽ നിന്നും. പിന്നെ നിങ്ങൾ സ്വയം സംരക്ഷിക്കുന്നത് പോലിരിക്കും. പ്രതിഭയും കൃത്യമായ നിലപാടുമുണ്ടെങ്കിൽ ആരും സ്പർശിക്കില്ല. കഴിവില്ലെങ്കിലും ഫീൽഡിൽ നിൽക്കണമെന്ന് താൽപര്യമുള്ളവർ വിട്ടുവീഴ്ച ചെയ്തെന്ന് വരും. നദിയാ മൊയ്തു എന്നൊരു നടിയെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും ഗോസിപ്പ് കേട്ടിട്ടുണ്ടോ? ഉണ്ടാവില്ല.

? സൗന്ദര്യവും സമ്പത്തും ഉള്ളവർക്ക് മാത്രമേ സിനിമാരംഗത്ത് തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാനാവുന്നുള്ളു എന്ന അവസ്ഥയില്ലേ? സമ്പത്ത് എന്നത് കൊണ്ട് ഞാനുദ്ദേശിച്ചതിൽ പൈതൃകവും പാരമ്പര്യവും പെടും. ആംഗലേയ കവി തോമസ് ഗ്രേ പാടിയത് പോലെ പലരും വനപുഷ്പങ്ങളെപ്പോലെ കൊടുങ്കാട്ടിൽ ആരുമറിയാതെ പൂത്തുലഞ്ഞ് നശിക്കുന്നു. ആ പൂക്കളുടെ സുഗന്ധം ആരുമറിയുന്നില്ല.

വളരെ ശരിയാണ്, എന്നെക്കാൾ മികച്ച എത്രയോ അഭിനേതാക്കളുണ്ടാവാം. അവസരങ്ങൾ തീരെ കുറവാണെന്ന് വരുമ്പോൾ തീർച്ചയായും താങ്കൾ സൂചിപ്പിച്ച ഘടകങ്ങൾ നിർണ്ണായകമായി മാറുന്നു. സിനിമയിലു ള്ളവരെക്കാൾ മികച്ചവർ പുറത്തുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ആളാണ് ഞാൻ.

പച്ചക്കുതിര ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

Comments are closed.